UPDATES

സിനിമ

ഒരു അഡാര്‍ ലവ്: കൗമാരക്കാരുടെ മനസില്ലെങ്കിൽ ഈ സിനിമ കളിക്കുന്ന തിയേറ്ററിന് അരികെ കൂടെ പോവാതിരിക്കാൻ ശ്രമിക്കുക

ആദ്യ രണ്ട് സിനിമകളിലും ഒമർ ലുലുവിൽ ആരോപിതമായ കുറ്റം ദ്വയാർത്ഥ പ്രയോഗങ്ങളും അശ്‌ളീല സംഭാഷണങ്ങളും ആയിരുന്നുവെങ്കിൽ ഇത്തവണ അതെല്ലാം ഒഴിവാക്കാൻ പൂർണമായും ശ്രദ്ധിച്ചിരിക്കുന്നു

ശൈലന്‍

ശൈലന്‍

ഒന്നര കൊല്ലം മുമ്പ് യൂടൂബിൽ റിലീസായ “മാണിക്യമലരായ..” എന്ന ഗാനത്തിന്റെയും അതിൽ അഭിനയിച്ച പ്രിയാ പ്രകാശ് വാര്യർ എന്ന നടിയുടെയും അവരുടെ കണ്ണിറുക്കലിന്റെയും പേരിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ ചർച്ചാവിഷയമായ സിനിമയാണ് ഒമർ ലുലുവിന്റെ ഒരു അഡാർ ലവ്. ഒരു താരരഹിതചിത്രവും അതിലെ അഭിനേതാക്കളും റിലീസിന് മുൻപ് ഇത്രമേൽ ചർച്ചയാവുന്നത് മലയാളസിനിമാചരിത്രം മൊത്തമെടുത്ത് പരിശോധിച്ചാലും കണ്ടുകിട്ടാൻ സാധ്യതയില്ല. ചർച്ചകളും വിവാദങ്ങളും കൊഴുക്കുന്നതിനിടയിൽ ചിത്രീകരണവും ഏറെ നീണ്ടുപോയ അഡാർ ലവ് ഏറെ കാത്തിരുപ്പിനൊടുവിൽ ഇന്ന് തിയേറ്ററിൽ എത്തി.

ആദ്യത്തെ ചിത്രത്തിന് 28 തിയേറ്റർ. രണ്ടാമത്തെ ചിത്രത്തിന് 100 തിയേറ്റർ. മൂന്നാമത്തെ ചിത്രത്തിന് രണ്ടായിരം തിയേറ്റർ എന്നാണ് സിനിമയുടെ റിലീസിനോടാനുബന്ധിച്ച് ഇന്നലെ ഒമർ ലുലു എഫ് ബിയിൽ പോസ്റ്റിട്ടത്. മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരിക്കുന്ന അഡാർ ലവ് ഇൻഡ്യയിൽ മാത്രമല്ല ജിസിസി രാഷ്ട്രങ്ങളിലും യു എസ് എയിലും എല്ലാം ഇന്നുതന്നെ പുറത്തിറങ്ങുന്നു എന്ന കാരണം കൊണ്ട് ആണ് ഒമറിന് ഇങ്ങനെയൊരു പോസ്റ്റ് ഇടാൻ സാധിച്ചത്. കേവലം മൂന്ന് താരരഹിത ചിത്രങ്ങളിലൂടെ ഒരു സംവിധായകൻ എന്ന നിലയിൽ ഇത്തരമൊരു വൈഡ് മാർക്കറ്റ് ലഭ്യമായത്തിൽ അദ്ദേഹത്തിന്ന് തീർച്ചയായും അഭിമാനിക്കാം.

ആദ്യ ചിത്രമായ ഹാപ്പി വെഡിംഗിൽ സിജു വിത്സൺ, ഷറഫുദ്ദീൻ ടീമിനെയും രണ്ടാമത്തെ ചിത്രമായ ചങ്ക്സിൽ ബാലു വർഗീസ് ധർമജൻ ടീമിനെയും ഇറക്കി വിജയം കൊയ്ത ഒമർ ലുലു മൂന്നാം വരവിൽ സമ്പൂർണമായി പുതുമുഖങ്ങളെ ആണ് രംഗത്തിറക്കിയത് എന്നതും അവരിൽ പ്രധാനികൾ എല്ലാവരും റിലീസിനെത്രയോ മുൻപേ കേരളത്തിന്റെ അകത്തും പുറത്തും സുപരിചരിതരായി എന്നതും ഒരു പ്രത്യേകത ആണ്. ചെറിയ കാര്യമല്ല അത്.

ആദ്യ രണ്ട് സിനിമകളിലും എഞ്ചിനിയറിംഗ് കോളേജുകൾ ആയിരുന്നു ഒമർ ലുലു തന്റെ കഥാപാത്രങ്ങൾക്ക് മേയാൻ തുറന്നു കൊടുത്തതിരുന്നത് എങ്കിൽ ഇത്തവണ ഹയർസെക്കന്ററി വിദ്യാലയത്തെ ആണ് തന്റെ ക്യാമറ വെക്കാൻ തെരഞ്ഞെടുത്തിരിക്കുന്നത്. മണ്ണുത്തിയിലെ ഡോൺ ബോസ്‌കോ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് റ്റു ക്ലാസുകളിലാണ് ഒരു അഡാർ ലവിന്റെ കഥ നടക്കുന്നത്.

കഥ എന്ന് പറയുമ്പോൾ ചങ്ക്സ് കണ്ടവർക്ക് അറിയാം അതിൽ എത്രത്തോളം കഥയുണ്ടാവുമെന്ന്. ആ പ്രതീക്ഷയെ ഒന്നും ഒമർ പൊളിക്കുന്നില്ല. കുട്ടികൾക്കിടയിലെ ചെറിയ ചെറിയ സംഭവങ്ങളും പ്രണയവും സൗഹൃദവും അധ്യാപകരുടെ അബദ്ധങ്ങളുമൊക്കെ ആണ് കഥ. എബ്രിഡ് ഷൈൻ ഒരു പടം മുഴുവനായി എടുത്ത് വച്ച കലോത്സവ ദൃശ്യങ്ങളെ ടൈറ്റിൽ കാണിക്കുന്നതിനിടെ കാണിച്ച് തീർത്തുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതിന്റെ തൊട്ടുപിറകെ തന്നെ “മാണിക്യമലരായ ബീവി..” വരികയും നായികാനായകന്മാരെ ഇന്‍ട്രോഡ്യൂസ് ചെയ്യുകയും ചെയ്യും.

പ്രിയാ പ്രകാശ് വാരിയർ പ്രിയാ വാര്യർ എന്ന പേരിലും റോഷൻ അബ്ദുൽ റൗഫ്, റോഷൻ എന്ന പേരിലും തന്നെ പ്ലസ് വൺ സ്റ്റുഡന്റസ് ആവുന്ന പടത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായ ഗാഥാ ജോണിനെ അവതരിപ്പിക്കുന്നത് നൂറിൻ ഷെരീഫ് ആണ്. മണവാളൻ, തടിയൻ, മാത്യു തുടങ്ങിയവരൊക്കെയാണ് മറ്റ് കഥാപാത്രങ്ങൾ. സ്‌കൂളിലെ അധ്യാപകരായി ഹരീഷ് കണാരൻ, അൽത്താഫ്, ശിവാജി ഗുരുവായൂർ എന്നിവരൊക്കെ ഉണ്ട്. ഓരോ സീനുകളിലായി സലിം കുമാറും സിദ്ദിഖും ഉണ്ട്.

ഒരു പ്ലസ് വൺ വിദ്യാര്‍ത്ഥിയായോ പതിനാറുകാരനായോ തിയേറ്ററിൽ ഇരുന്നാൽ മാത്രം ആസ്വദിക്കാവുന്ന സംഭവങ്ങൾ ആണ് പടത്തിന്റെ ആകെ ദൈർഘ്യമായ 144 മിനിറ്റിൽ അവസാനത്തെ പത്തുമിനിട്ടൊഴികെ ബാക്കി മുഴുവനും. ആഹ്ളാദിക്കാനും അര്‍മാദിക്കാനും ഉള്ള നേരങ്ങളെ കളർ ഫുള്ളായി സ്ക്രീനിലേക്ക് ലാവിഷായി ഇട്ട് കൊടുക്കുന്നു. പാട്ടുകളും ആട്ടങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത അത്രയ്ക്കും ഉണ്ട്. റോഷനും പ്രിയയും തമ്മിലുള്ള പ്രേമവും റോഷനും ഗാഥയും തമ്മിൽ ഉള്ള സൗഹൃദവുമായി കൂട്ടുകാർക്കൊപ്പം സന്തോഷിക്കാനുള്ള ഒരവസരവും ഒഴിവാക്കാനാവാതെ അഡാർ ലവ് മുന്നോട്ട് പോകുന്നു, അപ്രതീക്ഷിതമായ ഒരു അന്ത്യത്തിലേക്ക്.

പടത്തിന്റെ റിലീസിന് മുന്നുള്ള താരം പ്രിയാ വാര്യർ ആയിരുന്നുവെങ്കിൽ പടം കണ്ടുകഴിഞ്ഞുള്ള താരങ്ങൾ നൗറീൻ ഷെരീഫും റോഷനും ആണ് എന്നതാണ്‌ ഒരു അഡാർ ലവിന്റെ ഒരു പ്രത്യേകത. നൗറീൻ ഷെരീഫിന്റെ ഗ്രെയ്‌സുള്ള മുഖവും കുസൃതിക്കണ്ണുകളും പടം വിട്ട് പൊന്നാലും ഏറെനാൾ കൂടെയുണ്ടാവും. നായികയെന്ന നിലയിൽ കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തും. ഒരു കൗമാരക്കാരൻ പയ്യനെ സ്‌ക്രീനിൽ ലൈവായി നിലനിർത്തുകയെന്നത് ചില്ലറക്കാര്യമൊന്നുമല്ല. രണ്ടുപേരും കൂടി പ്രിയയെ നൈസായി സൈഡാക്കി. പ്രിയയുടെ പേരിൽ ആണ് പടത്തിന്റെ കച്ചവടം നടന്നത് എന്നതിനാൽ അവൾക്കും പ്രധാന്യമുള്ള റോൾ തന്നെയാണ്.

ആദ്യ രണ്ട് സിനിമകളിലും ഒമർ ലുലുവിൽ ആരോപിതമായ കുറ്റം ദ്വയാർത്ഥ പ്രയോഗങ്ങളും അശ്‌ളീല സംഭാഷണങ്ങളും ആയിരുന്നുവെങ്കിൽ ഇത്തവണ അതെല്ലാം ഒഴിവാക്കാൻ പൂർണമായും ശ്രദ്ധിച്ചിരിക്കുന്നു. കുട്ടികളുടെ ലൈനടിയും സൗഹൃദവും ഒക്കെ അശ്ലീലമായി തോന്നുന്ന അതീവമാന്യന്മാർക്കൊഴികെ ആ വകുപ്പിൽ ആർക്കും പരാതി പറയാൻ സാധിക്കില്ല. ആഘോഷഭരിതമായി 134 മിനിട്ടും മുന്നോട്ട് കൊണ്ടുപോയ സിനിമയെ ചങ്ക് പരിഞ്ഞുപോവുന്ന ട്രാജഡി ആയി അവസാനിപ്പിക്കാനുള്ള മറ്റാർക്കുമില്ലാത്ത ധീരതയും ഒമർ കാണിക്കുന്നു. അവസാനത്തെ പത്ത് മിനിറ്റ് സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞതാണെന്നു പറയാതെ വയ്യ.

99% സമയവും റിയലിസ്റ്റിക് ആയി പടം കൊണ്ടുപോയി അതീവ കാല്പനികമായി ക്ളൈമാക്സ് തയ്യാറാക്കി ആളുകളെ ഇക്കിളിപ്പെടുത്തുന്നവനാണോ അതോ 99%നേരം ആഘോഷമായി ആളുകളെ ഒപ്പമിരുത്തി ഒടുവിൽ റിയലിസ്റ്റിക് ആയ അന്ത്യം കാണിച്ച് കൊടുക്കുന്നവനാണോ ധീരനായ സംവിധായകൻ എന്നത് ഇന്നത്തെ ചോദ്യമാണ്.

ഒരിക്കൽകൂടി പറയുന്നു, കൗമാരക്കാരുടെ മനസില്ലെങ്കിൽ ഈ സിനിമ കളിക്കുന്ന തിയേറ്ററിന് അരികെ കൂടെ പോവാതിരിക്കാൻ ശ്രമിക്കുക.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍