UPDATES

സിനിമ

പവനായി ജീവിച്ചിരിപ്പുണ്ട്; ക്യാപ്റ്റന്‍ രാജുവിന്റെ നടക്കാതെ പോയൊരു സ്വപ്നത്തെ കുറിച്ച്

അരിങ്ങോടരേയും പവനായിയേയും താരതമ്യം ചെയ്യരുതെന്ന് പറയുമ്പോഴും പവനായിയോട് തനിക്കുള്ള ഇഷ്ടം എന്തുകൊണ്ടാണെന്നും ക്യാപ്റ്റന്‍ പറയുന്നുണ്ട്‌

വലിയൊരു സ്വപ്‌നം ബാക്കിവച്ചിട്ടാണ് ക്യാപ്റ്റന്‍ രാജു പോയത്. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് ഇടശ്ശേരി മാന്‍ഷനില്‍ ക്യാപ്റ്റനെ കാണുന്നത്, അദ്ദേഹത്തിന്റെ അടുത്ത സംവിധാന സംരംഭത്തെ കുറിച്ച് കൂടുതല്‍ അറിയാനായിരുന്നു. ക്യാപ്റ്റന്‍ രാജു എന്ന നടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ നാടോടിക്കാറ്റിലെ പവനായിയെ കേന്ദ്ര കഥാപാത്രമാക്കി ‘പവനായി 99.99’ എന്ന പേരില്‍ സിനിമ ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു ക്യാപ്റ്റന്‍ അന്ന്. ‘ഇതാ ഒരു സ്‌നേഹ ഗാഥ’ എന്ന ആദ്യ ചിത്രത്തില്‍ നിന്നും ചില പാഠങ്ങള്‍ പഠിച്ച് എല്ലാ പ്രായത്തിലുള്ളവരെയും ചിരിപ്പിക്കുന്ന പൂര്‍ണമായി ഒരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ ആയിരിക്കും താന്‍ പവനായി 99.99 പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത് എന്നായിരുന്നു ക്യാപ്റ്റന്‍ ആത്മവിശ്വാസത്തോടെ അന്ന് പറഞ്ഞത്. മാക്‌സിമം ചിരിപ്പിക്കുക; അതാണ് പവനായിയുടെ സ്ട്രാറ്റജി എന്നുള്ള ക്യാപ്റ്റന്‍ ആ വാക്കുകള്‍ മനസിലേക്ക് എത്തുമ്പോള്‍, വല്ലാത്തൊരു നൊമ്പരം.

പവനായി ശവമായതല്ലേ, പിന്നെയെങ്ങനെ വീണ്ടും? എന്നായിരുന്നു അന്നത്തെ സംഭാഷണത്തിലെ ആദ്യ ചോദ്യം. ആ ചോദ്യത്തിന് ക്യാപ്റ്റന്റെ ഉത്തരം ഇങ്ങനെയായിരുന്നു; അനന്തന്‍ നമ്പ്യാര്‍ അങ്ങനെ പറഞ്ഞെങ്കിലും പവനായി ശവമായിട്ടില്ല. അയാള്‍ പഴത്തൊലിയില്‍ ചവിട്ടി വീഴുന്നത് ഒരു സ്വിമ്മിംഗ് പൂളിലേക്കാണ്. വെള്ളത്തില്‍ വീണാല്‍ മരിക്കണമെന്നില്ല. ഇന്ത്യന്‍ ആര്‍മിയിലെ കമാന്‍ഡോ കോഴ്‌സ് കഴിഞ്ഞവനാണ് ഞാന്‍. നൂറ്റമ്പത് അടി ഉയരത്തില്‍ നിന്നും വെള്ളത്തില്‍ ചാടിയിട്ടുണ്ട്. എനിക്കൊന്നും സംഭവിച്ചില്ല. അതുകൊണ്ട് പവനായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പവനായി ശവമായിട്ടില്ല…

ശവമാകാത്ത പവനായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി അവരെ ഒത്തിരി ചിരിപ്പിക്കുമെന്ന് ഒരു പൊട്ടിച്ചിരിയോടെ അന്ന് പറഞ്ഞ ക്യാപ്റ്റന്‍ തന്റെ ജീവിതത്തിലെ വേഷം പൂര്‍ത്തിയാക്കി മടങ്ങി പോകുമ്പോള്‍ പവനായി എവിടെയോ നിന്ന് മൂകമായി കരയുകയായിരിക്കാം ഇപ്പോള്‍.

തന്റെ കരിയറിലെ പ്രിയപ്പെട്ടതായി പറയാന്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പവനായിയോട് പ്രത്യേകമായൊരു അടുപ്പം ക്യാപ്റ്റന് ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായിരുന്നു ആ കഥാപാത്രം എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞിരുന്നത്. 1987 ല്‍ പുറത്തിറങ്ങിയ ഒരു സിനിമയിലെ കഥാപാത്രത്തെ ഇന്നും പ്രേക്ഷകര്‍ അവരുടെ പ്രിയപ്പെട്ടവനായി കൊണ്ടു നടക്കുമ്പോള്‍ ഒരു നടനെ സംബന്ധിച്ച് അതൊരു മഹാഭാഗ്യം തന്നെയാണെന്നായിരുന്നു ക്യാപ്റ്റന്റെ അവകാശം. പവനായിയെ തന്റെ കൈയില്‍ ഏല്‍പ്പിച്ച സത്യന്‍ അന്തിക്കാടിനോടും ശ്രീനിവാസനോടും അവരെ അതിന് നിയോഗിച്ച സര്‍വ്വേശ്വരനോടും നന്ദി പറയുകയും ചെയ്തു ക്യാപ്റ്റന്‍. വര്‍ഷങ്ങളായി തന്റെ കൂടെയുള്ള പവനായിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകനോട് പറയാന്‍ വേണ്ടിയാണ് താനീ സിനിമ ചെയ്യുന്നതെന്നും ക്യാപ്റ്റന്‍ അന്നു പറഞ്ഞിരുന്നു.

"</p

പവനായിയെ ഇത്ര ഇഷ്ടപ്പെടുമ്പോള്‍ ആ കഥാപാത്രത്തിന്റെ സ്ഥാനം അരിങ്ങോടരെക്കാള്‍ മുകളിലാണോ എന്നു മനസില്‍ തോന്നിയ സംശയം ക്യാപ്റ്റനോട് ചോദിച്ചപ്പോള്‍ ഘനമുള്ള ആ ശബ്ദത്തില്‍ മറുപടി ഇങ്ങനെയായിരുന്നു; അരിങ്ങോടരേയും പവനായിയേയും താരതമ്യം ചെയ്യരുത്. ക്യാപ്റ്റന്‍ രാജുവിന്റെ അവിസ്മരണീയ കഥാപാത്രമാണ് അരിങ്ങോടര്‍ എന്ന് എല്ലാവരും പറയാറുണ്ട്. ദൈവത്തിന്റെ കൃപ കൊണ്ട് എനിക്ക് മനോഹരമാക്കാന്‍ കഴിഞ്ഞ കഥാപാത്രമാണ് അരിങ്ങോടര്‍. അരിങ്ങോടര്‍ ഒരു ക്ലാസ് കഥാപാത്രമാണ്. ഈ മറുപടിയില്‍ തന്നെയായിരുന്നു ക്യാപ്റ്റന്റെ ഒരു മറു ചോദ്യവും ഉണ്ടായിരുന്നത്. പവനായിയെ താന്‍ എന്തിനു വീണ്ടും കൊണ്ടുവരുന്നു എന്നതിന്റെ ഉത്തരം അടങ്ങിയ ചോദ്യം. പഴയ തലമുറയ്ക്ക്, വടക്കന്‍ പാട്ടുകളെ കുറിച്ച് അറിവുള്ളവര്‍ക്ക് അരിങ്ങോടര്‍ എന്നും മരണമില്ലാത്ത കഥാപാത്രമാണ്. എന്നാല്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് ആ കഥാപാത്രത്തെ എത്രത്തോളം മനസിലാക്കാന്‍ കഴിയും? എന്നാല്‍ പവനായി കാലവ്യത്യാസമോ പ്രായവ്യത്യാസമോ ഇല്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന കഥാപാത്രമാണ്. നാടോടിക്കാറ്റ് ഇറങ്ങുമ്പോള്‍ പിറന്നിട്ടുകൂടി ഇല്ലാത്ത കുട്ടികളുടെ വരെ ഇഷ്ട കഥാപാത്രമാണ് പവനായി. അയാള്‍ വളരെ നിഷ്‌കളങ്കനാണ്. ഒരു പ്രൊഫഷല്‍ കില്ലര്‍ മറ്റൊരിക്കലും ഇത്രയ്ക്ക് ജനങ്ങളുടെ ഇഷ്ടം നേടിക്കാണില്ല.

നന്ദി രാജുച്ചായാ… പവനായിക്ക് വീണ്ടും ജീവന്‍ കൊടുക്കുന്നതില്‍ വളരെ സന്തോഷം എന്നായിരുന്നു പവനായിയുടെ യഥാര്‍ത്ഥ സൃഷ്ടാക്കളായ ശ്രീനിവാസനോടും സത്യന്‍ അന്തികാടിനോടും താന്‍ പവനായിയെ വച്ച് ഒരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ സത്യന്‍ പ്രതികരിച്ചത് എന്നും ക്യാപ്റ്റന്‍ പറഞ്ഞു. ധൈര്യമായി മുന്നോട്ടുപൊയ്‌ക്കോ, എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാം എന്നായിരുന്നു സത്യന്‍ ക്യാപ്റ്റന് ആത്മവിശ്വാസം നല്‍കിയത്. ധൈര്യമായിട്ട് മുന്നോട്ടു പൊയ്ക്കാളാന്‍ തന്നെയായിരുന്നു ശ്രീനിയും തന്നോട് പറഞ്ഞതെന്നും ക്യാപ്റ്റന്‍ സ്മരിച്ചു. അവര്‍ ഇരുവരെയും കൂടാതെ നാടോടിക്കാറ്റിന്റെ നിര്‍മാതാവായ പി വി ഗംഗാധരനും തനിക്ക് പിന്തുണ നല്‍കിയതും നിറഞ്ഞ സന്തോഷത്തോടെയാണ് ക്യാപ്റ്റന്‍ പറഞ്ഞത്.

Also Read: ക്യാപ്റ്റന്‍ രാജുവിനെ എക്കാലവും ഓർമ്മിക്കാൻ ഒരു അരിങ്ങോടർ മാത്രമേയുള്ളോ നിങ്ങളുടെ കയ്യില്‍?

താന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഇതാ ഒരു സ്‌നേഹ ഗാഥ’ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ സങ്കടം ക്യാപ്റ്റന്റെ മനസില്‍ അന്നും ഉണ്ടായിരുന്നു. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവര്‍ തന്നെ വിളിച്ച് അഭിനന്ദിച്ച സിനിമയായിരുന്നു ‘ഇതാ ഒരു സ്‌നേഹ ഗാഥ’. അതൊരു മോശം സിനിമയായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ക്യാപ്റ്റന്‍ പറഞ്ഞത്. മത മൈത്രിയുടെ സന്ദേശം പ്രേക്ഷകന് കൊടുക്കാനാണ് ശ്രമിച്ചത്, പക്ഷെ അതവര്‍ വേണ്ട രീതിയില്‍ സ്വീകരിക്കാന്‍ ശ്രമിച്ചില്ല എന്നായിരുന്നു ക്യാപ്റ്റന്റെ വിഷമം.

ജനങ്ങള്‍ ആഗ്രഹിക്കുന്ന സിനിമയാണ് അവര്‍ക്ക് നല്‍കേണ്ടത് എന്ന് തനിക്ക് ആദ്യ സംവിധാന സംരംഭത്തിന് പറ്റിയ തിരിച്ചടിയില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞെന്നും ക്യാപ്റ്റന്‍ തന്റെ തിരിച്ചറിവായി അന്ന് പറഞ്ഞു. നമ്മള്‍ നല്‍കുന്ന സന്ദേശങ്ങളോ ഉപദേശങ്ങളോ പ്രേക്ഷകന്‍ സ്വീകരിക്കണമെന്നില്ലെന്നാണ് തന്റെ അനുഭവത്തില്‍ നിന്നും ക്യാപ്റ്റന്‍ രാജുവിലെ സംവിധായകന്‍ പറഞ്ഞത്. എന്റെ അമ്മ അന്നമ്മ ടീച്ചര്‍ എല്ലാ മതങ്ങളെയും അംഗീകരിച്ചിരുന്ന വ്യക്തിയായിരുന്നു. എന്റെ അമ്മയില്‍ നിന്നും ഞാന്‍ ഉള്‍ക്കൊണ്ട സത്യങ്ങളായിരുന്നു സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതെന്നു പറഞ്ഞ ക്യാപ്റ്റന്‍, തന്റെ ജീവിത്തില്‍ എന്നും പിന്തുടര്‍ന്നു പോരുന്നതും അതേ സത്യങ്ങള്‍ തന്നെയാണെന്നും അതുകൊണ്ട് ഒരു പരാജയവും തനിക്ക് ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ക്യാപ്റ്റന്‍ രാജു വിട പറയുമ്പോള്‍ ഒരു അഭിനേതാവ് എന്നതിനെക്കാള്‍ നല്ലൊരു മനുഷ്യന്‍ എന്ന നിലയില്‍ ക്യാപ്റ്റനെ കുറിച്ച് പ്രേക്ഷകരും സിനിമാക്കാരും ഒരുപോലെ പറയുന്നതിനു കാരണം അദ്ദേഹം മരണം വരെ ജീവിതത്തില്‍ പിന്തുടര്‍ന്നിരുന്ന ആ സത്യങ്ങളും നന്മകളും തന്നെയാണ്… പവനായിയെ വീണ്ടും പ്രേക്ഷകന് മുന്നില്‍ എത്തിക്കാന്‍ ആഗ്രഹിച്ചിട്ട് അത് നടക്കാതെ പോയെങ്കിലും, ക്യാപ്റ്റനും പവനായിയും മലയാളിയുടെ മനസില്‍ എന്നും ഉണ്ടാകും…

Also Read: ക്യാപ്റ്റന്‍ രാജു: വില്ലന് പുതിയ മാനം നല്‍കിയ നടന്‍; സ്‌നേഹ സാന്നിധ്യം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍