UPDATES

സിനിമാ വാര്‍ത്തകള്‍

ആകാംക്ഷയോടെ രജനികാന്തും; 2.0 വ്യാഴാഴ്ച തിയേറ്ററുകളിലേക്ക്‌

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന റെക്കോര്‍ഡുമായാണ് 2.0 എത്തുന്നത്‌

എല്ലാവരും കാത്തിരിക്കുന്ന രജനി-ഷങ്കര്‍ ബ്രാഹ്മാണ്ഡ ചിത്രം 2.0 വ്യാഴാഴ്ച്ച റിലീസ് ചെയ്യും. വിവാദങ്ങള്‍ കൂടി പേറിയാണ് ഇത്തവണ രജനി ചിത്രം ലോകവ്യാപകമായ റിലീസിന് തയ്യാറാകുന്നത്. ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്നിരിക്കുന്നതാണ് 2.0 നുമേലുള്ള വിവാദം. എന്നാല്‍ ഇതെല്ലാം തല്‍ക്കാലം മറന്ന് ഷങ്കര്‍ ഒരുക്കിയിരിക്കുന്ന ദൃശ്യവിസ്മയത്തിനു വേണ്ടിയാണ് പ്രേക്ഷക ലോകം തയ്യാറെടുത്തിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് ഏകദേശം 543 കോടിയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബാഹുബലി 2 വിന്റെ റെക്കോഡാണ്  2.0 മറികടന്നിരിക്കുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഏറ്റവും ചെലവേറിയ ചിത്രമെന്ന റെക്കോഡ് ഇനി 2.0 യുടെ പേരിലാണ്. റിലീസിനും മുന്നേ 490 കോടിയോളം രൂപ ഇതിനോടകം 2.0 നേടി കഴിഞ്ഞു. പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല അടുത്തിടെ ട്വീറ്റ് ചെയ്തത് മുന്‍കൂര്‍ ബുക്കിങ്ങിലൂടെ 120 കോടി രൂപ ചിത്രം കളക്ട് ചെയ്തതെന്നാണ്. ഇതിന് പുറമെ ബോളിവുഡ് ഹങ്കാമയിലെ റിപ്പോര്‍ട്ട് പ്രകാരം മറ്റ് പല മേഖലകളിലൂടെ ചിത്രം റിലീസിന് മുമ്പെ തന്നെ ചിത്രം 370 കോടി സ്വന്തമാക്കിയെന്നാണ്.

ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കും. അക്ഷയ് കുമാര്‍ ആണ് വില്ലനായി അഭിനയിക്കുന്നത്. എമി ജാക്‌സണ്‍ നായികയായി എത്തുന്നു. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യവീഡിയോ ഗാനത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.67 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യുട്യൂബില്‍ കണ്ടത്. യന്തിര ലോകത്തെ സുന്ദരി. രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവര്‍ ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. എ.ആര്‍ റഹമാന്റെ മാസ്‌കരിക സംഗീതത്തില്‍ ഒരുങ്ങിയ ഗാനം അമ്പരപ്പിക്കുന്ന ദൃശ്യമികവോടെയാണ് ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്.

2.0 രജനികാന്തും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വൈകാരികമായാണ് ചിത്രത്തെ കുറിച്ച് രജനി സംസാരിച്ചത്. ഇന്ത്യന്‍ സിനിമ അഭിമാനിക്കാവുന്ന സിനിമയാകും 2.0 എന്നാണ് ചിത്രത്തെ കുറിച്ച് രജനികാന്ത് പറയുന്നത്. മികച്ച തിരക്കഥയും സാങ്കേതികത്തികവോടും കൂടി സിനിമ മികച്ച നിലവാരത്തിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. 2.0വിന്റെ ഷൂട്ടിംഗ് രസകരകരമായിരുന്നു. ക്ലൈമാക്‌സ് ഷൂട്ടിംഗിന്റെ സമയത്ത് ആരോഗ്യം മോശമായതു മാത്രമാണ് പ്രശ്‌നമായത്. എന്റെ ആദ്യ ചിത്രത്തിനു ശേഷം ഇത്രത്തോളം ഞാന്‍ ആകാംക്ഷയിലുള്ളത് 2.0വിനെ കുറിച്ചാണ്. ചിത്രത്തില്‍ 40 മുതല്‍ 45 ശതമാനം വരെ വിഷ്വല്‍ എഫക്റ്റ്‌സ് ആണ്. ഞാന്‍ എങ്ങനെയാണ് അഭിനയിച്ചതെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്- രജനികാന്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍