UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

ഉയരെ പാര്‍വതി; മലയാളി കാണേണ്ട സിനിമ

സ്ത്രീകൾക്ക് നേരെയുള്ള ആസിഡ് ആക്രമണം ഇന്ത്യയിൽ നിരന്തരം വാർത്തയാവുന്ന ഒന്നാണ്

അപര്‍ണ്ണ

പതിനാലു വർഷമാണ് പാർവതിയുടെ ഇതുവരെയുള്ള സിനിമാ കരിയറിന്റെ ദൂരം. ചെയ്തതിൽ അധികവും ശ്രദ്ധേയമായ കഥാപാത്രങ്ങൾ. ഒരിടവേളയ്ക്ക് ശേഷം സ്ത്രീ കഥാപാത്രങ്ങൾ ചുമലിലേറ്റുന്ന സിനിമകൾ എന്ന വെല്ലുവിളി, കുറെ സംവിധായകരെങ്കിലും ഏറ്റെടുത്തത് പാർവതിയെ കൂടി മുന്നിൽ കണ്ടായിരുന്നു. പിന്നീട് നവതരംഗ സിനിമകൾ എന്ന് വിളിപ്പേരുള്ള സിനിമകൾ പിന്തുടരുന്ന സ്ത്രീ പാത്രനിർമിതിയുടെ മാതൃകയ്ക്ക് കുറെയൊക്കെ തുടക്കമായത് പാർവതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ കൂടി ആയിരുന്നു.

എന്നാല്‍ ഇങ്ങനെയൊരു അടയാളപ്പെടുത്തലാണോ പാർവതിക്കു കിട്ടിയത് എന്ന് ചോദിച്ചാൽ അല്ലെന്നു പറയേണ്ടി വരും. ചലച്ചിത്രമേളക്കിടയിൽ ഒരു ഓപ്പൺ ഫോറത്തിലെ ഒറ്റ വാചകം അവർക്കു നേടിക്കൊടുത്തത് ക്രൂരമായ വെർച്വല്‍ റേപ്പും സിനിമാ ബഹിഷ്കരണാഹ്വാനങ്ങളും വരെ. അവർ അവരുടെ അഭിപ്രായങ്ങൾ മാറ്റിയില്ല, മാപ്പു പറഞ്ഞില്ല, സിനിമാഭിനയം എന്ന തന്റെ തൊഴിൽ തുടർന്നു. ഇപ്പോഴും അരക്ഷിതരും സംഘടിതരുമായ ‘പാർവതി വിരുദ്ധ പോരാളികൾ’ നടത്തുന്ന ബഹിഷ്കരണ, തെറിവിളി യജ്ഞങ്ങൾക്കിടയിലാണ് അവർ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ സിനിമ ‘ഉയരെ’ റിലീസ് ആകുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അവർ സ്‌ക്രീനിൽ എത്തുന്നത്. നവാഗതനായ മനു അശോകന്റെ ഉയരെയിലെ കേന്ദ്ര കഥാപാത്രമായ പല്ലവി രവീന്ദ്രൻ ആയിട്ടാണ് പാർവതി ഇത്തവണ സ്‌ക്രീനിൽ. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ, അതില്‍ പാര്‍വതി കേന്ദ്രകഥാപാത്രം എന്ന വൺലൈൻ മുതൽ സിനിമ കേരളം കാത്തിരിക്കുന്ന ഒന്നായി. കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം ബോബി – സഞ്ജയ് ടീമിന്റെ തിരക്കഥ ആയിരുന്നു സിനിമയുടെ മറ്റൊരു ആകർഷണം. പാർവതിക്കൊപ്പം ആസിഫ് അലിയും ടൊവീനോയും സിദ്ധിക്കും അനാർക്കലി മരക്കാരും പ്രതാപ് പോത്തനുമൊക്കെ പ്രധാന കഥാപാത്രങ്ങൾ ആകുന്നു.

സിനിമയുടെ ട്രെയിലർ കണ്ടവർക്കോ സിനിമയുടെ വൺലൈൻ വായിച്ചവർക്കോ ഒക്കെ അറിയാം സിനിമയുടെ മുഖ്യ കഥാഗതി. ഒരു ആസിഡ് ആക്രമണം അതിജീവിച്ച പല്ലവി എന്ന പൈലറ്റ് ട്രെയിനിയെ ചുറ്റിപ്പറ്റിയാണ് സിനിമ ഭൂരിഭാഗം കാണികൾക്കും അറിയുന്ന പോലെ മുന്നോട്ട് നീങ്ങുന്നത്. ഇതിനു വേണ്ടി പാർവതിയും സിനിമയുടെ അണിയറ പ്രവർത്തകരും നടത്തിയ ശ്രമങ്ങൾ കുറെ കാലങ്ങളായി നമ്മൾ കേൾക്കുന്നതുമാണ്. നീ മുകിലോ എന്ന ഗാനത്തിന്റെ വീഡിയോ, കഥ പുരോഗമിക്കുന്ന രീതിയെ കുറിച്ച് വ്യക്തമായ ധാരണകൾ റിലീസിന് മുന്നേ കാണികളിൽ ഉണ്ടാക്കി കൊടുത്തിരുന്നു. പാർവതിയുടെ പുറത്തു വിടാത്ത ലുക്കിലും ഈ കഥാഗതിയെ കൊണ്ടു പോകുന്ന ക്രാഫ്റ്റിലും പിന്നെ തിരക്കഥ കൊണ്ട് ഉണ്ടാക്കാവുന്ന മാജിക്കിലും ഒക്കെയാണ് സിനിമയുടെ സാധ്യതകൾ ബാക്കി ഉണ്ടായിരുന്നത്. ഒരു ഫീൽ ഗുഡ് ഇൻസ്പയറിങ് മാതൃക ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥകളിൽ എല്ലാം ഏറിയും കുറഞ്ഞും കാണാം. ഉയരേയും അത്തരം ഒരു ഴോണർ പടം എന്നൊക്കെ ഒറ്റ വാക്കിൽ പറയാം.

വളരെ ചെറുപ്പം മുതലേ പൈലറ്റ് ആകാൻ ആഗ്രഹിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ആളാണ് പല്ലവി. വളരെ കരുതലുള്ള അച്ഛനും ഏറ്റവും അരക്ഷിതമായ പ്രണയിയുമാണ് അവളുടെ ലോകം. പ്രണയത്തിലെ ആശയ കുഴപ്പങ്ങൾ മുഴുവൻ പേറിയാണ് പല്ലവി മുംബൈയിലേക്ക് പൈലറ്റ് ട്രെയിനിങ് കോഴ്സിന് പോകുന്നത്. തന്റെ സ്വപ്നങ്ങളെ തേടി പോയതിന്റെ സന്തോഷവും പ്രണയം നൽകിയ അതിജീവന പ്രശ്നങ്ങളും എല്ലാമാണ് അവളെ അവിടെ നയിക്കുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ആക്രമണം അവളുടെ ജീവിതത്തെ മാറ്റുന്നു. അവിടെ നിന്നും അതിജീവിക്കാൻ പല്ലവി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് കൊണ്ട് നീങ്ങുന്നത്. ഇത് പല്ലവിയെയും അവൾക്കു ചുറ്റുമുള്ളവരെയും അവൾ അപ്രതീക്ഷിതമായി കാണുന്നവരെയും ഒക്കെ എങ്ങനെ ബാധിക്കുന്നു എന്നും സിനിമ അന്വേഷിക്കുന്നു.

സ്ത്രീകൾക്ക് നേരെയുള്ള ആസിഡ് ആക്രമണം ഇന്ത്യയിൽ നിരന്തരം വാർത്തയാവുന്ന ഒന്നാണ്. കൂടുതലും പ്രണയനിരാസത്തിന്റെ പ്രതികാരമാണെങ്കിൽ ഇടയ്ക്ക് പെണ്മക്കളായി പിറന്നത് കൊണ്ട് അച്ഛൻ ആസിഡ് മുഖത്തൊഴിച്ച വാർത്തയും കണ്ടിരുന്നു. ഷീറോസ് കഫെ പോലുള്ള അവരുടെ നിരവധി അതിജീവന പോരാട്ടങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ലക്ഷ്മിയെ പോലെ ആസിഡ് ആക്രമണത്തെ അതിജീവിച്ചു പോരാടുന്ന നിരവധി പേരെ നമ്മൾ വായിച്ചും കേട്ടും ഒക്കെ അറിയുന്നുണ്ട്. പക്ഷെ ആ പോരാട്ടങ്ങൾക്കിപ്പുറം ഇന്നും ആസിഡ് ആക്രമങ്ങൾക്ക് അവസാനമില്ല. ക്രൗര്യത്തിന്റെയും ആത്മവിശ്വാസക്കുറവിന്റെയും ഒക്കെ പരകോടിയിൽ ചെയ്യുന്ന ഈ ക്രൈമിനെ പൂർണമായും തടയുക അസാധ്യമാണ്. വാർത്തകളും ചർച്ചകളും ഇത്തരം അതിക്രമങ്ങളെ അതിജീവിച്ചവരുടെ വിസിബിലിറ്റിയും ഭാവിയിൽ ഈ അവസ്ഥയിൽ മാറ്റം വരുത്തുമോ എന്നറിയില്ല. കേരളത്തിൽ ഈ ക്രൈം അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണറിവ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സിനിമ ഇവിടെ സ്വീകരിക്കപ്പെടുമോ എന്നൊക്കെയുള്ള ചർച്ചകൾ കണ്ടിരുന്നു. ഈയടുത്ത് പ്രണയ നിരാസത്തിന്റെ പേരിൽ പെൺകുട്ടികളെ കത്തിക്കുന്ന വാർത്തകൾ കേട്ടു. ‘തേപ്പ്’ പോലുള്ള വാക്കുകളിൽ തുടങ്ങി ഇത്തരം കൊലപാതകങ്ങളിൽ എത്തി നിൽക്കുന്ന ക്രൗര്യത്തിന്റെ ഇടയിൽ തന്നെയാണ് ആസിഡ് ആക്രമണവും സംഭവിക്കുക. സാമൂഹികമായും മനഃശാസ്ത്രപരമായും ഇതിന് ഇന്ത്യ പോലൊരു സമൂഹത്തിൽ നിരവധി കാരണങ്ങൾ ഉണ്ടാവാം. പക്ഷെ ഇന്നലെ വരെ ജീവിച്ച മുഖത്തെ, ശരീരത്തെ, മനസിനെ പാകപ്പെടുത്താൻ, അതിജീവിക്കാൻ, ചുറ്റുമുള്ള അവസ്ഥകളോട്, ചോദ്യങ്ങളോട്, നോട്ടങ്ങളോട് ഒക്കെ സമരസപ്പെടാൻ ഒക്കെ, പൊരുതുന്ന ഇത്തരം സ്ത്രീകളുടെ ശരാശരിക്കണക്കിൽ വലിയ കുറവൊന്നും ഉണ്ടാവുന്നില്ല. ഈ അവസ്ഥ നിലനിൽക്കുന്നിടത്ത്, അവരുടെ വിസിബിലിറ്റി പൊതുരംഗത്ത് ചർച്ചയാകുന്നിടത്താണ് ‘ഉയരെ’ നമുക്ക് മുന്നിൽ എത്തുന്നത്.

ദീപിക പദുക്കോൺ ആസിഡ് ആക്രമണ0 അതിജീവിച്ച ലക്ഷ്മിയായി വരുന്ന സിനിമയെ പറ്റിയുള്ള ആദ്യഘട്ട ചർച്ചകൾ കൂടി ഉയരെയുടെ റിലീസിനോടടുപ്പിച്ച് നമുക്ക് മുന്നിൽ എത്തി. അത് ഒരു ബയോപിക്ക് ആണ്. ഉയരെ ഒരു സാങ്കല്പിക കഥയാണ്. ഇത്തരം ഒരു സംഭവത്തെ ആസ്പദമാക്കി ഒരു സാങ്കല്പിക കഥയും കഥാപാത്രങ്ങളും സൃഷിക്കുമ്പോൾ പുലർത്തേണ്ട പ്രാഥമിക സാമൂഹിക മര്യാദ സംവിധായകനും തിരക്കഥാകൃത്തുക്കളും പുലർത്തിയിട്ടുണ്ട്. ആസിഡ് ആക്രമണം നേരിട്ട ഒരു പെൺകുട്ടിയുടെ അതിജീവന ശ്രമങ്ങൾ എന്ന രീതിയിൽ നിൽക്കുമ്പോഴും അതിനപ്പുറം പല്ലവി എന്ന പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിലേക്കും അവൾക്കു ചുറ്റും ഉള്ളവരിലേക്കും ഒക്കെ സ്വാഭാവികമായി കടന്നു ചെന്ന് ഇറങ്ങി പോരുന്ന അനുഭവം തരുന്നുണ്ട് പലപ്പോഴും ഉയരെ. പാർവതി എന്ന നടിയുടെ ഒറ്റയ്ക്കുള്ള പ്രകടനത്തിൽ അല്ല, സിനിമയിൽ വന്നും പോയും ഇരിക്കുന്ന, അവൾക്കു ചുറ്റുമുള്ളവർക്കും അവൾക്കും ഇടയിലെ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ആസിഡ് ആക്രമണത്തിന്റെ സർവൈവർ പല്ലവി എന്നതിനപ്പുറം പല്ലവി എന്ന മകളുടെയും കാമുകിയുടെയും സുഹൃത്തിന്റെയും ഒക്കെ കഥയാക്കാൻ ശ്രമിച്ചിട്ടുണ്ട്‌ ഉയരെ. പല്ലവി എന്ന കോളേജ് വിദ്യാർത്ഥിനിയുടെ, പൈലറ്റ് ട്രെയിനിയുടെ, തെറ്റായ തെരഞ്ഞെടുപ്പിന്റെ ഭാരം പേറുന്ന ഒരു സ്ത്രീയുടെ, അപ്രതീക്ഷിത ദുരന്തം നേരിടുന്നവളുടെ, അതിജീവിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവളുടെ ഒക്കെ കഥയാണ് ഉയരെ. ഓരോ കുഞ്ഞു കാര്യത്തിനും കാമുകനോട് വിധേയത്വത്തോടെ, ഭയത്തോടെ അനുവാദം ചോദിച്ചിരുന്ന പല്ലവി, ഓരോന്നും ചോദിച്ചു ചെയ്യുന്നതിലെ സുഖം തന്റെ കൂട്ടുകാരിയോട് നാണത്തോടെ പറഞ്ഞിരുന്ന പല്ലവി, ഏറ്റവും അവസാനത്തെ കച്ചിത്തുരുമ്പായ തൊഴിലിടത്തിൽ പോലും തന്റെ നിലപാടിൽ വിട്ടുവീഴ്ച ഇല്ലാത്തവളായി വളരുന്നു. ഇതാണ് ഏറിയും കുറഞ്ഞും ഒക്കെ നമ്മൾ കേട്ട ഇത്തരം സർവൈവേഴ്സിന്റെയും കഥ. ഒരു മോട്ടിവേഷണൽ സിനിമയുടെ കുറെ പരമ്പരാഗത സ്വഭാവങ്ങൾ പേറുമ്പോഴും ഉയരെ വ്യത്യസ്തമാകാൻ ശ്രമിക്കുന്നത് ഇത്തരം കുറെ കാഴ്ച്ചാനുഭവങ്ങളിൽ കൂടിയാണ്.

ബന്ധങ്ങളെ കുറിച്ചുള്ള സൂക്ഷ്മ അപഗ്രഥനമാണ് ഉയരെയിലെ ഏറ്റവും ഭംഗിയുള്ള ഭാഗം. ഈയടുത്ത് വ്യാപകമായി സോഷ്യല്‍ മീഡിയയിൽ പങ്കു വയ്ക്കപ്പെട്ട ഒരു ചിത്രം ഉണ്ടായിരുന്നു. കാമുകിയുടെ ഷോൾ സ്ഥാനം മാറിയാൽ ശരിയാക്കി കൊടുക്കുന്ന ‘യഥാർത്ഥ’ കാമുകനെ കുറിച്ചുള്ളത്. ഇതേ സംഭവം ചൂണ്ടിക്കാട്ടി ഒരു പെൺകുട്ടിയെ തല്ലുന്ന ആക്ഷനോട് കൂടിയ ടിക് ടോക് വീഡിയോയും ഇവിടെ പറന്നു നടന്നിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ കലഹിക്കുന്ന ഗോവിന്ദിലും പല്ലവിയിലും നിന്നാണ് സിനിമ തുടങ്ങുന്നത്. നമുക്ക് ചുറ്റും ഇത്തരം ആൺ – പെൺ ബന്ധങ്ങളാൽ സമൃദ്ധമാണ്. സ്വന്തം സമയത്തിന് തുടങ്ങി, ഇടുന്ന ഉടുപ്പിന് വരെ കാമുകനോട് അനുവാദം ചോദിക്കുന്ന പെൺകുട്ടി വളരെ റിയലിസ്റ്റിക്ക് ആയുള്ള കാഴ്ചയാണ്. ഇതൊക്കെയാണ് യഥാർത്ഥ പ്രണയം എന്ന ബോധ്യമാണ് പലപ്പോഴും പല പെൺകുട്ടികളെയും നയിക്കുന്നത്. ആസിഫ് അലിയുടെ ഗോവിന്ദ് ഈ അടുത്തു കണ്ട ഏറ്റവും റിയാലിസ്റ്റിക്ക് ആയ പുരുഷ നിർമിതിയിൽ ഒന്നാണ്. ആത്മവിശ്വാസക്കുറവിന്റെ, അരക്ഷിതാവസ്ഥയുടെ, സ്വാർത്ഥതയുടെ, സോഷ്യൽ കണ്ടീഷനിങ്ങിന്റെ ഒക്കെ അംശങ്ങൾ ഉള്ളിൽ പേറി, നിയന്ത്രിക്കാൻ, സംശയിക്കാൻ മാത്രം അറിയുന്ന കാമുകൻ. ഇത്തരം കാമുകന്മാർ തങ്ങളെ ഉപേക്ഷിക്കുന്ന സ്ത്രീകളെ താങ്ങാൻ പ്രാപ്തിയുള്ളവരല്ല. തന്റെ നിയന്ത്രണത്തിൽ നിന്ന് പോയ കാമുകിക്കിട്ട് ഒരു ‘പണി കൊടുക്കുക’യും അവരെ കുറിച്ച് കഥകൾ ഉണ്ടാക്കുകയും ചെയ്യൽ ഒക്കെയാണ് ഇവരുടെ പ്രധാന അതിജീവന മാർഗങ്ങൾ. ശാരീരികമായും മാനസികമായും ഇത്തരം ഒരു ഭൂരിപക്ഷം ചെയ്യുന്ന വയലൻസുകൾ അതിഭീകരമാണ്. അത്തരം വയലൻസുകൾക്ക് പല നിലയ്ക്ക് ഇരകളാകുന്ന സ്ത്രീകളുമുണ്ട്. ഇത്തരം ഒരു അവസ്ഥയെ മലയാളം പോപ്പുലർ സിനിമയിൽ അവതരിപ്പിക്കുക എളുപ്പമല്ല. യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അത്തരം ഒരു ആണിനെ വരച്ചിടുന്ന സിനിമ കൂടിയാണ് ഉയരെ. ചെയ്യുന്ന ക്രൈമുകൾക്കൊന്നും അയാൾക്ക്‌ യാതൊരു ന്യായീകരണവും സിനിമ കൊടുക്കുന്നില്ല. അയാളുടെ പ്രിവിലേജുകളെ, കപടതകളെ ഒക്കെ സിനിമ എടുത്തു കാട്ടുന്നുണ്ട്. പ്രണയത്തിന്റെ ഇത്തരം ഒരു സാധ്യതയെ, അല്ലെങ്കിൽ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആയ ആവിഷ്കാരത്തെ ഒരു മുഖ്യധാരാ നായകനടനെ കൊണ്ട് അവതരിപ്പിക്കുക എന്ന വെല്ലുവിളി കൂടിയാണ് സിനിമയെ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആക്കിയത്.

കോടതി വ്യവഹാരങ്ങളെ കുറിച്ച് സിനിമ ആശങ്കപ്പെടുന്നത് ഇത് ആദ്യമായല്ല. പക്ഷെ നിയമ വ്യവസ്ഥയെ വിശ്വസിച്ച്, ആശ്രയിച്ചു പുറകെ പോകുന്നവർ അനുഭവിക്കുന്ന വൈകാരികമായ ബുദ്ധിമുട്ടുകളെ സിനിമ ഭംഗിയായി കാണിച്ചു തരുന്നുണ്ട്. ‘കേസിനു പുറകെ പോകുന്നത്‍’ വളരെ വിചിത്രമായ പ്രവർത്തിയായാണ് ഇവിടത്തെ സമൂഹം കാണുന്നത്. കുറ്റവാളിക്കും കുടുംബത്തിനും അവൾക്കും പ്രിയപ്പെട്ടവർക്കും മുന്നിൽ, ‘അറിയാതെ പറ്റിയതാണ്, ഊരിത്തരണം’ എന്നൊക്കെ പറയാനുള്ള അവസരമായാണ് പലപ്പോഴും കുറ്റാരോപിതരും കുടുംബവും ഒക്കെ കേസുകളെ കാണുന്നത്. അത് ഒരു പൊതുബോധത്തിന്റെ സ്വാഭാവികതയാണ്. താൻ നേരിട്ട ക്രൈമിനെ കുറിച്ച് ഒരു സ്ത്രീ പ്രത്യേകിച്ചും പറയുമ്പോൾ കുറ്റാരോപിതന്റെ ഭാവിയെ കുറിച്ച് സമൂഹത്തിലെ ഒരു വിഭാഗം ആശങ്കപ്പെട്ടു തുടങ്ങും. അയാളുടെ പ്രിയപ്പെട്ടവർ ഇരകളായി മാറി തുടങ്ങും. സിനിമയിലും ജീവിതത്തിലും കാണാറുള്ള അത്തരം ഒരു സ്വാഭാവികതയേയും അത്ര പ്രകടമല്ലാതെ സിനിമ പൊളിക്കുന്നുണ്ട്. ഗോവിന്ദിന്റെ അച്ഛനെ പല്ലവി നോക്കുന്ന നോട്ടവും കോടതിയിൽ ജഡ്ജിന്റെ അടക്കമുള്ള ചില പരാമർശങ്ങളും തുടങ്ങി സൂക്ഷ്മമായ ചില രംഗങ്ങളിലൂടെ അതിഭാവുകത്വം വളരെ കുറച്ച് ആദ്യ ഘട്ടത്തിൽ സിനിമ ഈ പ്രശ്‌നത്തെ പറ്റി സംസാരിക്കുന്നുണ്ട്. മലയാള സിനിമ അത്തരം അതിജീവനങ്ങളെ പൊതുവെ കുറച്ചധികം കാലമായി ശ്രദ്ധിച്ചു കണ്ടിട്ടും ഇല്ല. സിനിമയുടെ പ്രധാന കഥാഗതിക്കു കുഴപ്പം തട്ടാതെ, അതിൽ നിന്ന് ശ്രദ്ധ മാറാതെ ഇത്തരം സംഭവങ്ങളെ സിനിമ ചെറുതായെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ സൂചിപ്പിച്ച പോലെ കൊടുക്കൽ വാങ്ങലുകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പാർവതി എന്ന നടിയുടെ സാദ്ധ്യതകൾ മാത്രമായി ഉപയോഗിച്ച സിനിമയല്ല ഉയരെ. പാർവതിയും സിദ്ദിക്കും തമ്മിലും പാർവതിയും ആസിഫ് അലിയും തമ്മിലും പാർവതിയും ടൊവീനോയും തമ്മിലും പാർവതിയും അനാർക്കലിയും തമ്മിലുമുള്ള കൊടുക്കൽ വാങ്ങലുകൾ, നമ്മൾ കെമിസ്ട്രി എന്ന് പറയുന്ന സംഭവം വളരെ കൃത്യമായി ഉയരെ ഉപയോഗിക്കുന്നു. ഇവരുടെ കൂടി ബാലൻസിങ്ങിന്റെ, സ്വന്തം ഇടം അറിഞ്ഞുള്ള പെരുമാറ്റത്തിന്റെ ഒക്കെ ആകെത്തുകയാണ് ഉയരെ. പാർവതിക്കു ചുറ്റുമുള്ള സപ്പോർട്ടിങ് കാസ്റ്റ് കൂടിയാണ് ഇവിടെ സിനിമയെ താങ്ങി നിർത്തുന്നത്. പല്ലവിയുടെ തീവ്രമായ വികാരങ്ങൾ കാണികളിൽ എത്തുന്നത് ഇവരിലൂടെ കൂടിയാണ്. പാർവതിയുടെ ഡബ്ബിങ്ങിന് ചില ഇടങ്ങളിൽ ഒരു ഏകതാനത ആദ്യമായി അനുഭവപ്പെട്ടു. ടൊവീനോയുടെ വിശാൽ അയാളുടെ കയ്യിൽ ഭദ്രമായിരുന്നു. ഹ്യൂമറും കാണികൾക്ക് ഇഷ്ടപ്പെടുന്ന അയാളുടെ ചില ശരീര ഭാഷകളും പെരുമാറ്റങ്ങളും എല്ലാം നല്ല ബുദ്ധിപരമായി ഉയരെയിൽ ഉപയോഗിച്ചിട്ടുണ്ട്. അയാൾ തന്റെ സ്ക്രീൻ സ്പേസ് അറിഞ്ഞ് അഭിനയിച്ചിട്ടും ഉണ്ട്. രണ്ടാം പകുതിയിൽ അപൂർവം ചിലയിടത്ത് ഇത്തരം മോട്ടിവേഷണൽ സിനിമകളിലെ പതിവ് രക്ഷകസ്വഭാവം ആ കഥാപാത്രത്തിനുണ്ട്. വളരെ ശക്തമായ ഒന്നാം പകുതിക്കു ശേഷം ചില ഇടങ്ങൾ പതിവ് അതിജീവന കഥയുടെ രീതികൾ പൂർണമായും ആശ്രയിച്ചു. ക്ലൈമാക്സ് രംഗങ്ങൾ ഇതിനുദാഹരണമാണ്. ഒട്ടും നാടകീയമല്ലാത്ത, റിയലിസ്റ്റിക്ക് ആയ കുറെ കാഴ്ചകൾക്കൊടുവിൽ കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതത്തോടെയുള്ള കോക് പിറ്റ് രംഗങ്ങള്‍ക്ക് ഒരുതരം പ്രവചന സ്വഭാവമുണ്ട്.

‘ഇവളെയൊക്കെ ആസിഡ് ഒഴിച്ച് കൊല്ലണം, ഫെമിനിച്ചി’ എന്ന് പാർവതിയെ സൈബർ റേപ്പ് ചെയ്ത ഒരു അക്കൗണ്ട് ഉടമ, പല തവണ ഒരു കാലത്ത് പറഞ്ഞു കണ്ടിട്ടുണ്ട്. അത് ഒരു മനോഭാവമാണ്. വളരെയധികം പിന്തുണ കിട്ടുന്ന പൊതുബോധവുമാണ്. പ്രണയനൈരാശ്യം തൊട്ട് എതിരഭിപ്രായം വരെ എന്തും ഇത്തരം ശാരീരിക, മാനസിക ആക്രമണങ്ങളിലൂടെ നേരിട്ടു ജയിക്കാം എന്ന് കരുതുന്ന പൊതുബോധത്തിനിടയിൽ ഇങ്ങനെ ഒരു സിനിമ നല്ലതാണ്. അതിന്റെ എല്ലാ പരിമിതികൾക്കും ഉള്ളിൽ നിന്നു കൊണ്ട് തന്നെ, അത് നല്ലതാണ്.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍