UPDATES

സിനിമ

അവാര്‍ഡല്ല, കടക്കാരെ പേടിക്കാത്ത ഒരു ദിവസം മാത്രമാണ് എന്റെ സ്വപ്നം; പൗളി വല്‍സന്‍/അഭിമുഖം

ജീവിതത്തില്‍ അനുഭവിച്ച പട്ടിണിക്കും കഷ്ടപ്പാടിനുമെല്ലാം ദൈവം ഇപ്പോള്‍ തന്നൊരു സന്തോഷം, അതാണ് എനിക്ക് സിനിമയും അവാര്‍ഡുമെല്ലാം

വൈപ്പിനീന്ന് മുനമ്പം വരെ 24 കിലോമീറ്ററോളമുണ്ട്. ഈ ദൂരത്തിനിടയില്‍ എത്ര ബസ് സ്‌റ്റോപ്പുകളുണ്ടെന്നറിയില്ല, പക്ഷേ, ആ സ്റ്റോപ്പുകളിലെല്ലാം ഒരോ ക്ലബ്ബുകളുണ്ട്. വൈപ്പിന്‍കരക്കാര് നല്ല ഒന്നാന്തരം കലാകാരന്മാരും കലാസ്വാദകരുമാണ്. ചവിട്ടു നാടകോം നാടകവുമൊക്കെ കടന്ന് ഗാനമേളയും സിനിമാറ്റിക് ഡാന്‍സിലുമൊക്കെ എത്തിയെങ്കിലും ഇന്നും കലയ്ക്കും കലാകാരന്മാര്‍ക്കും കലാസംഘടനകള്‍ക്കും ഒരിളക്കവും കുറവും വന്നിട്ടില്ല. അതേ നാട്ടില്‍ നിന്നുള്ള കലാകാരിയാണ് പൗളി വല്‍സനും. ഓച്ചന്തുരത്തിലെ വളപ്പില്‍ നിന്നും. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ പൗളി എത്തുന്നത് കരിയും കായലും ചെമ്മീന്‍കെട്ടുമെല്ലാമുള്ള ഈ നാട്ടില്‍ നിന്നാണ്…

എത്ര അവാര്‍ഡ് കിട്ടിയാലും എത്രയൊക്കെ വലുതായാലും ഇവിടം വിട്ട് എങ്ങോട്ടും പോകില്ലെന്നു പൗളി തറപ്പിച്ചു പറയുമ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെടും. ഒരു വണ്ടി കേറി വരാന്‍ വഴിയില്ല, വെള്ളക്കെട്ടിനിടയിലെ ഒരു ചെറയിലാണ് വീട്… ഇതൊക്കെ വിട്ട് എങ്ങോട്ടെങ്കിലും മാറുന്നതല്ലേ നല്ലതെന്നു തിരിച്ചു ചോദിച്ചാല്‍ പൗളി തന്റെ കഥ പറയും… എന്നെത്തേടി വലിയൊരു അവാര്‍ഡും അതിന്റെ പിന്നാലെ നിങ്ങളെ പോലെ പലരും ഇങ്ങോട്ടു വരാന്‍ കാരണം, ഈ നാടും ഈ നാടെനിക്ക് തന്ന കലയുമാണ്. അതൊക്കെ വിട്ട് എങ്ങോട്ടു പോകാനാണ്…

പതിനൊന്നു വയസുള്ളപ്പോള്‍ തട്ടേ കേറിയതാണ്. നാടകാഭിനയത്തില്‍ എങ്ങനെ കമ്പം കേറിയെന്നു ചോദിച്ചാല്‍, വീട്ടില്‍ അപ്പന്‍ നല്ല നാടാകാസ്വാദകനായിരുന്നു. ചവിട്ടു നാടകത്തോട് വല്യ താത്പര്യായിരുന്നു. അഭിനയോന്നുമില്ല… ചിലപ്പോള്‍ ഈ നാടിന്റെ ഗുണം എനിക്ക് കിട്ടിയതാവും. എന്തായാലും സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാന്‍ അഭിനയിക്കാന്‍ കയറി… സ്‌കൂളില്‍ മാത്രം. യുവജനോത്സവോം മറ്റും നടക്കുമ്പം പുറത്ത്ന്ന് ആളുകാണാന്‍ വരും. ഇഷ്ടംപോലെ ക്ലബ്ബുകളാണല്ലാ… എന്നോട് പലരും ചോദിക്കും, നീ നാടകം കളിക്കാന്‍ വരണുണ്ടാന്ന്… എനിക്ക് ഇഷ്ടാണ്, പക്ഷേ, അപ്പന്‍ സമ്മതിക്കില്ല. നാടകം ഇഷ്ടല്ലാഞ്ഞിട്ടോ അഭിനയിക്കണത് ഇഷ്ടല്ലാഞ്ഞിട്ടാ അല്ലാ… കൊണ്ടുപോകാനും കൊണ്ടുവരാനൊന്നും ആരുമില്ല… ആ പേടിയാണ് അപ്പന്.

അപ്പന്‍, ജോണ്‍ എന്നാണ് പേര്… കടലില്‍ പോകുന്നയാളാണ്. ആറു മാസം പണിയുണ്ടേല്‍, പിന്നാറുമാസം ഇല്ല. ഞങ്ങള് ഏഴ് മക്കളാണ്. മൂത്തത് ഞാന്‍. ദാരിദ്ര്യം നല്ലോണമുണ്ട്. കഞ്ഞികുടിക്കാന്‍ പോലും ഗതിയില്ലാത്ത അവസ്ഥ. എന്റ താഴെയുള്ളതുങ്ങള് വിശന്നിട്ട് കരയും. അമ്മച്ചി എന്നാ ചെയ്യാനാ… സഹികെടുമ്പോള്‍ ഞാന്‍ സ്‌കൂളീന്ന് കൂട്ടുകാരോട് അഞ്ചു പൈസയൊക്കെ വച്ച് കടം വാങ്ങും. ഒന്നു രണ്ടു പേര് തന്നാല്‍, അന്ന് വൈകിട്ട് ഞാന്‍ വീട്ടിലേക്ക് ഓടിയാണ് ചെല്ലണത്. ജോലി കഴിഞ്ഞ് വരണപോലെ, കൈയില് പൈസയുണ്ടല്ലാ… അത് അമ്മച്ചിക്ക് കൊടുക്കും… അരി വാങ്ങിച്ച് കഞ്ഞിവച്ച് കുടിക്കും… ഒരു ദിവസം അപ്പന്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു, നമ്മ എന്നാ ചെയ്യും മോനേ… ഞാനാണല്ലാ മൂത്തത്. അതാണ് അപ്പന്‍ എന്നോടങ്ങനെ സങ്കടപ്പെട്ടത്. എനിക്കും വല്യ സങ്കടായി. എനിക്കപ്പ പതിനേഴ് വയസുണ്ട്. ആകെ അറിയാവുന്നത് അഭിനയാണ്. നാടകത്തിനു പോയാ പൈസ കിട്ടും. ഞാന്‍ അപ്പനോട് ചോദിച്ചു, ഞാന്‍ നാടകത്തി അഭിനയിക്കാന്‍ പോട്ടോ അപ്പാ… പക്ഷേ അപ്പന്‍ ദേഷ്യപ്പെട്ട്… അതൊന്നും വേണ്ടാ… ഇവിടെ നിന്നാരും രാത്രിക്ക് വിളിച്ചോണ്ട് വരാനൊന്നും ഇല്ല. നാടകത്തിനൊന്നും പോണ്ടാ… അപ്പന്റെ തീരുമാനമായിരുന്നു. പക്ഷേ എനിക്ക് പോണായിരുന്നു. അപ്പനോട് കള്ളം പറഞ്ഞിട്ടാണേലും. അതിനു വേറൊരു കാരണോമുണ്ട്…

കടം തീര്‍ക്കണം

സ്‌കൂളീന്ന് കൂട്ടുകാരോട് പൈസ കടം വാങ്ങുമായിരുന്നല്ലോ, അതിങ്ങനെ കൂടി 25 രൂപയോളമായി. ക്രിസ്തുമസിന് സ്‌കൂള്‍ അടയ്ക്കും മുന്നേ കൊടുത്തില്ലേല്‍ പ്രശ്‌നാകും. അതിനെന്താണെന്നൊരു വഴി എന്നാലോചിച്ചിരിക്കുമ്പോഴാണ് മാലാപറമ്പിലെ ഒരു ക്ലബ്ബിന്റെ പരിപാടിക്ക് അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാവോന്ന് ചോദിച്ച് ആളു വരണത്. പൈസ കിട്ടും. ഞാന്‍ സമ്മതിച്ചു. അവര് അഞ്ചു രൂപ അഡ്വാന്‍സ് തരാന്നു പറഞ്ഞു. പക്ഷേ വാങ്ങിയില്ല. ഇനി പോകാന്‍ പറ്റീലെങ്കില്‍ കാശ് വാങ്ങിയത് വെറുതെയാകുമല്ലോ. അപ്പന്‍ അറിഞ്ഞാല്‍ വിടില്ല. രണ്ടു ദിവസം റിഹേഴ്‌സലുണ്ട്. സ്‌കൂളി പോണെന്നു പറഞ്ഞ് റിഹേഴ്‌സിലു പങ്കെടുത്തു. ഞായറാഴ്ച രാത്രിയാണ് നാടകം. അതിനെന്നാ ചെയ്യും? മാലാപറമ്പിലാലാണ് കൊച്ചപ്പന്മാര് താമസിക്കുന്നത്. അവിടെ പോണെന്നും പറഞ്ഞ് വീട്ടീന്നിറങ്ങി. കൊച്ചപ്പന്മാരോട് കാര്യം പറഞ്ഞു. അമ്മായിമാര്‍ക്കൊക്കെ ഞാന്‍ അഭിനയിക്കണത് ഇഷ്ടാണ്. അപ്പനോട് പറയേണ്ടെന്ന് അവരോട് പറഞ്ഞ് സമ്മതിപ്പിച്ചാണ് നാടകത്തിന് തട്ടേക്കേറാന്‍ പോയത്. ആദ്യ രംഗത്തിനു വേണ്ടി തന്നെ ചെന്നപ്പോഴേ ഞാന്‍ ഞെട്ടി. ആങ്ങളമാരും അപ്പനും ദേ മുന്നില്. ഞാന്‍ പെട്ടെന്ന് തിരിഞ്ഞോടി. ഞാറയ്ക്കല്‍ ശ്രീനി ചേട്ടന്‍ ഓര്‍ക്കസട്രേഷനുമായി ആ നാടകത്തിലുണ്ട്. ശ്രീനി ചേട്ടന്‍ എന്നെ സമാധിനിപ്പിച്ചു. നീ കളിക്ക്, ജോണിനോട് ഞാന്‍ പറഞ്ഞോളാം. അങ്ങനെ ഒരുവിധം ധൈര്യം സംരംഭിച്ച് കളിച്ചു. നാടകത്തില് എന്നെ കണ്ടതും ആങ്ങളമാര് എഴുന്നേറ്റ് നിന്ന്, ദേ ഞങ്ങട ചേച്ചീന്ന് വീളിച്ചു കൂവി… അപ്പന്‍ എന്നെ കണ്ടെന്ന് ഉറപ്പാണ്. നാടകം കഴിഞ്ഞതും അപ്പന്‍ വന്നു. കുറെ ചീത്ത. ശ്രീനി ചേട്ടന്‍ ഒരുവിധം സമാധാനിപ്പിച്ചു. വീട്ടി വന്ന് കഴിഞ്ഞ് അപ്പന്‍ കണിശമായി പറഞ്ഞു, ഇനി മേലാല്‍ ഇങ്ങനെ കാണിച്ചേക്കരുത്… എനിക്ക് സങ്കടായി. ഞാന്‍ അമ്മായിമാരോട് കാര്യം പറഞ്ഞു. അവര് വീട്ടിവന്ന് അപ്പനെ കണ്ടു, താന്‍ തടസ്സം നിക്കണ്ടാന്ന്. ചെലപ്പം ആ കൊച്ചിന്റെ വഴി അതായിരിക്കുമെന്നൊക്കെ അവര് അപ്പനെ പറഞ്ഞ് മനസിലാക്കാന്‍ നോക്കി. ഒടുവില് അപ്പന് എതിര്‍പ്പില്ലാതായി. ഞാന്‍ നാടകം കളിക്കണതിന് അപ്പന്‍ തടസം പറയാന്‍ കാരണം, പോകാനും വരാനുമൊക്കെ ഒരാള്‍ കൂടെ വേണമല്ലോ… പെങ്കൊച്ചല്ലേ…അതായിരുന്നു അപ്പന്റെ പേടി… ഞാനായിട്ട് അപ്പന് ഒരു മാനക്കേടും വരുത്തില്ലാന്ന് അപ്പന് ഞാന്‍ വാക്കു കൊടുത്തു… പിന്നീട് ഞാന്‍ അറിയപ്പെടാനൊക്കെ തുടങ്ങിയപ്പോള്‍ അപ്പന്‍ എന്നെ കുറിച്ച് കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയുമായിരുന്നു.

1975 കാലത്താണ് ഞാന്‍ നാടകം തുടങ്ങണത്. ആ വര്‍ഷം തന്നെ മികച്ച നടിക്കുള്ള ഒരാവര്‍ഡും എനിക്ക് കിട്ടിയാരുന്നു. പിന്നെ കുറെ നാടകങ്ങള്‍. വൈപ്പിന്‍കരേലെ എല്ലാ ക്ലബ്ബുകള്‍ക്കും വേണ്ടിയും രണ്ടും മൂന്നു തവണയൊക്കെ നാടകം കളിച്ചു. അങ്ങനെയാണ് പറവൂര്‍ കമലം ചേച്ചിക്ക് എന്നെ ഇഷ്ടാകണത്. ചേച്ചി അത്യുഗ്രന്‍ നടിയാണ്. നീലക്കുയിലിലൊക്കെ അഭിനയിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കാന്‍ നടിമാര് വേണ്ടപ്പം ചേച്ചി എന്നെ വിളിക്കും. പി ജെ ആന്റണി ചേട്ടന്റെ നാടകങ്ങളിലെ സ്ഥിരം നടിയാണ്. ചേച്ചിക്ക് വേണ്ടി തന്നെ ആന്റണി ചേട്ടന്‍ നാടകം എഴുതുമായിരുന്നു. അങ്ങനെ ചേച്ചി വഴിയാണ് ഞാന്‍ ആന്റണി ചേട്ടന്റെ ട്രൂപ്പില്‍ എത്തുന്നത്.

ഞാന്‍ ദൈവമല്ല…

ഫണ്ടമെന്റല്‍ എന്നായിരുന്നു ആന്റണി ചേട്ടന്റെതായി ഞാന്‍ കളിച്ച ആദ്യ നാടകം. രണ്ടു ദിവസം മുന്നേ ഡയലോഗ് എനിക്ക് കിട്ടിയിരുന്നു. ഞാനത് കാണപാഠം പഠിച്ചു. എന്റെ ഏറ്റവും വലിയൊരു കഴിവായി തോന്നിയിട്ടുള്ളത് ഡയലോഗ് പഠിക്കുന്നതിലാണ്. പെട്ടെന്ന് ഞാന്‍ പഠിക്കും. അങ്ങനെ ഡയലോഗ് എല്ലാം പഠിച്ചിട്ടാണ് ആന്റണി ചേട്ടനെ കാണുന്നത്. കണ്ടപ്പോള്‍ തന്നെ പേടിയായി. താടിയൊക്കെ തടവി അങ്ങനെ കിടക്കുകയാണ്… നീ എവിടുന്നാ? ആദ്യത്തെ ചോദ്യം. ഓച്ചന്‍തുരുത്തീന്നാ… പാപ്പുക്കുട്ടി ഭാഗവതരെ അറിയോ? അറിയാം, അവിടുന്ന് കുറച്ചുണ്ട് എന്റെ വീട്ടിലേക്ക്… ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു… ഞാനവിടെ ഇരിക്കുമ്പം ഇടയ്ക്ക് ആന്റണി ചേട്ടന്‍ അങ്ങോട്ടിമിങ്ങോട്ടുമോക്കെ നടക്കും. അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നിക്കും. ഇത് കുറച്ചായപ്പോള്‍ എന്റെ നേരെ ദേഷ്യപ്പെട്ടു. ഞാന്‍ വരുമ്പം നീ എഴുന്നേക്കൊന്നും വേണ്ടാ… ഞാന്‍ ദൈവമൊന്നുമല്ലാ…

പിന്നെയീ പേടി മാറണതെങ്ങനാണെന്നുവച്ചാല്, ആന്റണി ചേട്ടന്റെ മകള്‍ ഗീതയും ഞാനും ഏതാണ്ട് ഒരേ പ്രായാണ്. ഞങ്ങള് പെട്ടെന്ന് കൂട്ടുകാരായി. അതോടെ ഞാനാ വീട്ടിലെ ഒരംഗത്തെപോലെയായി…. അഞ്ച് വര്‍ഷാണ് ആന്റണി ചേട്ടന്റെ ട്രൂപ്പില്‍ നിന്നത്.

"</p

എന്റമ്മോ… തിലകന്‍ ചേട്ടന്‍

ആന്റണി ചേട്ടന്റെ ട്രൂപ്പില്‍ ചെന്നപ്പോഴാണ് ഞാന്‍ തിലകന്‍ ചേട്ടനെ കാണണത്. ഹോ… എന്നാ അഭിനായാ പുള്ളി… ഒരു പ്രസ്ഥാനം തന്നെ… കാളരാത്രി എന്ന നാടകമൊക്കെ കളിക്കുമ്പോള്‍ തിലകനെ ചേട്ടനെ സ്‌റ്റേജില്‍ കാണുമ്പോഴേ ആളുകള്‍ എഴുന്നേറ്റ് നിന്നു കൈയടിക്കും. അത്ര ഇഷ്ടാണ് പുള്ളിയെ… എന്നേം ഭയങ്കര ഇഷ്ടായിരുന്നു. തിലകനെ ചേട്ടനെ പരിചയപ്പെടാന്‍ വരുന്നവരോടൊക്കെ ഞാന്‍ അവിടെയെങ്ങാനും ഉണ്ടേല്‍ ഉടനെ എന്നേം പരിചയപ്പെടുത്തും. പൗളി, അസാധ്യ നടിയാണെന്ന് പുള്ളി പലരോടും പറഞ്ഞിട്ടുണ്ട്. നീലക്കടല്‍ എന്ന നാടകത്തിലൊക്കെ ഞാനും ആന്റണി ചേട്ടനും തിലകന്‍ ചേട്ടനുമൊക്കെ മത്സരിച്ച് അഭിനയിക്കാരുന്ന്. എന്നെ ഒരു നടിയാക്കി വളര്‍ത്തിയെടുത്തത് അവരാണ്. ഒരു സിരീയലില്‍ അഭിനയിക്കാനായി തിലകന്‍ ചേട്ടന് നമ്മടെ നാട്ടി വന്നായിരുന്നു. അന്ന് ഞാന്‍ പോയി കണ്ടു. അറിയാമോന്നു ചോദിച്ചു. പൗളിയെ ഞാന്‍ മറക്കാനോ എന്നായിരുന്നു മറുപടി.

തിലകന്‍ ചേട്ടന്‍ ആന്റണി ചേട്ടനൊപ്പം പതിനൊന്നു വര്‍ഷത്തോളമുണ്ടായിരുന്നു. ഭയങ്കര കൂട്ടാണ്. അതുപോലെ നിസ്സാര കാര്യത്തിന് പിണങ്ങുകയും ചെയ്യും. റിഹേഴ്‌സലും മറ്റും നടക്കുമ്പോഴാണ് വഴക്ക് പതിവ്. ആന്റണി ചേട്ടന്‍ വഴക്കിട്ട് മുറിയിലേക്ക് പോകും. തിലകന്‍ ചേട്ടന്‍ റിഹേഴ്‌സല് തുടരുകയും ചെയ്യും. ഇടയ്ക്ക് തിലകന്‍ ചേട്ടന്റെ ചില ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ ആന്റണി ചേട്ടന്‍ മുറീന്ന് ഓടിവരും… ഇതാടാ നിന്നെയെനിക്ക് ഇഷ്ടമെന്നു പറഞ്ഞ് കെട്ടിപിടിക്കും.

എന്‍ എന്‍ പിള്ള സാറിനെ അങ്ങനെ ഞാന്‍ നോക്കിക്കൊണ്ടു നിന്നു

ആന്റണി ചേട്ടന്റെ ട്രൂപ്പില്‍ നിന്നും ഞാന്‍ പോണത് കലാശാലയിലേക്കാണ്. ഇളയമകനെ പ്രസവിച്ച കഴിഞ്ഞ സമയാണ്. ആരോഗ്യം അത്ര ശരിയല്ല. ഈ സമയത്താണ് കലാശാല ബാബു ചേട്ടന്‍ എന്നെ തിരക്കി വരണത്. അവരുടെ നാടകത്തിലേക്ക് അത്യാവശ്യമായി ഒരാളെ വേണം. സുരാസു ചേട്ടന്റെ താളവട്ടം എന്ന നാടകമാണ് അവര്‍ കളിച്ചോണ്ടിരിക്കുന്നത്. ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബില്‍ നാടകം കളിച്ചോണ്ടിരിക്കണ സമയം. അവസാന രംഗമാണ്. പത്മ കെട്ടി തൂങ്ങി എന്നൊരു ഡയലോഗ് നടി പറയണം. പക്ഷേ, തിരിഞ്ഞുപോയി. പത്മ തൂങ്ങി കെട്ടി എന്നായിപ്പോയി. പോരെ നാടകം കുളമാകാന്‍… ആ നടിക്ക് പകരം ചെയ്യാനാണ് എന്നെ വിളിക്കുന്നത്. എന്റെ ആവലാതിയൊക്കെ പറഞ്ഞുനോക്കിയെങ്കിലും ബാബുചേട്ടന് നിര്‍ബന്ധം. അങ്ങനെ ഞാന്‍ പോയി. കലാശാലയുടെ ഭാഗമായി. കലാശാലയുടെ മറ്റൊരു നാടകമായ സോഷ്യലിസം കളിച്ചപ്പോഴാണ് ആദ്യമായി എന്റെ ഫോട്ടോ പത്രത്തില്‍ അടിച്ചുവന്നത്, മനോരമയില്‍.

ആന്റണി ചേട്ടന്റടുത്ത് നിന്ന് ഇറങ്ങുമ്പം എന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. എന്റേം എന്‍ എന്‍ പിള്ളേടേം ട്രൂപ്പില്‍ വന്നവരൊക്കെ രക്ഷപ്പെട്ടിട്ടേയുള്ള് എന്നു പറഞ്ഞു. എനിക്ക് വലിയ ആരാധനയായിരുന്നു എന്‍ എന്‍ പിള്ള സാറിനോട്. ഒരിക്കല്‍ ഞാനവിടെ അവസരം അന്വേഷിച്ചതാണ്. പക്ഷേ, ഓമനചേച്ചിയും ഞാനുമൊക്കെ ഒരേപോലുള്ള വേഷങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനിയൊരാള്‍ക്കു കൂടി സ്ഥാനമില്ല. അഭിനയിക്കാന്‍ പറ്റില്ലെങ്കിലും പിള്ള സാറിനെ ഒന്നു കാണണമെന്ന് വലിയ ആഗ്രഹായിരുന്നു.

ഒരു ദിവസം ഞങ്ങടെ വണ്ടി(കലാശാല) പോകുമ്പോള്‍ പിള്ളസാറിന്റെ വണ്ടി കണ്ടു. ബാബു ചേട്ടനും പിള്ള സാറും തമ്മില്‍ കുടുംബപരമായേ നല്ല ബന്ധാണ്. എന്‍ എന്‍ പിള്ളയുടെ ട്രൂപ്പിന്റെ വണ്ടിയാണെന്ന് കേട്ടപ്പോളെ ഞാന്‍ ബഹളം വച്ച്, ഒന്നു വണ്ടി നിര്‍ത്ത് ഞാന്‍ ഒന്നു സാറിനെ കണ്ടോട്ടെ…അങ്ങനെ വണ്ടി നിര്‍ത്തി. ഞാന്‍ വണ്ടിക്കകത്തേക്ക് തലയിട്ടു നോക്കുമ്പോള്‍ സാറ് ഉറക്കത്തിലാണ്… ഓമന ചേച്ചി എന്നെ കണ്ടു. എന്താ മോളേ? ഒന്നുമില്ല, സാറിനെ ഒന്നു കാണാനാ… ഞാനതു പറഞ്ഞിട്ട് വണ്ടികത്തേക്ക് കേറി നിന്നു. ആദ്യായിട്ട് ഒരു മനുഷ്യനെ കാണുന്നപോലെ, ഞാന്‍ സാറിനെ അടിമുടി നോക്കി നിന്നു… വിളിക്കണോ… ഓമന ചേച്ചി ചോദിച്ചു. വേണ്ടാ… ഒന്നു കാണണോന്നെയുണ്ടായിരുന്നുള്ളു… എന്നാല്‍ കാലം എനിക്കൊരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ടായിരുന്നു.

"</p

കലാശാലയില്‍ നിന്നും ഞാന്‍ ആലുംമൂടന്‍ ചേട്ടന്റെ സമിതിയില്‍ എത്തി. അവിടെ നാടകം കളിച്ചോണ്ടിരിക്കുമ്പോഴാണ് ബെന്നി (ബെന്നി പി നായരമ്പലം) എന്നെ തിരക്കുന്നുണ്ടെന്നറിഞ്ഞത്. രാജന്‍ ചേട്ടന്റെ (രാജന്‍ പി ദേവ്) സമിതിയിലാണ് ബെന്നി. ചട്ടയും മുണ്ടുമൊക്കെ ഇട്ട് അഭിനയിക്കുന്ന ഒരു കഥാപാത്രമുണ്ട് ബെന്നിയുടെ നാടകത്തില്‍. ഞാനപ്പോള്‍ ചെയ്യുന്ന നാടകത്തിലെ കഥാപാത്രവും അതേ വേഷത്തിലാണ്. അത് ബെന്നി കണ്ടിട്ടുണ്ട്. അങ്ങനെ തിരുവനന്തപുരത്ത് വച്ച് ഒരു നാടകം കഴിഞ്ഞുള്ള സമയത്ത് ഉഡുപ്പി ഹോട്ടലില്‍വച്ച് ബെന്നിയും രാജന്‍ ചേട്ടനും എന്നെ വന്നു കണ്ടു. അങ്ങനെയാണ് ജൂബിലിയിലേക്ക് ഞാന്‍ വരുന്നത്. ഞാന്‍ ജൂബിലിയില്‍ ആദ്യായിട്ട് ചെല്ലണ ദിവസാണ് രാജന്‍ ചേട്ടന്‍ ഇന്ദ്രജാലത്തില്‍ അഭിനയിക്കാന്‍ വേണ്ടി ബോംബേയ്ക്ക് പോണത്. മരിക്കും വരെ വലിയ കാര്യായിരുന്നു രാജേട്ടന് എന്നെ. ആ വീടുമായിട്ടും എനിക്ക് നല്ല ബന്ധമാണ്. ഇന്നും അതേ.

ബെന്നി എഴുതിയ ജൂബിലിയുടെ അമ്മിണി ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നാടകം കോട്ടയം മാപ്പിള ഹാളില്‍ കളിക്കുകയാണ്. വന്‍ ഹിറ്റാണ് നാടകം. കളി കഴിഞ്ഞ് മേക്ക് റൂമില്‍ ഇരിക്കുമ്പോള്‍ രണ്ടു പേര് എന്നെ തേടി വന്നു. എന്‍ എന്‍ പിള്ള സാറും ഓമന ചേച്ചിയും. അതിന്റെ തലേദിവസാണ് ഗോഡ്ഫാദര്‍ സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടത്. സാറ് ദേ എന്റെ മുന്നില്‍… നീ തകര്‍ത്തു കളഞ്ഞല്ലോ… എല്ലാരും പറയണുണ്ടായിരുന്നു നിന്നെ കുറിച്ച്… എന്‍ എന്‍ പിള്ള സാറിന്റെ വാക്കുകളാണ്… എനിക്ക് എന്ത് പറയണമെന്നറിയില്ല… ഓമന ചേച്ചി അപ്പോള്‍ ഞാനന്ന് വണ്ടിയില്‍ ചെന്ന് കണ്ട കാര്യം പറഞ്ഞു… അങ്ങനെ ആ മഹാനായ കലാകാരന്റെ വായില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായി.

നാടകം ജീവിതം കൂടിയായിരുന്നു

നാടകത്തില്‍ അഭിനയിക്കാന്‍ ഇറങ്ങുമ്പോള്‍ അതൊരു വരുമാന മാര്‍ഗം കൂടിയായി കണ്ടാണ് പോകുന്നത്. വീട്ടിലെ പ്രാരാബ്ദം. സഹോദരങ്ങളെ ഓര്‍ത്തുള്ള ആധി. അപ്പനെ എങ്ങനെയെങ്കിലും സഹായിക്കണമെന്നുള്ള തീരുമാനം. ചെറിയ പ്രതിഫലമാണെങ്കിലും അത് കിട്ടാന്‍ തുടങ്ങിയതോടെ കുടുംബത്തിന് ആശ്വാസമായി. പട്ടിണി ഇല്ലാതെ കൂടപ്പിറപ്പുങ്ങളെ നോക്കാലാ… അനിയത്തിമാരുടെ കഴുത്തിലൊക്കെ എന്തെങ്കിലും വാങ്ങിയിട്ടുകൊടുക്കാന്‍ പറ്റി. അതുപോലെ അപ്പന് കൊടുത്ത വാക്കും ഞാന്‍ തെറ്റിച്ചില്ല. ഒരു ചീത്തപ്പേരും കേള്‍പ്പിച്ചില്ല. പരിഹാസങ്ങളൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിനെല്ലാം നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. അതിനിടയില്‍ കല്യാണം കഴിച്ചതോടെ ചില പ്രശ്‌നങ്ങളുണ്ടായി. ഞങ്ങള് രണ്ട് മതക്കാരാണല്ലാ… കൊച്ചുനാളു മുതലേ അറിയാവുന്നവരാണ്. അങ്ങനാണ് ഇഷ്ടത്തിലായതും. പക്ഷേ അപ്പന് ഈ ബന്ധം ഇഷ്ടായിരുന്നില്ല. എന്നോട് കുറെനാള് മിണ്ടാതിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറിയെങ്കിലും ഞാനെന്റെ കൂടപ്പിറപ്പുകളുടെ കാര്യം നോക്കിയിരുന്നു. പിന്നീട് അപ്പന്റെ പിണക്കോം മാറി.

ജീവിതം മുന്നോട്ടു പോയെങ്കിലും അതിനൊപ്പം കടോം വന്നു. ഒരുപാട് സഹിച്ചു. ഒത്തിരി ബുദ്ധിമുട്ടി. തട്ടേക്കേറുമ്പോള്‍ മാത്രമാണ് എല്ലാം മറക്കണത്. ഞാന്‍ ചെയ്യണതാണെങ്കില്‍ കോമഡി. സെന്റിമെന്റ്‌സ് ഉള്ള കഥാപാത്രാണെങ്കില്‍ എന്റെ സ്വന്തം അനുഭവങ്ങളെന്തെങ്കിലും വെറുതെ ആലോചിച്ചാല്‍ മതി. കടത്തിന്റെ ബാധ്യത ഇപ്പോഴും എന്നെ ബുദ്ധിമുട്ടിക്കണുണ്ട്. ഇപ്പോള്‍ സിനിമയാണ് ഒരു പ്രതീക്ഷ.

ആദ്യകാലത്ത് എന്റെ മനസില്‍ ഇല്ലായിരുന്ന കാര്യായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. പക്ഷേ, ഞാന്‍ സിനിമ ഒരുപാട് കാണുമായിരുന്നു. അതിനകത്തേക്ക് എന്നെപ്പോലുള്ളവര്‍ക്കും ഒരിക്കലും കയറിപ്പറ്റാന്‍ കഴിയില്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ അങ്ങനൊരു മോഹമേ ഇല്ലായിരുന്നു. നാടകം കൊണ്ട് ജീവിതം ജീവിച്ചു തീര്‍ക്കാം എന്നായിരുന്നു ചിന്ത. പക്ഷേ, ദൈവം ചില വഴികള്‍ നമുക്കായി ഒരുക്കിയിട്ടുണ്ടല്ലോ…

സിദ്ദിഖ് പറഞ്ഞു, ബെന്നി വിളിച്ചു

വൈപ്പിനില്‍ ഞങ്ങള്‍ കലാകാരന്മാര് ഒരു ആര്‍ട്ടിസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്തുപതിനൊന്നു വര്‍ഷായി. അതിന്റെ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ സിദ്ദിഖ് പറഞ്ഞു, ഈ പൗളി ചേച്ചിയൊക്കെ എന്നേ രക്ഷപെടേണ്ട നടിയാണ്… അന്നവിടെ ബെന്നി പി നായരമ്പലോം ഉണ്ട്. പിന്നീടാണ് ബെന്നി, അണ്ണന്‍ തമ്പി എഴുതുന്നത്. അതിലേക്ക് എന്നെ വിളിക്കാന്ന് ബെന്നി പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പെഡുത്താസ് ഇവിടെ ഞങ്ങടെ അടുത്താണ്. ഡിക്‌സനാണ് എന്നോട് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നോന്നു ചോദിക്കണത്. ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഡിക്‌സന്‍ ഞെട്ടി. ബെന്നി പറഞ്ഞിട്ടാണ്… ചേച്ചി വാ… എന്ന് നിര്‍ബന്ധിച്ചു. വല്ല വഴീലും നിക്കണ സീനല്ലേ, ഞാനില്ലെന്ന് വീണ്ടും പറഞ്ഞു. അല്ല, ചേച്ചിക്ക് ഡയലോഗ് ഉണ്ടെന്നു ഡിക്‌സന്‍. പൊള്ളാച്ചീലാണ് ഷൂട്ട്. അതു കേട്ടപ്പോള്‍ എനിക്ക് പിന്നേം മടി. പക്ഷേ, മക്കള് പറഞ്ഞു, സിനിമയല്ലേ അമ്മച്ചീ ഒന്നു പോയി നോക്ക്…. അങ്ങനെയാണ് അണ്ണന്‍ തമ്പിയിലെ ആ ആംബുലന്‍സ് സീനില്‍ അഭിനയിക്കാന്‍ വരണത്. ശവം നോക്കി കരയണ ഒരു കോമഡി സീനാണല്ലാ… ചേച്ചി നമ്മടെ സാധനാ… തകര്‍ത്തോന്നാണ് ബെന്നി പറഞ്ഞത്. ഞാനങ്ങോട്ട് തകര്‍ത്ത്. അവിടെയപ്പോള്‍ മമ്മൂക്കായും സിദ്ദിഖും ഉണ്ട്…

"</p

എന്നെ മറക്കാതിരുന്ന മമ്മുക്കാ…

അണ്ണന്‍ തമ്പിയിലെ സീന്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ ശബ്ദം കേട്ട് മമ്മുക്കാ പെട്ടെന്ന് സിദ്ദിഖിനോട് ചോദിച്ചു, അതൊരു പ്രൊഫഷണല്‍ ശബ്ദമാണല്ലോ, അരാണത്? അത് വൈപ്പിനിലുള്ള ഒരു പൗളി ചേച്ചിയാണെന്നു സിദ്ദിഖ് പറഞ്ഞു. ഉടനെ മമ്മൂക്കാ അത്ഭുതത്തോടെ പറഞ്ഞത്, ആര് നമ്മുടെ പൗളിയോ… ഒന്നു വിളിച്ചേ… ഞാന്‍ ചെന്നു. എന്താ വന്നകാര്യം പറയാഞ്ഞതെന്നു മമ്മൂക്കാ… എന്നെ മനസിലാകില്ലെന്നു കരുതിയിട്ടാ, ഒരുപാട് വര്‍ഷായില്ലേ കണ്ടിട്ട്, ഞാന്‍ പറഞ്ഞു. പൗളിയെ ഞാന്‍ മറന്നിട്ടില്ലാന്നാണ് മമ്മുക്കാ തിരിച്ചു പറഞ്ഞത്.

പണ്ട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ മമ്മുക്കാ വൈപ്പിന്‍കരയില്‍ വരും. ആന്റണി പാലയ്ക്കല്‍ എന്നൊരു സുഹൃത്തുണ്ട്. അവിടെ വന്ന് മമ്മുക്കാ കുറെ ക്ലബ്ബ് നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു സബര്‍മതി. ഞാനും വേറൊരു നടിയുമാണ് അന്ന് മമ്മുക്കാപ്പമുണ്ടായിരുന്നത്. പിന്നീട് മനോരമ ആഴ്ച്ചപതിപ്പില്‍ ആത്മകഥയെഴുതിയപ്പോള്‍ ഈ നടകത്തെ കുറിച്ചും മമ്മുക്കാ പറഞ്ഞിട്ടുണ്ട്. അതിലെയൊരു ഫോട്ടോയും ചേര്‍ത്തിരുന്നു. ഞാനത് നിധിപോലെ സൂക്ഷിച്ചു വച്ചിരുന്നു. ഒരിക്കല്‍ സലിംകുമാറിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മമ്മുക്കായ്‌ക്കൊപ്പം നാടകം കളിച്ചിട്ടുള്ള കാര്യം ഞാന്‍ സലിം കുമാറിനോട് പറഞ്ഞു. ആദ്യം വിശ്വസിച്ചില്ല. ഞാനപ്പോള്‍ ഈ മനോരമ കാണിച്ചു. സലിംകുമാറിന് അത്ഭുതം. ഉടനെ മമ്മുക്കായെ വിളിച്ചു. അന്ന് ഞാനും മമ്മൂക്കായോട് ഫോണില്‍ സംസാരിച്ചിരുന്നു. അതു കഴിഞ്ഞാണ് അണ്ണന്‍ തമ്പി ചെയ്യുന്നത്. ആ മനോരമ പക്ഷേ, സലിംകുമാറ് എന്റെ കൈയില്‍ നിന്നും വാങ്ങിച്ചിട്ട് തിരിച്ചു തന്നില്ല.

"</p

മോഹന്‍ലാല്‍ ഫാന്‍സിന്റെ പിണക്കം

മോഹന്‍ലാലിനൊപ്പം ഒരു സിനിമ, ഹോ… അങ്ങനൊരു ഭാഗ്യത്തിന് കാത്തിരിക്കുകയാണ്. ഒരു ദിവസം വിസ്മയായില്‍ ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്തു എന്നോടു ചോദിച്ചു, ചേച്ചി ലാലേട്ടനെ കണ്ടിട്ടുണ്ടോയെന്ന്…. ഇല്ല മോനെ അങ്ങനൊരു ഭാഗ്യം കിട്ടിയിട്ടില്ലെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞതും. ദേ വരുന്നു, പടി കയറി മോഹന്‍ലാല്‍. അപ്പോഴൊന്നും മിണ്ടിയില്ല. പിന്നെ അദ്ദേഹം ചോറുണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചെന്നു സംസാരിച്ചു. ഡബ്ബ് ചെയ്യാന്‍ വന്നതാണല്ലേ എന്നെന്നോടു ചോദിച്ചു, അതേന്നു ഞാന്‍ പറഞ്ഞു. നന്നായി ചെയ്തല്ലോ എന്നൊരു ചോദ്യം കൂടി… ഇനി എന്നെങ്കിലും അദ്ദേഹത്തിനൊപ്പവും അഭിനയിക്കണം.

ഞങ്ങടെ നാട്ടില് മോഹന്‍ലാല്‍ ഫാന്‍സിലെ പിള്ളേരുണ്ട്. അവന്മാര് കാണുമ്പോള്‍ വിളിച്ചു പറയും, നിങ്ങള് മമ്മൂട്ടി കൂടെ മാത്രമേ അഭിനയക്കത്തോള്ളോ… ലാലേട്ടന്റെ കൂടെ അഭിനയിക്കില്ലേ… എന്നിട്ടൊരു കള്ളപ്പിണക്കോം അവന്മാര്‍ കാണിക്കും. കിട്ടേണ്ടടാ പിള്ളേരേ എന്നു പറഞ്ഞിട്ടു ഞാന്‍ പോരും…

ശബ്ദമാത്രമായി വന്നിട്ടും എനിക്ക് പരിഭവമില്ലായിരുന്നു

സിനിമയില്‍ തുടക്കത്തില്‍ ഒരു സീന്‍, അല്ലെങ്കില്‍ ഒരു ഡയലോഗ് ഒക്കെ മാത്രമായിരുന്നു എനിക്ക് കിട്ടിയത്. പക്ഷേ, അതിലെനിക്ക് പരാതിയോ പരിഭവമോ ഇല്ലായിരുന്നു. കാരണം, ഞാന്‍ വന്നതേയുള്ളൂ. അതേസമയം ഒറ്റ സീനാണെങ്കിലും ഡയലോഗ് ആണെങ്കിലും ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ഈ ഒരു ഡയലോഗ് തന്നെ ഞാന്‍ പറഞ്ഞിരുന്നത് പ്രധാന നടന്മാരോടായിരുന്നു. ആദം ജോവാനില്‍ പ്രഥ്വിരാജിനോട് ഒരു ഡയലോഗ് പറയുന്ന ഒറ്റ സീനിലെ ഞാനുള്ളൂ. പക്ഷേ, ആ ഡയലോഗും അതു പറഞ്ഞ് കഴിഞ്ഞ് പ്രഥ്വിരാജ് എന്നെ നോക്കുന്നതുമായ രംഗവും പ്രേക്ഷകര്‍ക്ക് എന്നെ മനസിലാക്കാന്‍ ധാരാളം മതി. പിന്നെ എന്റെ ഡയലോഗ് പറച്ചിലില്‍ ഒരു പ്രത്യേകതയുള്ളതുകൊണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും.

പ്രേമം സിനിമയില്‍ ഞാന്‍ ശബ്ദമായിട്ട് മാത്രമേയുള്ളൂ. അവരെന്നെ ഡബ്ബംഗിന് വിളിച്ചു. ഞാനപ്പോള്‍ കളിയായിട്ട് ചോദിച്ചു, നിങ്ങക്കെന്നെ അഭിനയിപ്പിക്കാന്‍ മേലാരുന്നോ… ചേച്ചി ഡയലോഗ് പറഞ്ഞാലും കലക്കും എന്നായിരുന്നു അവര് പറഞ്ഞത്. അതില്‍ തുടക്കത്തില്‍ നിവിന്‍ പോളി പ്രേമലേഖനം എഴുതി കൊണ്ടിരിക്കുമ്പോള്‍ മീന്‍കാരിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. അതായിരുന്നു എന്റെ ശബ്ദം. അയില, ചാള, മത്തി, ചെമ്മീന്‍ ഞണ്ടേ… എന്നു ഞാന്‍ വിളിച്ചു പറയുമ്പോള്‍ നിവിന്റെ ശ്രദ്ധ തെറ്റുകയും പിന്നെ വലിയ ചാള വേണോ ചെറിയ ചാള വോണോയെന്നു ചോദിക്കുമ്പോള്‍ നിവിന്‍ ചെറിയ ചാള മതി, വലിയ ചാളയില്‍ മുള്ള് ഉണ്ടെന്നും പറയുന്നതാണ് സീന്‍. ഞാനപ്പോള്‍ ആ പിള്ളേരോടു പറഞ്ഞു, ഒരു മീന്‍കാരിയും അവരുടെ കൈയിലെ മീന്‍ കൊള്ളില്ലെന്നു പറഞ്ഞാല്‍ കേട്ടോണ്ടു പോകില്ല, എന്തെങ്കിലും തിരിച്ചു പ്രതികരിക്കും. അപ്പോള്‍ അവര് പറഞ്ഞു എന്നാല്‍ ചേച്ചി പ്രതികരിച്ചോ… അങ്ങനെ ഞാന്‍ കൈയിന്നിട്ടതാണ്; ഓ… മുള്ള് ആ പോ…

രാജീവ് രവി, സൗബിന്‍, ആര്‍ ഉണ്ണി, അമല്‍ നീരദ്

രാജീവ് രവി അന്നയും റസൂലും എടുക്കുന്ന സമയം. കൊച്ചീല് സിനിമ നടക്കുമ്പോള്‍ അവിടെ നിന്നും ആരെയെങ്കിലും വേഷം ചെയ്യാന്‍ വേണമെങ്കില്‍ ഐ ടി ജോസഫിനോടാണ് പറയുന്നത്. ഐടിയും ഞാനും ഒരേ സമയത്ത് നാടകം കളിച്ചു തുടങ്ങിയവരാണ്. ഐടി എന്നെയും ബിയാട്രിസിനെയും ഒഡീഷന് വരാന്‍ വിളിച്ചു. പക്ഷേ ഞങ്ങള് പോയില്ല. അത് കഴിഞ്ഞ് സൗബിനും (സൗബിന്‍ സാഹിര്‍) ഐടിയും കൂടി ഒരു സന്ധ്യാസമയത്ത് വീട്ടില്‍ വന്നു. രാജീവേട്ടന്‍ കൊച്ചിയിലുണ്ട്. ചേച്ചിയൊന്നു വാ… സൗബിന്‍ പറഞ്ഞു. ഐടിയും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞാനും ബിയാട്രിസും കൊച്ചിയില്‍ പോണത്. ഒഡീഷനൊന്നും ഇല്ലാതെ തന്നെ രാജീവ് ഞങ്ങളെ രണ്ടാളെയും തെരഞ്ഞെടുത്തു. എനിക്ക് അന്നയുടെ കൂടെ തന്നെയുള്ള വേഷായിരുന്നു. ആദ്യായിട്ടാണ് കണ്ടതെങ്കിലും രാജീവ് എന്നോട് വളരെക്കാലമായി പരിചയമുള്ളപോലെയാണ് പെരുമാറിയത്.

"</p

അന്നയും റസൂലും കഴിഞ്ഞാണ് അഞ്ചുസുന്ദരികളിലെ കുള്ളന്റെ ഭാര്യ. അമല്‍ നീരദാണ് സംവിധാനം. സൗബിനാണ് അമലിനോടും എന്റെ കാര്യം പറഞ്ഞത് (പക്ഷേ, അവന്‍ സിനിമ ചെയ്തപ്പോള്‍ എന്നെ വിളിച്ചുമില്ല). ആ വേഷമാണ് എന്റെ ആദ്യത്തെ ശ്രദ്ധേയമായ വേഷം എന്നു പറയാം. അതുകഴിഞ്ഞാണ് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത്. ആര്‍ ഉണ്ണിയായിരുന്നു കുള്ളന്റെ ഭാര്യ എഴുതിയത്. ലീലയില്‍ അവസരം വരുന്നതും ഉണ്ണി വഴിയാണ്. ബിജു മേനോന്റെ വീട്ടിലെ ജോലിക്കാരിയായി വിളിക്കുന്നത് ഉണ്ണി പറഞ്ഞിട്ടാണ്.

അവാര്‍ഡ് അല്ല, കടക്കാര്‍ ശല്യം ചെയ്യാത്താരു ദിവസമാണ് എന്റെ സ്വപ്‌നം

അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്നു പലരും ചോദിക്കുന്നുണ്ട്. സത്യത്തില്‍ ഞാനങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നെപ്പോലൊരാള്‍ക്ക്, അതും ഇപ്പോള്‍ സിനിമയിലേക്ക് വന്നൊരാള്‍, ഇത്രവലിയ അവാര്‍ഡൊക്കെ കിട്ടുമെന്നു വിചാരിക്കാന്‍ പറ്റുമോ.

പക്ഷേ, ഈ.മ.യൗ വേഗമൊന്ന് റിലീസ് ആകണേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞാന്‍ വീട്ടില്‍ വന്ന് മോനോട് പറയും, അമ്മച്ചി നന്നായി ചെയ്തിട്ടുണ്ട്… ആ പടമൊന്നു റിലീസ് ചെയ്താല്‍ ഇനിയും അവസരം കിട്ടും. ഒരു പത്ത് പടം കിട്ടിയാല്‍ നമ്മടെ കടം തീര്‍ക്കാം… സത്യത്തില്‍ എന്റെ ആഗ്രഹം അതായിരുന്നു. കടം തീര്‍ക്കണം. എന്തോരം പരിഹാസോം ചീത്തേം കേള്‍ക്കണുണ്ടെന്നാ… മാസം പന്ത്രാണ്ടായിരം വച്ച് മുതലും പലിശയും ചേര്‍ത്ത് കൊടുത്തോണ്ടിരിക്കയാണ്. എന്നിട്ടും പ്രശ്‌നമാണ്. എനിക്ക് അവാര്‍ഡ് പ്രഖ്യാപിക്കുന്ന അന്ന് തന്നെയായിരുന്നു മോന്റെ കുഞ്ഞിന്റെ പിറന്നാളും. വൈകുന്നേരം വീട്ടില് ചെറിയൊരു ആഘോഷമുണ്ടായിരുന്നു. ഞാന്‍ ഇല്ലായിരുന്നു. ഒരു ചാനലുകാര് വിളിച്ചിട്ട് പോയി. അന്ന് അവിടെ ആളുകൂടിയിരിക്കണ സമയത്ത് തന്നെ കടക്കാരും വന്ന് ബഹളമുണ്ടാക്കി. ഏതെങ്കിലും അഭിനേതാക്കള്‍ക്ക് ഇങ്ങനെയൊരു വിധി വന്നിട്ടുണ്ടാകുമോ?

"</p

അറുപത് വയസായി എനിക്ക്. ഈ കടമൊക്കെ തീര്‍ക്കണം, കുഞ്ഞുങ്ങള് സമാധാനത്തോടേം സന്തോഷത്തോടെം കഴിയണതും കാണണം. കടക്കാരിയല്ലാതെ ഒരു ദിവസമെങ്കിലും കഴിയണം. ഞാനെപ്പോഴും മാതാവിനോടു പറയും, മരണത്തിലെങ്കിലും എന്നെ കഷ്ടപ്പെടുത്തരുതേയെന്ന്. ദൈവമായിരുന്നു എന്റെ ആശ്രയം. കുറെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ ദൈവം എനിക്ക് ഇത്ര വലിയൊരു സന്തോഷം തന്നില്ലേ… ഞാന്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിക്കാത്തതല്ലേ സംഭവിക്കുന്നത്.

ഒരു സങ്കടമേയുള്ളൂ, അപ്പനും അമ്മയും ഇതൊന്നും കാണാനില്ല. അവാര്‍ഡ് കിട്ടിയെന്നറിഞ്ഞ് പിറ്റേദിവസം രാവിലെ തന്നെ ഞാന്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പോയി. അമ്മച്ചീടെ മോള്‍ക്ക് വന്ന സന്തോഷം അറിഞ്ഞോന്നു ചോദിച്ചു… എവിടെയെങ്കിലും നിന്ന് അമ്മച്ചീം അപ്പനും എന്നെ നോക്കി സന്തോഷപ്പെടുന്നുണ്ടായിരിക്കും… അവര്‍ക്കറിയാം അവരുടെ മോള്‍ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍