UPDATES

സിനിമ

എന്റെ സിനിമകളിലും പലപ്പോഴും തിയേറ്ററുകളില്‍ നിന്നും പൊട്ടിച്ചിരികള്‍ കേട്ടിട്ടുണ്ട്; സിനിമയിലെ ഹാസ്യത്തെക്കുറിച്ച് പത്മരാജന്‍

ചിരിയും കരച്ചിലുമൊക്കെ ചേര്‍ന്നതണല്ലോ ശരിക്കും ജീവിതം എന്നു പറയുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും അതിന്റെയൊരു പകര്‍ത്തിവയ്പ്പില്‍ ചിരിയുണ്ടാകും കണ്ണീരുണ്ടാകും

തിരക്കഥയെഴുതി തുടങ്ങിയ പ്രയാണം തൊട്ടും ആദ്യ സംവിധാന സൃഷ്ടിയായ പെരുവഴിയമ്പലത്തില്‍ നിന്നും അവസാനമെഴുതി സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വന്‍ വരെയുള്ള പത്മരാജന്‍ ചലച്ചിത്രങ്ങളോട് പ്രേക്ഷകര്‍ കൂടുതലും സംവേദിക്കുക അതിലെ പ്രണയത്തിലൂടെയും നൊമ്പരങ്ങളിലൂടെയുമായിരിക്കും. അദ്ദേഹത്തിന്റെ ചെറുകഥകള്‍, നോവലുകള്‍ ഇവയിലുമെല്ലാം നാം തേടിയതും ആസ്വദിച്ചതും കൂടെയിന്നും കൊണ്ടു നടക്കുന്നതും സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും സുഖദുഃഖങ്ങള്‍തന്നെയാകും.

ജീവിതത്തിന്റെ ഉള്‍പ്പടര്‍പ്പുകളെ തൊട്ടുള്ള ആ എഴുത്തില്‍ സങ്കീര്‍ണതകളുടെ ഗൗരവം നിറഞ്ഞിരുന്നതിനാല്‍, അതത്രമേല്‍ ലോലമായൊരെഴുത്തായിരുന്നപ്പോഴും വൈകാരികതയുടെ ഘനം ഓരോ പത്മരാജന്‍ സൃഷ്ടിയിലുമുണ്ടായിരുന്നു. കൂടുതല്‍ സമയവും സ്‌നേഹവൈചിത്ര്യങ്ങളുടെ അനുഗാമികളായി നമ്മളെ കൊണ്ടുപോവുകയായിരുന്നതിനാല്‍ ആ വൈകാരികതയുടെ ശ്വാസോച്ഛാസങ്ങളില്‍ വലിഞ്ഞു മുറുക്കപ്പെട്ടൊരു തന്തിയായി നമ്മുടെ ഹൃദയവിചാരങ്ങള്‍ മാറിപ്പോവുകയും ചെയ്തു. സൃഷ്ടികളുമായി സൃഷ്ടാവിനെ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന ഒരു സംശയം പദ്മരാജനുമേലും ഉണ്ടായിരുന്നു. അത്രമേല്‍ ഗൗരവക്കാരനോ? തമാശകള്‍ പറയാത്ത, ചിരിക്കാത്ത, ചിന്തകള്‍ മൂടിയ മുഖത്താല്‍ മാത്രം സഞ്ചരിക്കുന്നവനോ എഴുത്തുകാരന്‍ എന്ന സംശയം. ഈ സംശയത്തിനു പുറത്തു വന്നതാകാമെന്ന് തോന്നുന്നൊരു ചോദ്യത്തിന് നല്‍കുന്ന മറുപടിയില്‍ ചിരിയോടുള്ള നിലപാടുകള്‍ പത്മരാജന്‍ വിശദീകരിക്കുന്നുണ്ട്.

തന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വന്റെ എഴുത്ത് ജോലികള്‍ തുടങ്ങുന്നതിനിടയില്‍ ദൂരദര്‍ശന് അനുവദിച്ച അഭിമുഖത്തിലാണ് പത്മരാജന്റെ വാക്കുകള്‍. ഒരുപക്ഷേ ഇതായിരുന്നിരിക്കാം അദ്ദേഹത്തിന്റെതായി വന്ന അവസാനത്തെ ചാനല്‍ അഭിമുഖവും. സിനിമയില്‍ ഹാസ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നൊരു സങ്കല്‍പ്പമുണ്ടല്ലോ, ഈ സങ്കല്‍പ്പത്തിന് വഴങ്ങിക്കൊടുക്കാറുണ്ടോ? എന്ന് അഭിമുഖം ചെയ്ത ശ്രീജ ചോദിക്കുമ്പോള്‍ പത്മരാജന്റെ മറുപടി ഇങ്ങനെയാണ്;

സിനിമയില്‍ ഹാസ്യം അനാവശ്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?ചിരിക്കാനും ചിരിപ്പിക്കാനും കഴിയുക എന്നത് വലിയ സിദ്ധിയാണ്. ചിരിക്കുന്നവരോട് എനിക്ക് എതിരില്ല. ചിരിപ്പിക്കുന്ന സിനിമകളോടും എനിക്ക് എതിരില്ല. എന്റെ സിനിമകളിലും പലപ്പോഴും തിയേറ്ററുകളില്‍ നിന്നും പൊട്ടിച്ചിരികള്‍ കേട്ടിട്ടുണ്ട്. കള്ളന്‍ പവിത്രന്‍ ശരിക്കും പറഞ്ഞാല്‍ ഉടനീളം പൊട്ടിച്ചിരി ഉണ്ടാക്കിയൊരു സിനിമയാണ്. വളരെ അനായസമായിട്ട് ഒഴുകി വന്നൊരു ഹാസ്യധാര ആ സിനിമയുടെ നട്ടെല്ലായിരുന്നു. ആ സിനിമയുടെ ടെല്ലിംഗ് സ്റ്റൈല്‍ തന്നെ ഹ്യൂമറസ് ആയിരുന്നു. അത് ജനങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. പലപ്പോഴും എന്റെ സിനിമകളില്‍ ഞാന്‍ ഹാസ്യം ഉള്‍പ്പെടുത്താറുണ്ട്. അത് തനിയെ വരുന്നതാണ്, അല്ലാതെ മനപൂര്‍വം അതിനുവേണ്ടി വഴങ്ങിക്കൊടുക്കലല്ല. ചിരിയും കരച്ചിലുമൊക്കെ ചേര്‍ന്നതണല്ലോ ശരിക്കും ജീവിതം എന്നു പറയുന്നത്. അപ്പോള്‍ സ്വാഭാവികമായിട്ടും അതിന്റെയൊരു പകര്‍ത്തിവയ്പ്പില്‍ ചിരിയുണ്ടാകും കണ്ണീരുണ്ടാകും.

ശരിയാണ്. നമ്മള്‍ പ്രണയിച്ചതിനും നൊമ്പരപ്പെട്ടതിനും ഒപ്പം തന്നെ പത്മരാജനെ വായിച്ച് ചിരിച്ചിട്ടിട്ടുണ്ട്, പൊട്ടിച്ചിരിച്ചിട്ടുണ്ട്. ആ ചിരിക്കെല്ലാം ജീവിതാവസ്ഥകളുമായി ബന്ധമുണ്ടായിരുന്നു. വെറുതെ ചിരിപ്പിക്കുകയായിരുന്നില്ല, ചിന്തിപ്പിച്ച് ചിരിപ്പിക്കുകയായിരുന്നു പത്മരാജന്‍ കൂടുതലും. ചിരിയും കരച്ചിലുമൊക്കെ ചേര്‍ന്ന ജീവിതത്തിന്റെ പകര്‍ത്തിവയ്പ്പില്‍ കള്ളന്‍ പവിത്രനും മാമച്ചനും കവലയും ഫയല്‍വാനും എല്ലാം നമ്മെ ചിരിപ്പിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍