UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ ഭീഷണി; സംവിധായകന്‍ പ്രിയനന്ദനന്‍ പ്രതികരിക്കുന്നു

എന്നെ പ്രകോപിപ്പിക്കുന്ന ഒരു പോസ്റ്റിന് പുറകെ ഇട്ട പോസ്റ്റ് ആയിരുന്നു ഇപ്പോൾ വിവാദമായത്

അനു ചന്ദ്ര

അനു ചന്ദ്ര

ശബരിമലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിന്‍റെ പേരിൽ വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും നേരിട്ടുകൊണ്ടിരിക്കുകയാണ് സംവിധായകൻ പ്രിയനന്ദനൻ. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതിനാൽ അത് പിന്‍വലിച്ചുവെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടും അദ്ദേഹത്തിന്റെ ചിത്രീകരണം പൂർത്തിയായ സൈലൻസർ എന്ന സിനിമ, അദ്ദേഹം മാപ്പ് പറയാത്ത പക്ഷം വെളിച്ചം കാണില്ലെന്നാണ് സംഘപരിവാർ ഭീഷണി. ഈ സാഹചര്യത്തിൽ സംവിധായകൻ പ്രിയനന്ദനൻ അഴിമുഖവുമായി സംസാരിക്കുന്നു.

“സിനിമ എന്നു പറയുന്നത് മറ്റൊരു കലയാണ്. അതിൻറെ പ്രദർശനം കേരളത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞാൽ, ഇതുപോലെ പല സ്ഥലങ്ങളിലും, പല സിനിമകളും പുറത്തിറക്കില്ല എന്നുപറഞ്ഞിട്ടും അവയെല്ലാം പുറത്തിറക്കിയിട്ടുണ്ടല്ലോ. അപ്പോൾ തീർച്ചയായും സിനിമ പുറത്തിറങ്ങും.

പിന്നെ നമ്മുടെ സിനിമയിൽ അഭിനയിക്കുന്ന അല്ലെങ്കിൽ തൊഴിൽ ചെയ്യുന്ന ടെക്നീഷ്യൻസ് പല രാഷ്ട്രീയത്തിൽ ഉള്ള ആളുകളാണ്. സിപിഎം ,ബിജെപി തുടങ്ങിയ പല രാഷ്ട്രീയത്തിൽ പെട്ട ആളുകൾ. അല്ലാതെ എൻറെ ചിന്താഗതിയിൽ പെട്ട ആളുകൾ, അല്ലെങ്കിൽ എൻറെ രാഷ്ട്രീയ വിശ്വാസത്തിൽ പെട്ട ആളുകൾ മാത്രമല്ല അവിടെയുള്ളത്.

ഞാനൊരിക്കലും ഇടുങ്ങിയ ചിന്താഗതിയിൽ പെട്ട ഒരാളെയല്ല. അങ്ങനെയാണെങ്കിൽ ഞാൻ എൻറെ ചിന്താഗതിയിൽ പെട്ട ആളുകളെ മാത്രമല്ലേ തെരഞ്ഞെടുക്കേണ്ടത്. പുതിയ സിനിമ സൈലൻസറിൽ പോലും പല രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒക്കെയാണ് അഭിനയിച്ചിരിക്കുന്നത്. ഒരു കാലത്തും കലയുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ പോലും ഒരു ഇടുങ്ങിയ മനോഭാവം വെച്ചു പുലർത്തുന്ന ആളല്ല ഞാൻ.

മാത്രമല്ല അയ്യപ്പനെ അപമാനിക്കുന്നു, യേശുവിനെ വാഴ്ത്തുന്നു എന്നൊക്കെ പോസ്റ്റുകൾ കണ്ടു. ഞാൻ ഇന്ന മതത്തിന്റെ ആളാണ്, മത സ്ഥാപനത്തിന്റെ ആളാണ് എന്നൊക്കെ എനിക്കെതിരെ ആരോപിക്കുന്നവർക്ക് അങ്ങനെ സ്ഥാപിക്കേണ്ട ആവശ്യം എന്താണുള്ളത്. ഞാൻ എന്റെ പോസ്റ്റുകളിൽ ചിത്രങ്ങളും കവിതകളുമൊക്കെ ഉൾപ്പെടുത്തുന്ന ആളാണ്. അപ്പോൾ ഞാൻ ഇടയ്ക്ക് ചെറിയ ബൈബിൾ വചനങ്ങളോ, എവിടെ നിന്നെങ്കിലും കിട്ടുന്ന വചനങ്ങളോ, നമ്മുടേതായ എന്തെങ്കിലുമൊക്കെ കിട്ടുമ്പോളോ എല്ലാം പോസ്റ്റ് ഇടാറുണ്ട്. നമ്മൾ എല്ലാ മതഗ്രന്ഥങ്ങളും വായിക്കുന്ന ആളാണ്. വ്യക്തിപരമായി ഞാൻ ആരുടെയും വിശ്വാസത്തെ തടസ്സപ്പെടുത്താനോ, വിചാരണ ചെയ്യാനോ ഒന്നും പോകുന്ന ഒരാളല്ല. എൻറെ വീടിനകത്ത് പോലും എന്റെ രാഷ്ട്രീയത്തിലേക്ക് നിങ്ങൾ വരൂ എന്നോ, എൻറെ വിശ്വാസങ്ങളിൽ പങ്കുചേരൂ എന്നോ ആരോടും ഞാൻ പറയാറെയില്ല.

പിന്നെ, എന്നെ പ്രകോപിപ്പിക്കുന്ന ഒരു പോസ്റ്റിന് പുറകെ ഇട്ട പോസ്റ്റ് ആയിരുന്നു ഇപ്പോൾ വിവാദമായത്. അവർ ഉപയോഗിച്ച അതേ ഭാഷ ഞാനും ഉപയോഗിച്ചു പോയി. എന്റെ ഭാഗത്തുനിന്ന് അത്തരമൊരു ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന് സുഹൃത്തുക്കൾ ചൂണ്ടി കാണിച്ചപ്പോൾ തന്നെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യുകയുണ്ടായി. ആ ഭാഷാപ്രയോഗം ശരിയായില്ല എന്ന് നമുക്കും തോന്നി. കാരണം അവർ ഉപയോഗിച്ച ആ ഭാഷ ഞാൻ ഉപയോഗിക്കാൻ പാടില്ലായിരുന്നു. എന്നിൽനിന്ന് പ്രതീക്ഷിക്കുന്നത് അതല്ല എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ എനിക്കത് മനസ്സിലായി. വൈകാരികപരമായി അത് പുറത്ത് ഉണ്ടാക്കുന്ന കാര്യങ്ങൾ മനസ്സിലായപ്പോൾ അത് ഡിലീറ്റ് ചെയ്തു. അല്ലാതെ നിലപാടിൽ മാറ്റമൊന്നും ഇല്ല.

പിന്നെ ഒരു മതഗ്രന്ഥത്തിനോ ആരുടേയും ആരാധന സ്വാതന്ത്ര്യത്തിനോ എതിരല്ല ഞാൻ. ഞാൻ അങ്ങനെ പ്രവർത്തിച്ചിട്ടുമില്ല”.

Also Read: അച്ഛന്റെ സിനിമയ്ക്ക് മകന്റെ ക്യാമറ; ഛായാഗ്രാഹകന്‍ അശ്വഘോഷന്‍/അഭിമുഖം

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍