UPDATES

സിനിമ

ഒടിയൻ വിവാദത്തിൽ ശ്രീകുമാർ മേനോൻ മഞ്ജു വാര്യരെ ഇടപെടീക്കാൻ നോക്കുന്നതിൽ കാര്യമുണ്ട്

കുടുംബ പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് ഒടിയന്‍. ആ വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഏറ്റവും പ്രധാനഘടകം മഞ്ജു വാര്യര്‍ തന്നെയാണ്.

സമീപകാലത്ത് ഒരു മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമര്‍ശനങ്ങള്‍ക്കാണ് മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വിധേയമായിരിക്കുന്നത്. ഒരു വിഭാഗം സിനിമയ്ക്ക് നല്ല പ്രതികരണം നല്‍കുമ്പോഴും വ്യാപകമായ രീതിയില്‍ ഒടിയനെതിരേ എതിര്‍പ്പുകളാണ് ഉയരുന്നത്. തന്റെ സിനിമ മനഃപൂര്‍വമായ ഡീ ഗ്രേഡിംഗിന് വിധേയമാക്കുകയാണെന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ ഒടിയന്‍ വിവാദ ചിത്രമായി മാറിയിരിക്കുകയാണ്.

മുന്‍കാല അനുഭവങ്ങളില്ലാത്ത വിധം പ്രി പബ്ലിസിറ്റി നേടിക്കൊണ്ടാണ് ഒടിയന്‍ തിയേറ്ററുകളില്‍ എത്തിയത്. തന്റെ സിനിമ പ്രി ബിസിനസ് ഇനത്തില്‍ 100 കോടി സ്വന്തമാക്കിയെന്ന ശ്രീകുമാര്‍ മേനോന്റെ കണക്ക് നിരത്തിയുള്ള അവകാശവാദവും പ്രതീക്ഷകള്‍ ഉയര്‍ത്തി. വളരെ അപ്രതീക്ഷിതമായി ഡിസംബര്‍ 14ന്, ഒടിയന്റെ റിലീസ് ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിനോടു പോലും ഇതുവരെയുണ്ടാകാത്ത പ്രതിഷേധം ഉയര്‍ന്നതും സിനിമയോടുള്ള ആരാധകരുടെ ആവേശമായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ഒടിയനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് രൂപപ്പെട്ടത്. ഒടിയന്‍, ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍ എന്നീ ഫെയ്‌സ്ബുക്ക് പേജുകളില്‍ സിനിമയോടുള്ള എതിര്‍പ്പിന്റെ പ്രതിഫലനങ്ങളായി കമന്റുകള്‍ നിറഞ്ഞു. ഇതില്‍ ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നത് മേനോനാണ്.

തിയേറ്ററുകളില്‍ വന്‍ പരാജയമായി മാറിയ മോഹന്‍ലാല്‍ സിനിമകള്‍ക്കു പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തില്‍ എതിര്‍പ്പുകള്‍ ഒടിയനെതിരേ വന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. ഏത് മോഹന്‍ലാല്‍ ചിത്രവും ‘പറഞ്ഞ് വിജയിപ്പിക്കാറുള്ള’ കേരളത്തിലെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷന്‍ കൂടെ ഉണ്ടായിട്ടുപോലും അവരില്‍ നിന്നും കാര്യമായ പിന്തുണ ഒടിയന് കിട്ടിയില്ലെന്നതും അമ്പരപ്പിച്ചു. ഫാന്‍സുകാര്‍ പോലും സംവിധായകനെതിരേ രംഗത്തു വന്നു. തനിക്കെതിരേയുണ്ടാകുന്ന വിമര്‍ശനങ്ങളെ ഒടുവില്‍ ശ്രീകുമാര്‍ മേനോന്‍ നേരിട്ടിരിക്കുന്ന രീതിയാണ് ഒടിയനെ വിവാദത്തിന്റെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

തനിക്കെതിരേ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഒടിയനെതിരായി മാറിയ നെഗറ്റീവ് പബ്ലിസിറ്റി എന്നാണ് ശ്രീകുമാര്‍ മോനോന്റെ വാദം. മോഹന്‍ലാല്‍ ഫാന്‍സിന്റെയോ, നിഷ്പക്ഷരായ പ്രേക്ഷകരുടെയോ എതിര്‍പ്പല്ല, ഈ നെഗറ്റീവ് പബ്ലിസിറ്റിയുടെ പിന്നിലെന്നും മറ്റു ചിലര്‍ നടത്തുന്ന ബോധപൂര്‍വമായ കളികളാണ് ഇതെന്നുമാണ് സംവിധായകന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. അതാരാണ് എന്നതിന്, ഒരു വ്യക്തിയെ പേരെടുത്ത് പറയുന്നില്ലെങ്കിലും പരോക്ഷമായ വിരല്‍ ചൂണ്ടല്‍ നടന്‍ ദിലീപിനെതിരെയാണ്. ദിലീപ് ആണോ അല്ലയോ എന്നു പറയാന്‍ തന്റെ പക്കല്‍ തെളിവുകളില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. ദിലീപിനെ ആരോപണത്തില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഈ ആരോപണങ്ങള്‍ക്കിടയിലേക്ക് മഞ്ജു വാര്യരെ കൂടി കൊണ്ടു വന്നതോടെ വിവാദം കൊഴുത്തു എന്നു പറയാം.

മഞ്ജുവിനൊപ്പം നിന്നതിന്റെ പേരിലാണ് തനിക്കെതിരേ ഇപ്പോള്‍ ആക്രമണം നടക്കുന്നതെന്നാണ് ശ്രീകുമാര്‍ മേനോന്റെ പരാതി. ഈ പരാതിയുടെ മുന സ്വാഭാവികമായും നീളുന്നത് ദിലീപിന് എതിരെയാണ്. ഒരുകാലത്ത് ദിലീപ്-മഞ്ജു വാര്യര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്ന മേനോന്‍, പിന്നീട് താരാദാമ്പത്യം തകര്‍ന്നപ്പോള്‍ മഞ്ജുവിനൊപ്പം നിന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിസ്ഥാനത്ത് വന്നതോടെ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചു. തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണെന്ന ദിലീപിന്റെ ആരോപണത്തില്‍ ഉള്‍പ്പെട്ട പേരുകാരില്‍ മഞ്ജുവിനൊപ്പം ശ്രീകുമാര്‍ മേനോനും ഉണ്ടായിരുന്നു. മേനോന്‍ ഇപ്പോള്‍ പറയുന്ന പകയുടെ പിന്നിലെ കഥയുടെ രത്‌നചുരുക്കം ഇതാണ്.

തെറിവിളികള്‍ക്കും അവകാശവാദങ്ങള്‍ക്കും ഇടയില്‍ മോഹന്‍ ലാലിന്റെ ഒടിയന്‍- റിവ്യൂ

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു കാമറയ്ക്കു മുന്നിലേക്ക് വരുന്നതിന് വഴിയൊരുക്കിയതും മേനോന്‍ ആയിരുന്നു. മഞ്ജുവിന്റെ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തിന് കൂട്ടു നിന്നുവെന്നതും ദിലീപിന്റെ ഇഷ്ടക്കേടിന് കാരണമായെന്നു മോനോന്‍ പറയുന്നുണ്ട്. മഞ്ജു വാര്യരുടെ രണ്ടാം വരവിലും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലും നിര്‍ണായകമായ ഇടപെടല്‍ നടത്തിയൊരാളെന്ന് സ്വയം പ്രഖ്യാപനം നടത്തുന്ന മേനോനെയാണ് ഒടിയന്‍ പ്രതിരോധത്തിലും കാണുന്നത്. തിരിച്ചുവരവില്‍ മഞ്ജുവിന് സിനിമയില്‍ മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത(?) ഒരാളെന്ന നിലയില്‍ ഇപ്പോള്‍ വ്യക്തിപരമായി തന്നെ തനിക്കെതിരെയും സിനിമയ്‌ക്കെതിരേയും നടക്കുന്ന ആക്ഷേപങ്ങളില്‍ മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് രംഗത്തു വരേണ്ടതാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു വയ്ക്കുന്നു.

ശ്രീകുമാര്‍ മേനോന്‍ കാര്യങ്ങള്‍ ഈ വഴിയില്‍ തിരിച്ചു വിട്ടതോടെ എല്ലാ കണ്ണുകളും മഞ്ജു വാര്യരിലേക്കായി. മഞ്ജുവാകട്ടെ, വാര്‍ത്തകളുടെ ഭാഗമാകാതെ സിനിമയില്‍ മാത്രം ശ്രദ്ധിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും നിര്‍ണായകമായ ഇടപെടല്‍ നടത്തുകയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിത സംഘടന സ്ത്രീ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി രൂപീകരിക്കാന്‍ മുന്നില്‍ നില്‍ക്കുകയുമൊക്കെ ചെയ്‌തെങ്കിലും മഞ്ജു പെട്ടെന്ന് നിശബ്ദയായി. വിമന്‍ കളക്ടീവ് ഈയടുത്തായി നിരന്തരമായി നടത്തിയ പോരാട്ടങ്ങളിലോ പ്രതിഷേധങ്ങളിലോ പങ്കാളിയാകാതെ, താന്‍ ഡബ്ല്യുസിസിയില്‍ ഉണ്ടോ ഇല്ലയോ എന്ന അനിശ്ചിതത്വം തന്നെ ഉണ്ടാക്കിക്കൊണ്ട് മഞ്ജു മാറി നില്‍ക്കുകയാണ്. ഒരു വിവാദ നായികയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന അവരുടെ തീരുമാനമാണ് ആ നിശബ്ദതയ്ക്കു പിന്നിലെന്ന് അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നു. മഞ്ജുവിനൊപ്പം മുന്നോട്ടു വന്ന മറ്റ് നടിമാര്‍ സിനിമയില്‍ നിന്നും മനഃപൂര്‍വമായി പിന്തള്ളപ്പെട്ടുപോയപ്പോള്‍ മഞ്ജുവിന് അവസരങ്ങള്‍ നഷ്ടപ്പെടുകയോ അവരുടെ സിനിമകള്‍ പരാജയപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. മലയാളത്തില്‍ ഇന്ന് ഏറ്റവും മാര്‍ക്കറ്റ് ഉള്ള നായികയാണ് മഞ്ജു. അവര്‍ക്കുള്ള സ്റ്റാര്‍ഡം ആണ് മാര്‍ക്കറ്റ് ഉണ്ടാവുന്നതിനും അവസരങ്ങള്‍ കിട്ടുന്നതിനും കാരണമെന്നു പറയുമ്പോഴും മലയാള സിനിമ മേഖലയില്‍ വലിയൊരു കൊടങ്കാറ്റ് തുറന്നുവിട്ടിട്ടും മഞ്ജുവിന്റെ നിലനില്‍പ്പിന് ഇളക്കം ഉണ്ടായില്ലെന്നത് അവരുടെ തന്ത്രപരമായ തീരുമാനങ്ങളുമുണ്ട്. രാമലീലയ്‌ക്കെതിരേ ഉയര്‍ന്ന ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കെതിരേ സംസാരിച്ചാണ് മഞ്ജു രംഗത്തു വന്നിരുന്നതെന്നോര്‍ക്കണം. വ്യക്തികളുടെ പേരില്‍ സിനിമയെ തകര്‍ക്കരുതെന്നായിരുന്നു മഞ്ജുവിന്റെ ആവശ്യം.

ഒടിയനെന്തുകൊണ്ട് പുലിമുരുകനായില്ല? ലാല്‍ ആരാധകര്‍ പ്രകോപിതരായതെന്തുകൊണ്ട്?

ഡബ്ല്യുസിസി പ്രതിനിധികളായ നായികമാര്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങള്‍ ഒന്നു പോലും മഞ്ജുവിനെതിരെയില്ലെന്നു കൂടി കാണണം. അതായത്, അവര്‍ തികച്ചും സേഫ് ആയൊരു പ്രതലത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അങ്ങനെയുള്ളൊരാള്‍ ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെടുന്നപോലെ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വരുമോ? ഈ വിവാദത്തില്‍ യാതൊരുവിധ പ്രതികരണത്തിനും തയ്യാറാകില്ലെന്നാണ് എറ്റവും ഒടുവിലായി മഞ്ജുവിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ പറഞ്ഞത്. അതായത്, ഒടിയനെതിരേയും ശ്രീകുമാര്‍ മേനോന് എതിരേയും നടക്കുന്ന വിമര്‍ശനങ്ങളില്‍ മഞ്ജു പതിവ് നിശബ്ദത പുലര്‍ത്തും. അവര്‍ തന്റെ ചുറ്റുപാടുകള്‍ സംഘര്‍ഷഭരിതമാക്കാന്‍ ആഗ്രഹിക്കില്ല. മഞ്ജുവിന്റെ ഈ തീരുമാനം ശ്രീകുമാര്‍ മേനോന് തിരിച്ചടിയാകും. മാത്രമല്ല, തന്നെ ഇതിലേക്ക് വലിച്ചിട്ടതില്‍ മഞ്ജു വാര്യര്‍ പ്രതിഷേധം അറിയിക്കുകയാണെങ്കില്‍ നിലവില്‍ അവര്‍ക്കിടയിലുള്ള അകല്‍ച്ചയ്ക്ക് ആഴം കൂടുകയും ചെയ്യും. മോനോന്‍ കൈ ചൂണ്ടി നില്‍ക്കുന്നത് ദിലീപിനും അദ്ദേഹത്തിന്റെ ഫാന്‍സിനും നേരെയാണ്. മേനോന്റെ ആക്ഷേപങ്ങള്‍ ദിലീപ് ഫാന്‍സ് തള്ളിക്കളിഞ്ഞിട്ടുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മേനോനു വേണ്ടി സംസാരിച്ച് വീണ്ടും പുലിവാലു പിടിക്കാന്‍ മഞ്ജു തയ്യാറാകില്ല.

കുടുംബ പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള സിനിമയാണ് ഒടിയന്‍. ആ വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഏറ്റവും പ്രധാനഘടകം മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജു തന്നെയാണ് മലയാള സിനിമയുടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം. അത് മുതലാക്കാന്‍ കഴിയുമോ എന്ന ആലോചന മോനോന് ഉണ്ടായിരുന്നിരിക്കണം. മഞജുവിന്റെ പ്രതികരണം രണ്ട് നിലയില്‍ ഗുണം ചെയ്യുമെന്നായിരിക്കും ശ്രീകുമാര്‍ മേനോന്‍ കണക്ക്കൂട്ടിയിരിക്കുക. ഒന്ന്, സിനിമയ്ക്ക് പിന്തുണയഭ്യര്‍ത്ഥിച്ചാല്‍ മഞ്ജുവിനു വേണ്ടി കുടുംബങ്ങള്‍ തിയേറ്ററില്‍ എത്തും, രണ്ട്, മനഃപൂര്‍വമായ ഡി ഗ്രേഡിംഗ് ആണ് നടക്കുന്നതെന്ന തരത്തില്‍ മഞ്ജുവിന്റെ സംസാരമുണ്ടായാല്‍ മേനോന് തന്റെ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കാനും എതിരാളിക്കെതിരേ ജനവികാരം ഉയര്‍ത്താനും കഴിയും. എന്നാല്‍ ഇതെല്ലാം മഞ്ജുവിന്റെ തീരുമാനം അനുസരിച്ച് മാത്രം സംഭവിക്കുന്നവ. എങ്കില്‍ പോലും ശ്രീകുമാര്‍ മേനോന് ഒരുകാര്യത്തില്‍ ആശ്വസിക്കാം; ഒടിയന്‍ ഒരിക്കലും സാമ്പത്തികമായി പരാജയമായൊരു സിനിമയാകില്ല. അവിടെ മോനോന്റെ മാര്‍ക്കറ്റിംഗ് പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.

‘ഡീഗ്രെയ്‌ഡ്‌ ചെയ്ത് ക്ഷീണിച്ചില്ലേ, കുറച്ച് കഞ്ഞി എടുക്കട്ടേ’: വിമർശകർക്ക് മറുപടിയുമായി ആദ്യ ദിന കലക്‌ഷൻ പുറത്ത് വിട്ട് ഒടിയന്റെ അണിയറ പ്രവർത്തകർ

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍