UPDATES

സിനിമ

പറവ; താരഭാരമില്ലാതെ സ്വതന്ത്രമായി പറക്കുന്ന സിനിമ

കുറെ തരം സാധാരണമായ വൈകാരികതകളുടെ ഒരു കൂടിച്ചേരലാണ്‌ പറവ

അപര്‍ണ്ണ

അപര്‍ണ്ണ

സൗബിന്‍ ഷാഹിര്‍ വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ നടനാണ്. സംവിധാന സഹായിയായാണ് സൗബിന്‍ ആദ്യമായി സിനിമയിലെത്തുന്നത്. സൗബിന്റെ കന്നി സംവിധാന സംരംഭം എന്നതായിരുന്നു പറവയുടെ വലിയ കൗതുകം. ദുല്‍ഖറിന്റെ ലുക്കിനെക്കുറിച്ച് പടം ഇറങ്ങുന്നതിനു മുന്നേ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ദുല്‍ഖര്‍ സിനിമകളുടെ പതിവു തെറ്റിച്ച് വലിയ തോതിലുള്ള പ്രചാരണങ്ങളും പരസ്യങ്ങളും ഇല്ലാതെയാണ് പറവയുടെ റിലീസ്. തന്റേത് വളരെ കുറച്ചു നേരം മാത്രമുള്ള കാമിയോ റോളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ റിലീസിനു തൊട്ടു മുന്‍പ് അറിയിക്കുകയും ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാനു പുറമെ അബിയുടെ മകന്‍ ഷെയിന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍, സൈനുദ്ദീന്റെ മകന്‍ സിനില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഗ്രിഗറിയും സൗബിനും ശ്രീനാഥ് ഭാസിയും സ്രിന്ദയും ആണ് മറ്റു താരങ്ങള്‍. ഇവരൊക്കെയുള്ള ചിതറിപ്പോയ നരേറ്റീവിനെ മുന്നോട്ടു കൊണ്ടു പോകുന്നത് അമല്‍ ഷാ, ഗോവിന്ദ് എന്നീ കുട്ടിത്താരങ്ങളാണ്.

മലയാള സിനിമയിലെ സമീപകാല ട്രെന്‍ഡായ ‘ഇടം അടയാളപ്പെടുത്തലുകളുടെ’ തുടര്‍ച്ചയിലേക്കാണ് പറവയും പറന്നു തുടങ്ങുന്നത്. മട്ടാഞ്ചേരിയിലെ ഇടുങ്ങിയ ഇരുട്ടുള്ള ഇടവഴിയും ഷൈന്‍ ടോം ചാക്കോയുടെ ഗ്യാങ്ങും അത്തരമൊരു സൂചന തരുന്നു. പിന്നീട് മട്ടാഞ്ചേരിയുടെ സവിശേഷ വിനോദമായ പ്രാവു പറത്തല്‍ മത്സരത്തിലേക്ക് പറവയുടെ ഫോക്കസ് മാറുന്നു. ഒന്‍പതില്‍ തോറ്റ ഇര്‍ഷാദും (അമല്‍ ഷാ) പത്തിലേക്ക് ജയിച്ച ഹസീബും (ഗോവിന്ദ്) പ്രാവു പറത്തല്‍ മത്സരത്തിനായി പ്രാവുകളെ പോറ്റുന്ന സംഘത്തിലെ ചെറിയ കണ്ണികളാണ്. എന്തോ കൊടിയ ദുഃഖം പേറുന്നവരാണ് ഇച്ചാപ്പിയെന്ന് എല്ലാവരും ഓമനപ്പേരിട്ട് വിളിക്കുന്ന ഇര്‍ഷാദിന്റെ വീട്ടുകാര്‍. ആ വീടിനു മുകളിലാണ് പ്രാവു വളര്‍ത്തല്‍ സങ്കേതം. അതിനു തൊട്ടടുത്ത് ശത്രു പ്രാവുവളര്‍ത്തല്‍ ഗ്യാങ്ങുമുണ്ട്. ഇതിനിടയില്‍ യാദൃശ്ചികമായ ഒരു സന്ദര്‍ഭത്തില്‍ ഇച്ചാപ്പിയുടെ ചേട്ടന് (ഷെയ്ന്‍ നിഗം) ആ കുടുംബത്തിന്റെ, നാടിന്റെ ഒക്കെ നിശബ്ദതയ്ക്കു കാരണമായ ഒരു ദുരന്തത്തെ ഓര്‍ക്കേണ്ടി വരുന്നു. ഇമ്രാനും (ദുല്‍ഖര്‍ സല്‍മാന്‍) ഷെയ്നും അടങ്ങുന്ന ആ നാട്ടിലെ പ്രിയപ്പെട്ട ചെറുപ്പക്കാരുടെ ‘നല്ല കാലവും’ അപ്രതീക്ഷിതമായി ആ ഗ്യാങ്ങിനു സംഭവിച്ച തീരാ നഷ്ടവും ഇന്നും മറക്കാതെ പേറുന്നവരാണ് ആ നാട്ടുകാര്‍. അവരുടെ ഭൂത, വര്‍ത്തമാനങ്ങളുടെ കഥയാണ് പറവ പറയുന്നത്.

"</p

പീജിയണ്‍ റേസ് അഥവാ പ്രാവു പറത്തലിലൂടെ മട്ടാഞ്ചേരിയുടെ അധികമാരും അറിയാത്ത ഒരു ഇടത്തെ പറ്റിയാണ് സിനിമ പറയുന്നത്. പ്രാവ് വ്യത്യസ്ത കാലങ്ങളെ, വൈകാരികതകളെ ഒക്കെ പറ്റി പറയുന്ന ഒരു പ്രതീകമാകുന്നു. മനുഷ്യരും ഇതര ജീവജാലങ്ങളും തമ്മിലുള്ള ഇഴയടുപ്പം മലയാള സിനിമ ഒട്ടും സ്പര്‍ശിക്കാത്ത ഒരിടമാണ്. വളരെ ലളിതമായി സൗബിന്‍ ഈ ഇടത്തെ തൊട്ടുപോവുന്നു. ഒരര്‍ത്ഥത്തില്‍ തന്റെ ഇണയെ തേടി അലയുന്ന പ്രാവിന്റെ കഥ കൂടിയാണ് പറവ. മട്ടാഞ്ചേരി സ്റ്റീരിയോ ടൈപ്പിങ്ങിനെ മറികടന്ന് ആ ഇടത്തെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് പറവ. വളരെ സാധാരണക്കാരായി ജീവിച്ച് മരിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ, പറവകളുടെ കൂടി നാടാണ് മട്ടാഞ്ചേരി എന്ന് സിനിമ പറയുന്നു. കൗമാര കൗതുകങ്ങളെ ദ്വയാര്‍ത്ഥങ്ങളില്‍ നിന്നു സ്വതന്ത്രമാക്കി, അതാക്കിത്തന്നെ വെറുതെ പറക്കാന്‍ വിടുക കൂടി ചെയ്യുന്നുണ്ട് പറവ. ചിതറിത്തെറിച്ച മനുഷ്യര്‍ക്കും കാലങ്ങള്‍ക്കുമിടയില്‍ സ്വന്തം മോഹഭംഗങ്ങള്‍ പേറി നടക്കുന്ന പ്രാവുകള്‍ സിനിമയിലുടനീളം കൗതുക കാഴ്ചയാണ്.

നായകന്‍, വില്ലന്‍, കൊമേഡിയന്‍ എന്നൊക്കെയുള്ള പതിവു വേര്‍തിരിവുകളില്‍ നിന്നും മുക്തമാണ് പറവ. അതു കൊണ്ടു തന്നെ ‘കുഞ്ഞിക്ക’ ആരാധകര്‍ ഈ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമാണ്. അയാള്‍ സിനിമയുടെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്. ഇത്തരമൊരു റോളില്‍ ദുല്‍ഖര്‍ സല്‍മാനെ കാണുന്നത് ആദ്യമായാണ്. ഹെവി ഫൈറ്റ്, പഞ്ച് ഡയലോഗ്, ട്രെന്‍ഡി ഔട്ട്‌ലുക്ക് ഒന്നും സിനിമയിലില്ല. ആരും പൂര്‍ണമായി വിജയിക്കുന്ന അടി തടകളുമില്ല. പതിവു പാറ്റേണുകളില്‍ ചിലതിനെയെങ്കിലും, തിരുത്താന്‍ വേണ്ടിയല്ലാതെ സ്വാഭാവികമായി തിരുത്തുന്നതാണ് പറവയിലും സൗബിനിലും പ്രതീക്ഷ ഉണ്ടാക്കുന്ന കാഴ്ച.

"</p

മൂന്നു തലമുറകളിലെ സുഹൃദ് ഗ്യാങ്ങുകളുടെ കൂടി കഥയാണ് പറവ. ആണ്‍ സൗഹൃദങ്ങളുടെ പതിവു കാഴ്ചകള്‍ തന്നെയാണെങ്കിലും അതിനായി ഉപയോഗിച്ച കണക്റ്റിങ്ങ് ഒബ്ജക്റ്റുകള്‍ക്കു പുതുമയുണ്ട്. ഒരു പ്രത്യേകതകളുമില്ലാത്ത സാധാരണ മനുഷ്യരും പ്രാവുകളുമാണ് കഥയെ നയിക്കുന്നത്. ഏതാണ്ട് നൂറു ദിവസത്തോളം നീണ്ട ഷൂട്ടിങ്ങും പ്രാവു പറത്തലില്‍ സവിശേഷ ട്രെയിനിങ്ങ് നേടിയ കുട്ടികളും വെറുതെയായില്ല എന്നു സിനിമ തെളിയിക്കുന്നു. ഹാസ്യത്തിനും സംഭാഷണങ്ങള്‍ക്കും സ്വാഭാവികതയുണ്ട്. സ്‌കൂള്‍ പ്രണയവും സ്ത്രീ കഥാപാത്രങ്ങളും പക്ഷെ പതിവു മലയാള സിനിമ ക്ലീഷേകളായി ചുരുങ്ങി. സ്‌കൂള്‍ കാലം കഴിയും മുന്‍പെ കല്യാണം കഴിഞ്ഞ പെണ്‍കുട്ടി പക്ഷെ ഒരിടത്ത് ആ ക്ലീഷേയെ മറികടക്കുന്നുണ്ട്. ഒന്നാം പകുതിയിലെ ചടുലത രണ്ടാം പകുതിയില്‍ ചിലയിടങ്ങളില്‍ കൈമോശം വരുന്നു. വലിയ സാധ്യതകള്‍ ഉള്ള ബില്‍ഡപ്പുകള്‍ക്ക് ശേഷം ചില കഥാപാത്രങ്ങള്‍ക്ക് സ്‌പേസ് നല്‍കിയില്ല. ഇന്ദ്രന്‍സിന്റെ കഥാപാത്രം ഉദാഹരണമാണ്. ലിറ്റില്‍ സ്വയബ് എന്ന പുതുമുഖ സിനിമാട്ടോഗ്രാഫറുടെ ക്യാമറയും റെക്‌സ് വിജയന്റെ പശ്ചാത്തല സംഗീതവും കൈയ്യടി അര്‍ഹിക്കുന്നു.

കുറെ തരം സാധാരണമായ വൈകാരികതകളുടെ ഒരു കൂടിച്ചേരലാണ്‌ പറവ. താരങ്ങളെ പൂര്‍ണ്ണമായും മറികടന്ന സിനിമ. ആ അര്‍ത്ഥത്തില്‍ വ്യത്യസ്തമായ ആസ്വാദനം സാധ്യമാക്കുന്ന ഒന്നാണ് പറവ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍