UPDATES

സിനിമ

ഇവിടെ പദ്മാവതിയും ദുര്‍ഗയും, അവിടെ വെര്‍ണ: ഇന്ത്യയും പാകിസ്ഥാനും ആവിഷ്‌കാര സ്വാതന്ത്ര്യവും

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി ഇന്ത്യയില്‍ നേരിട്ട പോലുള്ള പ്രതിസന്ധിയാണ് ഈ ചിത്രം പാകിസ്ഥാനില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഷൊയ്ബ് മന്‍സൂറിന്റെ വെര്‍ണ എന്ന സിനിമ പാകിസ്ഥാനില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ടീച്ചറായ ഒരു യുവതി ബലാത്സംഗത്തിന് ഇരയാകുന്നതാണ് ചിത്രം പറയുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷാരൂഖ് ഖാന്റെ റയീസിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മഹിറ ഖാനാണ്. ഈ ചിത്രം സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി ഇന്ത്യയില്‍ നേരിട്ട പോലുള്ള പ്രതിസന്ധിയാണ് പാകിസ്ഥാനില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അധ്യാപികയായ യുവതിയെ ബലാത്സംഗം ചെയ്യുന്നത് ഗവര്‍ണറുടെ മകനാണ് എന്നതാണ് ചിത്രം തടയപ്പെടാന്‍ കാരണമായത്. ജീവിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവില്ലാത്ത സാഹിത്യ ഇതിഹാസത്തിലെ കഥാപാത്രമായ രജപുത്ര രാജ്‌നി പദ്മാവതിയെ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദീന്‍ ഖില്‍ജിയുമായി ബന്ധപ്പെടുത്തിയത് ചരിത്രത്തിന്റെ വളച്ചൊടിക്കലും രജപുത്ര സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതും ആണ് എന്ന് ആരോപിച്ചാണ് പദ്മാവതി സിനിമക്കെതിരായ ആക്രമണം.

ഇന്ത്യ ഗവണ്മെന്റിന്‍റെ ആവിഷ്കാര ധ്വംസനത്തിന് ഇരയായ ചിത്രങ്ങളുടെ കൂട്ടത്തില്‍ സനല്‍കുമാര്‍ ശശിധരന്‍റെ മലയാള ചിത്രം എസ് ദുര്‍ഗയും (സെക്സി ദുര്‍ഗ) രവി ജാദവിന്‍റെ മറാത്തി ചിത്രം നൂഡും ഉള്‍പ്പെടും. ഇരു ചിത്രങ്ങളും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്ഐ) പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സനല്‍കുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ച് ചിത്രം ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുകൂല ഉത്തരവ് നേടി. എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്നതായി പരാതി കിട്ടി എന്ന് പറഞ്ഞ് സെന്‍സര്‍ഷിപ്പ് തന്നെ സെന്‍സര്‍ ബോര്‍ഡ് പിന്‍വലിച്ചു. ബിബിസിയില്‍ സീനിയര്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക ഫിഫി ഹാരോണ്‍ പദ്മാവതിയും വെര്‍ണയും നേരിട്ട പ്രതിസന്ധിയെക്കുറിച്ച് thewire.inല്‍ എഴുതിയിരിക്കുന്നു.

ലാഹോറില്‍ നിശ്ചയിച്ചിരുന്ന വെര്‍ണയുടെ പ്രീമിയര്‍ ഷോ അവസാനനിമിഷം എതിര്‍പ്പ് മൂലം റദ്ദാക്കി. ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡിന്റേതിന് സമാനമായ പേരുള്ള പാകിസ്ഥാനിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേര്‍സ് (സിബിഎഫ്‌സി) 12 കട്ടുകളാണ് ചിത്രത്തില്‍ നിര്‍ദ്ദേശിച്ചത്. എല്ലാം രാഷ്ട്രീയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം നിരാകരിച്ച സംവിധായകന്‍ ഷൊയ്ബ് മന്‍സൂര്‍ തീരുമാനത്തിനെതിരെ അപ്പാലറ്റ് റിവ്യൂ കൊടുത്തു. ട്വിറ്ററില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും ചിത്രത്തെ അനുകൂലിച്ചും പ്രചാരണം ശക്തമായി. അവസാനം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി.

വായനയ്ക്ക്: https://goo.gl/qvmna4

എന്നാല്‍ ഇന്ത്യയില്‍ രജപുത്ര സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് കര്‍ണിസേന എന്ന വര്‍ഗീയ സംഘടന ചിത്രത്തിന് നേരെ അക്രമമഴിച്ചുവിട്ടു. ബിജെപിയും കേന്ദ്രസര്‍ക്കാരും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചു. പ്രശ്‌നം സുപ്രീംകോടതിയിലെത്തി. ചിത്രത്തിന്റെ റിലീസ് തടയാനാവില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നിട്ടും പ്രദര്‍ശനാനുമതി കിട്ടിയിട്ടില്ല. സഞ്ജയ് ലീല ബന്‍സാലിക്ക് സിനിമയെടുത്തതിന്റെ പേരില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കേണ്ടി വന്നു. വെര്‍ണയെ പിന്തുണച്ച് പദ്മാവതിയെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണ്‍ രംഗത്തെത്തിയിരുന്നു.

ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യയെ പോലെ തന്നെ കുപ്രസിദ്ധി പാകിസ്ഥാനുമുണ്ട്. ഇരകളാക്കപ്പെടുന്നവരും അവരുടെ കുടുംബാംഗങ്ങളും നിശബ്ദരായി പോകുന്നതാണ് മിക്ക കേസുകളിലും കാണുക. വെര്‍ണ ബലാത്സംഗത്തിനിരയാകുന്ന സ്ത്രീയുടെ വ്യക്തിത്വവും പോരാട്ടവും ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രമാണ്. പദ്മാവതി എന്ന കഥാപാത്രം ബലാത്സംഗം ചെയ്യപ്പെടുമെന്ന ഭീതിയില്‍ രജപുത്രരുടെ ‘സവര്‍ണാഭിമാനം’ ഉയര്‍ത്തിപ്പിടിച്ച് ജീവനൊടുക്കുമ്പോള്‍ അതിര്‍ത്തിക്കപ്പുറമുള്ള വെര്‍ണ അനീതിക്കെതിരെ പോരാടുകയാണ് എന്ന വ്യത്യാസമുണ്ട്.

ബിജെപിയോ കോണ്‍ഗ്രസോ ആവട്ടെ, ആവിഷ്കാര സ്വാതന്ത്ര്യം അവര്‍ക്ക് മനസിലാകുന്ന ഒന്നല്ല

പദ്മാവതി, ദുര്‍ഗ്ഗ, ഹാദിയ, പാര്‍വ്വതി; നമ്മുടെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍