UPDATES

സിനിമാ വാര്‍ത്തകള്‍

വീരമാദേവിയായി അഭിനയിക്കാന്‍ സണ്ണി ലിയോണിനെ അനുവദിക്കില്ല: പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍

സണ്ണി വീരമാദേവിയാകുന്നത് സംസ്‌കാരത്തിന് എതിരാണെന്നാണ് ഇവര്‍ പറയുന്നത്

സണ്ണി ലിയോണിന്റെ ബഹുഭാഷ ചലച്ചിത്രമായ വീരമാദേവിക്കെതിരെ കര്‍ണാടകയില്‍ ഹിന്ദുസംഘടനകളുടെ പ്രതിഷേധം. ബംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ കര്‍ണാടക രക്ഷണ വേദികെ അംഗങ്ങള്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. യോദ്ധാവായ റാണി വീരമാദേവിയായാണ് ചിത്രത്തില്‍ സണ്ണി അഭിനയിക്കുന്നത്. വടിവുദയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇതേപേരില്‍ ജീവിച്ചിരുന്ന രാജ്ഞിയുടെ ജീവിതമാണ് പറയുന്നത്.

സ്റ്റീവ് കോര്‍ണറിന്റെ ബാനറില്‍ പൊന്‍സെ സ്റ്റീഫനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ കഥാപാത്രമാകാന്‍ സണ്ണി ലിയോണ്‍ വാള്‍പ്പയറ്റും കുതിര സവാരിയും പരിശീലിച്ചിരുന്നു. ചരിത്രപ്രധാനമുള്ള കഥാപാത്രമായ വീരമദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ഹരിഷ് സെപ്തംബര്‍ 29ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തിയിരുന്നു. സണ്ണി വീരമാദേവിയാകുന്നത് സംസ്‌കാരത്തിന് എതിരാണെന്നാണ് ഇവര്‍ പറയുന്നത്.

സണ്ണി ലിയോണിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്ററുകളും അന്ന് അവര്‍ കീറിയിരുന്നു. സണ്ണി ലിയോണിനെ വച്ച് ചിത്രം റിലീസ് ചെയ്താല്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുന്നു. മുഖ്യമായും കന്നഡ ഭാഷയിലൊരുങ്ങുന്ന ചിത്രം ഈമാസം റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. സെപ്തംബറില്‍ കരവെ യുവസേന എന്ന സംഘടനയും ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സണ്ണി എവിടെ പോയാലും അവിടെയെല്ലാം പ്രതിഷേധം ഉയര്‍ത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ബംഗളൂരു നഗരത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നടിക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഇവര്‍ സണ്ണി ലിയോണിന്റെ കോലത്തില്‍ ചെരുപ്പുമാല അണിയിച്ചു. തമിഴില്‍ ഈ ചിത്രത്തിന്റെ പേര് വീരമഹാദേവി എന്നാണ്. സണ്ണി പൂര്‍ണമായും അഭിനയിക്കുന്ന ആദ്യ തമിഴ് സിനിമയായാണ് കണക്കാക്കുന്നത്. 2014ല്‍ ഇറങ്ങിയ വേദക്കുറി എന്ന സിനിമയില്‍ അവര്‍ അതിഥിയായി എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍