UPDATES

സിനിമ

ഒന്നു ‘കണ്ണടച്ച്’ തുറന്നപ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായികയായി മാറിയ പ്രിയ വാര്യര്‍

പ്രിയക്കു വേണ്ടി സിനിമയുടെ തിരക്കഥ മാറ്റിയെഴുതുയാണ് ഒമര്‍ ലുലു

അനു ചന്ദ്ര

അനു ചന്ദ്ര

ഒരു നിമിഷം മതി ജീവിതം മാറി മറിയാന്‍ എന്നു പറയാറില്ലേ…പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് അതിനേറ്റവും വലിയ ഉദ്ദാഹരണം. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ് പ്രിയ. അതും ഒരു സിനിമാഗാനം കൊണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ പുറത്തു വന്ന ഗാനത്തിലെ ചില രംഗങ്ങളാണ് പ്രിയയ്ക്ക് ഇത്രമേല്‍ പ്രശസ്തി ഉണ്ടാക്കി കൊടുത്ത്. ദേശീയ മാധ്യമങ്ങളടക്കമാണ് പ്രിയയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കവും വാര്‍ത്തയാക്കുന്നത്. ട്രോളുകളും മറ്റുമായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മൊത്തം ഈ പെണ്‍കുട്ടിയാണ്.

പ്രിയയോ സംവിധായകനോ ആരും വിചാരിച്ചിരിക്കില്ല ഇതെല്ലാം ഇത്ര വലിയ സംഭവമായി മാറുമെന്ന്. പ്രിയയുടെ വാക്കുകളില്‍ തന്നെ ആ അത്ഭുതമുണ്ട്. അഴിമുഖത്തോട് പ്രിയ അതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്;

ഒമര്‍ ഇക്ക സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന സിനിമയിലേക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി ഒഡീഷന്‍ നടത്തുന്നുണ്ടെന്നറിഞ്ഞാണ് അതില്‍ പങ്കെടുക്കുന്നത്. സെലക്ഷന്‍ ലഭിച്ചു. ഒരു ചെറിയ റോള്‍ ആണ്. ഓഡീഷന്‍ നടക്കുന്നതിനിടയില്‍ ഒമര്‍ ഇക്കയാണ് പുരികം ഇങ്ങനെ ഉയര്‍ത്താനും കണ്ണടച്ച് കാണിക്കാനുമൊക്കെ ആവശ്യപ്പെടുന്നത്. ചെയ്തു കാണിച്ചപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. വളരെ നന്നായി ചെയ്‌തെന്ന് അഭിനന്ദിച്ചു. പാട്ട് ചിത്രീകരിച്ചപ്പോഴും പുറത്തു വന്നപ്പോഴും അതിത്ര വലിയ സംഭവമായി മാറുമെന്ന് കരുതിയില്ല. ശരിക്കും അത്ഭുതപ്പെടുത്തുകയാണ്.

അതിലും വലിയ സന്തോഷം എന്താണെന്നുവച്ചാല്‍, ഒമര്‍ക്ക എന്റെ പ്രകടനത്തില്‍ ആകൃഷ്ടനായി സിനിമയിലെ ലീഡ് റോളിലേക്ക് ഉയര്‍ത്താനായി തിരക്കഥ മാറ്റിയെഴുതുന്നു എന്നതാണ്. വൈശാഖ് പവനന്‍ എന്ന മറ്റൊരു ആര്‍ട്ടിസ്റ്റിന്റെ അഭിനയം കൂടി ഇഷ്ടപ്പെട്ട് അദ്ദേഹം വൈശാഖിനെയും ലീഡ് റോളിലേക്ക് മാറ്റാന്‍ തയാറായി. തിരക്കഥ മാറ്റുന്നതിനായി ഇപ്പോള്‍ ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതുമുഖങ്ങളായ ഞങ്ങളെ പോലുള്ളവര്‍ക്കായി അദ്ദേഹവും ചിത്രത്തിന്റെ നിര്‍മാതാവും നല്‍കുന്ന പ്രചോദനവും പിന്തുണയും വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയാത്തതാണ്.

പാട്ട് പുറത്തു വന്നത് മുതല്‍ ഒരുപാട് അഭിനന്ദങ്ങള്‍ വരുന്നുണ്ട്. ഒരുപാട് സ്‌നേഹത്തോടെ ഫോണ്‍ കോളുകളും മെസ്സേജുകളും വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്റെ ആദ്യത്തെ സിനിമ മാത്രമാണ്. മുമ്പ് ഷോട്ട് ഫിലിംസും മ്യൂസിക് ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. നൃത്തം പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സംഗീതവും പഠിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂര്‍ പൂങ്കുന്നത്താണ് വീട്. തൃശൂര്‍ വിമല കോളേജില്‍ ബി.കോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണ്. എന്റെ കലാമോഹങ്ങള്‍ക്കെല്ലാം അഭിനയത്തിലെല്ലാം ഫുള്‍ സപ്പോര്‍ട്ട് കുടുംബമാണ്. അച്ഛന്‍, അമ്മ, അനിയന്‍ ഇവരടങ്ങുന്നതാണ് എന്റെ കുടുംബം; പ്രിയ പറയുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍