പാട്ട് ഉണ്ടാക്കാനുള്ള മീഡിയം അല്ല സിനിമ
മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നെന്നും ഓര്‍ക്കാനും പാടാനും മികച്ച ഗാനങ്ങള്‍ നല്‍കിയിട്ടുള്ള ഗാന രചയിതാവാണ് ഷിബു ചക്രവര്‍ത്തി. ഒരു തലമറയ്ക്ക് ഇപ്പുറം ഉള്ളവര്‍ പോലും ആ പാട്ടുകള്‍ പാടുന്നു. അവരുടെ ഓര്‍മകളെയും വികാരങ്ങളെയും സ്വാധീനിക്കാന്‍ ആ പാട്ടുകള്‍ക്ക് കഴിയുന്നു. ഇത്രയും മനോഹരമായ ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ ഒരാളായിട്ടും ഷിബു ചക്രവര്‍ത്തി ഇപ്പോള്‍ പറയുന്നത് സിനിമയ്ക്ക് പാട്ടുകളുടെ ആവശ്യമില്ലെന്നാണ്. അതെന്തു കൊണ്ടായിരിക്കും? തന്റെ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്ന് സിനിമയിലേക്ക് വന്ന വഴികളിലൂടെ സഞ്ചരിച്ചെത്തിയശേഷം ഷിബു ചക്രവര്‍ത്തി മലയാള സിനിമാ ഗാനങ്ങളെക്കുറിച്ച് തനിക്കുള്ള അഭിപ്രായം പങ്കുവയ്ക്കുകയാണ് ഈ അഭിമുഖത്തിലൂടെ…
ഗാനരചയിതാവ്, തിരക്കഥാകൃത്ത്. മാധ്യമപ്രവര്‍ത്തകന്‍, ഫിലോസഫര്‍; ഷിബു ചക്രവര്‍ത്തിയെന്ന പേരിനൊപ്പം പറയാന്‍ വിശേഷണങ്ങള്‍ പലതാണ്. പല മേഖലകളില്‍ ഒരാള്‍ക്ക് തന്റെ കഴിവ് പ്രകടമാക്കാന്‍ കഴിയുന്നൂ. വേറിട്ട വഴികളിലേക്ക് നടന്നു തുടങ്ങുന്നത് എവിടെ നിന്നായിരുന്നു?
എഴുത്തും വായനയും നിറഞ്ഞു നിന്ന അന്തരീക്ഷത്തിലായിരുന്നു ജനനവും വളര്‍ച്ചയും. അവിടെയൊരാള്‍ എഴുതാതെയോ വായിക്കാതെയോ ഉണ്ടെങ്കില്‍ മാത്രമായിരുന്നു അത്ഭുതം. അച്ഛന്റെ വീട്ടില്‍ ആയിരുന്നു ബാല്യത്തിന്റെ ആദ്യകാലം. നാടകവും കമ്യൂണിസവും ആയിരുന്നു അവിടുത്തെ പ്രധാന പശ്ചാത്തലം. അച്ഛന്റെ സഹോദരന്‍ ആയിരുന്നു പ്രവ്ദ സുകുമാരന്‍. പ്രവ്ദ പ്രസിദ്ധീകരണം ആരംഭിക്കുന്നത് അദ്ദേഹമാണ്. എറണാകുളത്ത് കെപിഎസിയുടെ നാടകം കളിക്കുമ്പോള്‍ അതിന്റെ അറിയിപ്പെന്നോണം ചാക്ക് വലിച്ച് കാവി മുക്കി അതില്‍ നീലം കൊണ്ട് നാടകത്തിന്റെ പേര് എഴുതി തയ്യാറാക്കുന്നത് അച്ഛനും വല്യച്ചനുമൊക്കെയായിരുന്നു. നാടകം കഴിയുമ്പോള്‍ തന്നെ ചാക്ക് വെള്ളത്തിലിട്ട് കഴുകി പേര് മാച്ചുകളയും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമുള്ള കാലമാണ്. ഇ കമ്യൂണിസം എന്റെ ഒരു തലമുറയ്ക്കു മുന്നേ തന്നെ അത്രമേല്‍ തീവ്രമായിരുന്നു. അങ്ങനെയൊരു പശ്ചാത്തലത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്. പിന്നീട് ഞങ്ങള്‍ അമ്മയുടെ വീട്ടിലേക്ക് മാറി. അവിടെ വച്ചാണ് ഏരൂര്‍ വാസുദേവന്‍, വല്യച്ചന്‍ എന്റെ റോള്‍ മോഡല്‍ ആകുന്നത്. അദ്ദേഹം അപ്പോള്‍ ജനയുഗത്തിലാണ്. എഴുത്തിന്റെ മറ്റൊരു ലോകം ഞാന്‍ കാണുന്നത് അദ്ദേഹത്തിലൂടെയാണ്. വല്യച്ചന്റെ മുറി മുഴുവന്‍ പുസ്തകങ്ങളാണ്. അതുവരെ കാണാത്ത, വായിക്കാത്ത പുസ്തകങ്ങള്‍ അവിടെ കണ്ടു. വായനയുടെ മറ്റൊരു തലത്തിലേക്ക് ഞാന്‍ മാറുന്നത് അവിടെ നിന്നാണ്. ഏതാണ്ട് എട്ടു വയസുള്ളപ്പോഴാണ് ആദ്യമായി ഒന്ന് എഴുതുന്നത്. കാക്കയെ കുറിച്ചുള്ള ഒരു കവിത. വല്യച്ചനെ കാണിച്ചു. അദ്ദേഹം എനിക്കൊരു സമ്മാനം തന്നു. സ്വര്‍ണ നിറത്തിലുള്ള ഒരു ബോള്‍ പെന്‍. ആ പേന പിന്നീടെവിടെയോ നഷ്ടപ്പെട്ടെങ്കിലും ആ സ്വര്‍ണ്ണ തിളക്കം ഇന്നും മാഞ്ഞിട്ടില്ല മനസില്‍ നിന്ന്. വലുതാകുമ്പോള്‍ ആരാകണം എന്നു ചോദിച്ചാല്‍ എനിക്ക് വല്യച്ചനെപോലെയാകണം എന്നായിരുന്നു അന്നത്തെ ഉത്തരം. വല്യച്ചനെ എല്ലാവരും ബഹുമാനിക്കുന്നു. വല്യച്ചന്‍ എഴുത്തുകാരനാണ്, അതുകൊണ്ട് എനിക്കും എഴുത്തുകാരനാകണം, വല്യച്ചന്‍ പത്രപ്രവര്‍ത്തകനാണ്, എങ്കില്‍ എനിക്കും പത്രപ്രവര്‍ത്തകനാകണം; ഇങ്ങനെയായിരുന്നു ചിന്തകള്‍ പോയത്. എന്നെ രൂപപ്പെടുത്തുന്നതില്‍ വല്യച്ചന്റെ സ്വാധീനം വലുതായിട്ടുണ്ട്.
വായനയായിരുന്നോ പ്രധാന ചോദന?
ചെറുപ്രായത്തില്‍ തന്നെ ഒറ്റപ്പെടല്‍ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ചുറ്റും ആളുകളൊക്കെയുണ്ടായിട്ടും ഞാന്‍ എല്ലാത്തില്‍ നിന്നും സ്വയം ഒതുങ്ങി. കൂട്ടുകാരൊന്നും അധികം ഇല്ല. പുറത്തു പോക്കോ, സിനിമ കാണലോ ഒന്നും ഇല്ല. വായനയിലേക്കാണ് ഞാന്‍ അടുത്തത്. അന്തര്‍മുഖനായിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവും ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള ഒരു ജോലി നേടാന്‍ നോക്ക്, എന്നതിനപ്പുറം വീട്ടില്‍ നിന്നും ഇടപെടല്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എന്നിലേക്ക് ഒതുങ്ങി, വായനയിലേക്ക് ഒതുങ്ങി മുന്നോട്ടു പോയി.
സെന്റ് ആല്‍ബര്‍ട്‌സിലായിരുന്നു പ്രീ ഡിഗ്രിക്ക് ചേര്‍ന്നത്. ആല്‍ബര്‍ട്‌സില്‍ ഗംഭീരമായൊരു ലൈബ്രറിയുണ്ട്. അതായിരുന്നു എന്റെ പ്രിയപ്പെട്ട സ്ഥലം. ആ സമയമായപ്പോഴേക്കും വായനയുടെ സ്വഭാവം മാറിയിരുന്നു. ഫിക്ഷന്‍ മടുത്തു. ഫിക്ഷന്‍ വിട്ടാല്‍ അടുത്തത് ഫിലോസഫിയാണല്ലോ.കോളേജിലെ അധ്യാപകനായിരുന്ന അലക്‌സ് ബെയ്‌സല്‍ സാര്‍ അവിടെ വച്ച് വയനയില്‍ ഇടപെട്ടു. എസ്. രാധാകൃഷ്ണന്റെ ഇന്ത്യന്‍ ഫിലോസഫി പോലുള്ള പുസ്തകങ്ങളില്‍ കൈവച്ച എന്നെ ഫിലോസഫിയിലെ ലളിത വായനയിലേക്ക് തിരിച്ചു വിടുന്നത് ബെയ്‌സല്‍ സാറായിരുന്നു. ഡിഗ്രിക്ക് ഫിലോസഫി പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അദ്ദേഹമായിരുന്നു.
കമ്യൂണിസത്തില്‍ നിന്നും ഫിലോസഫയിലേക്ക് എങ്ങനെയാണ് എത്തുന്നത്?
കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ വളര്‍ന്നൊരാളായിരുന്നു ഞാന്‍. കമ്യൂണിസത്തെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ വായിച്ചു. ആ വായനയാണ് ഏഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയങ്ങളെക്കുറിച്ചും എന്നില്‍ ചിന്തകള്‍ ഉണ്ടാക്കിയത്. പാര്‍ലമെന്ററി മോഹത്തില്‍ വീണുപോയ കമ്യൂണിസത്തെക്കുറിച്ച് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ആല്‍ബര്‍ട്‌സില്‍ ചേര്‍ന്നപ്പോള്‍ എന്നെ എസ് എഫ് ഐയിലേക്ക് ക്ഷണിക്കാന്‍ സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരാണ് വന്നത്. പക്ഷേ, മെംബര്‍ഷിപ്പ് എടുക്കാന്‍ ഞാന്‍ തയ്യാറായില്ല. പാര്‍ട്ടിയെ കുറിച്ച് എനിക്ക് ചോദ്യങ്ങളുണ്ടായിരുന്നു. നിങ്ങളെ പോലെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും സംഘടനയ്ക്ക് ആവശ്യമുണ്ടെന്നു ബ്രിട്ടോ പറഞ്ഞിട്ടും ഞാന്‍ അംഗീകരിച്ചില്ല. എന്റെ ചോദ്യങ്ങള്‍ കൃത്യമായ ഉത്തരം തരുമെങ്കില്‍ സംഘടനയില്‍ അംഗമാകാം എന്ന നിലപാട് എടുത്തു. അങ്ങനെ ഒരു വിദ്യാര്‍ത്ഥി സംഘടനയിലും അംഗമാകാതെ ഞാന്‍ നിന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ അവര്‍ അംഗീകരിക്കില്ലെന്ന് എനിക്ക് വ്യക്തമായ ബോധ്യം ഉണ്ടാക്കിയ മറ്റൊരു സംഭവവും അപ്പോള്‍ നടന്നു.
ആ സമയം അടിയന്തരാവസ്ഥയുടേതായിരുന്നു. എനിക്കാ സാഹചര്യം പ്രയോജനപ്പെട്ടത് മറ്റൊരു തരത്തിലായിരുന്നു. പുതിയ കുറെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും അറിയാന്‍ സാധിച്ചു. ചെ ഗുവേരയെ വായിക്കുന്നത് ആ സമയത്താണ്. അന്ന് ചെ ഗുവേര കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എംബ്ലം ആയിട്ടില്ലായിരുന്നു. മേരി ടെയ്‌ലറുടെ മൈ ഇയേഴ്‌സ് ഇന്‍ ആന്‍ ഇന്ത്യന്‍ പ്രിസണ്‍ തുടങ്ങിയ പുസ്തകങ്ങളും വായിക്കുന്നത് അതേ കാലത്താണ്. അതോടൊപ്പം തന്നെയാണ് റെഡ് ഫല്‍ഗ് പോലുള്ള പ്രസിദ്ധീകരണങ്ങളും കാണുന്നത്. ഇത്തരം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും കിട്ടാന്‍ സഹായകമായത് സഹപാഠിയായ സാലിയാണ്. സാലി വൈപ്പിനില്‍ നിന്നാണ് വരുന്നത്. അവരുടെ പ്രദേശത്ത് നക്‌സലിസത്തിന്റെ വിത്ത് വീണു മുളച്ചിരുന്നു. ഇതേ സാലിയാണ് കെ കെ ഇന്ദിര എന്ന മഹാരാജാസിലെ മലയാളം വിദ്യാര്‍ത്ഥിയുടെ കാര്യം എന്നോട് പറയുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്ന ഇന്ദിര ഒരു സ്റ്റഡി ക്ലാസില്‍ വച്ച് ഇ കെ നായനാരോട് ചില ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ടു. സാലി ഈ വിവരം പറഞ്ഞതോടെ ഇന്ദിരയെ കാണാന്‍ എനിക്ക് തോന്നി. ഞങ്ങള്‍ മഹാരാജാസിലേക്ക് പോയി. മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ വച്ചാണ് ഇന്ദിരയെ കാണുന്നത്. ആദ്യമായി കാണുന്നതാണ്, പക്ഷേ വര്‍ഷങ്ങളായി പരിചയമുള്ളവരെ പോലെ ഞങ്ങള്‍ സംസാരിച്ചു. ആ സംസാരത്തിനിടയില്‍, മഹാരാജാസിലെ ഒരു വിദ്യാര്‍ത്ഥി ചൊല്ലിയ കവിതയെക്കുറിച്ച് ഇന്ദിര അത്ഭുതത്തോടെ പറഞ്ഞു. താനത് പെന്‍സില്‍ കൊണ്ട് കുറിച്ചെടുത്തിട്ടുണ്ടെന്നു പറഞ്ഞ് ഇന്ദിര അതെന്നെ കാണിച്ചു…
ഏഴര കമ്പുള്ള കുടയെടുത്ത്
ഏഴരക്കമ്പുള്ള വടിയെടുത്ത്
ഇടം കാലുവച്ച് പടി കടന്ന്
ഇടനെഞ്ചുപൊട്ടി തിരിഞ്ഞുനിന്ന്
അമ്മേ പിന്‍വിളി വിളിക്കാതെ..
മിഴിനാര് കൊണ്ടെന്നെ കഴലുകെട്ടാതെ
പടിപാതി ചാരി തിരിച്ചുപൊയ്‌ക്കൊള്ള നീ
കരള്‍പാതി ചാരി തിരിച്ചു പൊയ്‌ക്കൊള്ള നീ…
അതുവരെ കേള്‍ക്കാത്ത തരത്തിലൊരു അനുഭവം…ബാലന്റെ വരികളായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളില്‍ ഈ കവിത എവിടെയും പ്രസിദ്ധീകരിച്ച് വന്നിട്ടെല്ലാണ് കരുതുന്നത്.
പിന്നീട് മഹാരാജാസിലെ വിദ്യാര്‍ത്ഥി ആയില്ലേ?
അച്ഛന് ട്രഷറിയിലായിരുന്നു ജോലി. എറണാകുളത്തെ കോളേജുകളിലേയും സ്‌കൂളുകളിലേയും അധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നത് ട്രഷറി വഴിയായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് എല്ലാ കോളേജുകളുമായി നല്ല ബന്ധം ഉണ്ടായിരുന്നു. അന്ന് ആല്‍ബര്‍ട്‌സില്‍ മാത്രമാണ് ബികോം ഉള്ളത്. പത്തോ ഇരുപത്തിയഞ്ചോ സീറ്റേ ആകെയുള്ളൂ. അച്ഛന്റെ ബന്ധം വച്ച് അതിലൊരു സീറ്റ് എനിക്ക് പറഞ്ഞുവച്ചു. പക്ഷേ, ഞാന്‍ പോയില്ല. ഫിലോസഫി പഠിക്കാനായിരുന്നു ആഗ്രഹം. മഹാരാജാസില്‍ അപേക്ഷ അയച്ചപ്പോള്‍ മൂന്നു ചോയ്‌സിലും ഫിലോസഫി എന്നു മാത്രം വച്ചത് ഞാനായിരുന്നു. ക്ലാസ് തുടങ്ങി കഴിഞ്ഞ് ഒരു ദിവസം ലോജിക് എടുക്കുന്ന രെസ്‌രാജ് പോള്‍ സാര്‍ ഇക്കാര്യം പറയയുകയുണ്ടായി. ആരാണ് ഷിബു എന്നു ചോദിച്ച് അദ്ദേഹം എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ഇദ്ദേഹം മാത്രമാണ് ഫിലോസഫി പഠിക്കാന്‍ ആഗ്രഹിച്ച് ഇവിടെയെത്തിയത്, മറ്റെല്ലാവരും വേറെന്നും കിട്ടാത്തതുകൊണ്ട് ഇവിടെ വരേണ്ടി വന്നവരും; സാര്‍ പറഞ്ഞു. ഫിലോസഫിയും സബ് ആയ സൈക്കോളജിയും പഠിക്കുമ്പോള്‍ തന്നെ ഞാന്‍ സാഹിത്യ പഠനത്തിലും തത്പരനായിരുന്നു. അതു മറ്റൊരു വഴിയാണ്. ഇന്ദിരയുമായൊക്കെയുള്ള പരിചയം കൊണ്ട് ഫിലോസഫി ക്ലാസ് കഴിഞ്ഞാല്‍ പിന്നെ എന്റെ ഇടം മലയാളം ക്ലാസ് ആയിരുന്നു. അവിടെയെല്ലാവരും കവിതയും കഥയും പുസ്തകങ്ങളുമെല്ലാമായി എപ്പോഴും ചര്‍ച്ചകളായിരിക്കും. അപ്പപ്പോള്‍ ഇറങ്ങുന്ന പുസ്തകങ്ങളെക്കുറിച്ച് വരെ അവര്‍ അറിവുള്ളവര്‍. അവര്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ അതേപോലെ അപ്‌ഡേറ്റ് ആയില്ലെങ്കില്‍ പിന്തള്ളപ്പെടും. അതുകൊണ്ട് ഞാനും പുസ്തകങ്ങളും വായനയും സജീവമാക്കി.
ഫിലോസഫിയില്‍ നിന്നും ആര്‍ട്ടിലേക്ക് എത്തിയതോ?
ഫിലോസഫി എടുത്ത് അച്ഛന് ഇഷ്ടമായില്ല. അദ്ദേഹത്തിന്റെ ഇഷ്ടം നിരാകരിച്ചായിരുന്നല്ലോ ഞാന്‍ ഫിലോസഫിക്ക് ചേര്‍ന്നത്. അതില്‍ നീരസം പ്രകടിപ്പിച്ച് അവന്റെ ഇഷ്ടത്തിനാണ് പഠിക്കുന്നതെങ്കില്‍ അതിനുള്ള ചെലവും സ്വയം കണ്ടെത്തിക്കോളാനായിരുന്നു അച്ഛന്റെ നിര്‍ദേശം. അതൊരു വാശിയായി. കോളേജ് സമയം കഴിഞ്ഞാല്‍ ഞാന്‍ ഗായത്രിയുടെ ഓഫിസില്‍ പോയിരിക്കുമായിരുന്നു. ആ ബന്ധം മുന്നേ തുടങ്ങിയിരുന്നു. അന്ന് അശോകനും(ഗായത്രി അശോകന്‍) ഡെന്നീസും(ഡെന്നീസ് ജോസഫ്) ഉസ്മാനും(രഞ്ജിനി കാസ്റ്റ് ഉടമ) അടങ്ങിയൊരു സംഘമുണ്ട്. ഡിഗ്രിയൊക്കെ കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ എറണാകുളത്ത് അടിഞ്ഞു കൂടിയവര്‍. ഇരാളിയുടെ ഉടമസ്ഥതയില്‍ കട്കട് ചലച്ചിത്ര ആക്ഷേപഹാസ്യ മാസിക ഇറങ്ങുന്ന സമയാണ്. കാര്‍ട്ടൂണിസ്റ്റ് യേശുദാസനാണ് എഡിറ്റര്‍. യേശുദാസന്‍ പിന്നീട് അവിടെ നിന്നും പോയി ടിക് ടിക് തുടങ്ങി. ഇതിനുപകരമായി ബിഫാം പഠിച്ച ഡെന്നീസിനെ പിടിച്ച് ഇരാളി കട് കട് മാസികയുടെ എഡിറ്ററാക്കി. വല്യച്ചന്റെ മകന്‍ സാബു പ്രവ്ദയായിരുന്നു കട് കട്ടിലെ ലേയ് ഔട്ട് ആര്‍ട്ടിസ്റ്റ്. സാബു ചേട്ടന് പിന്നീട് അലുമിനിയം കമ്പനിയില്‍ ജോലി കിട്ടി പോയപ്പോള്‍ അനിയന്‍ അമ്പിളി പകരമെത്തി. അമ്പിളി ചേട്ടന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. അമ്പിളി ചേട്ടനൊപ്പം ഞാനും അവിടെ പോകുമായിരുന്നു. അവരൊക്കെ എന്നെക്കാള്‍ സീനിയേഴ്‌സ് ആണ്. ഡിഗ്രിയൊക്കെ കഴിഞ്ഞവര്‍, ഞാന്‍ പ്രീ ഡിഗ്രിക്കാരനും. എനിക്ക് സ്‌കൂട്ടര്‍ ഉണ്ട്. ആ കാരണമാണ് എന്നെ കൂടെ നിര്‍ത്താനുള്ളതില്‍ പ്രധാനം. അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാന്‍ സ്‌കൂട്ടര്‍ ഉപയോഗിക്കാം. കട് കട്ടിനൊപ്പം കുമ്മാട്ടി എന്നൊരു കുട്ടികളുടെ മാസികയും തുടങ്ങി. അതിലെ കഥയെഴുത്തുകാരില്‍ ഞാനുമുണ്ടായിരുന്നു. അവിടെ ഞങ്ങളുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന് സിനിമാപ്പാടുകള്‍ മറിച്ചു പാടുകയായിരുന്നു. ഒരു പ്രശസ്തമായ ഗാനമെടുത്തിട്ട് അതിന്റെ വരികള്‍ തിരിച്ചു പാടും. ആരും സംഗീതമൊന്നും പഠിച്ചിട്ടില്ലെങ്കിലും എല്ലാവരും തന്നെ പാട്ട് ഭ്രാന്തന്മായിരുന്നു. ട്യൂണിനൊപ്പം പെട്ടെന്ന് വരികള്‍ ഉണ്ടാക്കണം, എനിക്കത് വളരെ വേഗത്തില്‍ കഴിഞ്ഞിരുന്നു.
ഇതിനിടയില്‍ ഈ സംഘം ഒരു പ്രിന്റിംഗ് ഏജന്‍സി തുടങ്ങിയിരുന്നു. ഒരു തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞപ്പോള്‍ കൈയില്‍ കുറച്ച് കാശ് കിട്ടി. അതുവച്ച് ഒരു പ്രസ് വാങ്ങി. പിന്നെ ചില െ്രെപവറ്റ് കമ്പനികളും രജിസ്റ്റര്‍ ചെയ്തു. ആക്കൂട്ടത്തിലുള്ളതാണ് ഗായത്രി പ്രിന്റേഴ്‌സ്, ഗായത്രി ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഡിസൈനിംഗ്.. സിനിമ പരസ്യകലയില്‍ ഗായത്രി പെട്ടെന്ന് പോപ്പുലര്‍ ആയി. കൂടെവിടെയുടെ പോസ്റ്റര്‍ ഓടെയായിരുന്നു അത്. അക്കാലത്ത് തിയേറ്ററില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇടവേള സമയത്ത് അടുത്ത് റിലീസ് ചെയ്യുന്ന സിനിമയുടെ സ്ലൈഡ് കാണിക്കാറുണ്ട്. ഈ സ്ലൈഡ് ഉണ്ടാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഞാനത് ചെയ്യുമായിരുന്നു. അങ്ങനെയാണ് അശോകന്‍ എന്നോട് അവിടെ നില്‍ക്കാന്‍ പറയുന്നത്. ആ സമയത്ത് നിറക്കൂട്ട് സിനിമ നടക്കുന്നു. ഡെന്നീസാണ് എഴുത്ത്. മമ്മൂട്ടി ചിത്രത്തില്‍ ആര്‍ട്ടിസ്റ്റാണ്. ഗായത്രിയില്‍ വിളിച്ച് അശോകന്റെ സഹായം അവര്‍ ചോദിച്ചിരുന്നു. അശോകന്‍ എന്നെയാണ് പറഞ്ഞു വിട്ടത്. അങ്ങനെയാണ് ആദ്യമായി ഒരു സിനിമ ലൊക്കേഷനില്‍ പോകുന്നത്. ഗാനരചയിതാവോ തിരക്കഥാകൃത്തോ ആയിട്ടായിരുന്നില്ല ഞാന്‍ സിനിമയിലേക്ക് കടന്നു ചെല്ലുന്നത്.
പാട്ടെഴുത്തുകാരന്‍ ആകുന്നത് എങ്ങനെയായിരുന്നു?
ഞങ്ങളുടെ സൗഹൃദവലയത്തില്‍ തന്നെയൊരാള്‍ക്ക് വേണ്ടി കോട്ടയം ജോയി പാട്ട് മ്യൂസിക് ചെയ്യുന്നത് കാണുന്നതാണ് ഞാന്‍ ആദ്യമായി പങ്കെടുത്ത ഒരു കംപോസിംഗ്. അന്നവിടെ വച്ച് എഴുതിയ കിട്ടിയ പാട്ട് എങ്ങനെയുണ്ടെന്നു നോക്കാന്‍ എന്നെ ഏല്‍പ്പിച്ചു. എനിക്കത് അത്ര നല്ലതാണെന്നു തോന്നിയില്ല. എങ്കില്‍ നീ എഴുതാന്‍ പറഞ്ഞു. ഒരു ക്രിസ്ത്യന്‍ ഭക്തിഗാനമാണ്. ഞാന്‍ ഒരെണ്ണം എഴുതി. അതവര്‍ക്കെല്ലാം ഇഷ്ടമായി. പിന്നെ കുറെ കാസറ്റുകള്‍ക്കുവേണ്ടി എഴുതി കൊടുത്തു. അതൊന്നും സീരിയസായി പാട്ടെഴുത്തിനെ കണ്ടുകൊണ്ടായിരുന്നില്ല. കാസറ്റിന്റെ ലേയ് ഔട്ട് ചെയ്യിക്കാന്‍ വരുന്നവര്‍ ഒരു ട്യൂണുമായി വരും. ലേയ് ഔട്ട് ചെയ്യുന്നതിനൊപ്പം തന്നെ ടേപ്പ് റിക്കാര്‍ഡില്‍ നിന്നു ട്യൂണും കേട്ട് ലേയ് ഔട്ട് ചെയ്യുന്ന പേപ്പറിന്റെ മൂലയ്ക്ക് തന്നെ വരികളെഴുതി നല്‍കും. അതിന് പ്രതിഫലവും കിട്ടും.
ബോംബെയില്‍ നിന്നും 500 രൂപയ്ക്ക് ടേപ്പ് റിക്കോര്‍ഡുകള്‍ കിട്ടിക്കൊണ്ടിരുന്ന കാലമാണ്. എല്ലാവരുടെ കൈയിലും കാണും ടേപ്പ് റിക്കോര്‍ഡുകള്‍. എറണാകുളം കാസറ്റ് വില്‍പ്പനയുടെ ഒരു പ്രധാന ഇടമായി. എവിടെ നോക്കിയാലും കാസ്റ്റ് കടകള്‍. ഈ കാസറ്റുകളെല്ലാം കള്ള കാസറ്റുകളാണ്. എച്ച് എം വി യും മറ്റും ഇറക്കുന്ന കാസ്റ്റിന്റെ കോപ്പി. കുടില്‍ വ്യവസായം പോലെയായിരുന്നു ഇവിടെ കാസ്റ്റ് നിര്‍മാണം. പക്ഷേ, അധികകാലം ഈ കളി നടന്നില്ല. വ്യാപകമായി റെയ്ഡ് നടന്നു. അതോടെ ആ കച്ചോടം നിന്നു. പക്ഷേ, ആളുകള്‍ക്ക് പാട്ട് കേള്‍ക്കണമല്ലോ. അതില്‍ നിന്നാണ് ഓരോരുത്തരും സ്വന്തമായി കാസ്റ്റ് കമ്പനികള്‍ തുടങ്ങുന്നത്. ഉസ്മാന്‍ രഞ്ജിനി കാസറ്റ് തുടങ്ങി. പക്ഷേ, പഴയപോലെ കള്ള കാസറ്റ് പറ്റില്ലല്ലോ. സ്വന്തമായി പാട്ടുകള്‍ ഉണ്ടാക്കണം. ഞങ്ങളുടെ കൈയിലാണെങ്കില്‍ ഇഷ്ടം പോലെ പാട്ടുണ്ട്. ബേണി വന്ന് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യും. സീസണല്‍ ഗാനങ്ങള്‍ ഇറക്കും. ടെക്‌നോളജി വളര്‍ന്നു വരുന്ന കാലം കൂടിയാണ്. തരംഗണിയാണ് അന്ന് നമ്പര്‍ വണ്‍. പക്ഷേ ടെക്‌നോളജിയില്‍ രഞ്ജിനി തരംഗണിയേയും കടത്തി വെട്ടി. ഒരോണക്കാലത്ത്, തരംഗണിയുടെ ഓണപ്പാട്ടുകളേക്കാള്‍ ഹിറ്റ് ഞങ്ങളുടെ കാസറ്റ് ആയിരുന്നു. അന്ന് ഒരുപാട് പാട്ടുകള്‍ ഉണ്ടാക്കിയിരുന്നു. കറുത്തപ്പെണ്ണേ…കള്ളിപ്പൂങ്കുയിലേ എന്നീ പാട്ടുകളൊക്കെ ഞങ്ങള്‍ ചെയ്തതായിരുന്നു. കള്ളിപ്പൂങ്കുയിലേ എന്റെ വീട്ടിലെ ബഡ് റൂമില്‍ ഇരുന്ന് ചെയ്തതാണ്. സീസണല്‍ ഗാനങ്ങള്‍ അതാത് സമയത്ത് മാത്രമെ ഇറക്കാന്‍ പറ്റൂ. അങ്ങനെ വന്നപ്പോള്‍ നമുക്കെന്തുകൊണ്ട് സിനിമാപാട്ടുകള്‍ ഇറക്കിയാല്‍ ? എന്ന് ചോദിച്ചത് ഡെന്നീസ് ആണ്. ഇറങ്ങാത്ത സിനിമകളിലെ പാട്ടുകള്‍ ഹിറ്റാകുന്നുണ്ടല്ലോ, എന്നാണ് ഡെന്നീസ് ചോദിച്ചത്. നമുക്കൊരു സിനിമ അനൗണ്‍സ് ചെയ്യാം, പിന്നെയതിലെ എന്നു പറഞ്ഞ് പാട്ടുകള്‍ ഇറക്കാം. അതായിരുന്നു തന്ത്രം. സിനിമ പാട്ടുകള്‍ ആണെങ്കില്‍ ഒരു കുഴപ്പമുണ്ട്, സിറ്റ്വേഷന്‍ അനുസരിച്ചുള്ള പാട്ടുകള്‍ വേണം. ഞങ്ങള്‍ ഉണ്ടാക്കിയ സിറ്റേഷന്‍സ് പ്രകാരം ഒരു യക്ഷിപ്പാട്ട്, ഒരു ന്യൂഇയര്‍ പാട്ട്, പിന്നെയൊരു ലൗവ് സോംഗ് എന്നിവ വേണം. ട്യൂണ്‍ ഇട്ടശേഷം വേണം പാട്ടുകള്‍ എഴുതാന്‍. പ്രശസ്തരായവരെ കൊണ്ടെന്നും എഴുതിക്കാനുള്ള കഴിവില്ല. ഇവിടെയുള്ളവര്‍ക്കാണെങ്കില്‍ ട്യൂണിനനുസരിച്ച് പാട്ട് എഴുതാനും കഴിയുന്നില്ല. അങ്ങനെ അതെന്റെ ചുമലില്‍ വന്നു. ഞാന്‍ ചില ഡിമാന്‍ഡുകള്‍ വച്ചിട്ടാണ് എഴുതാന്‍ തയ്യാറാണെന്നു പറഞ്ഞത്. ഒരു മുറി വേണം, മൂന്നു പാട്ട് എഴുതാന്‍ മൂന്നു ദിവസം വേണം, ഒരു പാട്ടിന് അഞ്ഞൂറു രൂപ വച്ച് തരണം…മാന്‍ഷന്‍ ഹൗസിന്റെ വിസ്‌കി വേണം…അതൊക്കെ സമ്മതിച്ചു. ലിസി ആശുപത്രിയുടെ അടുത്ത് ഒരു മുറിയെടുത്തു. ആദ്യ ദിവസം ഉച്ചയായപ്പോള്‍ തന്നെ മൂന്നു പാട്ടകളും ട്യൂണ്‍ കേട്ട് എഴുതി.
സിനിമയ്ക്കായി പാട്ടെഴുതുന്നത്?
ഉപഹാരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യം എഴുതുന്നത്. രാജന്‍ പ്രകാശാണ് വിളിക്കുന്നത്. ജോണ്‍സണ്‍ ആയിരുന്നു മ്യൂസിക്. കൂടെവിടെയിലെ ബാക് ഗ്രൗണ്ട് ബിറ്റ് ആയിരുന്നു ആദ്യത്തെ പാട്ടിന്റെ ട്യൂണ്‍. പൊന്‍മേഘമോ..എന്നു തുടങ്ങിയ പാട്ട് എഴുതി. കാസറ്റുകള്‍ക്കു പാട്ട് എഴുതുമ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിട്ടാണ് ചെയ്തിരുന്നത്. ആ ട്യൂണ്‍ ഇഷ്ടായില്ലെങ്കില്‍ അത് പറഞ്ഞു മാറ്റാം. സിനിമയില്‍ അതു പറ്റില്ല. ഉപഹാരത്തില്‍ എഴുതിയ പാട്ടുകളോട് എനിക്ക് തന്നെ മതിപ്പില്ലായിരുന്നു. ടി പി ശാസ്തമംഗലത്തിന്റെ നിരൂപണം കൂടി വന്നതോടെ പൂര്‍ത്തായായി. കൊന്നു കൊലവിളിക്കുകയായിരുന്നു. ചിത്രഭൂമിയില്‍ ആയിരുന്നു നിരൂപണം വന്നത്. ഞാനത് വാങ്ങി വായിച്ച് ഒരു ഓടയില്‍ കളഞ്ഞു. വീട്ടിലെങ്ങാനും കൊണ്ടുപോയി ആരെങ്കിലും വായിച്ചാല്‍ ഉണ്ടാകുന്ന നാണക്കേട് ഓര്‍ത്ത്. സിനിമ പാട്ടെഴുത്ത് നമുക്ക് പറ്റിയ പണിയല്ലെന്ന് തോന്നി.
‘ശ്യാമ’യിലെ ഗാനങ്ങള്‍ ഹിറ്റ് ആയല്ലോ!
ജോഷി സാര്‍ എന്റെ ചില പാട്ടുകളൊക്കെ കേട്ടിട്ടുണ്ട്. ശ്യമയുടെ സമയത്ത് സാര്‍ ആണ് പറയുന്നത് അവനെ വിളിക്കാന്‍. ഡെന്നീസ് ആണല്ലോ ശ്യാമ എഴുതുന്നതും. ശ്യാമ ജൂബിലിയുടെ പടമാണ്. ജൂബിലി എന്നാല്‍ അന്ന് മലയാള സിനിമിലെ ഒന്നാം നമ്പര്‍ പ്രൊഡക്ഷന്‍ ഹൗസ്. അവരുടെ പടം അനൗണ്‍സ് ചെയ്താല്‍ തന്നെ വലിയ വാര്‍ത്തയാണ്. ശ്യാമയുടെ മ്യൂസിക് ഡയറക്ടര്‍ രഘുകുമാര്‍ ആണ്. രഘുവേട്ടന്‍ നല്ല മികച്ച പാട്ടുകള്‍ ചെയ്തിട്ടുള്ളയാളാണ്. അദ്ദേഹം മൂന്ന് ട്യൂണ്‍ ഇട്ട് കാസ്റ്റില്‍ റെക്കോര്‍ഡ് ചെയ്ത് തന്നിട്ടു പോയി. ജൂബിലി ജോയിയുടെ സഹോദരന്‍ ജിമ്മിയാണ് കാസറ്റും ടേപ് റെക്കോര്‍ഡറും മദ്രാസിലേക്കുള്ള ഫസ്റ്റ്ക്ലാസ് ടിക്കറ്റുമായി എന്നെ കാണാന്‍ വന്നത്. ഏത് പാട്ടാണ് ആദ്യം വേണ്ടതെന്ന് എനിക്കും അറിയില്ല, ജിമ്മിക്കും അറിയില്ല. മദ്രാസിലാണ് പൂജയും റെക്കോര്‍ഡിംഗും. ഞാന്‍ മദ്രാസിലേക്ക് പോയി. യാത്രക്കിടയില്‍ ടേപ്പ് റിക്കാര്‍ഡ് ചെവിയോട് ചേര്‍ത്ത് പിടിച്ച് കേട്ട് എഴുതണം. മദ്രാസില്‍ എത്തും മുന്നേ മൂന്നു പാട്ടുകളുടെയും പല്ലവിയും ഒരു ചരണവും ഞാന്‍ എഴുതിവച്ചു. രണ്ട് ചരണങ്ങള്‍ സാധാരണ വേണം. ജമിനി സ്റ്റുഡിയോയിലാണ് പൂജയും റെക്കോര്‍ഡിംഗും. നിറയെ ആള്‍ക്കാരാണ്. ജൂബിലയുടെ പടമല്ലേ…ഈ തിരക്കിലും ബഹളത്തിനുമിടയില്‍ നിന്നു വേണം ബാക്കി ചരണങ്ങള്‍ എഴുതാന്‍. അതുമല്ല ആദ്യം ഏതുപാട്ടാണ് എടുക്കുന്നതെന്നും അറിയില്ല. ചിത്ര വന്നൂ. അപ്പോഴാണ് അറിയുന്നത് ചെമ്പരത്തി പൂവേ…എന്ന പാട്ടാണ് ആദ്യം എടുക്കുന്നതെന്ന്. ചിത്രയെ എനിക്ക് നേരത്തെ പരിചയമുണ്ട്. ഞങ്ങളുടെ കാസ്റ്റുകളില്‍ പാടിയിട്ടുണ്ട്. ഞാന്‍ പാട്ടെഴുതിയ കടലാസ് ചിത്രയെ ഏല്‍പ്പിച്ചു. ഒരു ചരണം എവിടെ? ചിത്ര വായിച്ചു നോക്കിയിട്ട് ചോദിച്ചു. പാടി തുടങ്ങിക്കോ അപ്പോഴേക്കും ഞാന്‍ ബാക്കി കൊണ്ടു വരാം. അതായിരുന്നു എന്റെ മറുപടി. അങ്ങനെ അവിടെയിരുന്ന് പെട്ടെന്ന് എഴുതി തീര്‍ക്കുകയായിരുന്നു ആ പാട്ടിന്റെ രണ്ടാം ചരണം. ആ ചരണത്തില്‍ താഴ്‌വരയാറ്റിന്‍ തീരെ…എന്നൊരു വരിയുണ്ട്. തീരത്ത് എന്നെഴുതാന്‍ പറ്റുന്നില്ല, അതുകൊണ്ട് തീരെ എന്നാക്കി. തീരെയാണോ തീരത്താണോ എന്നു ചിത്രയും ചോദിച്ചു. തീരത്ത് എന്ന് പാടാന്‍ പറ്റുമെങ്കില്‍ അങ്ങനെ അല്ലെങ്കില്‍ തീരെ എന്നുമതി. പിന്നീട് ആ പ്രയോഗത്തിന് പലരും എന്നെ അഭിനന്ദിക്കുകയുണ്ടായി എന്നതാണ് തമാശ.
ജോഷിയുടെ സിനിമകളിലാണ് ഷിബു ചക്രവര്‍ത്തിയുടെ കൂടുതലും മികച്ച ഗാനങ്ങള്‍ വന്നിരിക്കുന്നത്.
ഡെന്നീസിനൊപ്പം ചര്‍ച്ചകളില്‍ ഞാനും ഇരിക്കുമായിരുന്നു. അങ്ങനെ ജോഷി സാറുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നു. ജോഷി സാറിന്റെ സ്ഥാനം സിനിമയില്‍ വലുതായിരുന്നു. അദ്ദേഹത്തിന്റെ ചിറകിന്‍ കീഴിലായിരുന്നു ഞങ്ങളും. അതുകൊണ്ട് അദ്ദേഹത്തിന് കിട്ടുന്ന അതേ സ്റ്റാസ് തന്നെ ഞങ്ങള്‍ക്കും കിട്ടും. ആരും അനാവശ്യമായി ഇടപെടില്ല. നിര്‍മാതാക്കള്‍ പോലും ജോഷി സാറില്‍ നിന്നും അകലം പാലിച്ചേ നില്‍ക്കു. ഇതിന് മറ്റൊരു വശം കൂടിയുണ്ടായിരുന്നു. ചെറു സിനിമകളില്‍ നിന്നും നമ്മളെ വിളിക്കില്ല. കാരണം, ജോഷി സാറിനൊപ്പം നില്‍ക്കുമ്പോള്‍ നമ്മളെയും അവര്‍ക്ക് അപ്രോച്ച് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ധാരണ. ചെറിയ സിനിമകളില്‍ ഞാന്‍ പാട്ടെഴുതിയിട്ടുള്ളത് വിരളമാണ്. ജോഷി സാറ് കഴിഞ്ഞാല്‍ പ്രിയദര്‍ശനൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്.
ജോഷി സാര്‍ ഒരു മികച്ച ടെക്‌നീഷ്യന്‍ ആണ്. ഓരോരുത്തരേയും അവരവരുടെ കഴിവിനനുസരിച്ച് അദ്ദേഹം അംഗീകരിക്കും. ഇടപെടല്‍ നടത്തില്ല. നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തരും. കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കുന്ന വലിയൊരു മനസ് അദ്ദേഹത്തിനുണ്ട്. പാട്ടുകള്‍ അദ്ദേഹം ശ്രദ്ധിക്കും. അദ്ദേഹം ഒരു ടെക്‌നീഷ്യന്‍ ആയതുകൊണ്ട് ആ പാട്ടുകള്‍ എങ്ങനെ ചിത്രീകരിക്കാം എന്നതിലായിരിക്കും കൂടുതല്‍ ശ്രദ്ധ. ധ്രുവത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ജോഷി സാര്‍ എന്നോട് പറയുകയുണ്ടായി, സിനിമയിലെ പാട്ടുകള്‍ പലവട്ടം കേള്‍ക്കേണ്ടി വരാറുണ്ട്. പക്ഷേ, കറുകവയല്‍ കുരുവി എന്ന പാട്ട് എത്ര കേട്ടിട്ടും മടുക്കുന്നില്ല. ഈ പാട്ട് സൂപ്പര്‍ ഹിറ്റാകും. അതുപോലെ തന്നെ സംഭവിച്ചു. ശരിക്കും എസ് പി വെങ്കിടേഷിന് താത്പര്യമില്ലാത്ത ട്യൂണ്‍ ആയിരുന്നു അത്. മറ്റൊന്ന് നോക്കാമെന്നായിരുന്നു വെങ്കിടേഷിന്റെ തീരുമാനം. ഇതു തന്നെ മതിയെന്ന് വാശി പിടിച്ചത് ഞാനായിരുന്നു.
1993 ല്‍ ഇറങ്ങിയ ചിത്രമാണ് സൈന്യം. ആ സിനിമയിലെ ബാഗി ജീന്‍സും എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്നും ചര്‍ച്ചയാണ്
പലരും പറഞ്ഞിട്ടുള്ളതും എഴുതിയിട്ടുള്ളതുമാണ്. റാപ് മ്യൂസിക് ഇന്ത്യയില്‍ തന്നെ അന്നത്ര പ്രചാരം നേടിയിട്ടില്ല. അപ്പാച്ചി ഇന്ത്യനും ഠണ്ടാ ഠണ്ടാ പാനിയുമാണ് ആകെ വന്നിട്ടുള്ളത്. റാപ്പില്‍ ഒരു പാട്ട് ചെയ്യാമെന്ന് ഞാനാണ് നിര്‍ദേശിക്കുന്നത്. റാപ്പില്‍ പ്രോസിന് ഇടമുണ്ട്. നമുക്ക് പാട്ടിനിടയില്‍ പലതും പറയാന്‍ കഴിയും. അന്നത്തെ യുവത്വത്തിന്റെ മനസും ഇന്ത്യയുടെ സാഹചര്യങ്ങളുമാണ് ഞാന്‍ ആ പാട്ടില്‍ പറഞ്ഞിട്ടുള്ളത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇന്ന് ഫെമിനിസം പ്രധാന ചര്‍ച്ചയാണ്. അന്ന് അങ്ങനെയല്ല. ‘പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല, കൂടെയുറങ്ങാന്‍ മാരേജ് ആക്ടും താലിയുമൊന്നും വേണ്ടാ…’ എന്ന് ഞാന്‍ എഴുതി. അതില്‍ ‘വീ വാണ്ട് ലിബറലൈസേഷന്‍’ എന്നു പറയുന്നുണ്ട്. പലരും ചോദിച്ചത് ലിബറേഷന്‍ എന്നത് തെറ്റിപ്പോയതാണോ എന്നായിരുന്നു. അല്ല, ലിബറലൈസേഷന്‍ എന്നു തന്നെയാണ് എഴുതിയത്. അക്കാലത്ത് ലിബറലൈസേഷന്‍ ഇന്ത്യയില്‍ വേണോ എന്ന ചര്‍ച്ച നടക്കുന്നുണ്ട്. ലിബറലൈസേഷന്‍ വന്നാല്‍ ഇന്ത്യന്‍ സാമ്പത്തികരംഗം തകരുമെന്നായിരുന്നു പ്രധാനവാദം. ഞാന്‍ ലിബറലൈസേഷനെ പിന്തുണയ്ക്കുന്നാളായിരുന്നു. ഇവിടെ നിലനില്‍ക്കുന്ന പലതിനെയും പൊളിച്ചടുക്കേണ്ടിയിരുന്നു. പഴയ ഇക്കോണമി വ്യവസ്ഥ തകര്‍ത്ത് പുതിയത് വരണം. ലിബറലൈസേഷന്റെ ഫലമാണ് പിന്നീട് വന്ന പല ഇന്റര്‍നാഷണല്‍ ടൈഅപ്പുകളും. സോഷ്യലിസം പറഞ്ഞതുകൊണ്ട് രാജ്യം വളരില്ല. എന്റെ ഈ ചിന്താഗതിയാണ് ആ പാട്ടില്‍ പറഞ്ഞത്. അതിനൊപ്പം അന്നത്തെ ഇന്ത്യന്‍ സോഷ്യല്‍ ലൈഫിനെയും ചേര്‍ത്തൂ.
സിനിമ പാട്ടുകളില്‍ സാഹിത്യത്തിനല്ലേ പ്രധാന്യം കൊടുക്കേണ്ടത്?
അത് കവികളും മറ്റും പറഞ്ഞുണ്ടാക്കുന്ന ഒരു ഹാലോ മാത്രമാണ്. മനസില്‍ നിന്നും ഒഴുകി വരുന്ന കവിതയാണ് പാട്ട് എന്ന ധാരണ തെറ്റാണ്. ഭാസ്‌കരന്‍ മാഷും ഒഎന്‍വിയും വയലാറുമൊക്കെ എഴുതിയതില്‍ കവിത ഉണ്ടായിരുന്നു, ശരിയാണ്. പക്ഷേ, ഈ കവിത എന്നു പറയുന്നതിന്റെ പിന്നില്‍ ബോധപൂര്‍വമായൊരു നിര്‍മിതി നടക്കുന്നുണ്ട്. ഒരു കഥ കേട്ടിട്ട് ഹോട്ടല്‍ മുറിയില്‍ ഇരിക്കുമ്പോള്‍ ഒഴുകി വരുന്നതല്ല കവിത. സിനിമ ഗാനം എന്നത് ഒരു അപ്ലൈഡ് ആര്‍ട്ട് ആണ്. ബാഗി ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം, ഹണ്ടര്‍ സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം എന്നെഴുതുന്നത്, അന്നത്തെ സാഹചര്യങ്ങള്‍ മനസിലാക്കിയിട്ടാണ്. അത് 100 സിസി ബൈക്കുകള്‍ യുവത്വത്തെ കീഴടക്കുന്ന കാലമാണ്, ബാഗി ജീന്‍സ് ട്രെന്‍ഡാണ്. പൂജ ഭട്ടില്‍ ഭ്രമിച്ചു നില്‍ക്കുകയാണ്…ഇതൊക്കെയാണ് ഞാന്‍ പകര്‍ത്തിയത്. ബോധപൂര്‍വമാണതെല്ലാം. മലയാളത്തില്‍ നിരവധി ജിംഗിള്‍സുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ജിംഗിള്‍സ് ഒരു പ്രൊഡക്ടിനെയോ ബ്രാന്‍ഡ് നെയിമിനെയോ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ്. അതുപോലെ ഒരു സന്ദര്‍ഭത്തെ പ്രേക്ഷകരില്ലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് സിനിമയില്‍ പാട്ടുകള്‍.
ഇന്നത്തെ പാട്ടുകളില്‍ ഇത്തരം സാമൂഹിക പ്രതിഫലനങ്ങള്‍ കാണുന്നുണ്ടോ?
ബാഗി ജീന്‍സുപോലെ എത്രയോ അടിപൊളി പാട്ടുകള്‍ ഇന്നുണ്ടാകുന്നു. പക്ഷേ, അതിലൊന്നും ഒരു സാമൂഹിക പ്രതിഫലനങ്ങളും കാണുന്നില്ല. സമൂഹം എങ്ങനെയാണ്, ചെറുപ്പക്കാര്‍ എന്തു ചിന്തിക്കുന്നൂ എന്നൊന്നും നമ്മുടെ പാട്ടുകളില്‍ കാണുന്നില്ല. അവനവന്റെ സാമൂഹികബോധവും ഇടപെടലുകള്‍ പോലും പാട്ടുകളില്‍ കൊണ്ടുവരാന്‍ പുതിയ പാട്ടെഴുത്തുകാര്‍ തയ്യറാകുന്നില്ല. ഇന്നത്തെ പാട്ടെഴുത്തുകാര്‍ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല എന്നതാണ് ശരി. ഈ നാട്ടില്‍ നടക്കുന്ന എന്തെങ്കിലും കാര്യം ഇന്നത്തെ പാട്ടുകളില്‍ പ്രതിപാദിക്കുന്നുണ്ടോ? കൂടുതലും ഫൂളിഷ് പാട്ടുകള്‍. പുതിയ പാട്ടെഴുത്തുകാരെ അടച്ചാക്ഷേപിക്കുകയല്ല. നല്ല പാട്ടുകളും വരുന്നുണ്ട്. പക്ഷേ, അവ പോലും നിലനില്‍ക്കുന്നുണ്ടോ?
അവര്‍ക്ക് മേല്‍ മറ്റ് ഇടപെടലുകള്‍ നടക്കുന്നതുകൊണ്ടുമാകാം?
സന്ദര്‍ഭത്തിനനുസരിച്ച് എഴുതുക എന്നതുമാത്രമാണ് ആവശ്യം. അത് എങ്ങനെ എഴുതാം എന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. അല്ലാതെ വരികള്‍ അതുവേണ്ട, ഇതുമതി എന്നൊന്നും ആരും പറയില്ല. ബാഗി ജീന്‍സ് എന്ന പാട്ട് അന്നത്തെ സാഹചര്യത്തില്‍ കുറെ വിപ്ലവകരമായ കാര്യങ്ങളാണ് പറയുന്നത്. ആ വരികള്‍ മാറ്റണമെന്നൊന്നും ആരും എന്നോട് പറഞ്ഞില്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് വിവാദങ്ങളൊന്നും ഉണ്ടായിട്ടുമില്ല. വേണമെങ്കില്‍ ആ പാട്ട് സിനിമയില്‍ ഉപയോഗിക്കേണ്ടാ എന്ന് ജോഷി സാറിന് തീരുമാനിക്കാം. അതല്ലാതെ എന്റെ എഴുത്തില്‍ കയറി അദ്ദേഹം ഇടപെടല്‍ ഒന്നും നടത്തില്ല. നമ്മളോട് ഒന്നും ഡിമാന്‍ഡ് ചെയ്യില്ല. അവിടെ നമുക്ക് പൂര്‍ണ സ്വാതന്ത്ര്യം തരും. ആ സ്വാതന്ത്ര്യം ഇന്നത്തെ പാട്ടെഴുത്തുകാര്‍ക്കും ഉണ്ട്. കിട്ടിന്ന സ്‌പേസ് ഉപയോഗിക്കുക എന്നതാണ് പ്രധാനം. പക്ഷേ, ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം ചെറിയൊരു പരാമര്‍ശം ആയിട്ടുപോലും പാട്ടില്‍ ഉള്‍പ്പെടുത്താന്‍ ആരും മെനക്കെടുന്നില്ല. കാരണം, പൊതുവെ ഇപ്പോള്‍ ആരും തന്നെ അത്രമേല്‍ സോഷ്യല്‍ കോണ്‍ഷ്യസ് അല്ല. ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഉത്കണ്ഠകളില്ല. നമ്മുടെ സാമൂഹിക ബോധം നഷ്ടപ്പെട്ടു, രാഷ്ട്രീയബോധം നഷ്ടപ്പെട്ടു, പ്രതികരിക്കുന്ന മനസുകള്‍ ഇല്ലാതായിരിക്കുന്നു.നമ്മുടെയുള്ളില്‍ എന്തുണ്ടോ അതാണ് എഴുതുന്നതിലും പ്രതിഫലിക്കുന്നത്. ഒരു പ്രണയഗാനം എഴുതുമ്പോള്‍ എന്റെയുള്ളിലെ പ്രണയമാണ് ഞാന്‍ എഴുതുന്നത്. അല്ലാതെ മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടേയോ പ്രണയമല്ല. ഓരോ വിഷയവും അങ്ങനെയാണ്. നമ്മുടെ മനസില്‍ ഉണ്ടായിരിക്കണം.
ഇന്നത്തെ ചലച്ചിത്ര ഗാനങ്ങള്‍ കേട്ട് മറക്കുകയാണ്, അവ മോശം പാട്ടുകള്‍ ആയതുകൊണ്ടായിരിക്കുമോ അങ്ങനെ വരുന്നത്?
നല്ല പാട്ടുകള്‍ വരുന്നുണ്ട്. പക്ഷേ, നിലനില്‍ക്കുന്നില്ല. എന്തുകൊണ്ട്? അതാണ് നോക്കേണ്ടത്. എന്റര്‍ടെയ്ന്‍മെന്റ് ലോകം അത്രകണ്ട് മാറിയിരിക്കുന്നു. പണ്ട് ഒരു സിനിമ ഗാനം കേള്‍ക്കാന്‍ ഓരോ ആഴ്ചയും കാത്തിരിക്കണം. ആകാശവാണിയാണ് ഒരു പൊതു ആശ്രയം. ഈ ആഴ്ചയിലെ രഞ്ജിനിയില്‍ ഒരു പാട്ട് കേട്ടാല്‍ വീണ്ടും അതൊന്നു കേള്‍ക്കണമെങ്കില്‍ അടുത്താഴ്ച്ചത്തെ രഞ്ജിനി പ്രക്ഷേപണം വരെ കാത്തിരിക്കണം. ഇന്നതല്ല, ഒരേ സമയം മെസിയുടെ കളിയും കോഹ്ലിയുടെ കളിയും കാണാം. വിനോദോപാധികള്‍ വര്‍ദ്ധിച്ചു. മനസില്‍ ഇതെല്ലാം കൂടി ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ല. ട്രാഷ് നിറഞ്ഞിരിക്കുകയാണ്. വയ്ക്കാന്‍ സ്ഥലമില്ലാതെ വന്നാലും ഒരു നല്ല സാധനം നമ്മള്‍ ഉപേക്ഷിക്കാറുണ്ട്. പാട്ടിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്.
മറ്റൊന്നു കൂടിയുണ്ട്. പണ്ടത്തെ പാട്ടുകള്‍ നമ്മുടെ വൈകാരിക പശ്ചാത്തലങ്ങളെ സ്വാധീനിച്ചിരുന്നു. നമ്മുടെ ഓര്‍മകള്‍ക്കൊപ്പം ആ പാട്ടുകള്‍ ഇന്നും പുറത്തു വരികയാണ്. ഇപ്പോഴത്തെ തലമുറപോലും 90 കളിലെ പാട്ട് ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്. അവരുടെ ബാല്യകാല പശ്ചാത്തലങ്ങളില്‍ ഈ പാട്ടുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിങ്ങളെ റി കോളിംഗിന് സഹായിക്കുന്നുണ്ട് ആ പാട്ടുകള്‍. ഇന്നത്തെ പാട്ടുകള്‍ക്ക് അതിന് സാധിക്കുന്നില്ല, അതല്ലെങ്കില്‍ പാട്ടുകളെ നാം ഉപയോഗിക്കുന്നില്ല ആ വിധത്തില്‍.
സിനിമകളുടെ സ്വഭാവം മാറിയതും കാരണമാകില്ലേ?
പണ്ട് സിനിമകളില്‍ പാട്ടുകള്‍ ഉപയോഗിക്കുന്നതിന് ഉദ്ദേശം ഉണ്ടായിരുന്നു. ഒരു കഥ പറയുമ്പോള്‍ വികാരങ്ങള്‍ക്ക് ശക്തി കൊടുക്കാന്‍ പാട്ട് ആവശ്യമായിരുന്നു. ഇന്ന് അതു വേണ്ട. കാരണം, സിനിമ എന്ന് ശക്തമായിരിക്കുന്നു. ഇന്ന് പാട്ടുകള്‍ ഇല്ലാതെ തന്നെ സിനിമയ്ക്ക് അതിന്റെ ഇമോഷന്‍സ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിവുണ്ട്. പണ്ട് സിനിമകള്‍ ഇത്രകണ്ട് ശക്തമായിരുന്നില്ല. മുറപ്പെണ്ണ് എന്ന സിനിമാ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ വരുന്നത് കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ടാണ്. അക്കാലത്ത് പാട്ടുകള്‍ സിനിമയോട് അത്ര ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇന്ന് സിനിമയ്ക്ക് പാട്ടുകളുടെ സഹായം ആവശ്യമില്ല.
പാട്ടുകള്‍ സിനിമയില്‍ ആവശ്യഘടകമല്ലേ?
സിനിമ പാട്ടുകള്‍ ഉണ്ടാക്കാനുള്ള ഫാക്ടറി ആയി മറുകയായിരുന്നു. എത്രയോ പൊട്ട സിനിമകളില്‍ നല്ലപാട്ടുകള്‍ ഉണ്ടായി. പാട്ട് അവിടെ അത്യാവശ്യമായിരുന്നു. പാട്ട് ഉണ്ടാക്കാനുള്ള മീഡിയം അല്ല സിനിമ. അത് കഥ പറയാനുള്ള മാധ്യമം ആണ്. സംഗീതം അവിടെ ആവശ്യമാണ്, പാട്ട് ആവശ്യമില്ല. ഇന്ത്യന്‍ സിനിമയ്ക്ക് മാത്രം സംഭവിച്ച ഒരു ടിപ്പിക്കല്‍ കോമ്പിനേഷന്‍ ആണ് പാട്ടുകള്‍. സംഗീതനാടകപ്രസ്ഥാന പാരമ്പര്യത്തിന്റെ ഒരു തുടര്‍ച്ചയായിരുന്നു സിനിമയിലെ പാട്ടുകള്‍. പണ്ട് പാടാന്‍ കൂടി കഴിയുന്നവനെ അഭിനയിക്കാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. സിനിമയിലേക്ക് വന്നപ്പോള്‍ ടെക്‌നോളജിയുടെ സഹായം കിട്ടി. പാടാന്‍ അറിയില്ലെങ്കിലും കുഴപ്പമില്ല, വേറെ ആളുണ്ട്.
സിനിമയില്‍ പാട്ടുകളുടെ സ്‌പെയ്‌സ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അല്ലെങ്കിലും സിനിമയല്ല അതിന്റെ സ്‌പെയ്‌സ്. സിനിമയ്ക്ക പാട്ടിന്റെ ആവശ്യം ഇല്ല. ഇന്നത്തെ സിനിമകളില്‍ പാട്ടുകള്‍ നന്നാവാത്തതിന്റെ ഉത്തരം ഇതും കൂടിയാണ്.
സിനിമയില്‍ പാട്ട് ആവശ്യമില്ല എന്നാണോ?
സിനിമ എന്നത് ഒരുപാട് ആര്‍ട് പ്ലാറ്റ്‌ഫോമുകളുടെ ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഈ ഘടകങ്ങള്‍ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നത് ഡയറക്ടര്‍ തീരുമാനിക്കുന്നു. സെന്‍സ് ഉള്ളൊരു സംവിധായന് പാട്ടും എങ്ങനെ ഉപയോഗിക്കണം എന്നറിയാം. പാട്ടുകള്‍ വളരെ സെന്‍സിബിളായി ഉപയോഗിക്കുന്ന സംവിധായകര്‍ ഉണ്ട്. സഞ്ജയ് ലീല ബന്‍സാലി അതിനൊരു ഉദ്ദാഹരണമാണ്. മലയാളത്തിലും ഉണ്ട്. ദിലീഷ് പോത്തന്റെ സിനിമകള്‍ കണ്ടാല്‍, പാട്ടുകള്‍ അതുപോലെ ഉപയോഗിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ഇടുക്കി…എന്നുള്ള പാട്ട് ഉദ്ദാഹരണമാണ്. സിനിമയ്ക്ക് വേണ്ട ഘടകങ്ങള്‍ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നറിയുന്ന സംവിധായകരുടെ സിനിമകളില്‍ നല്ല പാട്ടുകളും ഉണ്ടാകും. എങ്കില്‍ പോലും ഞാന്‍ പറയുന്നത് സിനിമയ്ക്ക് പാട്ട് ആവശ്യമില്ല എന്നാണ്. ഒരു പാട്ട് എഴുത്തുകാരനായി നിന്നുകൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്.
സംഗീതത്തില്‍ ചലച്ചിത്രഗാനങ്ങളോളം ആസ്വാദകരില്‍ സ്വാധീനം ചെലുത്താന്‍ മറ്റൊന്നിനുമായിട്ടില്ലെന്നാണ് വിശ്വാസം. അതില്ലാതെ വരുമ്പോള്‍?
പാട്ടെഴുത്തിന്റെ അപ്പുറത്തേക്ക് സിനിമയെ മാറി കാണാന്‍ ആഗ്രഹിക്കുന്നൊരാളാണ് ഞാന്‍. അതേസമയം തന്നെ ഞാന്‍ പറയുന്നു, സിനിമയില്‍ അല്ലാതെ പാട്ടിന് മറ്റൊരു സ്‌പേസ് നമ്മള്‍ കണ്ടെത്തുകയും വേണം. പണ്ട് നമുക്ക് സമ്പന്നമായൊരു നാടകഗാനശാഖ ഉണ്ടായിരുന്നു. ലളിതഗാനശാഖ ഉണ്ടായിരുന്നു. അതൊക്കെ എവിടെ? സിനിമഗാനങ്ങള്‍ക്കും അതും സംഭവിക്കില്ലേ? ഇന്നത്തെ സിനിമയ്ക്ക് കഥ പറയാന്‍ പാട്ടുകളുടെ ആവശ്യം വേണ്ടാതായി. അങ്ങനെ വന്നാല്‍ പാട്ടിന്റെ സ്‌പേസ് വേറെ എവിടെയാണ്? പാട്ടിന് സ്‌പേസ് ആവശ്യമുണ്ടോ? ഉണ്ടെങ്കില്‍ അതെവിടെ കണ്ടെത്തും? ഇതിനെല്ലാം മുകളില്‍ മറ്റൊരു ചോദ്യമുണ്ട്, എന്തിനാണ് പാട്ട്? ഉറങ്ങുമ്പോള്‍ അല്ലാതെ രണ്ട് മിനിട്ട് വെറുതെ കണ്ണടച്ച് ഇരിക്കാന്‍ നമുക്ക് കഴിയുമോ? പ്രയാസമാണ്. പക്ഷേ, ഒരു പാട്ട് കേട്ടാലോ! കണ്ണടയ്ക്കുമ്പോള്‍ പുറത്തു കിടക്കുന്ന മനസിനെ അകത്തേത്ത് കൊണ്ടുവരികയാണ്. വെറുതെയിരിക്കുമ്പോള്‍ നമുക്കതിന് സാധിക്കുന്നില്ല, എന്നാല്‍ ഒരു കൊച്ച് പാട്ടിന് അത് സാധിക്കുന്നു. അതായത്, ഒരു പാട്ടിന് മനുഷ്യനെ മെഡിറ്റേഷനിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നുണ്ട്. മനസ് എപ്പോഴൊക്കെ ഉള്ളില്‍ നിന്നും വെളിയില്‍ നില്‍ക്കുന്നുവോ അപ്പോഴൊക്കെ നമ്മള്‍ അസ്വസ്ഥരാണ്. സിനിമ തിയറ്ററില്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ചിന്ത മുഴുവന്‍ നമ്മുടെ ഊഴമെത്തുമ്പോഴേക്കും ടിക്കറ്റ് തീര്‍ന്നു പോകുമോ എന്നാണ്. ആ സമയം ടിക്കറ്റ് കൗണ്ടറിനു അകലെയാണ് നമ്മള്‍ നില്‍ക്കുന്നതെങ്കിലും മനസ് ആ കൗണ്ടറിന് അടുത്താണ്. നമ്മളാകെ അസ്വസ്ഥരാണ്. ടിക്കറ്റ് കിട്ടുമ്പോള്‍ ആശ്വാസം, കാരണം മനസ് വീണ്ടും ഉള്ളില്‍ കയറി. ഇങ്ങനെ പുറത്ത് കറങ്ങി നടക്കുന്ന മനസിനെ അകത്തു കയറ്റാനാണ് മെഡിറ്റേഷന്‍ ചെയ്യുന്നത്. ഒരു പാട്ടിന് അതിനു കഴിയുകയാണ്. പാട്ടുകേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണ് അടയുകയാണ്. എത്ര എളുപ്പത്തിലാണ് ഒരു പാട്ട് നമ്മളെ മെഡിറ്റേഷനിലേക്ക് കൊണ്ടു പോകുന്നത്. ഇതു തന്നെയാണ് പാട്ട് വേണ്ടതിന്റെ ആവശ്യം.
സിനിമ ഇല്ലാതായാലും പാട്ട് നിലനില്‍ക്കണം എന്നു പറയുന്നതും അതുകൊണ്ടാണ്. ആദ്യം കാസറ്റുകളില്‍ നാം പാട്ട് കേട്ടു, കാസറ്റ് പോയി സിഡി വന്നു. ഇന്ന് ഏതെങ്കിലും വീട്ടില്‍ സിഡി പ്ലെയര്‍ ഉണ്ടോ? സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് എല്ലാം മാറിക്കൊണ്ടിരിക്കും. ഇപ്പോള്‍ ന്യൂ മീഡിയകള്‍ ഇല്ലേ, പാട്ടിന് നമുക്ക് അവിടെ സ്‌പേസ് കൊടുക്കാം. നമുക്ക് ഏറ്റവും എളുപ്പത്തില്‍ പാട്ട് കേള്‍ക്കാന്‍, അത് സിനിമാപാട്ടുകള്‍ തന്നെ ആകണമെന്നില്ല, ലളിതഗാനങ്ങള്‍ ആയാലും മതി ഒരു സ്‌പേസ് നമുക്ക് പുതിയ മീഡിയങ്ങളില്‍ ഉണ്ടാക്കിയെടുക്കണം. പാട്ട് നമുക്ക് ആ രീതിയില്‍ നിലനിര്‍ത്താം.