UPDATES

സിനിമാ വാര്‍ത്തകള്‍

നിര്‍മാണം,അഭിനയം, വിളംബരം, പ്രദര്‍ശനം.. അങ്ങനെ സിനിമയില്‍ ചെയ്യാത്ത പണിയൊന്നുമില്ല ഈ ഒമ്‌നി വാന്‍

ഒരാള്‍പ്പൊക്കം കൂടാതെ ഡോണ്‍ പാലത്രിയുടെ ശവം, കരി തുടങ്ങിയ സിനിമകളും സിനിമാവണ്ടി ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തട്ടിക്കൊണ്ടു പോകലിന്റെ ആസ്ഥാന കാറാണ് ഒമ്നി വാന്‍. ആ പാപം തീര്‍ക്കാനാണ് ഒമ്‌നി ഇന്ന് ആംബുലന്‍സായി സര്‍വീസ് നടത്തുന്നതെന്ന് വരെ ട്രോളന്മാര്‍ പാടി നടക്കുന്നുണ്ട്. എന്നാല്‍ ഒരു ഒമ്നി കാര്‍ കൊണ്ട് സിനിമ നിര്‍മാണം മുതല്‍ അഭിനയം വരെ സാധ്യമാണെന്നതിന് തെളിവാണ് കാഴ്ച ചലച്ചിത്രവേദിയുടെ സ്വന്തം സിനിമാവണ്ടി. മൂന്ന് വര്‍ഷം കൊണ്ട് വിവിധ സിനിമകള്‍ക്കായി പല തരം റോളുകളാണ് സിനിമാവണ്ടി നിര്‍വഹിച്ചിരിക്കുന്നത്.

കാഴ്ച ചലച്ചിത്രവേദിയുടെ സ്ഥാപകനും സിനിമാ വണ്ടിയുടെ ഉടമയുമായ സനല്‍ കുമാര്‍ ശശിധരന്‍ സിനിമാവണ്ടിയുടെ തുടക്കം ഓര്‍മിച്ചുകൊണ്ട്, ‘2015ലാണ് വണ്ടി വരുന്നത്. 2014ല്‍ ഒരാള്‍പ്പൊക്കം സിനിമ റിലീസിനൊരുങ്ങുമ്പോഴാണ് സിനിമാ വണ്ടി എന്നൊരു ആശയമുണ്ടാകുന്നത്. ക്രൗഡ് ഫണ്ട് വഴിയാണ് ഒരാള്‍പ്പൊക്കം എടുത്തത്. പക്ഷേ അത് കഴിഞ്ഞപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്ത ഒരു സ്ഥിതി വന്നു. അവാര്‍ഡ് കിട്ടി, ഫെസ്റ്റിവലുകളില്‍ പോയി എന്നല്ലാതെ ഒരിടവും കാണിക്കാന്‍ പറ്റിയില്ല. അങ്ങനെ സിനിമാ നിര്‍മാതാക്കളും, കാണികളും തമ്മില്‍ ഒരു അകലമുണ്ട്. അതിനിടയില്‍ നില്‍ക്കുന്നവരാണ് ഇന്റലക്ചേഴ്സ്. അവര്‍ സിനിമ കാണിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ പിന്നെ ആ സിനിമക്ക് യാതൊരു വിധ പിന്തുണയും ഒരിടത്ത് നിന്നും ലഭിക്കില്ല. അങ്ങനെയൊരു വ്യവസ്ഥയെ ഇല്ലാതാക്കാനായുള്ള ആലോചനയിലാണ് സിനിമാ വണ്ടി ഉണ്ടായത്. അങ്ങനെ 2005ല്‍ ഈ വണ്ടി വാങ്ങി. ഈ വണ്ടിയുടെ പുറത്ത് തന്നെ സ്പീക്കര്‍, സ്‌ക്രീനൊക്കെ വച്ച് ഈ നാട് മുഴുവന്‍ ചുറ്റി സിനിമ കാണിച്ചു.’

ഒരാള്‍പ്പൊക്കം കൂടാതെ ഡോണ്‍ പാലത്രിയുടെ ശവം, കരി തുടങ്ങിയ സിനിമകളും സിനിമാവണ്ടി ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരാള്‍പ്പൊക്കത്തിന് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളിയില്‍ ലോഡിങ്ങായായിരുന്നു സിനിമാവണ്ടിയുടെ പണി. സെക്സി ദുര്‍ഗയിലായപ്പോള്‍ പ്രധാന കഥാപാത്രമായി മാറി. സെക്സി ദുര്‍ഗ എന്ന പേരില്‍ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കൊടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ചപ്പോള്‍ സിനിമാ വിളംബരവും ചെയ്തു ഈ ഒമ്നി വാന്‍. ഉന്മാദിയുടെ മരണത്തിലും സഹായമായ ഈ വണ്ടി കാഴ്ച ചലച്ചിത്രവേദി അവസാനമായി ചെയ്ത് തീര്‍ത്ത ചോലയിലെ ക്യാമറ പ്രോപ്പര്‍ട്ടിയായി മാറി. കാഴ്ച ചലച്ചിത്രവേദിയിലെ എല്ലാവര്‍ക്കും ഈ വണ്ടി ഒരു വികാരമാണ്. അതുകൊണ്ട് തന്നെ രണ്ടാം കാഴ്ച ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്മാരകാര്‍ത്ഥം സിനിമാ വണ്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍