UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ അതീവ ഗ്ലാമറായി അഭിനയിക്കുന്ന സമയത്തു തന്നെയായിരുന്നു ആ കഥാപാത്രത്തെയും അവതരിപ്പിച്ചത്; രമ്യ കൃഷ്ണന്‍

അവരുടെ പ്രതികരണം ശരിക്കും എന്നെ ഭയപ്പെടുത്തുകയാണ് ഉണ്ടായത്‌

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിച്ച താരമായിരുന്നു രമ്യ കൃഷ്ണന്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡി ഭാഷകളിലായി ഏറെ തിരക്കു പിടിച്ച നായിക. തന്റെ ഗ്ലാമര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഹരം പിടിപ്പിച്ച രമ്യ മികച്ചൊരു അഭിനേത്രിയെന്ന പേരും അതിനൊപ്പം നേടിയിരുന്നു. പ്രായം ഇന്നും മങ്ങലേല്‍പ്പിച്ചിട്ടില്ലാത്ത രമ്യക്ക് ഇപ്പോഴും തെന്നിന്ത്യയില്‍ ഏറെ തിരക്കുണ്ട്. ബാഹുബലിയിലെ രാജമാത ശിവകാമിയിലൂടെ ഇന്നവരുടെ പ്രശസ്തി ഇന്ത്യക്കു വെളിയിലും എത്തി. ബാഹുബലിക്കു ശേഷം രമ്യ കൃഷ്ണന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്ന സിനിമയാണ് സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം. ശിവകാമിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് താനാ സേര്‍ന്ത കൂട്ടത്തില്‍ രമ്യക്ക്. കഥാപാത്രങ്ങളില്‍ പുലര്‍ത്തുന്ന ഈ വ്യത്യസ്തയാണ് തനിക്ക് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്ഥാനം നിലനിര്‍ത്തി പോകുന്നതിനു കാരണമെന്ന് രമ്യ പറയുന്നു. തന്റെ കരിയറിന്റെ ഏറ്റവും ആകര്‍ഷകമായ സമയത്ത് പോലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ആരാധന നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു രമ്യ ബിഹൈന്‍ഡ് വുഡ്‌സിനോടു പറയുന്നു.

എന്റെ ഗ്ലാമറസ് വേഷങ്ങള്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നിരുന്ന സമയത്താണ് ഞാന്‍ അമ്മന്‍ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആ ചിത്രത്തിനു മുന്നേ മൂന്നു തവണ ഞാന്‍ അമ്മന്‍(ദേവി) കഥാപാത്രമായി സിനിമയില്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ തെലുങ്കില്‍ അമ്മന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ആ ഇന്‍ഡസ്ട്രിയില്‍ ഞാനൊരു ഗ്ലാമര്‍ നായികയുടെ ഇമേജിലായിരുന്നു നിന്നിരുന്നത്. ഒരാളും പ്രതീക്ഷിക്കുകയോ അല്ലെങ്കില്‍ അംഗീകരിക്കുകയോ ചെയ്യാത്ത കാര്യമാണ് ഞാന്‍ അമ്മന്‍ വേഷം ചെയ്യുക എന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഞാന്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്. അമ്മന്‍ റിലീസ് ചെയ്യുന്നത് ഞാനും ചിരഞ്ജീവിയും ഒന്നിച്ചഭിനയിച്ച മറ്റൊരു ചിത്രത്തിനൊപ്പാണ്. അതിലാണെങ്കില്‍ ഞാന്‍ അതീവ ഗ്ലാമര്‍ ആയാണ് പ്രത്യക്ഷപ്പെടുന്നതും.

ഒരു തിയേറ്ററില്‍ തന്നെ രണ്ടു സ്‌ക്രീനുകളിലായി എന്റെ രണ്ടു സിനിമകളും ഓടുന്നു. ഒന്നില്‍ ഞാന്‍ ഗ്ലാമര്‍ കാണിച്ച് അഭിനയിക്കുന്നു, മറ്റൊന്നില്‍ ഞാന്‍ ദേവിയുടെ വേഷത്തിലും. ഒരു നായികയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം അത്രയെളുപ്പം ലഭിക്കുന്ന ഒന്നല്ല. അങ്ങനെ നോക്കിയാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ഒരേ സമയം വിഭിന്നങ്ങളായ രണ്ടു കഥാപാത്രങ്ങളായി അഭിനയിക്കാന്‍ സാധിക്കുന്നു. അതിലുപരി ഒരു ഗ്ലാമര്‍ നായികയായി കണ്ടിരുന്ന എന്റെ അമ്മന്‍ വേഷം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതും എന്നെ ആഹ്ലാദിപ്പിച്ചു. അമ്മന്‍ വേഷത്തില്‍ സ്‌ക്രീനില്‍ എന്നെ കണ്ടപ്പോള്‍ ശരിക്കും രോമാഞ്ചം വന്നുപോയി. സിനിമ കണ്ടശേഷം പ്രേക്ഷകര്‍ക്ക് എന്നോടുണ്ടായ ആരാധന ഭയപ്പെടുത്തുന്നതായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും എത്രയോ ഇരട്ടി മുകളിലായിരുന്നു അവരുടെ സ്‌നേഹം; രമ്യ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍