UPDATES

സിനിമാ വാര്‍ത്തകള്‍

ക്രേസി മോഹന്‍ അന്തരിച്ചു; അവ്വൈ ഷണ്‍മുഖിയും അപൂര്‍വ സഹോദരങ്ങളും അടക്കം കമല്‍ഹാസന്‍ സിനിമകളുടെ രചയിതാവ്, നാടകകൃത്ത്

അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന്‍ കാമരാജന്‍, വസൂല്‍രാജ എംബിബിഎസ് തുടങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ക്രേസി മോഹന്‍ ആണ്.

കമല്‍ഹാസന്‍ നായകനായ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ തമിഴ് നാടകകൃത്തും എഴുത്തുകാരനുമായ ക്രേസി മോഹന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് അന്ത്യം. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന്‍ കാമരാജന്‍, അവ്വൈ ഷണ്‍മുഖി, പമ്മല്‍ കെ സംബന്ധം, തെന്നാലി, വസൂല്‍രാജ എംബിബിഎസ് തുടങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് ക്രേസി മോഹന്‍ ആണ്. കോമഡി സിനിമകളിലൂടെയും ഹാസ്യനാടകങ്ങളിലൂടെയുമാണ് ക്രേസി മോഹന്‍ ശ്രദ്ധേയനായത്.

1952ല്‍ ജനിച്ച ക്രേസി മോഹന്റെ യഥാര്‍ത്ഥ പേര് മോഹന്‍ രംഗാചാരി എന്നാണ്. ക്രേസി തീവ്‌സ് ഇന്‍ പാലവക്കം എന്ന നാടകമാണ് ക്രേസി മോഹന്‍ എന്ന പേര് നല്‍കിയത്. ഈ നാടകം പിന്നീട് ടിവി പരമ്പര എന്ന നിലയില്‍ കൂടുതല്‍ പ്രശസ്തമായി. ക്രേസി മോഹനും സഹോദരന്‍ ബാലാജിയും നിരവധി നാടകങ്ങള്‍ എഴുതുകയും അഭിനയിക്കുകയും ചെയ്തു. ഇരുവരും രചിച്ച നാടകങ്ങള്‍ സമാനതകളുള്ളതായിരുന്നു. 1970കളില്‍ ചെന്നൈയിലെ ഗിണ്ടിയിലുള്ള കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ മോഹന്‍ നാടകമാണ് തന്റെ മേഖലയായി തിരഞ്ഞെടുത്തത്. 1979ല്‍ ക്രേസി ക്രിയേഷന്‍സ് എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കി.

അപൂര്‍വ സഹോദരങ്ങള്‍, സതി ലീലാവതി, മൈക്കിള്‍ മദന കാമരാജന്‍, അവ്വൈ ഷണ്‍മുഖി, പമ്മല്‍ കെ സംബന്ധം, പഞ്ചതന്തിറം, തെന്നാലി, വസൂല്‍രാജ എംബിബിഎസ് തുടങ്ങിയ കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്ക് പുറമെ രജനീകാന്തിന്റെ അരുണാചലത്തിനും വിജയിന്റെ ഗില്ലിക്കും അടക്കം നാല്‍പ്പതിലധികം സിനികള്‍ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍