UPDATES

സിനിമാ വാര്‍ത്തകള്‍

വിശാലിനെ അറസ്റ്റ് ചെയ്തു; തമിഴ് സിനിമയില്‍ പുതിയ വിവാദം

വരും ദിവസങ്ങളിലെ റിലീസുകളെ ഇത് എങ്ങനെ ബാധിക്കും എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്

തമിഴ് ചലച്ചിത്ര നിര്‍മാതാക്കള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാകുന്നു. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍(ടിഎഫ്പിസി) പ്രസിഡന്റ് കൂടിയായ നടന്‍ വിശാലിന്റെ അറസ്റ്റില്‍ വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് തമിഴ് സിനിമ വ്യവസായത്തെ ബാധിക്കുന്ന തരത്തിലേക്ക് തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നത്. വിശാലിനും മറ്റ് സംഘടന ഭാരവാഹികള്‍ക്കിടയിലും നിലനിന്നിരുന്ന തര്‍ക്കത്തിന്റെ ബാക്കിപത്രമെന്നോണമാണ് ബുധനാഴ്ച്ച താരത്തിന്റെ അറസ്റ്റ് നടന്നത്.

വളരെ ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് ബുധാനാഴ്ച്ച ടിഎഫ്പിസി ഓഫീസ് സാക്ഷിയായത്. ഏറെ നാളുകളായി വിശാലും മറ്റു നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കമാണ് ഇത്തരം ഒരു സംഭവത്തിലേക്ക് വഴിവെച്ചത്. വിശാല്‍ സംഘടനാ പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്നാവിശ്യപെട്ട് നിര്‍മ്മാതാക്കളായ എ.എല്‍ അളഗപ്പന്‍, ജെ.കെ റിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ ടി.എഫ്.പി.സി ഓഫീസിനു പൂട്ടിട്ടിരുന്നു. താക്കോല്‍ കമ്മിഷണര്‍ ഓഫീസില്‍ ഏല്‍പ്പിക്കുമെന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്.

സംഘടനയിലെ ഡെപ്പോസിറ്റ് തുകയെ കുറിച്ച് ചോദിച്ചപ്പോള്‍ വിശാല്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും സെക്രട്ടറി കതിരേശന്‍ ഇതേക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലന്നുമാണ് തങ്ങളോട് പറഞ്ഞതെന്നും അളഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ പ്രഖ്യാപനമായിരുന്നു ആഴ്ച്ചയില്‍ നാല് ചിത്രങ്ങളില്‍ കൂടുതല്‍ റിലീസ് ചെയ്യില്ലെന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നാലില്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ഇത് നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് .ഈ വാരം ഏഴില്‍ അധികം ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത.് ഇത് അംഗീകരിക്കാനാകില്ല. എന്നാല്‍ വിശാല്‍ ഈ വിഷയത്തില്‍ സംഘടന ഇടപെടേണ്ടതില്ലെന്നും അവധി വാരം ആയതിനാല്‍ റിലീസ് നടക്കട്ടേ എന്നുമായിരുന്നു നിലപാട് എടുത്തത്. സംഘടന അങ്ങനെയൊരു നിലപാട് എടുത്താല്‍ ചെറിയ സിനിമകള്‍ക്ക് വലിയ നഷ്ടം വരുത്തിവെയ്ക്കുമെന്നാണ് അളഗപ്പന്‍ പറയുന്നത്. ഈ വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഇരുനൂറോളം വരുന്ന നിര്‍മ്മാതാക്കള്‍ ചേര്‍ന്നാണ് ഓഫീസിനു പൂട്ടിട്ടതെന്നും അളഗപ്പന്‍ പറഞ്ഞു. താക്കോല്‍ കമ്മീഷണറെ ഏല്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ ഈ വിഷയത്തില്‍ പോലീസ് ഇടപെടണം ഓഫീസ് തുറക്കണം എന്ന് ആവശ്യപ്പെട്ടു വിശാല്‍ രംഗത്ത് വന്നിരുന്നു. പിന്നീട ഓഫീസിന്റെ പൂട്ട് തകര്‍ത്തു താരം ഓഫീസില്‍ കയറിയതിനെ തുടര്‍ന്നാണ് പോലീസ് വിശാലിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് വിശാലിന്റെ പ്രതികരണം ഇതാണ്; അനധികൃതമായിട്ടാണ് ആളുകള്‍ ഓഫീസ് പൂട്ടിയത്. അതിനു പോലീസ് ഒത്താശ ചെയ്യുകയാണ്. പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് ഓഫീസില്‍ ജോലികള്‍ ചെയ്യാനുണ്ട്. അതിനാല്‍ ഓഫീസില്‍ പ്രവേശിച്ചേ തീരൂ. എന്നാല്‍ തങ്ങളുടെ ജോലി തടസപ്പെടുത്തി എന്ന പേരില്‍ അനാവശ്യമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തത്’.

വിശാലും പോലീസും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടി.എഫ്.പി.സി ഓഫീസ് പോലീസ് തുറക്കുമെന്നും അതിനു ശേഷം വിശാലിനെ വിട്ടയക്കാന്‍ ആണ് സാധ്യത യെന്നും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. സംഘടനാ പോര് മുറുകുമ്പോള്‍ വരും ദിവസങ്ങളിലെ റിലീസുകളെ ഇത് എങ്ങനെ ബാധിക്കും എന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍