UPDATES

സിനിമ

ഓവിയയുടെ 90 ml; കപടസദാചാരികളെ ചിറിക്ക് തോണ്ടുന്ന സ്ത്രീകളുടെ സ്വതന്ത്ര റിപ്പബ്ലിക്ക്

അഞ്ചു സ്ത്രീകളുടെ നിർഭയപൂർണമായ സ്വതന്ത്രവിഹാരലോകത്തെ അടയാളപ്പെടുത്തിയിട്ടിരിക്കുന്ന 90ml ഒരു വനിതാ ഡയറക്ടർ ആണ് തയ്യാറാക്കിയിരിക്കുന്നത്

ശൈലന്‍

ശൈലന്‍

90ml എന്നുപേരായ. എ സർട്ടിഫിക്കറ്റുള്ള, ഓവിയാ ഹെലൻ നായികയായ തമിഴ്‌ സിനിമ റിലീസിന് വളരെ മുൻപ് തന്നെ അതിന്റെ ശീർഷകം കൊണ്ടും ടൈറ്റിൽ ഡിസൈൻ കൊണ്ടും ട്രെയിലർ കൊണ്ടും കൗതുകമുണർത്തുകയും പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്ത ഒന്നാണ്. വെറുമൊരു അഡള്‍ട്ട് കോമഡി പടമെന്ന ലേബലിൽ മാർക്കറ്റ് ചെയ്യപ്പെട്ട 90ml നെ ആ പ്രതീക്ഷയും വച്ച് സമീപിച്ചാൽ ചെറുതായിട്ടൊന്ന് ഞെട്ടേണ്ടി വരും. കാരണം സംഗതി “അതുക്കും മേലെ” ആണ്. ഒരുപാട് മേലെ.

അഞ്ചു സ്ത്രീകളുടെ നിർഭയപൂർണമായ സ്വതന്ത്രവിഹാരലോകത്തെ അടയാളപ്പെടുത്തിയിട്ടിരിക്കുന്ന 90ml ഒരു വനിതാ ഡയറക്ടർ ആണ് തയ്യാറാക്കിയിരിക്കുന്നത് എന്നത് സ്വാഭാവികം. അനിത ഉദീപ് എന്ന സംവിധായിക അഴകിയ അസുര എന്ന പേരിൽ ആണ് തന്നെ ക്രെഡിറ്റ് ടൈറ്റിൽസിൽ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത് എന്നതിൽ പോലും അവരുടെ രാഷ്ട്രീയമുണ്ട്. പുരുഷൻ പരിചയപ്പെടുത്തുന്നതൊന്നുമല്ല തങ്ങളുടെ ലോകമെന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്ന 90ml ന്റെ സ്ക്രിപ്റ്റും അഴകിയ അസുര തന്നെ.

താമര എന്ന യുവതി പ്രഫഷണൽ ഗുണ്ടയായ തന്റെ ഭർത്താവിനെയും കൂട്ടി സൈക്യാട്രിസ്റ്റ് ആയ ദേവദർശിനിയുടെ അടുത്ത് വന്ന് മദ്യപാനം കൊണ്ടുള്ള വിഷമങ്ങൾ അവതരിപ്പിക്കുന്ന രംഗത്തോടെ ആണ് 90ml തുടങ്ങുന്നത്. ഭർത്താവിന്റെ മദ്യപാനശീലം ആവും പ്രശ്‌നമെന്ന് കരുതി പരിഹാരം നിർദേശിച്ച് തുടങ്ങുന്ന സൈക്യാട്രിസ്റ്റിനോട് അവൾ വെളിപ്പെടുത്തുന്നു, അയാളല്ല താനാണ് കുടികാരി എന്ന്. തുടർന്ന് ഭർത്താവിനെ പുറത്ത് നിർത്തി അവൾ പറയുന്ന ഫ്ലാഷ്ബാക്കിലൂടെ കാര്യങ്ങൾ മുന്നോട്ട് പോവുന്നു.
ഗുണ്ടയായ സതീശിന്റെ ഹീറോയിസം കണ്ട് ആകൃഷ്ടയായി പ്രണയിച്ച് വിവാഹം കഴിച്ച്‌ അവന്റെ അല്പത്തരങ്ങളിൽ അഭിരമിച്ച് ഉത്തമ കുടുംബിനി ആയി ജീവിക്കുന്ന ഫ്‌ളാറ്റിനയല്പക്കത്തെക്കാണ് റീത്ത താമസത്തിനായെത്തുന്നത്. ‘മൈ ബംഗ്ളാവ് മൈ റൂൾസ്’ എന്ന പോളിസി പ്രകാരം സ്വാതന്ത്രജീവിതം നയിക്കുന്ന റീത്തയുടെ സാന്നിധ്യവും സൗഹൃദവും താമരയിലും ആ അപ്പാർട്ട്‌മെന്റിലെ മറ്റു സ്ത്രീകളായ കാജൽ, പാറു, സുകന്യ എന്നിവരിലും വരുത്തുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ ഉള്ളടക്കം.

വിവിധങ്ങളായ കെട്ടുപാടുകളിൽ കുരുങ്ങി കിടക്കുകയായിരുന്ന നാലുപേരെയും മോചിതരാക്കാൻ സ്വാതന്ത്ര്യത്തിന്റെ ആകാശം കാണിച്ചു കൊടുക്കുന്ന റീത്ത, കൂട്ടായ്മയുടെ വിജയത്തെ ഗിരിപ്രഭാഷണം കൂടാതെ തന്നെ സ്ത്രീകളിൽ എത്തിക്കുന്നതിൽ വിജയിക്കുന്നു. സ്ത്രീയുടെ ലൈംഗികതയും സ്വവർഗ്ഗലൈംഗികതയുമെല്ലാം തുറന്ന് ചർച്ച ചെയ്യുന്ന സിനിമ സ്ത്രീകൾ മദ്യവും മായക്കുമരുന്നുമൊക്കെ ആണുങ്ങളെ പോലെ തന്നെ ഉപയോഗിച്ചാൽ എന്താണ് കുഴപ്പമെന്നു ചോദിക്കുക കൂടി ചെയ്യുന്നതോടെ പരമ്പരാഗത പ്രേക്ഷകന്റെ യാഥാസ്ഥിതികനെറ്റി പടം തീരുന്ന വരെ ചുളിഞ്ഞ് തന്നെ ഇരിക്കും.. ഐപിസി377 സെഷൻ പ്രകാരം സ്വവർഗ്ഗലൈംഗികത നിയമവിധേയമാക്കിയ സുപ്രീം കോടതിവിധിക്ക് നന്ദി രേഖപ്പെടുത്തികൊണ്ടാണ് പടത്തിന്റെ ഇന്റർവെൽ പഞ്ച്.

മറ്റു പടങ്ങളിൽ നിന്ന് വിഭിന്നമായി നിർമാതാവിനും പ്രൊഡക്ഷൻ കമ്പനിക്കുമെല്ലാം മുൻപ് ആയി ‘ആന്‍ എസ് ടി ആർ മ്യൂസിക്കൽ’ എന്ന് എഴുതിക്കാണിച്ചുകൊണ്ട് തുടങ്ങുന്ന 90ml ന്റെ ഒരു ഹൈലൈറ്റ് ചിലമ്പരസൻ കമ്പോസ് ചെയ്ത പാട്ടുകൾ ആണ്. വെള്ളമടിക്കുമ്പോഴും കഞ്ചാവടിക്കുമ്പോഴും ഒക്കെ സംഗീതനിർഭരമാണ് സിനിമ. കഞ്ചാവിന്റെ പുകച്ചുരുളിൽ വിരിയുന്ന ഒരു സെക്കഡലിക് സോംഗിന്റെ വിഷ്വലൈസെഷൻ അസാധ്യമാണ്. (ഫ്രെഞ്ച് സംവിധായകന്‍ ഗ്യാസ്‌പർ നോയെ വെറുതെ ഓർത്തു.)

ക്ലൈമാക്സ് എന്നൊന്നും വിശേഷിപ്പിക്കാനാവാത്ത അവസാനരംഗത്ത് സിനിമ തീർക്കാനായി ഗംഭീരമൊരു ലിപ്പ്ലോക്ക് കിസ്സുമായി എസ് ടി ആർ അതിഥി റോളിൽ വരുന്നുമുണ്ട്. ഒരു പരമ്പരാഗതനായിക ഏറ്റെടുക്കാൻ മടികാണിക്കും മട്ടിലുള്ള റീത്തയുടെ റോളിൽ ഒവിയാ ഹെലൻ തന്നാൽ കഴിയും വിധമൊക്കെ പൊളിക്കുന്നുണ്ട്. (അവരുടെ കഴിവുകൾ പരിമിതമാണെന്നത് മറ്റൊരു നഗ്നസത്യം)

എസ് ടി ആറിനെ കാണുന്നത് വരെ തന്റെ എർത്ത് ആയി കൊണ്ടുനടക്കുന്ന ആൻസൻ പോളിനുള്ളതായിരുന്നു റീത്തയുടെ ലിപ്പ് ലോക്കുകൾ. തമിഴിൽ അഭിനയിച്ചെന്ന പേരും ഈ ലിപ്പ് ലോക്കുകളും അല്ലാതെ ശ്രീമാൻ ആൻസന് വെങ്കി എന്ന റോൾ കൊണ്ട് മറ്റ് നേട്ടങ്ങളൊന്നുമില്ല. അതേ സമയം മഷൂം, മോനിഷ, ശ്രീ ഗോപിക, ബൊമ്മി ലക്ഷ്മി എന്നിങ്ങനെ പേരായ മുൻപ് കണ്ടിട്ടില്ലാത്ത നാലു നടിമാർ ഓവിയയെ മലര്‍ത്തി വെട്ടുന്ന ഫോമിലായിരുന്നു. പടത്തെ ലൈവാക്കുന്നതും ഇവരുടെ പെർഫോമൻസ് തന്നെ.

സിനിമ എന്ന നിലയിൽ ഒരു ഗംഭീര സൃഷ്ടിയൊന്നുമല്ലെങ്കിലും സ്ക്രിപ്റ്റ് പലപ്പോഴും ദയനീയമാണെങ്കിലും ഒരു വേറിട്ട ഉദ്യമം എന്ന് 90ml നെ വിലയിരുത്താം. അൾജീരിയൻ വനിതാ ഡയറക്ടറായ റൈഹാന ഒബാൻമേയറുടെ “Stil I hide to Smoke’ ന്റെ ഒരു തമിഴ് മീനിയേച്ചർ ആയൊക്കെ 90ml നെ കാണാനാണെനിക്കിഷ്ടം.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍