UPDATES

സിനിമ

അജിത്‌ പൂജപ്പുര/ അഭിമുഖം; സഖാവ് അലക്‌സിനെ പരോളില്‍ ഇറക്കിയ ജയില്‍ വാര്‍ഡന്‍

ഒരിക്കല്‍ ഞാന്‍ അയാളോട് പറഞ്ഞു, നിനക്ക് പരോള്‍ ആയെന്ന്. അന്നയാളുടെ സന്തോഷാധിക്യത്താല്‍ മുഖത്തു വന്ന മിന്നലാട്ടം, ഭാവപ്പകര്‍ച്ച, അത് ഞാന്‍ ശ്രദ്ധിച്ചു. ആ വൈകാരികത എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു

അനു ചന്ദ്ര

അനു ചന്ദ്ര

ആന്റണി ഡിക്രൂസ് നിര്‍മ്മിച്ച് നവാഗതനായ ശരത് സന്തിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് പരോള്‍. ഒരു കുറ്റവാളിയുടെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട കഥപറയുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അജിത്‌ പൂജപ്പുരയാണ്. ജയിലില്‍ സേവനമനുഷ്ഠിച്ച അജിത് പൂജപ്പുര ഈ കഥയിലേക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് അഴിമുഖത്തോട് സംസാരിക്കുന്നു.

യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി ചെയ്ത സിനിമയാണ് പരോള്‍. ഞാന്‍ ജയില്‍ വാര്‍ഡന്‍ ആയി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് ഓരോ ദിവസവും ഓരോ ബ്ലോക്കുകളില്‍ ആയിരിക്കും ഡ്യൂട്ടി. ദിവസവും ഓരോ തടവറകളിലെയും വ്യത്യസ്തരായ അന്തേവാസികളെയാണ് കാണുന്നത്. ചിലര്‍ കുറ്റം ചെയ്തവരാകാം, ചിലര്‍ നിരപരാധികളാകാം. അങ്ങനെ പല തരത്തിലുള്ളവര്‍. അവിടെ കാണുന്ന ഓരോ കുറ്റവാളിയും ഓരോ കഥാപാത്രങ്ങളായാണ് എന്റെ മനസില്‍ വരാറുള്ളത്. ആ കൂട്ടത്തില്‍ എന്റെ നായകനും ഉണ്ടായിരുന്നു.

നമ്മള്‍ എപ്പോഴും പറയാറുണ്ട് ഓരോ ആളുകള്‍ ജനിക്കുമ്പോള്‍ വിധിയും കൂടെ ജനിക്കുന്നു എന്ന്. എന്റെ നായകനും അത് പോലെയായിരുന്നു. പൂജപ്പര സെന്‍ട്രല്‍ ജയിലില്‍ ഒരു ജീവപര്യന്ത തടവുകാരന്‍ ആയിരുന്നു അയാള്‍. നാട്ടിന്‍പുറത്തുകാരനായ ഒരു കര്‍ഷകന്‍. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍. കുടുംബവുമായി സന്തോഷത്തോടെ കഴിയുന്ന അയാളുടെ ജീവിതം മാറി മറയുന്നതും അയാള്‍ കുറ്റവാളിയായി മാറുന്നതും ജയിലില്‍ എത്തുന്നതും എല്ലാം പെട്ടെന്നായിരുന്നു. ജീവിതത്തിനു മുന്‍പില്‍ വിധി വിലങ്ങായപ്പോള്‍ കുടുംബത്തെ സ്വന്തം ചിറകിന് കീഴിലാക്കി സംരക്ഷിച്ചു കൊണ്ട് വിധിക്ക് മുന്‍പില്‍ കീഴടങ്ങാന്‍ അദ്ദേഹം തയാറായി. ഒരു സെല്ലിനകത്തെ ചുമരില്‍ ചാരി പുറം ലോകത്തെ വെളിച്ചം സ്വപ്‌നം കണ്ടിരിക്കുന്ന ആ മനുഷ്യനെ ഞാന്‍ പലപ്പോഴും കണ്ടു. കാണുമ്പോള്‍ എല്ലാം ചിരിച്ചു കൊണ്ട് ചോദിക്കും; എന്താ സാറേ സുഖമാണോ എന്ന്. തിരിച്ചു അയാളോട് അതേ ചോദ്യം ചോദിക്കുമ്പോള്‍ ആ കണ്ണുകളില്‍ നനവ് വീഴും. നനവില്‍ വലിയ ഒരു സങ്കടപുഴ തനെയുണ്ട്. അങ്ങനെ ഒരിക്കല്‍ ഞാന്‍ അയാളോട് പറഞ്ഞു, നിനക്ക് പരോള്‍ ആയെന്ന്. അന്നയാളുടെ സന്തോഷാധിക്യത്താല്‍ മുഖത്തു വന്ന മിന്നലാട്ടം, ഭാവപ്പകര്‍ച്ച, അത് ഞാന്‍ ശ്രദ്ധിച്ചു. ആ വൈകാരികത എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.

"</p

അതിനെ കുറിച്ച് കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒന്നെനിക്ക് മനസിലായി, ഇത്രയും കരുത്തുറ്റ കഥാപാത്രം ചെയാന്‍, വൈകാരികതകളെ പകര്‍ന്നാടാന്‍ മമ്മൂട്ടി എന്ന നടനെ സാധിക്കൂ എന്ന്. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിലേക്ക് എത്തുന്നത്. നാല് വര്‍ഷം ഞാന്‍ കാത്തിരുന്നു മമ്മൂട്ടി എന്ന ഒരു മഹാപ്രതിഭക്ക് വേണ്ടി, അങ്ങനെ അവിടെ എത്താന്‍ കഴിഞ്ഞു. അദേഹം കഥ കേട്ടു, വികാരനിര്‍ഭരമായ വശങ്ങള്‍ കേട്ടു. ഒടുവില്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. മാത്രമല്ല, ഇതിന്റെ സംവിധായകന്‍ ശരത് അദ്ദേഹത്തെ വെച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യങ്ങള്‍ ചെയ്യാറുണ്ടായിരുന്നു .15 വര്‍ഷത്തോളമായി അവര്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. അങ്ങനെ ശരത് സാറില്‍ ഉള്ള വിശ്വാസവും ഈ കഥയോടുള്ള താല്‍പര്യവും മമ്മൂക്കയെ ഈ സിനിമയുമായി അടുപ്പിച്ചു. മതിലുകള്‍, നിറക്കൂട്ട്, യാത്ര തുടങ്ങിയ മമ്മൂക്കയുടെ ഹിറ്റ് സിനിമകള്‍ എല്ലാം ജയിലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞുപോയ കഥകളാണ്. ഇതും അത്തരമൊരു വിജയമാകുമെന്ന് തന്നെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. പിന്നെ ഈ സിനിമയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ യാത്ര സിനിമയില്‍ മമ്മൂക്ക തടവുകാരനായി അഭിനയിച്ചിട്ട് ഏതാണ്ട് 35 വര്‍ഷത്തോളമാകുന്നു. അതിനുശേഷം ഇതാദ്യമായാണ് അതേ തടവറയില്‍ അദ്ദേഹം ജയില്‍പ്പുള്ളിയായി വീണ്ടും അഭിനയിക്കാനെത്തുന്നത്. യാത്ര ഷൂട്ട് ചെയ്ത അതേ ജയിലില്‍ തന്നെയാണ് ഞങ്ങളുടെ ഈ സിനിമയില്‍ ഷൂട്ട് ചെയ്തത്. നായിക ഇനിയ ആണ്. മറ്റൊരു നായിക മിയയും.

മലയാള സിനിമയ്ക്ക് ഒരു വസന്തകാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ലെന്നല്ല. പക്ഷേ ഈ സിനിമ ആ കാലഘട്ടത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് തന്നെയാണ്. ഈ സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഇതിലെ അലക്‌സ് എന്ന കഥാപാത്രം നിങ്ങളുടെ മനസ്സില്‍ ഒരു നൊമ്പരമായി അവശേഷിക്കും. തീര്‍ച്ച. ‘അങ്ങനെ തന്നെ നേതാവേ അഞ്ചട്ടെണ്ണം പിന്നാലെ’ എന്ന സിനിമ ഞാന്‍ രചന നിര്‍വഹിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ തിരക്കഥാകൃത്ത് മാത്രമാകുന്നു. എല്ലാം സ്വാഭാവികമായുള്ള സഞ്ചാരമാണ്. സിനിമ ഇനിയും സംവിധാനം ചെയ്യും. അതിനു മുമ്പ് ഒന്നു രണ്ടു തിരക്കഥകള്‍ കൂടി എഴുതാനുണ്ട്.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍