UPDATES

സിനിമ

ജൂണിന്റെ ജീവിതം അഥവാ ഓം ശാന്തി ഓശാനയിൽ പ്രേമത്തിന്റെ ഫിമെയിൽ വേർഷൻ

ആദ്യസിനിമ ആയ അനുരാഗക്കരിക്കിൻവെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജിഷാ വിജയൻ ആണ് ജൂൺ എന്ന ടൈറ്റിൽ റോളിൽ വരുന്നത്

ശൈലന്‍

ശൈലന്‍

വിജയ്ബാബുവിന്റെ ഫ്രൈഡേ സിനിമ സിനിമ നിർമ്മിക്കുന്ന പത്താമത്തെ സിനിമയായ ജൂൺ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജൂണിന്റെ കഥയാണ്. ജൂൺ എന്നതുകൊണ്ട് സൂചിതമാവുന്നതാവട്ടെ കലണ്ടറിലെ ആറാമത്തെ മാസമായ ജൂൺ അല്ല. കഥാനായിക ആണ്. അവളുടെ പേര് ആണ് ജൂൺ. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്ന് ചോദ്യം വേണ്ട. അപ്പനും അമ്മയ്ക്കും തോന്നുന്നതെന്തോ അനതാണല്ലോ മക്കളുടെ പേര്.

2006 ജൂൺ ഒന്നിന് ജൂൺ എന്ന പെൺകുട്ടി പ്ലസ്‌ടു ക്ലാസിൽ പ്രവേശിക്കുന്ന അന്ന് മുതൽ വാർത്തമാനകാലത്തിൽ അവളുടെ വിവാഹം കഴിയുന്നത് വരെയുള്ള അവളുടെ കേവലസാധാരണമായുള്ള ജീവിതവും വഴികളും ആണ് സിനിമ പിന്തുടരുന്നത്. ഓം ശാന്തി ഓശാനയിൽ മിഥുനും ജൂഡും ചേർന്ന് നസ്രിയയെ അഴിച്ചുവിട്ടു പിന്തുടർന്ന വഴികൾ ആണത്. ഓം ശാന്തിയിലെ നസ്രിയ ഏകകാമുകവ്രതക്കാരി ആയിരുന്നുവെങ്കിൽ ജൂണിന്റെ മാർഗം പ്രേമത്തിലെ നിവിൻ പൊളിയുടേത് ആണ്.

ആദ്യസിനിമ ആയ അനുരാഗക്കരിക്കിൻവെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജിഷാ വിജയൻ ആണ് ജൂൺ എന്ന ടൈറ്റിൽ റോളിൽ വരുന്നത്. സിനിമ തുടങ്ങുന്നത് 2016 ലെയോ മറ്റോ ഒരു ഡിസംബർ 31ന്റെ ഒരു ന്യൂ ഇയർ ഈവനിംഗിനാണ്. വർക്കല കടപ്പുറത്ത് ഫ്രീക്കിയായി വന്നിറങ്ങിയ ജൂൺ ചുമ്മാ അങ്ങ് അജു വർഗീസിന്റെ ബിനോയ്ക്കും മറ്റും ഒപ്പം പച്ച ബിയറടിച്ച് പൊളിക്കുകയാണ്. പൊളി തുടങ്ങുമ്പോഴേക്ക് തന്നെ ഫ്‌ളാഷ് ബാക്കിലേക്ക് മൂക്കുകുത്തി വീണ് 2006ലെ പ്ലസ് വൺ ക്ലാസിലേക്ക് എത്തുകയും ചെയ്യുന്നു.

ഇന്നലെ ഒമർ ലാലുവിന്റെ സിനിമയിൽ കണ്ടതിന്റെ മറ്റൊരു വേർഷൻ ആണ് പിന്നീട് ആദ്യ പകുതിയിൽ മുഴുവനും നടക്കുന്നത്. അഡാർ ലവ് വർത്തമാനകാലത്തിൽ ആണ് നടക്കുന്നത് എങ്കിൽ ജൂൺ 2006-07 കാലഘട്ടത്തിൽ ആണ് നടക്കുന്നത്. കളിയും ചിരിയും ബഹളങ്ങളും എല്ലാം ഒമർ ലുലുവിന്റേതിൽ നിന്ന് ഡോസ് കുറച്ച് ഒതുക്കത്തിലും മിതത്വത്തോടെയും ആണ് പുതുമുഖസംവിധായകനായ അഹമ്മദ്‌ കബീർ ഒരുക്കിയിരിക്കുന്നത്.

തനിക്കൊരു കഴിവുമില്ല എന്ന അപകര്‍ഷതയുമായി വരുന്ന ജൂണിനെ ടീച്ചർ പിടിച്ച് പെണ്‍കുട്ടികളുടെ ലീഡർ ആക്കുന്നു. ആൺകുട്ടികളുടെ കൂട്ടത്തിലെ അതിനേക്കാൾ തോൽവി ആയ നോയലിനെ ബോയ്സ് ലീഡറുമാക്കുന്നു. അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പവും പ്രണയവും മറ്റുള്ളവരുമായുള്ള സൗഹൃദവും ആണ് ഫാസ്റ്റ് ഹാഫ്. പക്ഷെ ഈ ഘട്ടത്തിൽ ഏറ്റവും മനോഹരമായി പ്രേക്ഷകന് അനുഭവഭേദ്യമാകുക ജൂണും അപ്പനും തമ്മിലുള്ള പിതൃപുത്രീബന്ധത്തിന്റെ ഇഴയടുപ്പമാണ്.

പ്ലസ് റ്റുവും ഫസ്റ്റ് ഹാഫും കഴിഞ്ഞതോടെ ജൂണും നോയലും എല്ലാ അര്‍ഥത്തിലും പിരിയുകയും ഒരാൾ പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് കോളേജിലേക്കും മറ്റെയാൾ മുംബൈയിലേക്കും പോകുന്നു. തുടർന്നുള്ള പത്ത് വർഷത്തിലെ ജൂണിന്റെ ലൈഫിന്റെ ഉപരിപ്ലവതകളും അതിൽ വന്നുചേരുന്ന അടുത്ത രണ്ട് നായകന്മാരെയും അവളുടെ കല്യാണത്തെയും ചേർത്തുവച്ചതാണ് സെക്കന്റ് ഹാഫ്. ആസ്വാദ്യമാണ് രണ്ട് പാതികളും.

പ്രേമത്തിലെ ജോർജിന്റെ പാറ്റേൺ ആണ് പാത്രസൃഷ്ടിയിൽ സ്വീകരിച്ചിരിക്കുന്നത് എങ്കിലും ജൂണിന്റെ മൂന്നാമത്തെ നായകനും വരനുമായ ആളെ ക്ളൈമാക്സ് വരെ സസ്പെന്‍സില്‍ നിർത്തി എന്നതിനാൽ ആ പോർഷൻ തീർത്തും പ്രവചിക്കാന്‍ രഹിതമാണ്. അതുകൊണ്ട് തന്നെ ആ അർത്ഥത്തിൽ ഒട്ടും നാടകീയമല്ലാത്തതും ആണ്. പക്ഷെ അതിന്റെ കുറവ് കൂടി തീർക്കുന്നതായി കല്യാണ റിസപ്‌ഷനിലെ പ്ലസ് റ്റു ഒത്തുചേരൽകാരുടെ വെരകൽ.

തനിക്ക് ചേർന്ന ഐറ്റം ആയതുകൊണ്ട് രജിഷാ വിജയൻ ജൂണിനെ സ്‌കോർ ചെയ്തിട്ടുണ്ട്. അപ്പനായ ജോജു ഒരു കുളിർ നിലാവ് പോലെയാണ്. നോയലിനെ അവതരിപ്പിച്ച സർജാനോ ഖാലിദിനാണ് നായകൻ എന്ന നിലയിൽ സ്‌ക്രീൻ സ്‌പെയ്‌സ് കൂടുതൽ എങ്കിലും സെക്കന്റ് ഹാഫിൽ കിട്ടിയ ഇത്തിരി സമയം കൊണ്ട് മിന്നിച്ചത്. അർജുൻ അശോകൻ ആണ്. ഹീറോയിസമുണ്ട് അയാളുടെ ഓരോ ചലനങ്ങളിലും ശരീരഭാഷയിലും. മൂന്നാമത്തെ നായകൻ സർപ്രൈസായി തന്നെ നിൽക്കട്ടെ.

പത്തുസിനിമകളിലൂടെ പത്ത് പുതുമുഖ സംവിധായകരെ അവതരിപ്പിച്ചു എന്ന സുവിശേഷം എഴുതിക്കാണിക്കുന്നുണ്ട് ടൈറ്റിലുകൾ തുടങ്ങും മുൻപ് ഫ്രൈഡേ സിനിമ . അഹമ്മദ് കബീർ കൊള്ളാം . ഒന്നുമില്ലെങ്കിലും ഓം ശാന്തി ഓശാനയും പ്രേമവും ബ്ലെൻഡ് ചെയ്താൽ പുതിയ പ്രോഡക്റ്റ് ഉണ്ടാക്കാമെന്ന് ടിയാൻ കണ്ടെത്തിയില്ലേ. ജൂൺ വാച്ചബിൾ ആണ് താനും എല്ലാ അർത്ഥത്തിലും

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍