UPDATES

സിനിമ

പറഞ്ഞതും പറയുന്നതും എല്ലാം നുണയെന്നു പൊലീസ്; നാദിര്‍ ഷായും കുടുങ്ങുമോ?

അറസ്റ്റ് ചെയ്യുമെന്നു പൊലീസ് ഭീഷണിപ്പെടുത്തിയതായി നാദിര്‍ ഷാ, മൊഴി നല്‍കിയതില്‍ കളവുണ്ടെന്നു പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ ഷായ്ക്കും പങ്കുണ്ടോ? പൊലീസിന്റെ പുതിയ നിലപാടുകളില്‍ അത്തരമൊരു സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അന്വേഷണസംഘത്തിലെ എസ് പി എ വി ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞത്. നാദിര്‍ ഷാ ആദ്യം നല്‍കിയ മൊഴിയില്‍ അസത്യങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് നാദിര്‍ ഷായുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു പുറത്തു പറയാന്‍ തയ്യാറായിട്ടില്ല.

അതേസമയം തന്നെ അറസ്റ്റ് ചെയ്യുമെന്ന പൊലീസ് ഭീഷണിപ്പെടുത്തിയതായുള്ള നാദിര്‍ഷായുടെ ആരോപണവും പൊലീസ് തള്ളി. നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. കേസുമായി പൊലീസ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതിന്റെ ആവശ്യമില്ല. ശാസ്ത്രീയപരമായ അന്വേഷണം മാത്രമാണ് നടക്കുന്നതെന്നായിരുന്നു എസ് പി ജോര്‍ജ് പറഞ്ഞത്.

വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നു പൊലീസ് അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നാദിര്‍ ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസന്വേഷണവുമായി എല്ലാ രീതിയിലും സഹകരിച്ചിട്ടുണ്ട്. എന്നിട്ടും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണം എന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷാ ആവശ്യപ്പെട്ടിരുന്നു. നാളെ ഈ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. നെഞ്ചുവേദനയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നാദിര്‍ഷായെ.

മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു പറയുമ്പോഴും നാദിര്‍ഷായെ കേസില്‍ പ്രതി ചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ തക്ക തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ലെന്നും വിവരമുണ്ട്. എങ്കിലും കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയത്ത് നാദിര്‍ ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ പല സംശയങ്ങളും ഉയരുകയാണ്. കേസില്‍ നേരിട്ട് നാദിര്‍ ഷായ്ക്ക് പങ്കില്ലെങ്കിലും നടന്ന സംഭവവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും നാദിര്‍ ഷായ്ക്ക് അറിയാമായിരുന്ന നിഗമനമാണ് പൊലീസിന്. വസ്തുതകള്‍ മറച്ചുവച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമായി പൊലീസ് ഇതിനെ കാണുന്നു.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ നാദിര്‍ഷയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. കേസില്‍ പോലീസ് പിടിയിലായ പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് നാദിര്‍ഷയെയും സംശയത്തിന്റെ നിഴലിലാക്കിയത്. ദിലീപ് അറസ്റ്റിലായതിന് തൊട്ടുമുമ്പ് നടത്തിയ മാരത്തണ്‍ ചോദ്യം ചെയ്യലില്‍ നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനാക്കി. അതേസമയം മാരത്തണ്‍ ചോദ്യം ചെയ്യലിന് രണ്ട് ദിവസം മുമ്പ് എഡിജിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ നാദിര്‍ഷായ്ക്ക് പരിശീലനം നല്‍കിയതായി വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പോലീസ് ആസ്ഥാനത്ത് ലഭിച്ചു. ജൂണ്‍ 26ന് നാദിര്‍ഷയുടെയും വിളിച്ച പോലീസ് ഉദ്യോഗസ്ഥന്റെയും മൊബൈല്‍ ടവര്‍ ലൊക്കേഷനും ഉദ്യോഗസ്ഥന്‍ വിളിച്ച വൈറ്റിലയ്ക്ക് സമീപത്തെ കേന്ദ്രത്തിലേക്ക് നാദിര്‍ഷ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് പോലീസ് ആസ്ഥാനത്ത് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍