UPDATES

ട്രെന്‍ഡിങ്ങ്

ഗീതയുടേയും ശോഭനയുടേയും സുമലതയുടേയും ശബ്ദം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

ഗീതയ്ക്ക് ഒട്ടുമിക്ക എല്ലാ സിനിമകളിലും ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്. തൂവാനത്തുമ്പികളില്‍ ക്ലാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമലതയ്ക്ക് ശബ്ദം നല്‍കിയതും ആനന്ദവല്ലിയാണ്.

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. നിരവധി സിനിമകളില്‍ ഗീത, ശോഭന, സുമലത, രഞ്ജിനി തുടങ്ങിയ നടിമാര്‍ക്കെല്ലാം ശബ്ദം നല്‍കിയിട്ടുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ആനന്ദവല്ലി. 1992ല്‍ ആധാരം എന്ന സിനിമയില്‍ ഗീതയ്ക്ക് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. 1980കളില്‍ ശോഭനയ്ക്ക് സ്ഥിരമായി ശബ്ദം നല്‍കിയിരുന്നത് ആനന്ദവല്ലിയായിരുന്നു. പിന്നീട് ഇത് ഭാഗ്യലക്ഷ്മിയായി.

പി സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1974ല്‍ പുറത്തിറങ്ങിയ ദേവി കന്യാകുമാരി എന്ന സിനിമയില്‍ നടി രാജശ്രീയ്ക്ക് ശബ്ദം നല്‍കിയാണ് ആനന്ദവല്ലിയുടെ തുടക്കം. അങ്ങാടി, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, കള്ളന്‍ പവിത്രന്‍, തൃഷ്ണ, അഹിംസ, ഈ നാട്, പടയോട്ടം, മുത്താരം കുന്ന് പിഒ, പഞ്ചാഗ്നി, തൂവാനത്തുമ്പികള്‍, ലാല്‍ സലാം തുടങ്ങി നിരവധി സിനിമകളില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി. ഗീതയ്ക്ക് ഒട്ടുമിക്ക എല്ലാ സിനിമകളിലും ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്. തൂവാനത്തുമ്പികളില്‍ ക്ലാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമലതയ്ക്ക് ശബ്ദം നല്‍കിയതും ആനന്ദവല്ലിയാണ്.

കന്യാകുമാരി, സ്വാമി അയ്യപ്പന്‍, സ്വപ്‌നാടനം, ഹൃദയം ഒരു ക്ഷേത്രം, വഴിയോരക്കാഴ്ചകള്‍, കളിവീട് തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പുതിയ മുഖം, ഹീറോ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത, അന്തരിച്ച ദീപന്‍ മകനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍