UPDATES

സിനിമ

പന്തിനെ സ്നേഹിച്ച പെൺകുട്ടി; മലപ്പുറത്തെ സംബന്ധിച്ചു ഇതൊരു കെട്ടുകഥയല്ല

ബാല താരം അബനിയുടെ ചലനങ്ങളിലെ സ്വാഭാവികതയും സ്മാര്‍ട്ട്നെസ്സും തന്നെയാണ് പന്ത് എന്ന സിനിമയുടെ പ്രധാന ഹൈലൈറ്റും

ശൈലന്‍

ശൈലന്‍

ഫുട്‌ബോളിനെ ജീവനെപ്പോലെ സ്നേഹിച്ച എട്ടുവയസുകാരി എന്നത് മലപ്പുറം ഗ്രാമങ്ങളെ സംബന്ധിച്ച് ഒരു കെട്ടുകഥയേ അല്ല. മെസ്സിയെയും ക്രിസ്ത്യാനോയെയും നെയ്മറെയും അവരാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആരാധിക്കുകയും അവരുടെ പേരെഴുതിയ ജേഴ്‌സി ഇട്ടുകൊണ്ട് നടക്കുകയും ചെയ്യുന്ന ആറു വയസുകാരികളെയും അഞ്ചു വയസുകാരികളെയും വരെ ഏറനാടൻ ഗ്രാമങ്ങളിൽ കണ്ടെത്താൻ കഴിയും. കാൽപ്പന്തുകളിയെ ജീവാത്മാവും പരമാത്മാവും മതവും വിശ്വാസപ്രമാണവുമായിക്കണ്ട് ആജീവനാന്തം ആരാധിക്കുന്ന ഒരു നാട്ടിലെ പുതുതലമുറയ്ക്ക് ആ ആവേശമെന്നാൽ സ്വാഭാവികം മാത്രമാണ്.

കാൽപന്തിനെയും പന്തുകളിയെയും ജീവനോളം സ്നേഹിച്ച ആമിന എന്ന എട്ടുുവയസുകാരിയുടെ കഥ ആണ് ആദി സംവിധാനം ചെയ്ത പന്ത് എന്ന പുതിയ മലയാളസിനിമ. കേൾക്കുമ്പോൾ ക്ളീഷേ എന്ന തോന്നാവുന്ന ഒരു വൺ ലൈൻ ആണെങ്കിലും സ്ക്രിപ്റ്റ് വെറും ആമിനയും ഫുട്‌ബോളും തമ്മിൽ ഉള്ള ഇടപാട് ആക്കിമാറ്റാതിരിക്കാൻ ശ്രദ്ധിച്ചിരിക്കുന്നു തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. സ്വതന്ത്രയായി കളിച്ചു നടക്കുന്ന എട്ടുവയസുകാരി ഗ്രാമീണ ബാലികയുടെ കണ്ണിൽ ചുറ്റുപാടും ഉള്ള ലോകവും ആളുകളും എങ്ങനെ വന്നുപോകുന്നുവെന്നത് ഡോക്യുമെന്റ് ചെയ്യുകയാണ് സിനിമ ചെയ്യുന്നത്.

ആമി ജീവിക്കുന്ന കണ്ണങ്കാവ് എന്ന ഗ്രാമത്തോടൊപ്പം നമ്മൾ ജീവിക്കുന്ന സമകാലീന ലോകത്തിന്റെ സാമൂഹ്യ പരിതോവസ്ഥകളും അതിലൂടെ അടയാളപ്പെട്ട് പോവുന്നുണ്ട്. അമ്പലത്തിനരികെ ശാഖാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തന്റെ കൂട്ടുകാരനെ കാണുന്ന ആമി അവന്റെ കാക്കി ട്രൗസർ കണ്ട്, അവൻ പോലീസാകാൻ പഠിക്കുകയാണോ എന്നാണ് തീർത്തും നിഷ്കളങ്കമായി ഒപ്പമുള്ള ഫൗസിയോട് ചോദിക്കുന്നത്.

കൊച്ചവ്വ പൗലോ അയ്യപ്പ കോയിലോ എന്ന സിദ്ധാർഥ് ശിവ സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി എന്ന മിടുക്കിക്കുട്ടിി ആണ് ആമിനയെ അവതരിപ്പിക്കുന്നത്. അബനിയുടെ ചലനങ്ങളിലെ സ്വാഭാവികതയും സ്മാര്‍ട്ട്നെസ്സും തന്നെയാണ് പന്ത് എന്ന സിനിമയുടെ പ്രധാന ഹൈലൈറ്റും.

ആമിയും ആമിയുടെ ഉമ്മയും ഉപ്പയുടെ ഉമ്മയും ഉമ്മയുടെ ഉമ്മയും വല്യുമ്മൂമ്മയും എല്ലാം അടങ്ങിയ ആമിയുടെ ഗാർഹിക അന്തരീക്ഷത്തെ സിനിമ വളരെ ലൈവായി പകർത്തിവച്ചിരിക്കുന്നു. സാധാരണ സിനിമകളിൽ ആണെങ്കിൽ കൗമാരക്കാരിയായി വന്നുപോകുമായിരുന്ന ഒരു പെൺകുട്ടി ആണ് ആമിയുടെ ഉമ്മയായി വരുന്നത്. അബനിയെ പോലെത്തന്നെ ലൈവായ ചലനങ്ങളും അവരുടേതും. ആമിയും വല്യ ഉമ്മൂമ്മയായ എൺപതുകാരി റാബിയ ബീഗവും തമ്മിലുള്ള ബന്ധമാണ് കുസൃതി നിറഞ്ഞ മറ്റൊരു ഐറ്റം.

ആമിയും ഉമ്മയും വീട്ടുകാരും കൂട്ടുകാരും അയൽക്കാരുമൊക്കെ തങ്ങളുടെ സംസാരഭാഷയെ കഴിയുന്നത്ര മലപ്പുറം തനിമയിലേക്ക് ചേർത്ത് നിർത്താൻ ശ്രമിച്ചിരിക്കുന്നു എന്നത് പന്തിന്റെ മറ്റൊരു സവിശേഷതയായി തോന്നി. മലപ്പുറംകാരായ സക്കറിയായും മുഹ്സിൻ പരാരിയും സുഡാനി ഫ്രം നൈജീരിയയിൽ കൈവരിച്ച പൂർണത ഒന്നും ഇക്കാര്യത്തിൽ പന്തിന് ഇല്ലെങ്കിലും പത്തനംതിട്ടക്കാരനായ ആദിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതിന്റെ ഒരു മാക്സിമം സാധ്യത സംഭാഷണങ്ങളിൽ കാണാനാവുന്നത് അപ്രതീക്ഷിതമാണ്.

ഇന്ദ്രൻസ്, അജു വർഗീസ്, ഇർഷാദ്, എസ് പി ശ്രീകുമാർ, സുധീർ കരമന, സുധീഷ്‌, വിജിലേഷ് തുടങ്ങി ഒരു സംഘം അഭിനേതാക്കൾ പന്തിൽ ഉണ്ട്. പേരറിയാത്ത ആമിയുടെ ഉമ്മയെയും ഉമ്മൂമ്മയെയും ഒക്കെ പ്രകടനം മാനദണ്ഡമാക്കി ഇവരുടെ ലിസ്റ്റിൽ മുകളിലായി എഴുതിച്ചേർക്കാം. സിനിമയിലെ സംഗീതവിഭാഗവും സമ്പുഷ്ടമാണ്.

പറയാനുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ അതിവൈകാരികമായി വലിച്ചു വാരിപ്പറയാതെ മിതത്വത്തോടെ മുന്നിലേക്ക് വച്ച് അന്തസ്സായി അവസാനിപ്പിച്ചു എന്നതും പന്തിന്റെ മറ്റൊരു മേന്മയാണ്.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍