UPDATES

സിനിമാ വാര്‍ത്തകള്‍

ഒടിയന്‍ റിലീസിനു മുന്‍പേ 100 കോടി നേടിയോ? അണിയറക്കാര്‍ പറയുന്ന കണക്ക് ഇങ്ങനെ

ഇന്ത്യന്‍ സിനിമകളില്‍ പ്രി റിലീസ് ബിസിനസ് ആയി 100 കോടി നേടുന്ന 11 ആമത്തെ സിനിമയും ദക്ഷിണേന്ത്യന്‍ സിനികളില്‍ മൂന്നാമത്തെ സിനിമയുമാണ് ഒടിയന്‍ എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്

മലയാള സിനിമ വ്യവസായത്തില്‍ പുതിയൊരു അധ്യായം എഴുതുകയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ റിലീസിനു മുന്നേ 100 കോടി രൂപ സ്വന്തമാക്കിയെന്ന വിവരം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് റിലീസിനു മൂന്നു ദിവസം മുന്നേയാണ്. ചാനല്‍ റൈറ്റ്‌സ്, ടിക്കറ്റ് ബുക്കിംഗ് എന്നിവയിലൂടെയാണ് ഒടിയന്‍ ഈ റെക്കോര്‍ഡ് തുക സ്വന്തമാക്കിയതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പുറത്തുവിട്ട കണക്കുകള്‍ വാസ്തവമാണെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച് അതിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് ഒടിയന്‍. റിലീസ് ചെയ്ത ശേഷം 100 ഉം അമ്പതും കോടി സ്വന്തമാക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഈയടുത്തായി ഉണ്ടാകുന്നുണ്ടെങ്കിലും ഒരു സിനിമ പ്രി റിലീസ് ബിസിനസ്സായി 100 കോടി നേടുകയെന്നത് മലയാളത്തിനെ സംബന്ധിച്ച് മാത്രമല്ല, മൊത്തം ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയിലും ഒരു ചരിത്രം തന്നെയാണ്. ഇന്ത്യന്‍ സിനിമകളില്‍ പ്രി റിലീസ് ബിസിനസ് ആയി 100 കോടി നേടുന്ന 11 ആമത്തെ സിനിമയും ദക്ഷിണേന്ത്യന്‍ സിനികളില്‍ മൂന്നാമത്തെ സിനിമയുമാണ് ഒടിയന്‍ എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

ഒടിയന്റെ പ്രി ബിസിനസ് കണക്കുകള്‍ ഇങ്ങനെയാണ്;

സാറ്റ്‌ലൈറ്റ് റൈറ്റ് ഇനത്തില്‍ മൊത്തം കിട്ടിയത് 21 കോടി. ഏഷ്യാനെറ്റ് 14 കോടി രൂപ മുടക്കി സിനിമ സ്വന്തമാക്കിയപ്പോള്‍, അമൃത ചാനല്‍ ഒടിയന്റെ റൈറ്റ് വാങ്ങിയത് 7 കോടിക്കാണ്. ഗള്‍ഫ് മേഖലകളിലെ ഓവര്‍സീസ്(ജിസിസി റൈറ്റ്‌സ്) റൈറ്റ്‌സ് ഇനത്തില്‍ ഒടിയന്‍ സ്വന്തമാക്കിയത് 2.9 കോടി, മറ്റ് ഓവര്‍സീസ് റൈറ്റ്‌സ് വഴി കിട്ടിയത് 1.8 കോടി. തെലുഗ് റൈറ്റ്‌സ് നല്‍കിയതില്‍ കിട്ടിയത് 5.2 കോടി. ഒടയിന്റെ തമിഴ് പകര്‍പ്പവകാശത്തിന് നല്‍കിയത് 4 കോടി. ആര്‍ ഒ ഐ റൈറ്റ്‌സ് 2 കോടി, ഓഡിയോ റൈറ്റ്‌സ് 1.8 കോടി, തിയേറ്റര്‍ അഡ്വാന്‍സ് ആയി സ്വന്തമാക്കിയത് 17 കോടി. ഹിന്ദി റൈറ്റ്‌സ് ആന്‍ഡ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഒടിയന് നേടിക്കൊടുത്തത് 4 കോടി. തമിഴ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് 3 കോടിയും തെലുഗ് സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് 3 കോടിയും. കേരളത്തിലെ ഫാന്‍സ് ഷോ പ്രി റിലീസും അഡ്വാന്‍സ് ബുക്കിംഗും വഴി കിട്ടിയത് 5 കോടി. യുഎഇയില്‍ അഡ്വാന്‍സ് ബുക്കിംഗ് വഴി നേടിയത് 5.5 കോടി. അര്‍ ഒ ഐ, ആര്‍ ഒ ഡബ്ല്യു അഡ്വാന്‍സ് ബുക്കിംഗ് പ്രകാരം കിട്ടിയത് 1 കോടി, തമിഴ് റിമേക്ക് റൈറ്റ്‌സ് 4 കോടിയും തെലുഗ് റീമേക്ക് റൈറ്റ് 5 കോടിക്കും വിറ്റുപോയി. എയര്‍ടെല്‍ സിം ബ്രാന്‍ഡിംഗ് ഇനത്തില്‍ 5 കോടി കിട്ടിയപ്പോള്‍ കിംഗ് ഫിഷര്‍ ബ്രാന്‍ഡിംഗ് ഇനത്തില്‍ കിട്ടിയത് 3 കോടി. മൈ ജി, ഹെഡ്ജ്, മുതലായ ബ്രാന്‍ഡിംഗ് ഇനത്തില്‍ സ്വന്തമായത് 2 കോടി, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബ്രാന്‍ഡിംഗ് വഴി കിട്ടിയത് 3 കോടി, മറ്റ് സ്‌പോണ്‍സര്‍മാര്‍ വഴി 2 കോടി. ഇങ്ങനെ മൊത്തം 101.2 കോടി രൂപ ഒടിയന്‍ റിലീസിംഗിന് മുന്നേ സ്വന്തമാക്കിയെന്നാണ് സംവിധായകന്‍ അറിയിക്കുന്നത്.

ഡിസംബര്‍ 14 ന് ആണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ലോകവ്യാപകമായി മൊത്തം 3000 സ്‌ക്രീനുകളില്‍ ഒടിയന്‍ റിലീസ് ചെയ്യും. ആദ്യമായാണ് ഒരു സിനിമ മൂവായിരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്നത്.

ഒടിയന്റെ 100 കോടി; ‘ശ്രീകുമാര്‍ മേനോന് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഇന്‍കംടാക്‌സുകാര്‍ കയറിയിറങ്ങാന്‍ പോകുന്നത് ആന്റണിയുടെ വീട്ടിലായിരിക്കും’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍