UPDATES

സിനിമ

ഒരു കിടായിന്‍ കരുണൈ മനു; ഒരു ബലിയാടിന്റെ ദയാഹര്‍ജിയില്‍ മനുഷ്യന്റെ വിധി പറയുന്ന സിനിമ

ബ്ലാക് കോമഡി, ക്രൈം ത്രില്ലര്‍, വില്ലേജ് സ്റ്റോറി; ഇവയില്‍ ഏതു വിഭാഗത്തിലും പെടുത്താവുന്ന അതല്ലെങ്കില്‍ ഇതെല്ലാം ചേര്‍ന്ന സിനിമയാണ് സുരേഷ് സങ്കയ്യ സംവിധാനം ചെയ്ത ഒരു കിടായിന്‍ കരുണൈ മനു

നടുവംപട്ടി ഗ്രാമവാസികളില്‍ എല്ലാവരും തന്നെ ആ ലോറിയിലുണ്ട്. കുലദേവത ക്ഷേത്രത്തിലേക്കുള്ള യാത്രയാണ്. രാമമൂര്‍ത്തിയും സീതയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായതേയുള്ളൂ. മംഗളകര്‍മം നടന്നാല്‍ മുനിയാണ്ടി കോവിലില്‍ ബലി നടത്തണം. അതിനുള്ളതാണീ യാത്ര. കേരളത്തിലേക്ക് പച്ചക്കറിയുമായി പോയാല്‍ ഇതിനേക്കാള്‍ കൂടുതല്‍ കാശ് കിട്ടുമെന്നു പറയുന്ന ലോറി ഓണറെ ഒരു വിധത്തില്‍ വശത്താക്കിയാണ് രാമമൂര്‍ത്തിയും താത്തയും ലോറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഡ്രൈവറെയും ക്ലീനറേയും ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ഗ്രാമവാസികളാണ്. സീതയുടെ അച്ഛന്‍, സഹോദരന്‍, അമ്മ, രാമമൂര്‍ത്തി, താത്ത, പാട്ടി, തുടങ്ങി പാചകക്കാരനും അയാളുടെ സാമഗ്രികളും വരെ എല്ലാം ലോറിയിലുണ്ട്. ഒരു ഗ്രാമം മുഴുവന്‍ ലോറിയില്‍.

ആ യാത്രയില്‍ ഒരേയൊരാളൊഴിച്ച് ബാക്കിയെല്ലാവരും ആഹ്ലാദത്തിലാണ്;  മുനായണ്ടിക്ക് ബലി നല്‍കാനുളള മുട്ടനാട്. വിധി ദിനം കാത്തുനില്‍ക്കുന്നവന്റെ ഭാവം. പക്ഷേ ആരാണത് ഗൗനിക്കുന്നത്?

യാത്രയങ്ങനെ മുന്നേറുമ്പോഴാണ് വിജനമായൊരു പ്രദേശത്ത് വച്ച് ലോറിഒരപകടം ഉണ്ടാക്കുന്നത്.  കഷ്ടകാലം എന്നല്ലാതെ എന്തു പറയാന്‍, ആ സമയത്ത് ലോറിയുടെ വളയം രാമമൂര്‍ത്തിയുടെ കൈകളിലായിരുന്നു. സീതയെ സന്തോഷിപ്പിക്കാനുള്ള ശ്രമം. അതോടെ ഒരു ഗ്രാമം മുഴുവന്‍ കൊലപാതകക്കേസില്‍ പ്രതികളാകുന്നു!

ബ്ലാക് കോമഡി, ക്രൈം ത്രില്ലര്‍, വില്ലേജ് സ്റ്റോറി; ഇവയില്‍ ഏതു വിഭാഗത്തിലും പെടുത്താവുന്ന അതല്ലെങ്കില്‍ ഇതെല്ലാം ചേര്‍ന്ന സിനിമയാണ് സുരേഷ് സങ്കയ്യ സംവിധാനം ചെയ്ത ഒരു കിടായിന്‍ കരുണൈ മനു(ഒരു ബലിയാടിന്റെ ദയാഹര്‍ജി). തന്റെ സിനിമ ഇന്ന കാറ്റഗറിയില്‍ പെട്ടതാണെന്നോ ഏതെങ്കിലും തരത്തിലുള്ള സന്ദേശം നല്‍കാന്‍ വേണ്ടിയുള്ളതാണെന്നോ സുരേഷ്( കാക്കമുട്ടെ, കുട്രമെ തണ്ടനൈ,ആണ്ടവന്‍ കട്ടിളൈ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മണികണ്ഠന്റെ അസിസ്റ്റന്റായിരുന്നു സുരേഷ്) ഒരിടത്തും പറയുന്നില്ല. പ്രേക്ഷകനാണ് ഈ സിനിമയെ ഏതേതു കാറ്റഗറിയില്‍ പെടുത്താമെന്ന അവസരം വിട്ടു കൊടുത്തിരിക്കുന്നത്.

"</p

പഴയകാല നാടകങ്ങളിലെ സൂത്രധാരനെ പോലെയാണ് സുരേഷ് സങ്കയ്യ. അയാള്‍ ചില സൂചനകള്‍ തരുന്നു. ആ സൂചനകളുടെ പൂര്‍ത്തീകരണം പ്രേക്ഷകന്‍ ചെയ്യേണ്ടതാണ്. വെറുതേ കണ്ടു പോകാനുള്ളതല്ല സിനിമ എന്നാണ് സുരേഷ് പറഞ്ഞു വയ്ക്കുന്നത്. സംവിധായകന്റെ ബ്രില്യന്‍സ് എന്താണെന്നു ചോദിച്ചാല്‍ ഒരു കിടായിന്‍ കരുണൈ മനു കണ്ടാല്‍ മതിയാകും. നടക്കുന്ന സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാകുന്ന ഒരു ആടിന്റെ കണ്ണിലൂടെയാണ് ഈ സിനിമ കാണേണ്ടത്.

സിനിമയുടെ ആദ്യ സീനില്‍ തന്നെ ഈ ആടിനെ കാണിക്കുന്നുണ്ട്. അവിടെ തൊട്ട് ലോറിയില്‍ കയറിയുള്ള ആ യാത്രയ്ക്കിടയിലും പിന്നീട് നടക്കുന്ന സംഭവവികാസങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ആ മൃഗത്തിന്റെ മുഖമാണ് സിനിമയുടെ ടാഗ് ലൈനക്കുറിച്ച് പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നത്; ‘വിധി ദിനത്തിനായുള്ള കാത്തിരിപ്പ്’. നടുവംപട്ടി യില്‍ നിന്നു തുടങ്ങുന്ന യാത്രയ്ക്കിടയില്‍ ഓരോരോ സൂചകങ്ങളിലൂടെ ആ കാത്തിരിപ്പിന്റെ ഭയപ്പെടുത്തല്‍/  നിര്‍വികാരത/ ആ ആടിന്റെ മുഖത്ത് കാണാം.

അപകടത്തിനുശേഷം സംഭവിക്കുന്ന രംഗങ്ങളാണ് സിനിമയുടെ കാതല്‍. വന്നുപെട്ടിരിക്കുന്ന കുരുക്ക് അഴിച്ചു പുറത്തുവരാന്‍ നടുവംപട്ടിക്കാര്‍ക്ക് കഴിയുമോ എന്ന ആകാംക്ഷ പ്രേക്ഷകരിലേക്ക് പടരുകയാണ്. ഒരു കിടായിന്‍ കരുണൈ മനു എന്ന സിനിമയുടെ ഏറ്റവും ശക്തമായ ഘടകം അതിന്റെ തിരക്കഥയാണെന്ന് വ്യക്തമാക്കുന്നത് ഇവിടെയാണ്. വാസ്തവത്തില്‍ ഈ ലോകത്തെ ഏറ്റവും ദുര്‍ബലമായ ജീവി മനുഷ്യനാണ്. അവന്‍ കൂട്ടമായി നില്‍ക്കുന്നു എന്നതുമാത്രമാണ് ലോകത്തിന്റെ അധികാരം അവനില്‍ കിട്ടുന്നതിനു കാരണം.

സുരേഷ്  പറയുന്നില്ലെങ്കിലും ആധുനികകാല മനുഷ്യനും പിന്തുടരുന്ന ദുരാചരങ്ങളെയാണ് സിനിമയില്‍ പരാമര്‍ശവിധേയമാക്കുന്നതെന്ന് എന്ന ചിന്ത പ്രേക്ഷകനില്‍ ഉണ്ടാകും. മൃഗബലി എന്ന ദുരാചാരം ദ്രാവിഡന്‍ ഒരു വൈകാരിക തുടര്‍ച്ചയായി ഇന്നും നടത്തിക്കൊണ്ടിരിക്കുന്നു. നിയമം കൊണ്ടോ ബോധവത്കരണം കൊണ്ടോ മാറ്റിയെടുക്കാന്‍ പറ്റില്ല ഇത്തരം വൈകാരിക പോഴത്തങ്ങള്‍ പതിഞ്ഞുപോയ മനസുകളെ. അവനവനില്‍ തന്നെയുണ്ടാകുന്ന മാറ്റങ്ങളിലൂടെയാണത് സാധ്യമാകുമെങ്കില്‍ നടക്കുക. രാമമൂര്‍ത്തിയും ഗ്രാമവാസികളും മുനിയാണ്ടി കോവിലേക്ക് പോകുന്ന യാത്രയുടെ രംഗങ്ങള്‍ക്കിടയില്‍ ഒരു ഏരിയല്‍ ഷോട്ട് ഉണ്ട്. സമാന്തരമായി ഇരുവശങ്ങളിലേക്കും പോകുന്ന ലോറികള്‍. ഒന്നില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യരും മറ്റതില്‍ കുത്തിനിറച്ച പോത്തുകളും. ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സംവിധായകന് ഛായാഗ്രാഹകന്റെ സഹായം മാത്രം മതി. ഇത്തരത്തിലാണ് ഓരോഘട്ടത്തിലും എന്താണ് ഈ സിനിമയെന്നു സംവിധായകന്‍ പ്രേക്ഷകനു നല്‍കുന്ന സൂചനകള്‍. ആളിനെ കൊണ്ടു മാത്രമല്ല, ആടിനെ കൊണ്ടും അഭിനയിപ്പിക്കാന്‍ ഒരു സംവിധായകനു കഴിയുമെന്നു തെളിയിക്കുന്നതുപോലെ മുനിയാണ്ടിക്ക് നേര്‍ച്ചയുഴിഞ്ഞ മുട്ടനാടിനെ ഉപയോഗിച്ചാണ്‌ ബാക്കി സൂചനകള്‍ തരുന്നത്. സിനിമയുടെ ടൈറ്റിലിനൊപ്പം കേള്‍ക്കുന്ന തെരുക്കൂത്ത് പാട്ടുണ്ട്. ചിത്രം തീര്‍ന്നു കഴിയുമ്പോഴാണ് ആ പാട്ട് ഒന്ന് ശ്രദ്ധിച്ചു തന്നെ കേള്‍ക്കേണ്ടതാണെന്ന തോന്നലുണ്ടാവുക. സുരേഷ് സൂത്രധാരന്റെ റോള്‍ നിര്‍വഹിക്കുന്നത് ആ പാട്ടിലൂടെയാണ്.

"/

സുരേഷ് സങ്കയ്യ

ഒരു സിനിമയ്ക്ക് വേണ്ടത് ശക്തമായ പ്രമേയമാണ്, താരങ്ങളല്ല എന്നു കൂടി വ്യക്തമാക്കുന്നുണ്ട് ഒരു കിടായിന്‍ കരുണൈ മനു. വിദ്ധാര്‍ത്ഥ് ഒഴിച്ച് ആ സിനിമയില്‍ മുന്‍നിര നടന്മാരായി പറയാന്‍ ആരുമില്ല (നായിക മലയാളി രവീണ രവിയാണ്. പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ മകളായ രവീണ തമിഴിലും മലയാളത്തിലും തിരക്കേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. അഭിനേത്രിയായി രവീണയുടെ അരങ്ങേറ്റമാണ് ഒരു കിടായിന്‍ കരുണൈ മനു). ചെറിയ വേഷങ്ങളില്‍ സിനിമയില്‍ വരാറുള്ള ചിലരും ബാക്കി പുതുമുഖങ്ങളുമാണ്. ഇവരെല്ലാം ഉള്‍പ്പെടുന്ന എതാണ്ട് ഇരുപതോളം കഥാപാത്രങ്ങളാണ് സിനിമയില്‍ മുഴുവന്‍ സീനുകളിലും വരുന്നത്. കഥയാണ് നായകനെന്നതിനാല്‍ അഭിനേതാക്കളില്‍ ആര്‍ക്കും അങ്ങനെയൊരു സ്ഥാനമില്ല. അതേസമയം ഓരോ കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കാനും സുരേഷിന് കഴിയുമ്പോള്‍ താന്‍ തന്നെയെഴുതിയ സ്‌ക്രിപ്റ്റിനോട് നൂറുശതമാനവും മികവു പുലര്‍ത്താന്‍ സുരേഷിലെ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നും പറയാം.

രാമമൂര്‍ത്തി, സീത, വാസുദേവന്‍ എന്നീ പേരുകളൊഴിച്ചു നിര്‍ത്തിയാല്‍ മറ്റു കഥാപാത്രങ്ങളുടെ പേരുകള്‍ പോലും രസമാണ്. ഏഴരൈ, ഊര്‍ മുഴുങ്കി, സേവല്‍, കുഞ്ചുക്കറി, അരുമ്പാട്, വേങ്കല, തോണ്ട… ഇവരൊക്കെയാകുന്ന നടീനടന്മാരോ, അവരെത്ര അയാസരഹിതമായാണ് അഭിനയിച്ചിരിക്കുന്നത്. അവരങ്ങനെയൊക്കെയങ്ങു പെരുമാറുന്നുവെന്നു പറയാം. നമ്മള്‍ മനുഷ്യര്‍ ഇതൊക്കെയാണ്. ഇങ്ങനെയൊക്കെയാണ് പെരുമാറുന്നത്, ഒരു കൊലപാതകത്തിനു കാരണക്കാരനായിരിക്കുമ്പോഴും ഭാര്യയോട് ആരോ തനിക്ക് 35 വയസായെന്നു പറഞ്ഞതിന്റെ മനോവിഷമം പേറുന്ന രാമമൂര്‍ത്തിയെ പോലെ, ശുണ്ഠിക്കാരനായ സീതയുടെ അച്ഛനെ പോലെ, പെങ്ങളുടെ കുടുംബ ജീവിതത്തിനു വേണ്ടി എന്തു ത്യാഗത്തിനും തയ്യാറാകുന്ന സഹോദരനെ പോലെ, കൂര്‍മബുദ്ധിക്കാരനായ വക്കീല്‍ വാസുദേവനെ പോലെ, സ്വയം വന്നു കുഴിയില്‍ ചാടിയവന്റെ അവസ്ഥ പേറുന്ന ലോറി ഓണറെ പോലെ, ആ പാവം ഡ്രൈവറെ പോലെ, സേവലിനെ പോലെ, ആരുമല്ലിതായി പോകുന്ന ആ അമ്മയെ പോലെ…ഒരു കൃത്രിമത്വവും അവരിലൊന്നും കാണുന്നുമില്ല.

"</p

കഥയ്ക്കുതകുന്ന ലൊക്കേഷനുകളാണ് സിനിമയില്‍ വേണ്ടത്. ലൊക്കേഷന്‍ ഭംഗിയില്‍ ഒരു കാര്യവുമില്ലെന്ന് കൂടി ഒരു കിടായിന്‍ കരുണൈ മനു പറഞ്ഞു തരുന്നുണ്ട്. പട്ടിക്കാട് എന്നൊക്കെ നാട്ടുഭാഷയില്‍ പറയാവുന്നൊരു ലൊക്കേഷനിലാണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. രാജപാളയത്തിനടുത്തുള്ള ആ പ്രദേശം സുരേഷിന്റെ ജന്മനാടിന് അടുത്താണ്. ഒരു കിടായിന്‍ കരുണൈ മനു കാണുന്ന മലയാളികള്‍ക്ക് തോന്നാവുന്ന സംശയമുണ്ട്; കേരളത്തില്‍ ഗ്രാമങ്ങളൊന്നുമില്ലേ? നമ്മുടെ സിനിമയില്‍ നിന്നു സത്യന്‍ അന്തിക്കാട് വരെ ഗ്രാമങ്ങളെ കൈവിട്ടിരിക്കുന്നു. ഗ്രാമഭംഗിയെന്ന ഗൃഹാതുരത്വ കച്ചവടത്തിനും താത്പര്യമില്ലാതായിരിക്കുന്നു. തമിഴ് ഗ്രാമ കഥകള്‍ ചേതോഹരങ്ങളായ ഫ്രെയിമുകള്‍ മാത്രമല്ല, ഓരോ ദ്രാവിഡ ഗ്രാമത്തിനും ഒരു കഥയുണ്ട്, ആ കഥകളാണ് അവിടെ നിര്‍ത്തി പറയുന്നത്. അല്ലാതെ ഏതെങ്കിലുമൊരു കഥയെടുത്ത് ഗ്രാമത്തില്‍ കൊണ്ടുവച്ചിട്ട് സിനിമയാക്കുന്ന തട്ടിപ്പല്ല അവരുടേത്. അങ്ങനെയൊരു കഥയാണ് ഒരു കിടായിന്‍ കരുണൈ മനുവും. എന്നാലതു വെറും കഥയുമല്ല.  ഒരു സന്ദേശമാണ്, രാഷ്ട്രീയമാണ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍