UPDATES

സിനിമ

ഇത് നവാഗത സംവിധായകരുടെ ഓണം; മോഹന്‍ലാല്‍ മുതല്‍ രജിഷ വിജയന്‍ വരെ താരങ്ങള്‍

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാവാം, നവാഗതർ ഏറ്റുമുട്ടുന്ന ഓണം ഒരു റിലീസ് കാലം.

മലയാള സിനിമയുടെ രണ്ടാം പകുതി വിജയകരമായി മുന്നോട്ട് പോകുമ്പോൾ, ആദ്യ പകുതിയിലെ പോലെ തന്നെ നവാഗത സംവിധായകര്‍ തന്നെയാണ് കളം പിടിക്കുന്നത്. ബോക്സ് ഓഫീസിൽ ഓണചിത്രങ്ങളുടെ മത്സരം തുടങ്ങനിരിക്കെ ഈ ചിത്രങ്ങൾ എല്ലാം തമ്മിൽ ഒരു സാമ്യം ഉണ്ട് എന്നതാണ്. വൻ താരനിരയുള്ള ചിത്രങ്ങൾ പ്രദർശനത്തിനൊരുങ്ങുമ്പോൾ ഈ സിനിമയുടെ എല്ലാം അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന സംവിധായകർ നവാഗതരാണ്.

ഒട്ടേറെ നവാഗത സംവിധായകർ തങ്ങളുടെ കഴിവ് തെളിയിച്ച ഒരു വർഷം കൂടിയായിരുന്നു 2019. മലയാള സിനിമ അതിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത ഭൂരിഭാഗം സിനിമകൾ നവാഗത സംവിധായകരുടേതായിരുന്നു. 12 സിനിമകൾ സൂപ്പർ ഹിറ്റായപ്പോൾ അതിൽ അഞ്ചു സിനിമയും പുതിയ സംവിധയകരുടേത് ആയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായ ഓണക്കാലത്തും പ്രദർശനത്തിനെത്തുന്ന പ്രധാന സിനിമകൾ എല്ലാം നവാഗതരുടേതാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാവാം, നവാഗതർ ഏറ്റുമുട്ടുന്ന ഓണം ഒരു റിലീസ് കാലം. കലാഭവൻ ഷാജോൺ, ജിബു- ജോജു, ധ്യാൻ ശ്രീനിവാസൻ, പി ആർ അരുൺ എന്നിവരാണ് ഈ ഓണക്കാലത്ത് തങ്ങളുടെ ആദ്യ സിനിമയാനുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി, നയൻ‌താര, രജിഷ വിജയൻ എന്നിവരാണ് ഇത്തവണ ഓണത്തിന് തീയേറ്ററുകളിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ലൂസിഫറിന് ശേഷം മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രദേഴ്സ് ഡേ, മിഖായേലിന് ശേഷം നിവിൻ പോളി നായകനാകുന്ന ലവ് ആക്ഷൻ ഡ്രാമ, ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജിഷ വിജയൻ നായികയാകുന്ന നവാഗതനായ അരുൺ പിആര്‍ ഒരുക്കുന്ന ഫൈനൽസ് എന്നീ ചിത്രങ്ങളാണ് ഈ ഓണത്തിന് തീയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്നത്.

മോഹൻലാൽ ചിത്രം ‘ഇട്ടിമാണി’യുമായി ജിബുവും ജോജുവുമെത്തുന്നത് നീണ്ട വർഷത്തെ പരിചയ സമ്പത്തുമായിട്ടാണ്. മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കലാഭവൻ ഷാജോണിനാവട്ടെ 18 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ നിന്നുമുള്ള പുതിയ വഴിത്തിരിവിലേക്കാണ് ‘ബ്രദേഴ്സ് ഡേ’യുമായി എത്തുന്നത്.

സിനിമ കുടുംബത്തിലെ അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് കൊണ്ടാണ് ധ്യാൻ ശ്രീനിവാസന്റെ വരവ്. അഭിനേതാവായി തിളങ്ങിയ ശേഷമാണ് താരത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. നാടകരംഗത്തും മാധ്യമലോകത്തുമൊക്കെ പ്രവർത്തിക്കുമ്പോഴും അരുൺ പി ആർ എന്ന ചെറുപ്പക്കാരൻ കണ്ട സ്വപ്നമാണ് ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 24 വർഷത്തോളം സഹസംവിധായകനായി നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചവരാണ് ഇരുവരും. ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ ചിത്രമാണ്.

ഏറെ വർഷങ്ങൾക്കു ശേഷം മോഹൻലാൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമാകുന്ന ‘ഇട്ടിമാണി’യുടെ ഏതാനും സീനുകൾ ചൈനയിലാണ് ചിത്രീകരിച്ചത്. ചൈനയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രം എന്ന പ്രത്യേകതയും ‘ഇട്ടിമാണി’യ്ക്കുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്‌സ് ആണ്. അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം സെപ്റ്റംബർ ആറിന് തീയേറ്ററിൽ എത്തും.

ബ്രദേഴ്സ് ഡേ

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രദേഴ്സ് ഡേ’. പൃഥ്വിരാജാണ‌് ചിത്രത്തിലെ നായകൻ. മിമിക്രി വേദികളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് കലാഭവൻ ഷാജോൺ. നാദിർഷായ‌്ക്കും രമേഷ‌് പിഷാരടിക്കും ഹരിശ്രീ അശോകനും പൃഥ്വിരാജിനുംശേഷം മലയാളസിനിമാലോകത്തുനിന്ന‌് സംവിധയകന്റെ തൊപ്പിയണിയുന്ന ഏറ്റവും പുതിയ താരമാണ് അദ്ദേഹം. 18 വർഷത്തോളം നീണ്ട അഭിനയജീവിതത്തിന് ശേഷമാണ് ഷാജോൺ സംവിധയകനാകുന്നത്.

രണ്ടുവർഷംമുമ്പ‌ുതന്നെ ബ്രദേഴ‌്സ‌് ഡേയുടെ തിരക്കഥയുമായി ഷാജോൺ പൃഥ്വിയെ സമീപിച്ചിരുന്നു. തിരക്കഥയും കഥപറച്ചിലും ഇഷ്ടമായതോടെ പൃഥ്വിതന്നെയാണ‌് ഷാജോണിനോട‌് സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടത‌്. മൈഡിയർ കരടി എന്ന ചിത്രത്തിൽ “കരടി’യായിട്ടായിരുന്നു ഷാജോണിന്‍റെ സിനിമാപ്രവേശം. നായകൻ കലാഭവൻ മണിക്കൊപ്പമാണ് ഈ കലാഭവന്‍കാരന്‍ കരടിവേഷം കെട്ടിയത‌്. ഈ പറക്കുംതളികയിൽ ട്രാഫിക‌് പൊലീസ‌ുകാരനായും ബാംബൂബോയ‌്സിൽ എ‌സ‌്ഐ ആയും ചെറുവേഷങ്ങളിൽ. മൈ ബോസ‌്, റിങ‌് മാസ്റ്റർ, അമർ അക‌്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഒപ്പം, രാമലീല, ഗ്രേറ്റ‌് ഫാദർ, ഒരു പഴയ ബോംബ‌് കഥ എന്നിങ്ങനെ സൂപ്പർഹിറ്റ‌് സിനിമകളുടെ ഭാഗമായും ഷാജോൺ തിളങ്ങി. പൃഥ്വിരാജ‌് സംവിധാനംചെയ്യുന്ന ലൂസിഫറിലും പ്രധാനവേഷത്തിൽ ഷാജോൺ ഉണ്ടായിരുന്നു.

ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ചിത്രത്തിൽ നാല് നായികമാര്‍ക്കും തുല്യ പ്രാധാന്യമാണെന്നാണ് വിവരം. മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ബ്രദേഴ്‌സ് ഡേ നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് സിനിമയ്ക്കായി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നാദിര്‍ഷയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും .

ഫൈനൽസ്

രജിഷ വിജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഫൈനൽസ്. ഒരു സ്പോർട്സ് സിനിമ എന്നതിനപ്പുറം അച്ഛൻ- മകൾ ബന്ധത്തിന്റെ മനോഹരമായൊരു കഥയാണ് ചിത്രം പറയുന്നത്. നാടകപ്രവർത്തകനായ അരുൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. നടിയും അരുണിന്റെ ഭാര്യയുമായ മുത്തുമണിയും ‘ഫൈനൽസി’ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പത്രപ്രവർത്തകയുടെ വേഷമാണ് മുത്തുമണിയ്ക്ക് ചിത്രത്തിൽ.

യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റേത്. അന്താരാഷ്ട്ര സൈക്ലിംഗ് താരമായി രജിഷ വേഷമിടുന്ന ചിത്രമാണിത്. ആലിസ് എന്ന സൈക്ലിംഗ് താരത്തിന്റെ വേഷമാണ് രജിഷക്ക്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയാണ് ഈ കഥാപാത്രം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം കൈലാസ് മേനോൻ. അടുത്തിടെ പുറത്തു വന്ന ജൂൺ ആണ് രജിഷയുടെ റിലീസ് ആയ ഏറ്റവും പുതിയ ചിത്രം.

ലവ് ആക്ഷൻ ഡ്രാമ

നിവിൻ പോളി നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തി മടങ്ങി എത്തുന്ന ചിത്രമാണിത് . 2019 ൽ തിയേറ്ററിൽ എത്തുന്ന ആദ്യ നിവിൻ പോളി ചിത്രം കൂടിയാണ് ലവ് ആക്ഷൻ ഡ്രാമ. |

ധ്യാൻ ശ്രീനിവാസൻ കഥയൊരുക്കി സംവിധാനം നിർവഹിക്കുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ക്ക് ഒമ്പത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. നടൻ അജുവർഗീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. ഓണ റിലീസായി എത്തുന്ന ചിത്രം സെപ്റ്റംബർ 5 ന് തിയേറ്ററുകളിൽ എത്തും.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍