UPDATES

സിനിമ

രാഹുല്‍ റിജി നായര്‍/ അഭിമുഖം: വൈവാഹിക ലൈംഗികാതിക്രമം; സമൂഹത്തിന്റെ ഇരട്ടത്താപ്പിനു മുന്നില്‍ വയ്ക്കുന്ന നിലപാടാണ് ഒറ്റമുറി വെളിച്ചം

വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. എല്ലാവരും അംഗീകരിക്കണമെന്നും ആഗ്രഹിക്കുന്നില്ല

Avatar

വീണ

മാരീറ്റല്‍ റേപ്പ് അഥവ വൈവാഹിക ലൈംഗികാതിക്രമം; മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത പ്രമേയം, വലിയ താരനിരയില്ല, ചിത്രം ഒരുക്കിയതാകട്ടെ നവാഗതനും. പക്ഷേ, പ്രമേയത്തിന്റെ പ്രാധാന്യം ഒന്നുമാത്രം മതിയായിരുന്നു രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ‘ഒറ്റമുറിവെളിച്ചം’ എന്ന കൊച്ചു ചിത്രത്തെ 2017 മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമാക്കാന്‍. ആദ്യ ചിത്രത്തിന് ലഭിച്ച നേട്ടത്തിന് ദൈവാനുഗ്രഹമെന്ന വിശേഷണമാണ് സംവിധായകന്‍ നല്‍കുന്നത്. മേയ് 11 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന വേള്‍ഡ് പ്രീമിയറില്‍ ഒറ്റമുറി വെളിച്ചം പ്രദര്‍ശിപ്പിക്കും. അതുകൊണ്ട് തന്നെ ഉടനെയൊന്നും മലയാളി പ്രേക്ഷകര്‍ക്ക് തീയേറ്ററില്‍ ഈ ചിത്രം കാണാനാകില്ല. ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ രാഹുല്‍ റിജി നായര്‍.

വൈവാഹിക ലൈംഗികാതിക്രമം; മലയാള സിനിമ ഇതുവരെ സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു പ്രമേയം തെരഞ്ഞെടുത്തത് എങ്ങനെയാണ്?
വരും വരായ്കകളെപ്പറ്റി ആലോചിച്ചിട്ടല്ല, എന്നെ വളരെയധികം എക്‌സൈറ്റ് ചെയ്യിപ്പിച്ച, വൈകാരികമായി ചിന്തിപ്പിച്ച കഥയാണ് ഒറ്റമുറി വെളിച്ചം. നാല് ചുമരുകള്‍ മാത്രമുള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്കിടയില്‍ വില്ലനാകുന്ന വെളിച്ചം, അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ബന്ധത്തിന്റെയൊക്കെ ഒരു സ്വഭാവിക പരിണാമം. അതിനോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും മാരിറ്റല്‍ റേപ് വസ്തുതയാണ്‌. പക്ഷെ അതിന്റെ സാങ്കേതിക നിയമവശങ്ങളെ കുറിച്ചോ വിഷയാസ്പദമാക്കിയോ അല്ല സിനിമ ചെയ്തിരിക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒന്ന് തന്നെയാണ് മാരിറ്റല്‍ റേപ്. പക്ഷെ സ്ത്രീകളെ സംബന്ധിച്ച് അത് തുറന്ന് പറയാന്‍ ഒരു വേദിയോ അല്ലെങ്കില്‍ അവസരമോ ഇല്ല, നമ്മുടെ നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടൊക്കെ ഇപ്പോഴും ഇത്തരം വിഷയങ്ങളില്‍ സ്്ത്രീകള്‍ നിശബ്ദത പാലിക്കുകയാണ്. ആ അവസ്ഥയ്ക്ക് ഏതെങ്കിലും തരത്തില്‍ ഒരു മാറ്റം വരുത്താന്‍ ഈ ചിത്രത്തിന് സാധിക്കുമോ?
തീര്‍ച്ചയായും അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ലല്ലോ. അടുത്ത കാലത്ത് യുനെസ്‌കോയോ മറ്റോ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഇന്ത്യയില്‍ മൂന്നില്‍ രണ്ട് സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടുന്നുണ്ടെന്നാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ ഈ സിനിമയില്‍ ഒരു നിലപാട് ഉണ്ട്. ശകതമായ സ്ത്രീപക്ഷ സിനിമയാണ്. വൈവാഹിക ലൈംഗികാതിക്രമവും ക്രൈം തന്നെയാണ്. പക്ഷെ അതിനെ നേരിടാന്‍ നമുക്ക് ഫലപ്രദമായ നിയമമില്ല. എന്ന് കരുതി ശിക്ഷാര്‍ഹമല്ലാതാകുന്നില്ല. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇരട്ടത്താപ്പ്‌ ആണ് അത്.

അത്തരമൊരു ഡബിള്‍ സ്റ്റാന്‍ഡാര്‍ഡ് ഈ വിഷയത്തില്‍ നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ചില കോണില്‍ നിന്നെങ്കിലും വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടോ? കാരണം, സിനിമകളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് എതിരെ പോലും വലിയ പ്രതിഷേധമുണ്ടാകുന്ന കാലമാണ്?
വിമര്‍ശനങ്ങളുണ്ടാകുമോ എന്നറിയില്ല, അത്തരത്തിലൊരു കഥ പറയാനാണ് ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. അതില്‍ എന്റെ രാഷ്ട്രീയമുണ്ടാവണമെന്നില്ല. പക്ഷെ നിലവില്‍ പ്രമേയങ്ങള്‍ക്ക് സംവദിക്കാനുള്ള അന്തരീക്ഷമാണുള്ളത്. ഈ ചിത്രത്തിലൂടെ മാരിറ്റല്‍ റേപ്പ് എന്ന വിഷയത്തെ പൊതുബോധത്തിലെത്തിക്കാനാവും എന്നൊരു പ്രതീക്ഷയുണ്ട്. വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. എല്ലാവരും അംഗീകരിക്കണമെന്നും ആഗ്രഹിക്കുന്നില്ല. സമൂഹത്തിന്റെ പ്രതിഫലനങ്ങളാണ് സിനിമകള്‍, അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ തികച്ചും സ്വഭാവികമാണ്. പക്ഷെ അതിനെ ഗ്ലോറിഫൈ ചെയ്ത് കാണിക്കുമ്പോള്‍ നമ്മള്‍ നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്ന അഭിപ്രായമാണുള്ളത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സുധയെ അവതരിപ്പിക്കാന്‍ വിനീത കോശിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ആനന്ദത്തിലെ ടീച്ചറായി മാത്രമാണ് പ്രേക്ഷകര്‍ക്ക് വിനീതയെ പരിചയം.
ഈ ചിത്രത്തിന് താരങ്ങളെക്കാള്‍ അഭിനേതാക്കളെ ആയിരുന്നു ആവശ്യം. പലരോടും സംസാരിച്ചു ഓഡിഷന്‍ നടത്തി, ചിലരുടെ ലുക്ക് ശരിയായില്ല, ചിലര്‍ക്ക്് അഭിനയിക്കാനായില്ല, അങ്ങനെയാണ് വിനീതയിലേക്ക് എത്തുന്നത്. വിനീത എന്റെ സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരു തമിഴ് മ്യൂസിക് ആല്‍ബം ചെയ്തിരുന്നു. അതുകൊണ്ട് അവര്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നതില്‍ ഒരു ധാരണയുണ്ടായിരുന്നു. ആ ആത്മവിശ്വാസമാണ് സുധയെന്ന, ചിത്രത്തിന്റെ നട്ടെല്ലായ കഥാപാത്രത്തെ വിനീതയെ ഏല്‍പ്പിക്കാന്‍ കാരണം . തീയേറ്ററുകളെക്കാള്‍ ഫിലിം ഫെസ്റ്റിവല്‍ വേദികളെ മുന്നില്‍ കണ്ടാണ് ചിത്രം ചെയ്തത്. അത്തരം വേദികളില്‍ പെര്‍ഫോമന്‍സിനാണ് പ്രാധാന്യം. വിനീതയുടെ കൈയില്‍ കഥാപാത്രം ഭദ്രമാണ് എന്നറിയാമായിരുന്നു.

"</p

പുരസ്‌കാരം ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കില്‍ പോലും അത്തരം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയിക്കാറില്ല. അവാര്‍ഡ് സിനിമകള്‍ തീയേറ്ററില്‍ പോയി കാണാന്‍ വിമുഖതയുള്ള വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. അത് ആശങ്കയ്ക്കിടയാക്കുന്നുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ഈ ചിത്രത്തില്‍ വലിയ താരങ്ങള്‍ ഇല്ല. പ്രമേയം മാത്രമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അതില്‍ പ്രേക്ഷകരെ കുറ്റം പറയാനും ആകില്ല. കാരണം സത്യന്‍ അന്തിക്കാടിന്റെയും ഫാസിലിന്റെയും സിബി മലയിലയിലിന്റെയുമൊക്കെ ചിത്രങ്ങള്‍ കണ്ട് സിനിമക്കാരാനാകാന്‍ ആഗ്രഹിച്ച് നടന്ന ഞാന്‍ പോലും വളരെ കുറച്ച് അവാര്‍ഡ് ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. തീയേറ്ററില്‍ പ്രേക്ഷകന്‍ എത്തിയില്ലെങ്കില്‍ ഉടമ ചിത്രം മാറ്റും. അതിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ആത്യന്തികമായി സിനിമ ഒരു വ്യവസായമാണ്. പിന്നെ ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറയാനുള്ള മറ്റൊരു കാരണം വലിയ മാര്‍ക്കറ്റിംഗ് ചെലവുകള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് താങ്ങാന്‍ പറ്റില്ല. അതുകൊണ്ടാണ് വന്നതും പോയതുമൊന്നും ഞങ്ങള്‍ അറിഞ്ഞില്ലെന്ന് പലര്‍ക്കും പറയേണ്ടി വരുന്നത്. ഒറ്റമുറി വെളിച്ചം ഒരിക്കലുമൊരു അവാര്‍ഡ് ചിത്രമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന രീതിയില്‍ അല്ല ഒരുക്കിയിരിക്കുന്നത്. ഇതൊരു സ്ലോ ത്രില്ലറാണ്. മൂന്നോളം പാട്ടുകളുമുണ്ട്. അതുകൊണ്ട് തന്നെ ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ തന്നെ പ്രേക്ഷകന് ആസ്വദിക്കാനാകുന്ന ചിത്രമാണ്.

പക്ഷെ നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാവേണ്ടത് അത്യാവശ്യമാണ്. പിന്നെ തീയേറ്റര്‍ സ്‌പെയ്‌സ് മാത്രമല്ല ഇപ്പോഴുള്ളത്. പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോമും ഉണ്ട് നെറ്റ്ഫഌക്‌സും ആമസോണും എല്ലാം നമ്മുടെ സിനിമകളും എടുത്തു തുടങ്ങി. സാമ്പത്തികമായി ലാഭമുണ്ടാക്കാവുന്ന മേഖലയാണ് അത്. മാത്രമല്ല ഗ്ലോബല്‍ ഓഡിയന്‍സിലേക്ക് സിനിമ എത്തിക്കാനുമാകും. എന്നിരിക്കില്‍പോലും സിനിമ ബിഗ് സ്‌ക്രീനില്‍ അനുഭവിച്ചറിയേണ്ടത് തന്നെയാണ്. നമ്മുടെ നാട്ടില്‍ ആക്ടീവായി നിരവധി ഫിലിം സൊസൈറ്റികളുണ്ട്. ലോക സിനിമകളുടെ ജാലകമൊക്കെ നമുക്ക് മുന്നില്‍ തുറന്നു തരുന്ന അവരും പ്രേക്ഷകരും വിശാലമായി ചിന്തിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാനാകും. ഒരു നിശ്ചിത തുകയ്ക്ക് പാസ് ആവശ്യക്കാര്‍ക്ക് നല്‍കുക. ആ പാസില്‍ ഒരു മാസം ഇത്ര സിനിമകള്‍ കാണാം എന്ന് വ്യവസ്ഥ ചെയ്യുക. അങ്ങനെ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്താല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. അല്ലെങ്കില്‍ ഓള്‍ട്രനേറ്റീവായി ഇത്തരം ചിത്രങ്ങള്‍ക്ക് അവസരം നല്‍കുക. ഇത് മിക്കവാറും ചെറിയ ചിത്രങ്ങള്‍ നാലു ദിവസം കൊണ്ടൊക്കെ ഹോള്‍ഡ് ഓവര്‍ ( നിശ്ചിത പ്രേക്ഷകര്‍ ഇല്ലാത്ത അവസ്ഥ) ആകും. അപ്പോള്‍ നമ്മുക്ക് തീയേറ്ററുടമകളെ കുറ്റം പറയാന്‍ ആകില്ല. ഓരോ ആഴ്ച നാലോ അഞ്ചോ സിനിമ ഇറങ്ങുന്നുണ്ട്. സിനിമ ഒരു വ്യവസായമാണെന്ന വസ്തുത നമ്മുക്ക് വിസ്മരിക്കാനാകില്ല.

സ്വകാര്യ തീയേറ്ററുകള്‍ കച്ചവട താല്‍പര്യമുള്ളവയാണ്. പക്ഷെ സര്‍ക്കാര്‍ തീയേറ്ററുകള്‍ പോലും ഇത്തരം ചിത്രങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന പരാതി കാലകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ അതുണ്ടോ എന്ന് അറിയില്ല. ഞാന്‍ പുതിയ ആളാണ്. ആകെ ചെയ്തത് ഒരു ചിത്രമാണ്. ആ ചിത്രം തീയേറ്ററില്‍ എത്തുന്നതേയുള്ളു അപ്പോള്‍ മാത്രമേ എനിക്ക് ഈ കാര്യത്തില്‍ ഒരു വ്യക്തത വരു. ഞാന്‍ മനസിലാക്കിയിടത്തോളം സര്‍ക്കാര്‍ തീയേറ്ററിലെ സ്റ്റാഫിനും ശമ്പളം നല്‍കണമെങ്കില്‍ കളക്ഷന്‍ ഉണ്ടാവണം. ഒരു ചിത്രം കാണാന്‍ 10 പേര് ഇല്ലെങ്കില്‍ തീയേറ്ററിലെ വൈദ്യുതി ചാര്‍ജ് പോലും മുതലാകില്ല. സിനിമ നിലനില്‍ക്കണമെങ്കില്‍ പ്രേക്ഷകന്‍ ഉണ്ടാവണം. പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ ചലച്ചിത്ര മേഖലയിലുള്ള എല്ലാവര്‍ക്കും ബാധ്യതയുണ്ട്.

ഒറ്റമുറി വെളിച്ചം ഒരു സൗഹൃദ കൂട്ടായ്മയില്‍ നിന്നുണ്ടായ ചിത്രമാണ്. രാഹുലിന്റെ രണ്ടാമത്തെ ചിത്രം ഉടന്‍ അനൗണ്‍സ് ചെയ്യും. 15 ഓളം താരങ്ങളെ അണിനിരത്തി ഒരു ബിഗ് ബജറ്റ് കോമഡി ചിത്രം. രണ്ട് വലിയ ബാനറിലാകും നിര്‍മ്മിക്കുക. കല കൂടുതല്‍ ജനകീയമായതും താരങ്ങളെക്കാള്‍ ആശയങ്ങള്‍ പ്രേക്ഷകരോട് സംവദിക്കാന്‍ തുടങ്ങിയതും കലാകാരന്റെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്ന് രാഹുല്‍ പറയുന്നു. നല്ല ചിത്രങ്ങള്‍ക്ക് താരങ്ങള്‍ അത്യാവശ്യമല്ലെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്തെ ചെറിയ ചിത്രങ്ങളുടെ വലിയ വിജയം . ആ പ്രതീക്ഷ നിലനിര്‍ത്തേണ്ടത് ഓരോ കലാകാരന്റെയും കടമയാണ്. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രശസ്തിയിലെത്തുന്ന ഇന്നത്തെ കാലത്ത് സിനിമയെന്ന മാധ്യമത്തെ വ്യക്തമായി മനസിലാക്കിയാണ് രാഹുല്‍ റെജി നായരെന്ന കലാകാരന്‍ ചലച്ചിത്രമേഖലയിലേക്ക് ചുവട് വെയ്ക്കുന്നത്.

വെളിച്ചത്തില്‍ നടക്കുന്ന ബലാല്‍ഭോഗങ്ങള്‍; അവാര്‍ഡില്‍ ഞെട്ടിച്ച ‘ഒറ്റമുറി വെളിച്ചം’ മലയാളിയെ ഞെട്ടിക്കും

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍