UPDATES

സിനിമ

രമേഷ് പിഷാരടി/അഭിമുഖം: കൊച്ചുമോളെയും അച്ഛനെയും ഒക്കെ പരിഗണിച്ച് കൊണ്ടുള്ള ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത

ഉത്സവ പറമ്പില്‍ ചെറിയ കാശിന് സ്റ്റേജ് ഷോ ചെയ്യുകയാണെങ്കിലും വലിയ മുതല്‍ മുടക്കില്‍ ചെയ്യുന്ന സിനിമയാണെങ്കിലും പ്രേക്ഷകനോടുള്ള ഉത്തരവാദിത്വം ഒരുപോലെയാണ്

Avatar

വീണ

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതന്‍, മിമിക്രി രംഗത്തെ പ്രതിഭ, സിനിമ നടന്‍, രമേഷ് പിഷാരടിക്ക് വിശേഷണങ്ങള്‍ നിരവധിയാണ് . ഇതിനെല്ലാം അപ്പുറം ഹരി പി നായരുമായി ചേര്‍ന്നെഴുതിയ തിരക്കഥയില്‍  ഒരു ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് രമേഷ് പിഷാരടി. പച്ചവര്‍ണ്ണതത്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷുവിന് തീയേറ്ററിലെത്തും. ചിത്രത്തിന്റെ വിശേഷങ്ങള്‍ അഴിമുഖവുമായി രമേഷ് പിഷാരടി പങ്കുവയ്ക്കുന്നു.

പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയെക്കുറിച്ച് ?
ഈ അവധിക്കാലത്ത് എല്ലാവര്‍ക്കും രണ്ടു രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ റിലാക്‌സ് ചെയ്ത് ആസ്വദിക്കാവുന്ന ഒരു സിനിമയായിരിക്കും പച്ചവര്‍ണ്ണതത്ത. കുടുംബ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള രണ്ട് പേരാണ് പ്രധാന വേഷങ്ങളില്‍; ജയറാമും കുഞ്ചാക്കോ ബോബനും ഒപ്പം അനുശ്രീയും പ്രധാന വേഷത്തിലെത്തുന്നു. കുറച്ചധികം ജീവികളൊക്കെയുണ്ട്. ഒരു പെറ്റ് ഷോപ്പ് ഉടമയാണ് ജയറാമേട്ടന്‍, കുഞ്ചോക്കോ ബോബന്‍ ഒരു എം എല്‍ എ ആണ്.
ഇവരുടെയൊക്കെ ഒരു ജീവിതമാണ് പച്ചവര്‍ണ്ണ തത്ത.

രമേഷ് പിഷാരടിയില്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുക കോമഡി ആണ്, പഞ്ചവര്‍ണ്ണതത്ത ഒരു കോമഡി ചിത്രമാണോ?
ചിത്രത്തില്‍ കോമഡിയും ഉണ്ട്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് കൊടുക്കാന്‍ നമ്മള്‍ എപ്പോഴും ബാധ്യതസ്ഥനാണല്ലോ.

</p

കുടുംബ പ്രേക്ഷകരെയാണോ ഈ സിനിമ ലക്ഷ്യം വയ്ക്കുന്നത്?
അല്ല, എല്ലാ പ്രേക്ഷകരെയും ലക്ഷ്യം വെച്ചുള്ളതാണ് . ഒരു സിനിമ അങ്ങനെയാണല്ലോ… അല്ലാതെ ഒരു വിഭാഗം മാത്രം കണ്ടാല്‍ മതി എന്ന് ചിന്തിക്കാന്‍ ആകില്ലല്ലോ…പിന്നെ എല്ലാവരും ഒരു കുടുംബത്തിന്റെ പ്രതിനിധികളാണല്ലോ…എന്റെ വീട്ടിലെ കൊച്ചു മോളെയും വയസ്സായ അച്ഛനെയും ഒക്കെ പരിഗണിച്ച് കൊണ്ടുള്ള ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത.

എങ്ങനെയാണ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത് ?
ആദ്യം തിരക്കഥ എഴുതിയിട്ട് നാദിര്‍ഷയെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്നാണ് കരുതിയത്. പക്ഷെ നാദിര്‍ഷാ തന്നെയാണ് ചോദിച്ചത് സംവിധാനം ചെയ്തുടേന്ന്. പിന്നെ നാദിര്‍ഷയ്ക്ക് ഒരു തമിഴ് സിനിമയുടെ കുറച്ച് തിരക്കുമുണ്ടായിരുന്നു.

ധര്‍മ്മജനെയും പിഷാരടിയെയും ഒരുമിച്ച് കാണുമ്പൊഴൊക്കെ പ്രേക്ഷകര്‍ മനസറിഞ്ഞ് ചിരിച്ചിട്ടുണ്ട്… സംവിധായകനും നടനും തമ്മിലുള്ള ബന്ധം ?
ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാലും ധര്‍മജന് പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നില്ല. കാരണം ആ ബന്ധം അങ്ങനെയാണ്.

ചിത്രത്തില്‍ ധര്‍മജന്റെ വേഷം ?
വേലു എന്നാണ് ധര്‍മജന്റെ കഥാപാത്ത്രതിന്റെ പേര്. കുറേ കഴുതയെ ഒക്കെ നോക്കുന്നയാളാണ്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു?
രാജു ചേട്ടനുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. മുമ്പ് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തോന്നുന്ന കാലത്തിന് മുമ്പ് തന്നെ രാജു ചേട്ടന്‍ പറഞ്ഞിരുന്നു;’ നീ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്, ചെയ്യുകയാണെങ്കില്‍ എന്നെ അറിയിക്കണമെന്ന്’. ഒരു കഥ ശരിയായപ്പോള്‍ രാജു ചേട്ടനെ പോയി കണ്ടു. ചേട്ടന് കഥ ഇഷ്ടമായി. സിനിമ സംഭവിച്ചു.

ബഡായി ബംഗ്ലാവില്‍ നിന്ന് മറ്റാരും ചിത്രത്തിലില്ല?
ധര്‍മജന്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവര്‍ക്ക് ആര്‍ക്കും പറ്റിയ വേഷങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല.

ഔസേപ്പച്ചന്റെ ഇഷ്ടഗാനങ്ങള്‍ ചോദിച്ചുകൊണ്ട് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആ ആശയത്തിന് പിന്നില്‍?
പശ്ചാത്തല സംഗീതം ഒരുക്കുന്നതിനിടയില്‍ ഔസേപ്പച്ചന്‍ സാറിന്റെ പഴയ ഒരുപാട് പാട്ടുകളെ കുറിച്ച് സംസാരിച്ചു ഞങ്ങള്‍. അപ്പോള്‍ തോന്നിയൊരു നേരമ്പോക്കാണ്. പക്ഷെ ഒരുപാട് കമ്മന്റ്‌സ് വന്നു. ഞാന്‍ അതെല്ലാം സാറിന് വായിച്ച് കോള്‍പ്പിച്ചു. അവസാനം ഒരു സര്‍പ്രൈസും കൊടുത്തു. ഇതൊക്കെ ഒരു രസമല്ലേ.

സംവിധായകനായിട്ടുള്ള അനുഭവം?
നമ്മള്‍ വളരുന്നതിന് അനുസരിച്ച് നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കണം. പണ്ട് നമ്മള്‍ കൂട്ടുകാരനോട് റബ്ബറായിരുന്നു കടം വാങ്ങിയതെങ്കില്‍ ഇന്ന് 50 ലക്ഷം രൂപയാണ് ലോണ്‍ എടുക്കുക. അത് പോലെ എല്ലാ രീതിയിലും നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്. പിന്നെ ഒരു കലാകാരനെന്ന നിലയ്ക്ക് എന്നെ സംബന്ധിച്ച് ഉത്സവ പറമ്പില്‍ ചെറിയ കാശിന് സ്റ്റേജ് ഷോ ചെയ്യുകയാണെങ്കിലും വലിയ മുതല്‍ മുടക്കില്‍ ചെയ്യുന്ന സിനിമയാണെങ്കിലും പ്രേക്ഷകനോടുള്ള ഉത്തരവാദിത്വം ഒരുപോലെയാണ്. അവരെ എന്‍ജോയ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും ഉള്ളത്.

സിനിമ സംവിധാനം പ്രതീക്ഷിച്ച മേഖലയാണോ?
ഒരിക്കലുമില്ല. പ്രതീക്ഷിച്ചതിലും ആഗ്രഹിച്ചതിലും അപ്പുറമാണ് ഇപ്പോഴുള്ള ജീവിതം.

മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ കാലമാണ് ?
അങ്ങനെയില്ലല്ലോ… പരീക്ഷണങ്ങളായിട്ട് ചെയ്യുകയാവില്ല… ചെയ്യുന്നത് പരീക്ഷണങ്ങളായി മാറുന്നതാവാം.

പുതിയ ചിത്രങ്ങള്‍ ?
വിളികള്‍ വരുന്നുണ്ട്. ആദ്യം ചെയ്യതതിന്റെ റിസള്‍ട്ട് അറിയട്ടെ എന്ന് കരുതിയിരിക്കുകയാണ്.

മിമിക്രി, ടെലിവിഷന്‍ പ്രോഗ്രാം, സംവിധായകന്‍, തിരക്കഥാകൃത്ത് നടന്‍; ഏറ്റവും ആസ്വദിക്കുന്ന മേഖല?
എല്ലാം ആസ്വദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും എല്ലാം തുടരുന്നതും. 2009 ല്‍ നായകനായപ്പോള്‍ ഇനി സിനിമ മാത്രമേ ചെയ്യൂ എന്ന് കരുതിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ഫീല്‍ഡില്‍ തന്നെ കാണുമായിരുന്നില്ല. മാത്രമല്ല വല്ലാതെ കഷ്ടപ്പെട്ട് നമ്മള്‍ ഒന്നും ചെയ്യേണ്ട കാര്യമില്ലല്ലോ… അതുകൊണ്ട് ഞാന്‍ ഈ ചെയ്യുന്നതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ട്.

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍