UPDATES

സിനിമ

നബിയുടെ ജീവചരിത്രം സിനിമാഗാനമാക്കിയെന്നു പറഞ്ഞു കണ്ണുരുട്ടുകയാണ് ചിലര്‍: ഒമര്‍ ലുലു/അഭിമുഖം

ആ ഗാനത്തിനെതിരേ ഇത്തരത്തില്‍ നടക്കുന്ന പ്രതിഷേധം വളരെ വിഷമിപ്പിക്കുന്നുണ്ട്

അനു ചന്ദ്ര

അനു ചന്ദ്ര

കൗമാര ആഘോഷങ്ങളും പ്രണയവും കൂട്ടിച്ചേര്‍ത്ത് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന മ്യൂസികല്‍ റൊമാന്റിക് ചിത്രം ‘ഒരു അഡാര്‍ ലൗവ്വി’ല്‍ ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ‘മാണിക്യ മലരായ പൂവിനെ’ എന്ന ഹിറ്റ് ഗാനവും അതിലെ പുരികം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പ്രിയ വാര്യരുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി നില്‍ക്കുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതും. തന്റെ സിനിമയിലെ ഹിറ്റ് ഗാനത്തെ കുറിച്ചും സിനിമാ വിശേഷങ്ങളെ കുറിച്ചും ഒമര്‍ ലുലു അനു ചന്ദ്രയുമായി സംസാരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കഴിഞ്ഞിരിക്കുന്നു അഡാര്‍ ലൗ വിലെ ഗാനം. എന്ത് തോന്നുന്നു?
പ്രതീക്ഷിച്ചതിലും അപ്പുറമാണ് ആ പാട്ടിനു ലഭിച്ച സ്വീകാര്യത. ഷാന്‍ റഹ്മാന്‍ ഗാനത്തിന് അതിന്റെതായ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ ഇത്ര തോതില്‍ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല. എ. എം ജബ്ബാറിന്റെ രചനയില്‍ തലശ്ശേരി കെ റഫീക്ക് സംഗീത സംവിധാനം നല്‍കിയ മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനത്തിന് ഷാന്‍ റഹ്മാന്‍ റീ ടെച്ച് നല്‍കി നെഞ്ചില്‍ തറച്ചൊരു പ്രണയാനോട്ടവുമായി ഗാനം പുറത്തിറക്കിയപ്പോള്‍ അതേ സ്വീകാര്യത ഇപ്പോള്‍ യഥാര്‍ത്ഥ അവകാശികള്‍ക്കും ലഭിക്കുന്നു എന്നത് വളരെയധികം സന്തോഷമുണ്ടാകുന്നു. അത് അവര്‍ക്കും ഒത്തിരി സന്തോഷം ഉണ്ടാകുന്നു. എന്നാല്‍ അതിനോടൊപ്പം തന്നെ ഗാനത്തില്‍ നബിയുടെ ജീവചരിത്രം പറയുന്ന വരികള്‍ക്കിടയില്‍ സിനിമഗാനം ചിത്രീകരിച്ചു എന്ന പേരില്‍ ഗാനത്തിനെതിരെയും എനിക്കെതിരെയും ഷാനിനെതിരെയും രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത് വളരെ വിഷമമുണ്ടാക്കുന്നു. സിനിമയിലെ ഈ ഗാനത്തെ ബഹിഷ്‌ക്കരിക്കണം, ഗാനത്തിനെതിരെ പ്രതിഷേധിക്കണം തുടങ്ങിയ രൂക്ഷമായ പ്രതികരങ്ങളും സോഷ്യല്‍ മീഡിയയില്‍ ഗാനത്തിനെതിരേ പൊങ്ങി വരുന്നുണ്ടെന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യം തനെയാണ്.

ഈ ഗാനം സിനിമയിലേക്ക് കടന്നു വരുന്നത് എങ്ങനെയാണ്?
എന്റെ അളിയന്റെ വീട്ടിലെ ഒരു കല്യാണവുമായി ബന്ധപ്പെട്ട് അവിടെ ചുമടുത്താങ്ങി എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുമ്പോഴാണ് ഈ ഗാനം ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. അങ്ങനെ അത് ഇഷ്ടപ്പെട്ടാണ് ഈ സിനിമയിലേക്ക് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. അവരെ തന്നെയാണ് സിനിമയിലും ഇത് പാടുന്നതായി വിഷ്വലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നെ വിനീത് ശ്രീനിവാസന്റെ ആദ്യ ഗാനമായ കസവിന്റെ തട്ടമിട്ട് എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. വിനീത് മാപ്പിളപ്പാട്ട് പാടാന്‍ അപ്പ്റ്റ് ആയിട്ടുള്ള ഒരു ഗായകനാണ് എന്ന ബോധ്യത്തിലാണ് വിനീതിലേക്കും എത്തുന്നത്.

ഷാന്‍ റഹ്മാന്റെ സംഗീതത്തെ കുറിച്ച്?
ഷാനിനോടൊപ്പം ഞാന്‍ ആദ്യമായി ചെയുന്ന സിനിമയാണ് അഡാര്‍ ലൗ. ആദ്യം എനിക്കൊരു ആശങ്ക ഉണ്ടായിരുന്നു ഷാനുമായിട്ടൊരു കെമിസ്ട്രി വര്‍ക്ക് ഔട്ട് ആകുമോ എന്ന്. ഇക്കാര്യം പ്രൊഡ്യൂസറുമായി പങ്ക് വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു നമുക്ക് ആദ്യം ഷാനുമായി ഒന്നു സംസാരിക്കാമെന്നാണ്. അങ്ങനെ ഷാനുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ ആണ് മനസ്സിലായത് നമുക്ക് പറ്റിയ കമ്പനി ആണെന്ന്. ഷാന്‍ വളരെ ഓപ്പണ്‍ ആയിട്ടുള്ള ഒരു വ്യക്തിയാണ്. അത് കാരണം നമുക്ക് കാര്യങ്ങള്‍ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയാന്‍ പറ്റുന്നുണ്ട്. വളരെ ജെനുവിന് ആണ്, അത് പോലെ ഹാര്‍ഡ് വര്‍ക്കിംഗും. അത് തന്നെയാണ് ഷാന്‍ റഹ്മാന്റെ വിജയം.

ഗാനത്തിലൂടെ താരമായി മാറിയ പ്രിയ വാര്യര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും പിനീട് കേന്ദ്രകഥാപാത്രത്തിലേക്ക് എത്താനിടയാക്കിയ സാഹചര്യം?
അഭിനയിക്കാന്‍ വന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പിന്നീട് അതേ ചിത്രത്തില്‍ തന്നെ കേന്ദ്രകഥാപാത്രങ്ങളായി മാറുക എന്നത് മലയാള ചലച്ചിത്ര മേഖലയെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ ആദ്യത്തെ സംഭവമായിരിക്കും. വൈശാഖ് പവനന്‍, പ്രിയ എന്നിവരാണ് അത്തരത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും കേന്ദ്രകഥാപാത്രങ്ങളിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങി രണ്ടാമത്തെ ദിവസം ഷൂട്ട് നടക്കുന്ന സമയത്ത് ഒരു സീന്‍ കുറച് ഒന്നു ലാഗ് ചെയ്യുന്നതായി തോന്നിയപ്പോള്‍ ആണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വന്ന വൈശാഖ് പവനനെ ആ സീനിലേക്ക് ആഡ് ചെയ്തു നോക്കുന്നത്. അവിടെ അക്ഷരാര്‍ഥത്തില്‍ നമ്മളെ അതിശയിപ്പിക്കുന്ന തരത്തില്‍ ഉള്ള പെര്‍ഫോമന്‍സ് ആയിരുന്നു വൈശാഖ് കാഴ്ച വെച്ചത്. അതിനു ശേഷം അതിന്റെ തുടര്‍ച്ചയായി മറ്റൊരു സീന്‍ കൂടി വൈശാഖിനെ വെച്ച് വീണ്ടും എടുക്കേണ്ടി വന്നു. മൊത്തത്തില്‍ വൈശാഖ് ചെയ്തു വെച്ച അഭിനയമികവില്‍ നിന്നാണ് വൈശാഖിനെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒരാളായി കൊണ്ട് വരാം എന്ന് തീരുമാനികുന്നതും, അതിനായി തിരക്കഥയില്‍ മാറ്റം വരുത്താം എന്ന് തീരുമാനിക്കുന്നതും. അത് പോലെ തന്നെ ഈ സോംഗ് ചെയ്യുവാനായാണ് പ്രിയ വരുന്നത്. അതിലെ രണ്ട് ഷോട്ടുകള്‍ ഷൂട്ട് ചെയ്തു കണ്ടപ്പോള്‍ അതായത് ഇപ്പോള്‍ ഹിറ്റായി കഴിഞ്ഞ പുരികം വെച്ചുള്ള ആ സീനുകള്‍ ചെയ്തു കണ്ടപ്പോള്‍, പ്രിയയുടെ പ്രകടനം നന്നായി അനുഭവപ്പെട്ടു. ആ കുട്ടിയുടെ കാലിബര്‍ അതില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചതാണ്. അങ്ങനെ പ്രിയയുടെ കഴിവിലെ വിശ്വാസ്യതയില്‍ നിന്നുമാണ് അവരെയും കേന്ദ്രകഥാപാത്രത്തിലേക്ക് കൊണ്ടു വരാമെന്ന് തീരുമാനിക്കുന്നത്. അത് തെറ്റായ തീരുമാനമല്ലായിരുന്നു എന്ന് ഇപ്പോഴത്തെ പ്രേക്ഷക പ്രതികരണങ്ങളില്‍ മനസിലാകുന്നതാണ്.

പുതുമുഖങ്ങളള്‍ക്ക് വളരെയധികം പിന്തുണ നല്‍കുന്ന സംവിധായകനാണ് ഒമര്‍ ലുലു…
ഹാപ്പി വെഡിംഗ് എന്ന എന്റെ ആദ്യ സിനിമ ചെയുന്ന സമയത്ത് എനിക്ക് സിനിമ മേഖലയില്‍ ഒട്ടും എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു, എന്നു മാത്രമല്ല ആ മേഖലയില്‍ തീര്‍ത്തും ഞാന്‍ പുതിയൊരാളായിരുന്നു. അത്‌കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ താരങ്ങളുടെ ഡേറ്റ് വാങ്ങിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന കാര്യത്തില്‍ എനിക്ക് വ്യക്തവും സ്പഷ്ടവുമായ ബോധ്യമുണ്ടായിരുന്നു. ഉദാഹരണത്തിനു ഹാപ്പി വെഡ്ഡിംഗ് ചിത്രീകരിക്കുന്ന സമയത്ത് സൗബീന്‍ എന്ന നടന്‍ ഇപ്പോഴത്തെ ലെവലില്‍ പോപ്പുലര്‍ ആയിരുന്നില്ല. എന്നിട്ട് പോലും സൗബിന്റെ ഡേറ്റ് കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടി. ആ നിലക്ക് നമ്മുടെ പരിമിതി അറിഞ്ഞു കൊണ്ട് സിനിമ ഒരുക്കുക എന്ന ചിന്തയില്‍ വലിയ താരങ്ങളിലേക്ക് ശ്രമിച്ചില്ല. എന്നാല്‍ അതിന്റെ വിജയത്തിന് ശേഷം ചങ്ക്‌സ് ചെയ്തപ്പോള്‍ ബാലു വര്‍ഗീസ് തന്നെ നായകനായി വന്നാലേ ആ കഥാപാത്രം വര്‍ക്ക് ഔട്ട് ആകൂ എന്ന തിരിച്ചറിവ് നമുക്കുള്ളത് കൊണ്ട് നമ്മള്‍ ബാലുവിനെ തന്നെ നായകനാക്കി. ബാലു കോമഡി കൈകാര്യം ചെയ്യുന്നതില്‍ നല്ല ടൈമിങ് ഉള്ള ഒരു നടനാണ്. അഡാര്‍ ലൗ പ്ലസ്ടു വിദ്യാര്‍ഥികളുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന ഒരു സിനിമയാണ്. അതില്‍ ഈ സിനിമ ആവശ്യപ്പെടുന്ന ഒന്നാണ് കഥാപാത്രങ്ങളുടെ ഫ്രഷ്‌നസ് എന്നത്. അത്തരം ഒരു ഫ്രഷ്‌നസ് നല്‍കാന്‍ തീര്‍ച്ചയായും പുതുമുഖങ്ങള്‍ അനിവാര്യമാണ്. ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം തുടങ്ങിയ സിമിമകളില്‍ ബാലതാരമായി വന്ന അരുണ്‍ ആണ് ഇതില്‍ പുതുമുഖമല്ലാത്ത ഒരാളായിട്ടുള്ളത്.

ഒന്നു ‘കണ്ണടച്ച്’ തുറന്നപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായികയായി മാറിയ പ്രിയ വാര്യര്‍

തിരക്കഥ മാറ്റുവാനായി ഷൂട്ട് നിര്‍ത്തി വെച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ സഹകരണം എത്ര മാത്രമായിരുന്നു?
അഡാര്‍ ലൗ എന്ന സിനിമയുടെ ഏറ്റവും വലിയ നേട്ടമായി കാണുന്നത് അതിന്റെ നിര്‍മാതാവായ ഔസേപ്പച്ചന്‍ സര്‍ ആണ്. തിരക്കഥ മാറ്റുവാനായും അതുവരെ ഷൂട്ടിംഗ് നിര്‍ത്തി വെക്കുവാനുമായെല്ലാം പ്ലാന്‍ ചെയുമ്പോള്‍ അദ്ദേഹം പറയുന്നത് ഒമറിന്റെ ഇഷ്ടത്തിന്, താത്പര്യത്തിനനുസരിച്ചു തീരുമാനമെടുക്കൂ എന്നാണ്. അത് അദ്ദേഹം നമുക്ക് മുകളില്‍ വെച്ചിരിക്കുന്ന ഒരു വിശ്വാസ്യത ആണ്, ആ വിശ്വാസ്യത ആണ് അദ്ദേഹത്തെ കൊണ്ട് അത്തരം വാക്കുകള്‍ പറയിപ്പിക്കുന്നത്. പിന്നെ അദ്ദേഹത്തെ കുറിച്ച് നമ്മള്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല. നമുക്കെല്ലാം അറിയാം, അദ്ദേഹം ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്ന ഒരു പ്രൊഡ്യൂസര്‍ ആണെന്ന്. സിദ്ദിഖ്-ലാല്‍ എന്ന സംവിധാന നിരയിലെ ഹിറ്റ് കൂട്ടുകെട്ട്, നദിയ മൊയ്തുവിനെ പോലെ താരങ്ങള്‍, അങ്ങനെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ നമുക്ക് ലഭിച്ച പ്രതിഭകള്‍ പലരുണ്ട്. അതുകൊണ്ട് പുതുമുഖങ്ങളെ വെച്ച് സിനിമകളെടുക്കാന്‍ ധൈര്യം കാണിച്ച, അവ ഹിറ്റാക്കി തീര്‍ത്ത അദ്ദേഹത്തെ മലയാളികള്‍ ആ നിലയില്‍ ആദരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. വാസ്തവത്തില്‍ ഇത്തരത്തില്‍ ഒരു നിര്‍മ്മാതാവിനെ കിട്ടുക എന്നത് ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.

ഫെയ്‌സ്ബുക്ക് വഴി ഗായകരെ കൂടി കണ്ടെത്തുന്നു താങ്കള്‍. പുതിയ സാധ്യതകളെ സ്വീകരിക്കാനുണ്ടായ മനോഭാവം?
പുതിയ ആളുകളെ പരിചയപ്പെടുക, അത്തരം ആളുകളുമായി ഇടപഴകുക അല്ലെങ്കില്‍ അത്തരത്തില്‍ ഉള്ളവരെ മുന്‍നിരയിലേക്ക് കൊണ്ട് വരിക ഇതിലെല്ലാം ഒരുതരം ഫ്രഷ്‌നസ് ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാനെടുത്ത സിനിമകളില്‍ തന്നെ ശ്രദ്ധിച്ചാല്‍ അറിയാം, ആദ്യ സിനിമയിലെ തിരക്കഥാകൃത്തുക്കള്‍ പുതിയ രണ്ട് പേര്‍ ആയിരുന്നു. അതിനു ശേഷം എടുത്ത സിനിമയില്‍ പുതിയ മൂന്നു പേര്‍ ആയിരുന്നു തിരക്കഥ എഴുതിയത്. ഇപ്പോള്‍ അഡാര്‍ ലൗ സിനിമയിലും പുതിയ രണ്ടു പേരാണ് എഴുത്തുകാര്‍. ഇവരെയൊക്കെ നമ്മള്‍ പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണ്. ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുപ്പക്കാരന്‍ യാതൊരു വിധ ഇന്‍സ്ട്രമെന്റ്‌സ് ഒന്നും ഉപയോഗിക്കാതെ താന്‍ പാടിയ ഒരു പാട്ട് മാത്രമായി ഷെയര്‍ ചെയ്തിരുന്നു. ആ ഗാനം കേട്ടപ്പോള്‍ അതിന് വല്ലാത്തൊരു ഫീല്‍ തോന്നി. വല്ലാതെ ഹൃദ്യമായിരുന്നു അത്. അങ്ങനെ ഞാന്‍ ഷൂട്ട് തുടങ്ങുന്നതിന് അഞ്ചു ദിവസം മുന്‍പ് അവനെ കോണ്ടാക്ട് ചെയ്തു. അവനോട് സിറ്റിവേഷന്‍ പറഞ്ഞു കൊടുത്തു. അപ്പോള്‍ അവന്‍ മുമ്പൊരിക്കല്‍ അത്തരം ഒരു സിറ്റിവേഷനോട് ചേര്‍ന്നു നില്‍കുന്ന ചില വരികള്‍ എഴുതിയതായി പറയുകയും അത് എന്നെ പാടി കേള്‍പ്പിക്കുകയും ചെയ്തു. അങ്ങനെ അത് ഷാന്‍ റഹ്മാനെ കേള്‍പ്പിച്ചു. ഷാന് അത് വലിയ ഇഷ്ടമായി. ആ പയ്യനെ വിളിച്ചു പഠിക്കാം എന്നു പറഞ്ഞു. ഷാന്‍ അത് കമ്പോസ് ചെയ്തു. എനിക്ക് തോനുന്നു ഒരുപക്ഷേ അഡാര്‍ ലൗവിലെ ഏറ്റവും നല്ല ഗാനം അതാകുമെന്ന്.

ഒരു സിനിമയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍, അവരോട് പറഞ്ഞുകൊടുക്കുന്ന പ്രധാനകാര്യങ്ങള്‍ എന്താണ്?
അഡാര്‍ ലൗവ്വില്‍ പുതുമുഖങ്ങളാണ് ഭൂരിഭാഗവും. ഞാന്‍ എപ്പോഴും അവരോട് പറയാറ് അഭിനയം പടിക്കാനാണെങ്കില്‍ കൊറിയാന്‍ സിനിമകളോ അല്ലെങ്കില്‍ മറ്റു അന്യഭാഷാ ചിത്രങ്ങളോ ഒന്നും കാണേണ്ട കാര്യമില്ല എന്നാണ്. പകരം മുകേഷ്, ജഗദീഷ്, ജഗതി, ശ്രീനിവാസന്‍ അവരൊക്കെ അഭിനയിച്ചിട്ടുള്ള സിനിമകള്‍/കോമഡി സിനിമകള്‍ കണ്ടാല്‍ മതിയെന്നാണ്. ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത് അവരൊക്കെ ചെയ്തിട്ടുള്ള സിനിമകള്‍ ആണ്. പ്രിയദര്‍ശന്‍, സിദ്ധിഖ്-ലാല്‍ അവരുടെയൊക്കെ സിനിമകളാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിലെ ആര്‍ട്ടിസ്റ്റുകളുടെ ടൈമിങ് കണ്ട് പഠിക്കാന്‍ ഞാന്‍ ഇവരോടൊക്കെ പറയാറുണ്ട്.

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍