UPDATES

സുജയ് രാധാകൃഷ്ണന്‍

കാഴ്ചപ്പാട്

Optical Illusions

സുജയ് രാധാകൃഷ്ണന്‍

സിനിമ

തരാതരം പോലെ നിറങ്ങളും വേഷങ്ങളും മാറുന്ന ഈ കാലത്ത് എന്തുകൊണ്ട് ഗോവിന്ദ് നിഹലാനിയുടെ ‘പാര്‍ടി’ കാണണം

സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ കലാകാരന്മാരും എഴുത്തുകാരും അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇരട്ട വ്യക്തിത്വം സാദ്ധ്യമാണോ?

വൈകുന്നേരം ദമയന്തി റാണെയുടെ വീട്ടില്‍ പാര്‍ടി തുടങ്ങുകയാണ്. പ്രമുഖ നാടകകൃത്ത് ദിവാകര്‍ ബര്‍വേയുടെ പുരസ്കാര നേട്ടം ആഘോഷിക്കാനാണ് പാര്‍ടി. എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളും ഉള്‍പ്പടെ ഉപരി-മദ്ധ്യവര്‍ഗങ്ങളില്‍ പെട്ട പല സ്വഭാവത്തിലുള്ള മനുഷ്യര്‍ പാര്‍ടിക്കെത്തുന്നുണ്ട്. അവരില്‍ മാര്‍ക്സിസ്റ്റ്‌ ലേബല്‍ ഉള്ളവരുള്‍പ്പടെയുള്ള ദന്തഗോപുര വാസികളുണ്ട്, കടുത്ത ലൈംഗിക അസംതൃപ്തി ഉള്ളവരും വിടന്മാരുമുണ്ട്‌, ക്ഷണിക്കപ്പെടാത്തവരുമുണ്ട് – ഇവരുടെയെല്ലാം കാപട്യം നിറഞ്ഞ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് പാര്‍ടി. ഇത്തരത്തില്‍ പാര്‍ടി പുരോഗമിക്കുന്നു.

സിനിമയുടെ അവസാന രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന കവി അമൃത്, മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ തുടക്കം മുതല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എഴുത്തുകാരും കലാകാരന്മാരും പുലര്‍ത്തേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ചൂടേറിയ ചര്‍ച്ചയും വാദ-പ്രതിവാദവും നടക്കുന്നു. കല കലക്ക് വേണ്ടി, കല സമൂഹത്തിനു വേണ്ടി, കാലങ്ങളായി തുടരുന്ന ഈ ചര്‍ച്ചയുടെ തുടര്‍ച്ച തന്നെ ഇവിടെയും.

സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ കലാകാരന്മാരും എഴുത്തുകാരും അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇരട്ട വ്യക്തിത്വം സാദ്ധ്യമാണോ? സാംസ്‌കാരിക പ്രവര്‍ത്തകന്‍ / പ്രവര്‍ത്തക ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഭാഗമായിരിക്കേണ്ടത് അനിവാര്യമല്ലെങ്കിലും രാഷ്ട്രീയ പ്രക്രിയയെ, ജനകീയ പ്രക്ഷോഭങ്ങളെ, പ്രതിഷേധങ്ങളെ, ചൂഷണങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളെ, സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ ജാഗ്രതകളെ ഒക്കെ അവഗണിക്കാന്‍ കഴിയുമോ? വൈയക്തികമായ സംഘര്‍ഷങ്ങളില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും അസ്വസ്ഥരാക്കുകയും അവരുടെ ഉറക്കം കെടുത്തുകയുമാണ് അമൃത്.

അരങ്ങിലെ അതുല്യ പ്രകടനം നടത്തി, ആരാധകരുടെ കണ്ണ് നിറച്ച് നടന്‍ വീണ്ടും അഭിനയിക്കാന്‍ പോവുകയാണ്. കഥാപാത്രത്തെ അരങ്ങിലുപേക്ഷിച്ച് കൂടുതല്‍ മികച്ച അഭിനയം കാഴ്ചവയ്ക്കാനായി നടന്‍ രവീന്ദ്ര, ദമയന്തി റാണെയുടെ പാര്‍ടിക്കെത്തുന്നു. താങ്കള്‍ ഈ കഥാപാത്രത്തിനായി ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടായിരിക്കുമല്ലേ എന്ന ആരാധികയുടെ ചോദ്യത്തിന് ഞാന്‍ അല്ല, എന്റെ കഥാപാത്രമാണ് വേദനിക്കുന്നത് എന്നാണ് മഹാനടന്റെ സത്യസന്ധമായ മറുപടി. കലാകാരന്മാരുടെ, എഴുത്തുകാരുടെ സാമൂഹ്യപ്രതിബദ്ധത, ഉത്തരവാദിത്തം ഇതെല്ലാം പലപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വലിയ ചര്‍ച്ചകള്‍ക്കും വിധേയമായിട്ടുണ്ട്. പുരസ്‌കാരങ്ങളെ പറ്റി, അംഗീകാരങ്ങളെ പറ്റി വേവലാതിയില്ലാത്ത, വിപണിയിലെ സ്ഥാനങ്ങളെ പറ്റിയുള്ള ആശങ്കകള്‍ മാറ്റിവച്ച് സത്യസന്ധമായി പ്രതികരിക്കാന്‍ കഴിയാത്തവരുടെ പ്രതിരൂപങ്ങളാണ് പാര്‍ടിയിലെ കഥാപാത്രങ്ങള്‍.

ഗോവിന്ദ് നിഹലാനിയും മഹേഷ് എല്‍കുഞ്ച്വറും വസന്ത് ദേവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഓം പുരി, അമരീഷ് പുരി, രോഹിണി ഹട്ടംഗഡി, ദീപ സാഹി, മനോഹര്‍ സിംഗ്, വിജയ മേത്ത, കെകെ റെയ്ന, ഷാഫി ഇനാംദാര്‍, സോണി റസ്ദാന്‍, മോഹന്‍ ഭണ്ഡാരി, ഇള അരുണ്‍ തുടങ്ങിയവരാണ് പാര്‍ട്ടിയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം തുടക്കം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, എല്ലാവരുടേയും ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടുന്ന കവി അമൃതിന്റെ ചോരപുരണ്ട മുഖം അവസാനം മാത്രമാണ് കാണുന്നത്. അയാള്‍ക്ക് നസറുദ്ദീന്‍ ഷായുടെ മുഖമാണ്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ കസ്തൂര്‍ബയെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി രോഹിണി ഹട്ടംഗഡിയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഈ സിനിമയിലെ അഭിനയത്തിലൂടെ ലഭിച്ചു.

സോഷ്യല്‍ മീഡിയ കാലം പക്ഷം പിടിക്കാനും നിലപാടുകള്‍ പ്രഖ്യാപിക്കാനും കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ വിശാലമായ ഇടവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. എന്നാല്‍ പ്രൊഫഷണലായ താല്‍പര്യങ്ങളും വിപണി താല്‍പര്യങ്ങളും അവഗണിക്കാനും പൂര്‍ണമായും എല്ലാവര്‍ക്കും കഴിയണമെന്നില്ല. എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതിന്റേയോ നിലപാടുകള്‍ പ്രഖ്യാപിക്കേണ്ടതിന്റേയോ ആവശ്യം ആര്‍ക്കുമില്ല താനും. എന്റെ നിറം കാവിയല്ല എന്ന് പറയാന്‍ നടന് അവകാശമുള്ളത് പോലെ വനിതാ മതിലിനൊപ്പം ഞാനുമുണ്ട് എന്ന് പ്രഖ്യാപിച്ച ശേഷം എനിക്ക് കലയുടെ രാഷ്ട്രീയം മാത്രമേയുള്ളൂ എന്നും കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയമില്ലെന്നും അതുകൊണ്ട് തല്‍ക്കാലം ഈ മതിലിനൊപ്പമില്ലെന്നും പറയാന്‍ നടിക്കും അവകാശമുണ്ട്.

ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിതം ദുസഹമായിരിക്കുന്നു എന്ന് പറഞ്ഞ ശേഷം പിന്നീട് അത് പിന്‍വലിക്കാന്‍ നടന് അവകാശമുണ്ട്. നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി മോദിക്ക് സല്യൂട്ട് നല്‍കിയ ശേഷം പിന്നീട് അത് തെറ്റായിപ്പോയി എന്ന് പറയാനും വീണ്ടും മോദിയെ പുകഴ്ത്താനും വീണ്ടും വിമര്‍ശിക്കാനുമെല്ലാം നടന് അവകാശമുണ്ട്. മനുഷ്യരെ വിഭജിക്കുന്നതിനേയും ഭിന്നിപ്പിക്കുന്നതിനേയും എതിര്‍ത്ത സാദത്ത് ഹസന്‍ മന്റോയെക്കുറിച്ചും ഇത് ശക്തമായി ചെയ്തുകൊണ്ടിരുന്ന ബാല്‍ താക്കറേയേയും അവതരിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളാനും ഇവരെ രണ്ട് പേരേയും പുകഴ്ത്താനും നടന് അവകാശമുണ്ട്. പക്ഷെ ഒന്നുണ്ട്, ഇവരെല്ലാം ഗോവിന്ദ് നിഹലാനിയുടെ പാര്‍ട്ടി കാണണം. പലര്‍ക്കും സ്വയംവിമര്‍ശനം നടത്താന്‍ ഈ സിനിമ സഹായകമായേക്കും.

ആര്‍ട്ടിസ്റ്റില്‍ നിന്ന് കലയെ വേര്‍തിരിക്കുക (separating art from the artist) തുടങ്ങിയ ചര്‍ച്ചകളെല്ലാം സജീവമായ കാലത്ത്, എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ ശക്തമായ ഈ മോബ് ലിഞ്ചിംഗ് കാലത്ത്, കലയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് ഗോവിന്ദ് നിഹലാനിയുടെ ‘പാര്‍ടി’, വീണ്ടും കാണേണ്ട സിനിമയാണ്. നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പ്രകടനങ്ങള്‍ തരാതരം പോലെ നിറങ്ങളും വേഷങ്ങളും മാറുന്ന കാലത്ത് കലാകാരന്മാരും എഴുത്തുകാരും അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ‘പാര്‍ടി’ കാണണം. കണ്ടവര്‍ക്ക് വീണ്ടും കാണാവുന്നതാണ്. അമൃത് അതിജീവന പോരാട്ടം നടത്തുന്ന ആദിവാസികള്‍ക്കൊപ്പമാണ്. സുരക്ഷിതമേഖലകളില്‍ നിന്ന് അയാള്‍ അപകടം പിടിച്ച മനുഷ്യജീവിതങ്ങള്‍ക്കൊപ്പം രക്ഷപ്പെട്ട് കഴിഞ്ഞു. എല്ലാവര്‍ക്കും അമൃത് ആകാന്‍ കഴിയില്ല. എന്നാല്‍ മറ്റ് പലരും ആകാതിരിക്കാം.

പാര്‍ടി – എന്‍ എഫ് ഡി സി പ്രൊമോ വീഡിയോ:

ഇന്ദിരയുടെ കാലത്തെ സഞ്ജയ് എന്ന ഇന്ത്യന്‍ യുവാവ്; അടിയന്തരാവസ്ഥ പ്രവചിച്ച അവതാര്‍ കൃഷ്ണ കൗളിന്റെ ’27 ഡൗണ്‍’

സ്വപ്നങ്ങളുടെ കുതിര സവാരി: ജാതി, വര്‍ഗ ബന്ധങ്ങളുടെ സൂക്ഷ്മ വിശകലനം; ഒരു ഗിരീഷ് കാസറവള്ളി സിനിമ

‘ജനശത്രു’ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍