UPDATES

സിനിമ

‘പ്രകാശന്റെ മെട്രോ’ ആത്മാര്‍ഥമായ ശ്രമം; സംവിധായിക ഹസീന സുനീറിന്റെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല

പേര് സൂചിപ്പിക്കുന്നത് പോലെ സിനിമ പ്രകാശന്റേയും അയാളുടെ മെട്രോ എന്ന ഓട്ടോറിക്ഷയെയുടെയും കഥയാണ്

ശൈലന്‍

ശൈലന്‍

രാവിലെ തന്നെ ചാനൽ ന്യൂസ് തുറന്നപ്പോൾ ഹസീന സുനീർ എന്ന സംവിധായികയുടെ പരിഭവമാണ് കേട്ടത്. അവരുടെ പ്രകാശന്റെ മെട്രോ എന്ന സിനിമ പല കേന്ദ്രങ്ങളിലും പ്രദർശനങ്ങൾ ക്യാൻസൽ ചെയ്യുന്നു എന്നതാണ് വിഷയം. തന്റെ സൃഷ്ടി ഭേദപ്പെട്ടതാണ് എന്ന ആത്മവിശ്വാസം കൊണ്ടാവാം, ഈ ഒരവസ്ഥയിൽ വിഷമം സഹിക്കാനാവാതെ ഹസീനയുടെ കണ്ണുകൾ നിറയുന്നുമുണ്ടായിരുന്നു.

എല്ലാ സിനിമയും കാണുന്ന ഞാൻ പോലും പ്രകാശന്റെ മെട്രോ കണ്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. മനപൂർവം അല്ല. യാത്രയിൽ ആയിരുന്നതോണ്ട് ആണ്. ബുക്ക് മൈ ഷോ എടുത്തു നോക്കുമ്പോൾ എറണാകുളത്ത് Q സിനിമാസിൽ 1.20 ന് ഉണ്ട്. എന്നാൽ കണ്ടേക്കാം എന്നുകരുതി ചെന്നപ്പോൾ ആണ് ദുരന്തം. മറ്റാരും ചെന്നിട്ടില്ലാത്തതിനാൽ ഷോ ക്യാൻസൽഡ്. അവരെ പറഞ്ഞിട്ടും കാര്യമില്ല ഒരാൾക്കായി മാത്രം സിനിമയിട്ടാൽ എങ്ങനെ മുതലാവാൻ.. അടുത്ത പരീക്ഷണമെന്ന മട്ടിൽ സരിതയിലേക്ക് വിട്ടു. അവിടെ 3മണിക്ക് സംഗീതയിൽ ഷോ ഉണ്ടെന്ന് സ്ലിപ്പിൽ കാണുന്നുണ്ട്. മറ്റാരെങ്കിലും വരുമോ എന്തോ..?

ഉയരെയും മധുരരാജയും ഓടുന്ന സരിത കോംപ്ലക്സിൽ എന്തോ ഭാഗ്യത്തിന് പത്തുപന്ത്രണ്ടുപേർ പ്രകാശന്റെ മെട്രോയ്ക്കും വന്നത് കൊണ്ട് ഷോ നടന്നു. പടം കണ്ടിരുന്നപ്പോഴും കണ്ടിറങ്ങുമ്പോഴും ഒരു കാര്യം മനസിലായി. ആ സംവിധായികയുടെ കണ്ണുനീർ വെറുതെ അല്ല. അത്രത്തോളം ആത്മാര്‍ഥമായിട്ടാണ് അവർ വിഷയത്തെയും സിനിമയെന്ന മീഡിയത്തെയും സമീപിച്ചിരിക്കുന്നത്. ഹൃദയം കൊണ്ടെഴുതിയ ആ സൃഷ്ടിയോട് പ്രേക്ഷകർ പുറംതിരിഞ്ഞ് നിൽക്കുമ്പോൾ വിഷമം വരുന്നത് സ്വാഭാവികമാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ സിനിമ പ്രകാശന്റേയും അയാളുടെ മെട്രോ എന്ന ഓട്ടോറിക്ഷയെയുടെയും കഥയാണ്. ഓട്ടോറിക്ഷ എന്ന് കേൾക്കുമ്പോൾ രജനിയുടെ ബാഷയും ലാലേട്ടന്റെ ഏയ് ഓട്ടോയും ദിലീപിന്റെ കൊച്ചിരാജാവും അനുശ്രീയുടെ ഓട്ടർഷയും ഒക്കെയാവും ഓർമ്മ വരിക. പക്ഷെ, പ്രകാശന്റേത് ആ ടൈപ്പ് ഒരു ഓണ്‍സ്ക്രീന്‍ ക്ളീഷേ ഓട്ടോ ജീവിതമല്ല. അയാൾ അച്ഛൻ ആരെന്നറിയാതെ ജനിച്ചു അമ്മയാൽ ഉപേക്ഷിക്കപ്പെട്ട് തെരുവിൽ വളർന്നവനാണ്. ക്വട്ടേഷൻ കലാകാരനും ഗുണ്ടാതൊഴിലാളിയും കൂട്ടിക്കൊടുപ്പുകാരനുമാണ്. ഇടയ്ക്ക് ഗ്യാപ്പ് കിട്ടുമ്പോൾ ഓട്ടോയും ഓടിക്കും. അത്രയേ ഉള്ളൂ..

ഹസീന സുനീർ എന്ന സംവിധായികയുടെ ഏറ്റവും വലിയ വിജയം പ്രകാശൻ എന്ന ടൈറ്റിൽ റോളിലേക്ക് ദിനേശ് പ്രഭാകർ എന്ന അതുല്യ നടനെ കാസ്റ്റ് ചെയ്തു എന്നതാണ്. വർഷങ്ങളായി, അല്ലെങ്കിൽ ഇതുവരെയുള്ള ജീവിതകാലം മുഴുവൻ പ്രകാശനായി എറണാകുളത്തും പാർശ്വതീരങ്ങളിലും ജീവിച്ചപോലെയാണ് അദ്ദേഹം സിനിമായിലെ കേന്ദ്രകഥാപാത്രമായി ജീവിക്കുന്നത്. മറ്റൊരു നടനെ വച്ച് ചിന്തിക്കാൻ പോലും ഇട തരാത്ത വിധമുള്ള കടുക്കട്ട പേർഫക്ഷൻ.

അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ പ്രകാശന്റെ വണ്ടിയിൽ ഒരു പെണ്ണ് വന്നു കേറി. കാസറഗോഡ് ജില്ലയിലെ ബദിയടുക്കയിൽ നിന്നും ആദ്യമായി കൊച്ചിയിലെത്തുന്ന അവൾ മറ്റൊരാളെ തേടി വന്നതാണ്. ഫോണിൽ പരിചയപ്പെട്ട ഒരു സുൽത്താനെ. പക്ഷെ, അവൾ വന്നിറങ്ങിയപ്പോൾ മുതൽ സുൽത്താന്റെ ഫോണ്‍ സ്വിച്ച്‌ഓഫാണ്.

ത്രെഡ് കേൾക്കുമ്പോൾ ക്ളീഷേ, മീഡിയോക്കർ എന്നൊക്കെ വേണമെങ്കിൽ ആരോപിക്കാം. സുൽത്താനെ തേടിയുള്ള പ്രകാശന്റേയും പെണ്‍കുട്ടിയുടെയും 24 മണിക്കൂർ യാത്ര അത്രയ്ക്ക് കല്ലുകടിയൊന്നും കൂടാതെ ചലനാത്മകവും രസകരവുമായിട്ടാണ് മിത്രന്റെ സ്ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നതും ഹസീന അത് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതും. സിനിമയുടെ ഒരു മേഖലയിലും പ്രവർത്തിക്കാതെ ഒരു വീട്ടമ്മ നേരിട്ട് സംവിധാനരംഗത്തേക്ക് കടക്കുമ്പോഴുള്ള അമേച്വറീഷ്നെസ് പ്രകാശന്റെ മെട്രോയ്ക്ക് കണ്ടേക്കും. ബട്ട്, അവയെ ഒക്കെ മാറി കടക്കുന്ന ഒരു ആത്മാവ് സിനിമയ്ക്കുണ്ട്.

പ്രണയമോ പ്രണയപരാജയമോ തേപ്പോ ഒന്നുമല്ല സിനിമ കൈകാര്യം ചെയ്യുന്നത്. പെണ്‍കുട്ടി ഫോണിൽ പരിചയപ്പെട്ട യുവാവിനെ തേടി കൊച്ചിയിൽ വന്നെന്ന് കേൾക്കുമ്പോൾ നാട്ടുനടപ്പ് അനുസരിച്ച് അവർ തമ്മിൽ പ്രണയമെന്ന് കരുതാം പക്ഷെ അങ്ങനെയല്ല. പ്രകാശനും പെണ്‍കുട്ടിയും ഒരുപാട് പ്രതിബന്ധങ്ങളിലൂടെ 24 മണിക്കൂർ ഓടുമ്പോൾ അവർ തമ്മിൽ പ്രണയം ഉടലെടുക്കുമെന്നു പ്രതീക്ഷിക്കുന്നവർ കാണും അതുമില്ല. അതാണ് ക്ളീഷേകളെ പൊളിക്കുന്ന ഒരു ജീവൻ സിനിമയ്ക്കുണ്ടെന്നു പറയുന്നത്.

അനഘ ജാനകിയാണ് നായികാറോളിലുള്ള കാസറഗോഡൻ പെണ്‍കുട്ടി. പുതുമുഖമാണെന്നു തോന്നുന്നു. പക്ഷെ, ആദ്യമായി കൊച്ചിയിലെത്തുന്ന ബദിയടുക്കകാരിയുടെ അപകർഷതാബോധം നിറഞ്ഞ ശരീരഭാഷ മിഴിവുറ്റതാക്കിയിട്ടുണ്ട് അവർ. അഞ്ജന അപ്പുക്കുട്ടൻ, സാജു നവോദയ, ഇർഷാദ്, സാബുമോൻ, നോബി എന്നിവരൊക്കെയാണ് മറ്റു താരങ്ങൾ. ശബ്ദസാന്നിധ്യമായി ഇന്ദ്രൻസ് ചേട്ടനും ഉണ്ട്.

കുറെ കൂടിയൊക്കെ ശ്രദ്ധയർഹിക്കുന്ന സിനിമയാണ് പ്രകാശന്റെ മെട്രോ എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കൊച്ചു സിനിമകളിലൂടെ ഉള്ള ആത്മാർത്ഥമായ പരിശ്രമങ്ങളെ കുറച്ചുകൂടി അനുഭാവപൂർവം പരിഗണിക്കാൻ മലയാളി കരുതൽ കാണിക്കേണ്ടിയിരിക്കുന്നു. എന്നാൽ അവരെയും കുറ്റം പറയാൻ ഒക്കില്ല. ലൂസിഫറിനുംഎന്‍ഡ് ഗെയിമിനും കൊടുക്കേണ്ടിവരുന്ന 150-230രൂപ ടിക്കറ്റ് നിരക്ക് ഇത്തരം സിനിമകൾക്കും നൽകേണ്ടി വരുന്നതുകൊണ്ടാണ് അവർ പിറകിലേക്ക് കാൽ വലിക്കുന്നത്. 50-60-70ടിക്കറ്റ് നിരക്കിൽ പ്രവർത്തിക്കുന്ന ഒരുപാട് തിയേറ്ററുകൾ കേരളത്തിലെ പല പട്ടണ പ്രദേശങ്ങളിലും ഉണ്ട്. അവയെ തെരഞ്ഞ് പിടിച്ചു റിലീസ് ചെയ്താൽ അഞ്ചാൾ വരാതെ പ്രദർശനം ക്യാൻസൽ ചെയ്യുന്ന അവസ്ഥ എങ്കിലും ചുരുങ്ങിയ പക്ഷം ഒഴിവാക്കാം.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍