UPDATES

സിനിമാ വാര്‍ത്തകള്‍

‘എം.ജെ. ചേട്ടനും അത് ആഗ്രഹിച്ചിട്ടുണ്ടാവും’, എംജെ രാധാകൃഷ്ണന്റെ മകന്‍ യദു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു

എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.

അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണന്റെ മകന്‍ യദു സ്വതന്ത്ര ഛായാഗ്രഹകനാകുന്നു. എംജെ രാധാകൃഷ്ണന്റെ സഹായിയായി പതിനേഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യദുവായിരിക്കും തന്റെ പുതിയ ചിത്രത്തില്‍ ഛായാഗ്രഹകന്‍ എന്ന് ഡോ ബിജുവാണ് അറിയിച്ചത്. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ണൻ എന്നു വിളിക്കുന്ന യദു ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ. ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഡോ. ബിജു കുറിപ്പിൽ പറയുന്നു.

75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള എംജെ രാധാകൃഷ്ണൻ ജൂലായിലായിരുന്നു അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായരുന്നു മരണം. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം 1999ല്‍ കാന്‍ ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ക്യാമറയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ഡോ. ബിജുവന്റെ പോസ്റ്റിന്റെ പൂർണരൂപം.

കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീർത്തും ആകസ്മികം ആയിരുന്നു. എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകൻ ഛായാഗ്രാഹകൻ എന്ന നിലയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളിൽ ഇനി ആരാണ് ക്യാമറാമാൻ എന്നതായിരുന്നു…അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്… എം.ജെ.ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകും. കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. അതിനു ശേഷം പെയിൻറ്റിങ് ലൈഫും വെയിൽമരങ്ങളും ഉൾപ്പെടെ 17 ചിത്രങ്ങളിൽ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്..സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍