UPDATES

ട്രെന്‍ഡിങ്ങ്

ശരിക്കും ‘പൊന്ന’മ്മ തന്നെ; സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാന്‍ തയ്യാറായതിനെക്കുറിച്ച് പൊന്നമ്മ ബാബു പറയുന്നു

എല്ലാവരോടും നന്ദി പറഞ്ഞ് സേതുലക്ഷ്മി, സഹായവും പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണമെന്നും അഭ്യര്‍ത്ഥന

ചേച്ചി…ഞാന്‍ പൊന്നമ്മയാണ്. ചേച്ചിയുടെ ലൈവ് കണ്ടു. കിഷോറിനു ഞാന്‍ എന്റെ വൃക്ക നല്‍കാം: ജീവിതത്തില്‍ അതുവരെ കേട്ടത്തില്‍ ഏറ്റവും സന്തോഷകരമായ വാക്കുകളായിരുന്നു സേതുലക്ഷ്മിയുടെ കാതുകളില്‍ പൊന്നമ്മ ബാബുവിന്റെ ശബ്ദത്തില്‍ കേട്ടത്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടുന്ന ഒരമ്മയായി സേതുലക്ഷ്മി എന്ന അഭിനേത്രി എല്ലാവരുടെയും ഉള്ളു പൊളിച്ചു നില്‍ക്കുമ്പോഴായിരുന്നു സഹപ്രവര്‍ത്തകയായ പൊന്നമ്മയുടെ വിളി എത്തുന്നത്. മനുഷ്യത്വത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി പൊന്നമ്മ ബാബു മാറുന്നതും അതോടെയാണ്.

ഒരു വാര്‍ത്തയ്ക്കു വേണ്ടി പറഞ്ഞ വാക്കുകളല്ലായിരുന്നു അത്. പൊന്നമ്മ ബാബു തന്നെത്തേടിയെത്തിയ മാധ്യമങ്ങളോട് പറഞ്ഞ അതേ വാക്കുകള്‍ അഴിമുഖത്തോടും ആവര്‍ത്തിച്ചു. സേതുലക്ഷ്മി ചേച്ചിയുമായി സിനിമയില്‍ വന്നതിനുശേഷമുള്ള പരിചയമല്ല. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ട് ഞങ്ങള്‍ പരസ്പരം അടുത്തറിയുന്നവരാണ്. സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള ചേച്ചിയുടെ വീഡിയോ കണ്ടപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഉടനെ ചേച്ചിയെ വിളിച്ചു. ചേച്ചിയുടെ മകന് എന്റെ വൃക്ക നല്‍കാന്‍ യാതൊരു മടിയുമില്ല. എന്റെ വൃക്ക കിഷോറിന് ചേരുമോ എന്നൊന്നും അറിഞ്ഞിട്ടല്ല, ചേച്ചിയെ എനിക്ക് സഹായിക്കണം എന്നുമാത്രം ചിന്തിച്ചാണ് ഞാന്‍ വിളിച്ചത്. എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാലേ അറിയൂ. എനിക്കു ചില ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ട്. അതൊന്നും ബാധിക്കില്ലെങ്കില്‍ പറഞ്ഞവാക്ക് പാലിക്കുന്നതില്‍ എനിക്കൊരു മടിയുമില്ല; പൊന്നമ്മ ബാബു പറയുന്നു.

ഇരു വൃക്കകളും തകരാറിലായ മകന്‍ കിഷോറിനുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ചാണ് സേതുലക്ഷ്മിയമ്മ ഫേസ്ബുക് ലൈവില്‍ വന്നത്. ലക്ഷങ്ങള്‍ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഒരു നിവര്‍ത്തിയുമില്ലെന്നും നല്ലവരായ നിങ്ങളുടെ സഹായവും പ്രാര്‍ത്ഥനയും വേണമെന്നും സേതുലക്ഷ്മി ഫേസ്ബുക് ലൈവില്‍ അഭ്യര്‍ത്ഥിച്ചു. സേതുലക്ഷ്മിയുടെ ലൈവ് പുറത്തു വന്നതിനു പിന്നാലെ സിനിമ രംഗത്ത് നിന്നുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഒരുപാട് സഹായങ്ങള്‍ ലഭിച്ചു. മകന്റെ ചികിത്സക്ക് എല്ലാ ഘട്ടത്തിലും ‘അമ്മ ‘യില്‍ നിന്ന് ഒരു പാട് സഹായങ്ങള്‍ ലഭിച്ചിട്ടുള്ളതായും സേതുലക്ഷ്മിയമ്മ പറഞ്ഞു. ഇതിനിടയിലാണ് പൊന്നമ്മ ബാബുവിന്റെ വിളിയും എത്തുന്നത്. വളരെ അപ്രതീക്ഷിതമായാണ് പൊന്നമ്മയുടെ വിളി വന്നത്. ‘ചേച്ചി പൊന്നമ്മയാണ്, ചേച്ചിയുടെ ലൈവ് കണ്ടു, കിഷോറിനു ഞാന്‍ എന്റെ വൃക്ക നല്‍കാം, എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഡോക്ടര്‍മാരോട് ചോദിക്കണം…ഞാന്‍ വരാം’ ഇതായിരുന്നു പൊന്നമ്മ എന്നോടു പറഞ്ഞത്; സേതുലക്ഷി അഴിമുഖത്തോട് ആ വിവരം പങ്കുവച്ചു പറയുന്നു.

എന്റെ വീഡിയോ കണ്ട് ഒരുപാട് പേരാണ് സഹായം നല്‍കിയത്. നിങ്ങളുടെ എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഇനിയും എനിക്കും എന്റെ കുഞ്ഞിനും വേണം. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലേക്ക് കിഷോറിനെ മാറ്റിയട്ടുണ്ട്. പൈസ കൊടുത്താല്‍ വൃക്ക നല്‍കാം എന്ന് പറഞ്ഞു കുറച്ചു പേര് വിളിച്ചിട്ടുണ്ട്; സേതുലക്ഷ്മി പറഞ്ഞു. 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൃക്ക ദാനം ചെയ്യാന്‍ ആരെങ്കിലും തയ്യാറായാല്‍ 25 ലക്ഷം രൂപയ്ക്കു എല്ലാ ചെലവുകളും നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ബീന എന്ന പെണ്‍കുട്ടിയും വൃക്ക നല്‍കാന്‍ തയ്യാറായി വന്നിട്ടുണ്ട്; സേതുലക്ഷ്മി കൂട്ടി ചേര്‍ത്തു.

സേതുലക്ഷ്മിക്ക് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും സഹായമൊന്നും കിട്ടിയില്ലെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നതിനെ എതിര്‍ത്തും പൊന്നമ്മ ബാബു അഴിമുഖത്തോട് സംസാരിച്ചിരുന്നു. അമ്മ ചെയ്യുന്ന സഹായങ്ങള്‍ മാധ്യമങ്ങള്‍ ഒന്നും പുറത്തു കൊണ്ടുവരാത്തതില്‍ വളരെ വിഷമം ഉണ്ട്. ‘അമ്മ’ ഞങ്ങള്‍ എല്ലാവരുടെയും സംഘടനയാണ്. എല്ലാവരെയും ഒറ്റക്കെട്ടായി നിര്‍ത്താനാണ് ‘അമ്മ’ എപ്പോഴും ശ്രമിക്കുന്നത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറയാതിരിക്കരുതെന്നും പൊന്നമ്മ ബാബു അഭ്യര്‍ത്ഥിക്കുന്നു.

താരസംഘടനയായ അമ്മ തനിക്കും മകന്റെ ചികിത്സ കാര്യങ്ങളിലും ഒത്തിരി സഹായം ചെയ്യുന്നുണ്ടെന്നു സേതുലക്ഷ്മി പറഞ്ഞു. ചികിത്സയുടെ ആദ്യഘട്ടം മുതല്‍ സംഘടന സഹായം ചെയ്യാറുണ്ട്. സംഘടനയുടെ ആളുകള്‍ എന്നെ കാണുമ്പോഴൊക്കെ മകന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കാറുണ്ടായിരുന്നു. എന്ത് സഹായം വേണമെങ്കിലും ചെയ്യാമെന്നാണ് അവര്‍ അറിയിച്ചിരുന്നത്. വൃക്ക മാറ്റി വയ്ക്കുന്ന കാര്യം അമ്മയിലെ ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നശേഷമാണ് വിവരം അവരെല്ലാം അറിയുന്നത്. ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും തന്നിട്ടുണ്ട്; സേതുലക്ഷ്മി സംഘടനയെക്കുറിച്ച് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍