UPDATES

സിനിമ

രണ്ടുപേർ ചുംബിക്കുമ്പോള്‍: ചുംബനസമരാനന്തര കേരളത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തല്‍

അന്യനെ മാത്രമല്ല, സ്വയം തന്നെയും നമ്മള്‍ ‘സെന്‍സര്‍’ ചെയ്യുന്നുണ്ടെന്ന്, അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയില്‍ അകപ്പെട്ടിട്ടുണ്ടെന്നു ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ

‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്ന സിനിമയെ ചുംബനസമാരാനന്തര കേരളത്തിലെ ചരിത്രപരമായ രേഖപ്പെടുത്തലായാണ് കരുതുന്നത്. വസ്തുതയും കല്‍പനയും ഉള്‍ച്ചേര്‍ന്ന പ്രസ്തുത സിനിമയുടെ ഘടന തന്നെയും ഈ സിനിമയുടെ രാഷ്ട്രീയാടിത്തറയ്ക്ക് കരുത്തേകുന്നു.

പ്രതാപ് ജോസഫ് എന്ന സംവിധായകന്റെയും മിനിമല്‍ സിനിമാ മൂവ്‌മെന്റിന്റെയും കൂടെ പ്രവര്‍ത്തിക്കുന്നതില്‍ ഏറ്റവും അഭിമാനം തോന്നുന്നത് ഈ സിനിമകളുടെ, സിനിമാ നിര്‍മാണ പ്രക്രിയയുടെ ജനാധിപത്യപരത കൊണ്ട് തന്നെയാണ്. സിനിമയില്‍ സഹസംവിധായികയായും, അഭിനേതാവായും പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

കോഴിക്കോട്ടെ ചുംബനസമരത്തിന് മുന്നോടിയായ ചര്‍ച്ചകള്‍ക്കിടമായ ഓപ്പണ്‍ സ്‌ക്രീന്‍ തീയറ്ററിലാണ്, തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളില്‍, ഏറെയും നിറഞ്ഞ സദസ്സില്‍, പതിമൂന്നോളം പ്രദര്‍ശനങ്ങള്‍ നടന്നത്.

അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ കലഹാത്മകമായാണ് പ്രതാപ് സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കുന്നത്. വ്യക്തിപരമായി ഏറ്റവും കൗതുകം തോന്നുന്നതും അദ്ദേഹത്തിന്റെ സൗന്ദര്യശാസ്ത്രപരമായ തിരഞ്ഞെടുപ്പിലാണ്(aesthetical choice). നിലവിലെ നമ്മുടെ കാഴ്ചാ ശീലങ്ങള്‍ ഒരു ‘collective pattern’ രൂപപ്പെടുത്തിയിട്ടുണ്ട് നമ്മില്‍, എന്നെനിക്കു തോന്നുന്നു. ദൃശ്യമെന്ന മാധ്യമത്തോട്, പറയാനുള്ളതിനോട്, ഏറ്റവും സത്യസന്ധമായിരിക്കാന്‍ ഈ വ്യവസ്ഥാപിത കാഴ്ചാ സങ്കല്‍പ്പങ്ങളെ തന്നെയും ഉടച്ചു വര്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ സിനിമക്ക്.

അന്യനെ മാത്രമല്ല, സ്വയം തന്നെയും നമ്മള്‍ ‘സെന്‍സര്‍’ ചെയ്യുന്നുണ്ടെന്ന്, അല്ലെങ്കില്‍ അങ്ങനെ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയില്‍ അകപ്പെട്ടിട്ടുണ്ടെന്നു ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ. ഈ സിനിമക്കകത്തും പുറത്തും ഇതിനോട് ഐക്യപ്പെട്ടവര്‍ പലരും ചുംബന സമരത്തില്‍ ഏതെങ്കിലും ഒരു തരത്തില്‍ ഭാഗമായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് സിനിമക്കകത്തു ഫിക്ഷന്റെയും ഡോക്യൂമെന്ററിയുടെയും അതിര്‍വരമ്പുകള്‍ മാഞ്ഞു പോവുന്നത്.

സിനിമാനിര്‍മാണ പ്രക്രിയയും, അതിന്റെ ഭാവുകത്വപരമായ പരിണാമവും, ഒടുക്കം പ്രദര്‍ശങ്ങളും ജനകീയമാകുന്ന ഈ പ്രത്യേക സാഹചര്യത്തെ ഒരു വലിയ മൂവ്‌മെന്റായിത്തന്നെ വിശേഷിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അതിനു തുടര്‍ച്ചയുണ്ടാകേണ്ടതുണ്ട്. ‘രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ അതിനൊരു ഹേതുവാകും എന്ന് പ്രത്യാശിക്കുന്നു.

 

 

 

അര്‍ച്ചന പദ്മിനി

അര്‍ച്ചന പദ്മിനി

നാടക-ചലച്ചിത്ര പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍