UPDATES

സിനിമ

ദൈവപുത്രന്‍ രക്ഷിക്കാന്‍ വരുന്നതും കാത്തിരിക്കാതെ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നു കാണിച്ചു തരികയാണ് ഡബ്ല്യുസിസി; പാ രഞ്ജിത്ത്

സിനിമ ലോകത്തില്‍ നിന്നും തനിക്കുണ്ടായ അതിക്രമത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അവളില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന സമൂഹബോധത്തെയാണ് നാം ആദ്യം തകര്‍ക്കേണ്ടത്

വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ(ഡബ്ല്യുസിസി) രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംവിധായകന്‍ പാ. രഞ്ജിത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്.

മറ്റുള്ളവര്‍ക്ക് മാതൃകയായതും ധാരളം പ്രതിഭകള്‍ ഉള്ളതുമായ മലയാള സിനിമ മേഖലയില്‍ ഉണ്ടായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പ്രസ്ഥാനത്തെക്കുറിച്ച്, അതിന്റെ പോരാട്ടത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമെല്ലാം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നൊരാളാണ് ഞാന്‍. മലയാള സിനിമയില്‍ നേരിടുന്ന സ്ത്രീ പ്രശ്‌നങ്ങളെ കുറിച്ച് പി കെ റോസിയില്‍ നിന്നാണ് പറഞ്ഞു തുടങ്ങേണ്ടത്. ആദ്യത്തെ നായിക, ഒരു ദളിത് സ്ത്രീ. റോസിയെ അവരുടെ വീട്ടില്‍ നിന്നും അടിച്ചിറക്കി നാടുകടത്തി, അവര്‍ അഭിനയിച്ച സിനിമ കളിച്ച ക്യാപിറ്റല്‍ തിയേറ്റര്‍ തകര്‍ത്തു. ഈ പോരാട്ടം അവിടെ നിന്നാണ് തുടങ്ങുന്നത്. ഒരു പക്ഷേ റോസിയുടെ കാലത്ത് ഡബ്ല്യുസിസി പോലൊരു സംഘടനയുണ്ടായിരുന്നെങ്കില്‍ വലിയൊരു പോരാട്ടം നടക്കുമായിരുന്നു. ആണ്‍-പെണ്‍ വേര്‍തിരിവിനിടയില്‍ തന്നെ ജാതിയും ഒരു പ്രശ്‌നമായി വന്നാല്‍ അതുവളരെ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത് മലയാളത്തിലെ മാത്രം കാര്യമല്ല, തമിഴില്‍ ഉള്‍പ്പെടെ എല്ലായിടത്തുമുണ്ട്. എനിക്ക് വളരെ ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വതി. പേരിനൊപ്പം ഉണ്ടായിരുന്ന മേനോന്‍ വലിച്ചെറിഞ്ഞപ്പോള്‍ പാര്‍വതിയോടുള്ള ഇഷ്ടം ഒരുപാട് കൂടി. ലിംഗപരമായും ജാതിപരമായുമുള്ള ഈ വേര്‍തിരിവും അതികമവും സിനിമയില്‍ മാത്രമല്ല, ഒരു സാധരണ കൂലിത്തൊഴില്‍ ചെയ്യുന്നിടത്തും വീടുകളിലുമെല്ലാം മോശമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. സിനിമയില്‍ അത്തരം കാര്യങ്ങളെ എതിര്‍ത്തുകൊണ്ട് ഡബ്ല്യുസിസി പോലൊരു സംഘടന മുന്നോട്ടു വരുമ്പോള്‍ ഈ കാലഘട്ടത്തിലെ ശക്തമായൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായതിനെ കാണേണ്ടതുണ്ട്.

ഇന്നിപ്പോള്‍ പലരിലും ഡബ്ല്യുസിസി ഒരു ഭയം ഉണ്ടാക്കിയിട്ടുണ്ട്. മി ടൂ കാമ്പയിന്‍ നോക്കൂ. പലരും അത് ശരിയല്ല, ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണ് എന്നൊക്കെ പറഞ്ഞ് എതിര്‍ക്കുമ്പോഴും അവരുടെയുള്ളിലും ഭയമുണ്ട്. ആ ഭയമാണ് തുറന്നു പറയുന്നവരെ കുറ്റക്കാരാക്കാന്‍ നോക്കുന്നതിനു പിന്നില്‍. എന്നോട് പലരും പറയും നിങ്ങളുടെ ദളിത് സ്വത്വം പുറത്തു പറയരുത്, നിങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന്. ഞാനവരോട് പറയുന്നത്, അതേ ഞാനൊരു ദളിത് തന്നെയാണ്. അങ്ങനെ പറയുന്നതുകൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ പ്രശ്‌നമല്ല, എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരുടെ പ്രശ്‌നമാണ്. ഞാനല്ല, നീ തന്നെയാണ് പ്രശ്‌നം. ഇതു തന്നെയാണ്, തനിക്കെതിരേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് ഒരു പെണ്ണ് പറയുമ്പോള്‍ അവള്‍ക്കെതിരേ നടക്കുന്നത്. പക്ഷേ, എനിക്ക് അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ വേണ്ട, പക്ഷേ, എനിക്കുണ്ടായ ദുരനുഭവം ഞാന്‍ പുറത്തു പറയുകയാണെന്നു പറഞ്ഞ് പറയുന്ന സ്ത്രീകളാണ് ഇപ്പോഴുള്ളത്. അവര്‍ ശക്തരായ പെണ്ണുങ്ങളാണ്, അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. പൊതുസമൂഹത്തിനോട് അവര്‍ തങ്ങളുടെ അനുഭവം പറയുമ്പോഴും അവരെയാണ് കുറ്റവാളികളാക്കുന്നത്. ആണ്‍ബോധതത്തില്‍ നിലനില്‍ക്കുന്നൊരു സിനിമ ലോകത്തില്‍ നിന്നും തനിക്കുണ്ടായ അതിക്രമത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറയുമ്പോള്‍ അവളില്‍ കുറ്റങ്ങള്‍ ചാര്‍ത്തുന്ന സമൂഹബോധത്തെയാണ് നാം ആദ്യം തകര്‍ക്കേണ്ടത്. ഒന്നുറപ്പാണ്, മീ ടൂ കാമ്പയിന്‍ വന്നശേഷം പലരും അതിനെ ഭയക്കുന്നുണ്ട്. ഈ കാമ്പയിന്‍ കൂടുതല്‍ ചര്‍ച്ചയാക്കണം.

ലൈംഗിക അിക്രമം പ്രധാനപ്പെട്ട പ്രശ്‌നം ആകുമ്പോള്‍ തന്നെ അതിനൊപ്പം ചര്‍ച്ചയാകേണ്ടതാണ് ജാതിയും. ഇത്തരം അതിക്രമങ്ങള്‍ക്ക് ജാതിയും വര്‍ഗ്ഗവും കൂടി കാരണമാകുന്നുണ്ട്. ജാതിയുടെയും വര്‍ഗത്തിന്റെയൊപ്പം തന്നെയാകണം ലൈംഗികാതിക്രമവും പെണ്‍ അടിമത്തവും ചര്‍ച്ചയാക്കേണ്ടതും പരിഹാരം ഉണ്ടാക്കണ്ടേതും. ഡബ്ല്യുസിസിയോടുള്ള എന്റെ അഭ്യര്‍ത്ഥന കൂടിയാണിത്.

നമ്മുടെ സിനിമകള്‍ ശ്രദ്ധിച്ചു നോക്കൂ. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത്? എത്രനേരം ഉണ്ടാകും സ്ത്രീകള്‍. നായികയ്ക്കുപോലും ഇരുപത് മിനിട്ട് സമയം സിനിമയില്‍ കിട്ടിയാല്‍ അത് തന്നെ വലിയ കാര്യമാണ്. എന്റെ സിനിമകളില്‍ ഞാനൊരിക്കലും സ്ത്രീകഥാപാത്രങ്ങളെ താഴ്ത്തിക്കെട്ടാന്‍ നോക്കിയിട്ടില്ല, ശക്തരായ സ്ത്രീകളെ തന്നെയാണ് അവതരിപ്പിക്കാറ്. പക്ഷേ അവര്‍ക്കുപോലും വേണ്ടത്ര പ്രാധാന്യം കൊടുക്കാന്‍ കഴിയാറില്ല എന്നതൊരു വസ്തുതയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തിക്കൊണ്ട് ഒന്നിനും കഴിയില്ല. എന്നാല്‍ സിനിമയില്‍ അതാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി സിനിമകളോ കഥകളോ ഉണ്ടാകുന്നില്ല. അങ്ങനെ വരുന്നില്ലെങ്കില്‍ അത് നമ്മള്‍ തന്നെയുണ്ടാക്കണം. സ്ത്രീകളുടെ കഥകള്‍ സ്ത്രീകള്‍ തന്നെ പറയണം. മറ്റൊരാളെ നിങ്ങളുടെ കഥകള്‍ പറയാന്‍ ഏല്‍പ്പിക്കേണ്ടതില്ല. സ്ത്രീകള്‍ അവരുടെ സിനിമകള്‍ ഉണ്ടാക്കണം. ഡബ്ല്യുസിസി ഇത്തരം കാര്യങ്ങള്‍ക്ക് കൂടി മുന്‍കൈയെടുക്കണം. ഞാനെന്റെ സിനിമയില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാരണം, ഒരു സ്ത്രീയെ കുറിച്ച്, അവളെ എങ്ങനെ മനസിലാക്കണം എന്നതിനെ കുറിച്ച് എന്റെ അമ്മയില്‍ നിന്ന്, ഭാര്യയില്‍ നിന്ന്, മകളില്‍ നിന്നും ദിവസേന ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പെണ്ണ് ഉടലിനെക്കുറിച്ച് ശാസ്ത്രീയമായി മനസിലാക്കുന്നു. പെണ്ണിന്റെ ഉടല്‍ പോരാട്ടങ്ങളെക്കുറിച്ച് പഠിക്കുന്നു. ആ പോരാട്ടമാണ് തുടരേണ്ടത്.

ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. പലപ്രശ്‌നങ്ങള്‍ക്കും ഇപ്പോഴും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡോ. ബി ആര്‍ അംബേദ്കര്‍ നിയമന്ത്രി സ്ഥാനം രാജിവച്ചത് സ്ത്രീകളുടെ പ്രശ്‌നങ്ങള പ്രതിയായിരുന്നു. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായ ശേഷം വിവാഹിതയാകട്ടെ, അവള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കട്ടെ, വിവാഹം കഴിച്ചയാളുമായി ജീവിക്കാന്‍ ബുദ്ധുമുട്ടാണെങ്കില്‍ ആ ബന്ധം അവള്‍ ഒഴിവാക്കട്ടെ..അംബേദ്കര്‍ പറഞ്ഞ സ്ത്രീസ്വാതന്ത്ര്യങ്ങളാണിതൊക്കെ. അങ്ങനെയൊരു കാലത്ത് നിന്നു തുടങ്ങിയ പോരാട്ടം ഇപ്പോഴും തുടരുന്നുണ്ട്. രാഷ്ട്രീയത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പ്രാധിനിത്യത്തെക്കുറിച്ച് എത്രകാലങ്ങളായി പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഈ വാഗ്ദാനം ആവര്‍ത്തിക്കുന്നു. അവര്‍ക്കിതൊന്നും ചെയ്യാന്‍ കഴിയില്ലെന്നതുകൊണ്ടാണ് ഇപ്പോഴും അത് പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ക്കതിന് കഴിയില്ലെങ്കില്‍ നമ്മള്‍ അത് ചെയ്യണം. നമ്മുടെ ആവശ്യങ്ങള്‍ നമ്മളാണ് നേടിയെടുക്കേണ്ടത്. അംബേദ്കര്‍ പറഞ്ഞതും അതാണ്, ഒരു ദൈവപുത്രന്‍ പിറന്നു വന്ന് നിന്നെ രക്ഷിക്കുമെന്നു പറഞ്ഞു കാത്തിരിക്കാതെ നിനക്കു കഴിയുന്നത് നീ തന്നെ ചെയ്യൂ. നമുക്ക് എന്തു ചെയ്യാമെന്ന് നാം കാണിച്ചുകൊടുക്കണം. അതാണ് ഡബ്ല്യുസിസി ചെയ്തത്. ഇത്രയും പ്രശ്‌നങ്ങള്‍ താണ്ടി ഇന്ന് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്നൊരു പ്രസ്ഥാനമായി ഇത് മാറി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ഇത് എത്തണം. ഇന്ത്യയൊട്ടാകെ ഡബ്ല്യുസിസി ചര്‍ച്ചയാകണം. ഒരു ഉദ്ദാഹരണവും മാതൃകയുമാകണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍