UPDATES

സിനിമ

ഇന്ത്യൻ സിനിമയ്ക്ക് ലോകത്തിന് മുന്നിൽ വെക്കാവുന്ന ഒരൊന്നൊന്നര ഐറ്റം പീസാണ് 9

സയൻസ് ഫിക്ഷൻ എന്നോ സൈക്കോ ത്രില്ലർ എന്നോ സ്‌പേസ് മിസ്റ്ററി എന്നോ ഇമോഷണൽ ഡ്രാമ എന്നോ ഒക്കെ വിളിക്കാം ഈ പൃഥ്വിരാജ് സിനിമയെ

ശൈലന്‍

ശൈലന്‍

കഴിഞ്ഞ വർഷം താങ്കൾക്ക് ഇഷ്ടപ്പെട്ട മലയാളസിനിമ ഏതെന്ന് ഈയിടെ ഒരു ഇന്റർവ്യൂകാരൻ ചോദിച്ചപ്പോൾ അതിന് ഒരു സെക്കന്റ് പോലും ആലോചിക്കാതെ പൃഥ്വിരാജ് പറഞ്ഞ മറുപടി ‘സുഡാനി ഫ്രം നൈജീരിയ’ എന്നായിരുന്നു. ആ ഇന്റർവ്യൂവിൽ സുഡാനിയെ പോലെ തന്നെ അദ്ദേഹം വാചാലമായി സംസാരിച്ചത് മറ്റൊരു മലയാളം സിനിമയായ ഈ മ യൗ വിനെ കുറിച്ചാണ്. അഭിമുഖങ്ങളിൽ ഏറ്റവും നീതി പുലർത്തുന്ന നടനായ പൃഥ്വി ലോകസിനിമയെക്കുറിച്ചായാലും മലയാളസിനിമയെക്കുറിച്ചായാലുമൊക്കെ ഏറ്റവും സത്യസന്ധമെന്നു കേൾക്കുന്നവർക്ക് എപ്പോഴും തോന്നുന്ന അഭിപ്രായങ്ങൾ തുറന്ന് പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളിൽ പൃഥ്വിയുടെ അഭിമുഖങ്ങളുടെ ഏറും തല്ലുമായിരുന്നു. സ്വന്തം പേരിലുള്ള പ്രൊഡക്ഷൻ ഹൌസ്സിൽ നിന്നുള്ള 9 ന്റെ റിലീസ് തന്നെയായിരുന്നു ഈ അഭിമുഖ ബഹളങ്ങളുടെ കാരണം.

ഒരു നായകൻ ഒരു സിനിമക്ക് വേണ്ടി മെനക്കെടുന്നതിന്റെ മാക്സിമം എനർജി പൃഥ്വി 9നു വേണ്ടി റിലീസിന് മുൻപ് പുറത്തെടുത്തിട്ടുണ്ടാവും. അങ്ങനെ പടം ഇറങ്ങി. 1980 ലെ ഒരു അച്ഛനെയും മകനെയും കാണിച്ചുകൊണ്ടാണ് 9 തുടങ്ങുന്നത്. പ്ലാശനാൽ യു പി സ്‌കൂളിലെ ആൽബർട്ട് എന്ന വിദ്യാര്‍ഥിയെയും സയൻസ് ടീച്ചറായ അവന്റെ അപ്പനെയും.. “ലുക്ക് അറ്റ് ദി സ്‌കൈ , ആൽബർട്ട്.. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം അവിടെ ഉണ്ട്” എന്നാണ് ആ അപ്പൻ മകനു എല്ലാ കാലത്തേക്കുമായി നൽകുന്ന ഒരു ഉപദേശം.

കണ്ണടച്ച് തുറക്കും മുൻപ് ആ ഉപദേശം ശിരസാ വഹിച്ച് ആൽബർട്ട് ഒരു ശാസ്ത്രജ്ഞനായി. കൃത്യമായി പറഞ്ഞാൽ അസ്‌ട്രോഫിസിസിസ്റ്റ്. ഒപ്പം തുടക്കത്തിൽ കാണിച്ച കുഞ്ഞ് ആല്‍ബിയുടെ പ്രായമുള്ള ആഡം എന്ന മകന്റെ അച്ഛനായി. 9 ഒരു സയൻസ് ഫിക്ഷൻ സിനിമയുമായി. സ്‌കൂളിൽ വച്ച് മറ്റ് വിദ്യാർത്ഥികളെ ക്രൂരമായി ദ്രോഹിക്കുന്നതിന്റെ പേരിൽ അവസാനത്തെ സ്‌കൂളിൽ നിന്നും അവനെ ടി സി കൊടുത്ത് വിടുന്നതായിട്ടാണ് പുതിയ കാലഘട്ടത്തെ അവതരിപ്പിക്കുന്നത്. തീർത്തും പ്രശ്നക്കാരനാണ് അവൻ.

ഭൂമിയുടെ ബാഹ്യാകാശത്ത് കൂടി കടന്ന് പോവുന്ന ഒരു ധൂമകേതു അത് ഭൗമമണ്ഡലത്തിന്ന് ഏറ്റവും അരികെ എത്തിച്ചരുന്ന 9 ദിനങ്ങളിൽ ഭൂമിയിൽ അത് വൈദ്യുതി-ഇലക്ട്രോണിക്ക്-ഇലക്ട്രിക്-മോട്ടോർ- ഇന്റർനെറ്റ് ഡിവൈസസിൽ വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം ആകാംക്ഷപ്പെട്ട് നിക്കുന്ന നാളുകൾ കൂടി ആണത്. നഗ്നനേത്രങ്ങളാൽ ആ ധൂമകേതുവിനെ നിരീക്ഷിക്കാവുന്ന ഹിമാലയൻ വാലിയിലെ ഒരു സ്റ്റേഷനിലേക്ക് ആൽബർട്ട് ആദമിനെയും കൊണ്ടുപോവുന്നു. ധൂമകേതു ഭൂമിയെ സമീപിക്കുന്ന ആദ്യദിനം തന്നെ അച്ഛനും മകനുമിടയിലേക്ക് മൂന്നാമതൊരാൾ കടന്നുവരികയും ആഡം വിചിത്രമായി പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നു.

സയൻസ് ഫിക്ഷൻ എന്നോ സൈക്കോ ത്രില്ലർ എന്നോ സ്‌പേസ് മിസ്റ്ററി എന്നോ ഇമോഷണൽ ഡ്രാമ എന്നോ ഒക്കെ വിളിക്കാൻ പറ്റിയ 9 ന്റെ സ്ക്രിപ്റ്റ് മലയാളം കണ്ട ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ സൃഷ്ടികളിൽ ഒന്നാണ്. അത് പൃഥ്വിരാജിനെയും സഹകഥാപാത്രങ്ങളെയും മാത്രമല്ല, പ്രേക്ഷകരെയും പലപ്പോഴും ആശയക്കുഴപ്പത്തിലാക്കും. നിർമ്മിതിയുടെയും ക്രഫ്റ്റിന്റെയും കാര്യത്തിൽ ആണെങ്കിൽ ഇന്ത്യൻ സിനിമയ്ക്ക് ലോകത്തിന് മുന്നിൽ വെക്കാവുന്ന ഒരൊന്നൊന്നര ഐറ്റം പീസാണ് 9. സിനിമയുടെ ദുരൂഹതയ്ക്കും ഗാംഭീരൃത്തിനുമിണങ്ങിയ കിടു കിടിലൻ ഫ്രയിമുകൾ. സംത്രാസമേറ്റുന്ന പശ്ചാത്തല സംഗീതം.
ആദ്യസിനിമയിൽ ആവറേജ് മാത്രം ആയിരുന്ന ജാനൂസ് മുഹമ്മദ് ഒറ്റയടിക്ക് പല പടികൾ ചാടി ആൺ 9ൽ എത്തുന്നത്.

ലോകസിനിമയിൽ പൃഥ്വിരാജിന് കൈവിഷം നൽകിയത് ആരാണെങ്കിലും അതിന്റെ ഒരു മികച്ച ഗുണഫലം ആണ് 9. ഒരു ഫീൽഗുഡ്‌ എന്റര്‍ടെയിനര്‍ ആയിട്ടാവില്ല നിങ്ങളെ രസിപ്പിക്കുക. മറിച്ച് സോണി പിക്ചേഴ്സ് എന്റർടൈന്മെന്റ് പോലൊരു അന്താരാഷ്ട്ര ഭീമൻ ഒരു മലയാളസിനിമയുടെ നിർമാണ പങ്കാളിത്തം ഏറ്റെടുക്കുമ്പോൾ ആ സിനിമ ലോകത്തിന്റെ മുന്നിൽ എവിടെ നിൽക്കുന്നു എന്നറിയുവാൻ ആയിരിക്കും അത് ഉപകരിക്കുക. അത് മാറ്റി വെച്ചാൽ ഡാർക്ക് ഴോണർ വച്ചുള്ള ഈ നിരന്തരവ്യാപാരം പൃഥ്വിരാജ് മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുകൂടി പറയാതെ വയ്യ. അത് പടം മോശമായതിനാൽ അല്ല. സുഡാനി ഫ്രം നൈജീരിയയും ലോകസിനിമായാണെന്ന് തുറന്ന് പറയാൻ ആർജ്ജവമുള്ള ഒരാളാണ് പൃഥ്വി എന്ന നടൻ എന്നതുകൊണ്ട് കൂടിയാണ്.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍