UPDATES

സിനിമ

അഭിമുഖം/രഞ്ജിത് ശങ്കര്‍: രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും വരുമ്പോള്‍ ജോൺ ഡോൺ ബോസ്കോ മാറിയോ?

“ലാലേട്ടനെ വച്ചു സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. അതിന്‌ വേണ്ടി ഒരു തിരക്കഥ ഞാൻ എഴുതി മാറ്റി വച്ചിരിക്കയാണ്”

തന്റെ സിനിമകളിലൂടെ എന്നും മദ്ധ്യവർഗ മലയാളിയുടെ ജിവിതം പറയാൻ ശ്രമിച്ചിട്ടുള്ള സംവിധായകൻ ആണ്‌ രഞ്ജിത് ശങ്കർ. പാസ്സഞ്ചറും, മോളി ആന്റിയും ഒക്കെ മലയാളിയുടെ ദൈനംദിന ജീവിതങ്ങളുടെ നേർക്കാഴ്ച ആയിരുന്നെങ്കിൽ പുണ്യാളൻ സീരീസ് ഒരു ശരാശരി മലയാളിയുടെ അതിജീവനത്തെ തുരങ്കം വെക്കുന്ന അസൂയയെയും പാരവയ്പ്പിനെയും വിലങ്ങുതടികളെയും ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയായിരുന്നു. സുധി വാൽമീകവും രാമന്റെ ഏദൻതോട്ടവും കുറവുകളെ വകവയ്ക്കാതെ, വിഷമങ്ങളെ തരണം ചെയ്ത് ജീവിതത്തിൽ മുന്നോട്ട് പോകാൻ നമ്മളെ സ്വാധീനിക്കുന്ന കഥകൾ ആയിരുന്നു. ഞാൻ മേരികുട്ടി കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിക്ക്‌ നേരെ ഉള്ള ഒരു ചോദ്യ ചിഹ്നമായി. അങ്ങനെ തന്റെ ഓരോ കഥയിലും പ്രമേയങ്ങൾ കൊണ്ടും കഥപറച്ചിലുകൾ കൊണ്ടും മലയാളികൾക്ക്‌ പുതുമ സമ്മാനിച്ചിട്ടുള്ള രഞ്ജിത് ശങ്കറിന്റെ ഏറ്റവും വലിയ കൊമേർഷ്യൽ വിജയം ആയിരുന്നു പ്രേതം. 2016ൽ പുറത്തിറങ്ങിയ പ്രേതത്തിൽ ജയസൂര്യയോടൊപ്പം അജു വർഗീസ്, ഷറഫുദീൻ, ഗോവിന്ദ് പത്മസൂര്യ, പേർളി മാണി, ശ്രുതി രാമചന്ദ്രൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ഇപ്പോൾ പ്രേതത്തിന്റെ രണ്ടാം ഭാഗവുമായി ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തുകയാണ്‌ രഞ്ജിത് ശങ്കർ. പ്രേതം 2നെ പറ്റിയും തന്റെ സിനിമകളെ പറ്റിയും മനസ്സ്‌ തുറക്കുകയാണ് രഞ്ജിത് ശങ്കര്‍.

രണ്ടാം ഭാഗം എന്നത്‌ എപ്പോഴും റിസ്‌ക് കൂടുതൽ ഉള്ള ഒന്നാണ്‌, പ്രത്യേകിച്ച് ആദ്യഭാഗം വലിയ വിജയം ആയ ഒരു സിനിമയ്ക്ക്. എന്തൊക്കെയാണ് പ്രേതം 2നെ പറ്റി ഉള്ള പ്രതീക്ഷകൾ?

പ്രേതം ആദ്യ ഭാഗം ചെയ്യുമ്പോൾ തന്നെ പ്ലാൻ ചെയ്തിരുന്നതാണ് പ്രേതം 2. ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു ആ സിനിമ. അയാളുടെ ഒരു ചെറിയ അംശം മാത്രമാണ്‌ നമ്മൾ ആദ്യ ഭാഗത്തിൽ എക്‌സ്‌പ്ലോർ ചെയ്‌തത്‌. ആ കഥാപാത്രത്തെ പിന്നെയും ഉപയോഗിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ അതിന്‌ പറ്റിയ ഒരു കഥയും സന്ദർഭങ്ങളും അന്നില്ലായിരുന്നു. അത്‌ ഒത്തുവന്നത് ഇപ്പോഴാണ്. അങ്ങനെ ആണ്‌ പ്രേതം 2 സംഭവിക്കുന്നത്‌. അതിനി എങ്ങനെ ഉണ്ടെന്ന്‌ പറയേണ്ടത്‌ പ്രേക്ഷകരാണ്. നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നേ നമുക്ക്‌ പറയാൻ പറ്റും.

പ്രേതം 2ൽ വരുമ്പോൾ ജോൺ ഡോൺ ബോസ്കോയിൽ എന്തൊക്കെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്?

കഴിഞ്ഞ കഥ നടന്ന്‌ രണ്ട്‌ വർഷത്തിന് ശേഷമാണ് ഈ കഥ നടക്കുന്നത്. അപ്പോൾ ആ രണ്ട്‌ വർഷം കൊണ്ട് അയാളിൽ ഉണ്ടായിട്ടുള്ള ഒരു മാറ്റമുണ്ട്. അയാൾ കുറച്ചുകൂടി സ്പിരിച്വൽ ആയിട്ടുണ്ട്. കുറച്ചൂടെ അയാളുടെ ഷോ ഓഫ്‌ കുറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി പീസ്ഫുൾ ആയിട്ടുണ്ട്‌.

പ്രേതത്തിന്റെ തുടർച്ച അല്ല പ്രേതം 2 എന്ന്‌ കേട്ടു. പുതിയ കഥയും കഥാപാത്രങ്ങളും ആണ്‌. അവരെ പറ്റിയും ആ പരിസരത്തെ പറ്റിയും പറയാമോ?

പ്രേതം 2ന്റെ ജോണർ യുവാക്കൾക്ക് വേണ്ടി ഉള്ളതാണ്‌. ഞാൻ അങ്ങനെ അറ്റംപ്റ്റ് ചെയ്തിട്ടുള്ള ഒരേയൊരു സിനിമ പ്രേതം ആണ്‌. അതിന്‌ മുൻപത്തെ സിനിമകൾ ഒക്കെ എല്ലാ തരത്തിലുമുള്ള ഓഡിയൻസിന് വേണ്ടി ഉള്ളതായിരുന്നു. പ്രേതം 2 പൂർണ്ണമായും യുവാക്കൾക്ക് വേണ്ടി ആണ്‌ എടുത്തത്. അതുപോലെ തന്നെ ആണ് പ്രേതം എടുത്തതും. പക്ഷേ അത്‌ കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും ഒക്കെ ഇഷ്ടപെട്ടു. അതുകൊണ്ട്‌ തന്നെ പ്രേതം 2 എടുക്കുമ്പോഴുള്ള പ്രതീക്ഷകൾ ഒരു ബാധ്യത ആണ്‌. ഒരു വെക്കേഷൻ എന്റെർറ്റൈനെർ ആയിട്ടാണ് ട്രൈ ചെയ്തിരിക്കുന്നത്. ക്രിസ്‌മസിന്‌ ഫാമിലി ആയിട്ടും ഫ്രണ്ട്‌സ് ആയിട്ടുമൊക്കെ വന്നു എൻജോയ് ചെയ്യാൻ പറ്റുന്ന സിനിമ. അതിന്‌ ചേരുന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് ഇതിലേത്. ഡെയ്ൻ ഡേവിസ്, സിദ്ധാർഥ്‌ ശിവ, അമിത് ചക്കാലയ്ക്കൽ, സാനിയ അയ്യപ്പൻ, ദുർഗ കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അവർ എല്ലാവരും ഒരു സ്ഥലത്ത് എത്തുന്നതും, അവിടെ ഈ പറഞ്ഞ ഒരു പാരാനോർമൽ പ്രെസൻസ് അനുഭവപ്പെടുകയും, അത്‌ എന്ത്‌ ചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോ അവിടെ ജോൺ ഡോൺ ബോസ്‌കോ എത്തിപ്പെടുകയും ചെയ്യുന്നതാണ് കഥ.

വരിക്കാശ്ശേരി മനയിലാണ് പ്രേതം 2 ഷൂട്ട് ചെയ്തിരിക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും പ്രൗഢമായ ഒരു ലൊക്കേഷൻ ആണത്. അവിടെ ഷൂട്ട് ചെയ്തതിന്റെ അനുഭവം എങ്ങനെ ഉണ്ടായിരുന്നു?

വരിക്കാശ്ശേരി മനയായിട്ടല്ല അത്‌ ഷൂട്ട് ചെയ്തിരിക്കുന്നത്. എന്റെ ഭാര്യവീട് ഒറ്റപ്പാലത്താണ്. എപ്പോഴും ഒറ്റപ്പാലത്ത് പോകുമ്പോ ഞാൻ പോകുന്ന സ്ഥലമാണ്‌ വരിക്കാശ്ശേരി മന. അവിടെ ഒരു സിനിമ ഷൂട്ട് ചെയ്യണമെന്ന്‌ എനിക്ക്‌ വലിയ ആഗ്രഹമായിരുന്നു. ഈ കഥ വന്നപ്പോ അത്‌ ഷൂട്ട് ചെയ്യാൻ അനുയോജ്യം അവിടം ആണെന്ന്‌ തോന്നി. അങ്ങനെ ആണ്‌ ഈ കഥ അവിടെ പ്ലെയ്‌സ്‌ ചെയ്യുന്നത്‌. ഒരു പക്ഷേ വരിക്കാശ്ശേരി മന ഇല്ലായിരുന്നേൽ ഈ കഥ ചെയ്യാൻ വളരെ ബുദ്ധിമുട്ടായേനെ. അത്രമാത്രം ഈ കഥയിൽ ആ സ്ഥലത്തിന് പ്രാധാന്യം ഉണ്ട്.

ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കത്തിൽ ആദ്യം ചേർക്കപ്പെട്ട പേരാണ്‌ പാസഞ്ചർ. അതുവരെ ഉള്ള സിനിമകളിൽ അങ്ങനെ ഒരു കഥപറച്ചിൽ മലയാളി കണ്ടിട്ടില്ലായിരുന്നു. പക്ഷേ പിന്നീട്‌ താങ്കൾ ചെയ്‌ത സിനിമയിലൊന്നും അത്തരമൊരു കഥപറച്ചിൽ ഇല്ലായിരുന്നു. ബോധപൂർവ്വം ആണോ അതോ?

ബോധപൂർവ്വം ആണ്‌. കാരണം ഒരു പ്രാവിശ്യം ചെയ്തല്ലോ. അപ്പോ പിന്നെ അത്‌ വീണ്ടും ട്രൈ ചെയ്യുന്നതിൽ എന്താണ്‌ കാര്യം? നമ്മൾ എപ്പോഴും നോക്കുന്നത് ഇങ്ങനെ ഒരു രീതിയിൽ ഒരു കഥ പറയാം എന്നുള്ളതല്ല ,ആ കഥ പറയാൻ ഏറ്റവും നല്ലതേതാണ് എന്നാണ്‌. പാസഞ്ചർ അങ്ങനെ മാത്രം പറയാൻ പറ്റുന്ന ഒരു കഥയാണ്‌. ഓരോ കഥ തിരഞ്ഞെടുക്കുമ്പോഴും അങ്ങനെയാണ് ആലോചിക്കാറുള്ളത്. ഈ കഥ നമുക്ക്‌ എങ്ങനെ നല്ല രീതിയിൽ പറയാം എന്നാണ്‌ അല്ലാതെ മനപ്പൂർവം ആയിട്ട് അതിന്റെ തിരക്കഥയിൽ ഒരു കോംപ്ലികേഷൻ കൊണ്ടുവരുന്നതിൽ അർത്ഥമില്ല.

‘ഞാൻ മേരിക്കുട്ടി’ പോലൊരു സിനിമ മലയാളത്തിൽ പലരും കൈവയ്ക്കാൻ പേടിച്ച വിഷയമായിരുന്നു. അങ്ങനെ നോക്കുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ താങ്കടെ ഒരു ചങ്കൂറ്റം ആയിരുന്നില്ലേ ആ സിനിമ?

അതിന്റെ ഒരു സന്തോഷം എന്ന്‌ പറയുന്നത്‌ നമ്മൾ എടുത്ത ഒരു എഫേർട്ട് പ്രേക്ഷകർ സ്വീകരിച്ചു എന്നുള്ളതാണ്. ഏത് സിനിമയും നമ്മൾ തീയേറ്ററിൽ ഓടാൻ വേണ്ടി ചെയ്യുന്നവയാണ്. മേരികുട്ടി പോലുളള സിനിമ ചെയ്യുന്നത്‌ അത്‌ ജനങ്ങൾ കാണണം, അവരുടെ കാഴ്ചപ്പാടിനെ ചെറിയ രീതിയിൽ എങ്കിലും സ്വാധീനിക്കണം എന്ന്‌ വിചാരിച്ചിട്ടാണ്. അത്‌ സംഭവിച്ചു. അത്‌ എത്രമാത്രം പെർമനന്റ് ആണ്‌, ടെംപററി ആണ്‌ എന്നൊന്നും പറയാൻ പറ്റില്ല. പക്ഷേ ആ സിനിമ ഇറങ്ങിയ സമയം കേരളത്തിലുള്ള പല മാളുകളിലും ട്രാൻസ്ജൻഡേർസ് ഫാഷൻ ഷോ നടന്നു, ആ സിനിമയ്ക്ക് മുൻപ്‌ അങ്ങനെ ഒരു ഷോ നടത്താൻ ഉള്ള ധൈര്യം ആളുകൾക്ക്‌ ഉണ്ടായിരുന്നോ എന്നറിയില്ല. എനിക്ക്‌ തോന്നുന്നത് ആ സിനിമയുടെ ഏറ്റവും വലിയ പ്രസക്തി എന്താണെന്ന്‌ വച്ചാൽ അത്‌ ഇനിയും ഒരുപാട്‌ പേർ പല മാധ്യമങ്ങളിലൂടെ കാണാൻ പോകുന്ന ഒരു സിനിമ ആണ്‌ എന്നുള്ളതാണ്‌. ഒരു നാലോ അഞ്ചോ വർഷത്തിന് ശേഷം എവിടെയെങ്കിലും ഒരു വീട്ടിൽ അങ്ങനെ ഒരു കുട്ടി ഉണ്ടെന്ന്‌ ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ, ഈ സിനിമ ഒരുപക്ഷേ ആ കുട്ടിയെ ആ കുട്ടിയുടെ മനസ്സിന്‌ അനുസരിച്ചു ജീവിക്കാൻ അനുവദിക്കാൻ ആ മാതാപിതാക്കളെ സ്വാധീനിച്ചാൽ, അതായിരിക്കും ആ സിനിമയുടെ ഏറ്റവും വലിയ വിജയം. അത് സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം.

ചെയ്ത സിനിമകളിൽ എല്ലാം തന്നെ പറഞ്ഞത്‌ സാധരണക്കാരുടെ കഥകളാണ്. അതിലെല്ലാം തന്നെ ആക്ഷേപഹാസ്യത്തിന്റെ ഒരു സാന്നിധ്യം ഉണ്ട്‌ . ശരിക്കും പരിഹസിക്കപ്പെടേണ്ട വ്യക്തിത്വം ആണ്‌ മലയാളിയുടേത് എന്ന്‌ തോന്നിയിട്ടുണ്ടോ?

ഇല്ല. അങ്ങനെ ഞാൻ ചെയ്തിട്ടുമില്ല എന്നാണ്‌ എന്റെ വിശ്വാസം. ലോകത്തിൽ ആരും പെർഫെക്റ്റ് ആയിട്ടുള്ള മനുഷ്യരില്ലല്ലോ. ഞാൻ നോക്കുന്നത്‌ എല്ലാ വ്യക്തികൾക്കും, ഞാൻ ഉൾപ്പടെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌. ഞാൻ ട്രൈ ചെയ്യാറുള്ളത് ആ ഗുണങ്ങൾ മറ്റുള്ളവരിൽ കാണാനാണ്. എന്റെ സിനിമകളിൽ ഒക്കെ പെർഫെക്റ്റ്ലി വൈറ്റ് ആയ അല്ലെങ്കിൽ പെർഫെക്റ്റ്ലി ബ്ലാക്ക് ആയ കഥാപാത്രങ്ങൾ കുറവായിരിക്കും. ഒരു ഗ്രേ ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരിക്കും നായകൻ ഉൾപ്പടെ മിക്കവർക്കും. യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്‌ ഞാൻ കണ്ടിട്ടുള്ളത്. മലയാളി ഒരിക്കലും അങ്ങനെ പരിഹസിക്കപ്പെടേണ്ട വിഭാഗം ആണെന്ന്‌ എനിക്ക് തോന്നിയിട്ടില്ല. കേരളത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അഭിമാനം കൊള്ളുന്ന ഒരു വ്യക്തിയാണ് ഞാൻ.എനിക്ക്‌ അതിൽ ഒരു വ്യത്യാസം തോന്നിയിട്ടുള്ള കാലഘട്ടം ഞാൻ പുണ്യാളൻ 2 ചെയ്യുന്ന സമയത്താണ്‌. ആ സമയത്ത് എനിക്ക്‌ ഭയങ്കരമായിട്ടൊരു ഫ്രസ്‌ട്രേഷൻ ഉണ്ടായിരുന്നു. നമുക്ക്‌ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചും, മാധ്യമങ്ങൾ ഉൾപ്പടെ ഇവിടെ ചെയ്തു കൂട്ടുന്ന കുറേ കാര്യങ്ങളെ പറ്റിയും, ജനാധിപത്യത്തെ കുറിച്ചൊക്കെ ഉള്ള ഒരുപാട്‌ ഫ്രസ്‌ട്രേഷൻ എനിക്കുണ്ടായിരുന്നു. ആ സിനിമ ഉണ്ടാവാൻ ഉള്ള കാരണം അതാണ്‌. ആ സിനിമ ചെയ്തുകഴിഞ്ഞപ്പോ എന്റെ ഫ്രസ്‌ട്രേഷൻ കുറേയൊക്കെ മാറി എന്നുള്ളതാണ്‌ , ആ സിനിമ ചെയ്തതിൽ എനിക്ക്‌ ഒരുപാട്‌ സന്തോഷം ഉണ്ട്‌.

മേരിക്കുട്ടി പോലെ തന്നെ ഒരു വലിയ റിസ്ക് ആയിരുന്നു രാമന്റെ ഏദൻതോട്ടം. ആ സിനിമയിലും സിനിമയ്ക്ക് കിട്ടിയ ഫീഡ്ബാക്കിലും എത്രത്തോളം സംതൃപ്തനാണ്?

രാമന്റെ എദൻതോട്ടം എടുക്കാൻ നമ്മളെ പിന്തിരിപ്പിച്ചിരുന്ന ഘടകം എന്ന്‌ പറയുന്നത്‌ കേരളത്തിൽ സ്ത്രീകൾക്ക് വേണ്ടി സിനിമ ചെയ്യുന്നത്‌ മണ്ടത്തരം ആണെന്നുള്ളതാണ്. ആ സിനിമ അടിസ്ഥാനപരമായിട്ട്‌ ഒരു ലേറ്റ് ട്വന്‍റീസ് അല്ലെങ്കിൽ ഒരു ഏർളി തെര്‍ട്ടീസില്‍ ഒക്കെയുളള സ്ത്രീകൾക്കാണ് മനസ്സിലാകുക. ഒരുപക്ഷേ ഒരു 45 വയസ്സ്‌ കഴിഞ്ഞ സ്ത്രീയ്ക്ക് അത് മനസിലാവണമെന്നില്ല. 20 വയസ്സിന് താഴെയുള്ളവർക്കും മനസിലാവില്ല. പുരുഷന്മാർ ആ സിനിമ വെറുക്കും. നമ്മൾ സംസാരിക്കുന്നത്‌ 20 വയസ്സിനും 35 വയസ്സിനുമിടയിലുള്ള ചെറിയ ഒരു ശതമാനം സ്‌ത്രീകൾക്ക്‌ വേണ്ടിയാണ്‌. അതറിഞ്ഞുകൊണ്ടാണ് ആ കഥ എടുത്തത്. ആ പ്രേക്ഷകർ എന്ന്‌ പറയുന്നത്‌ അവർ എത്രമാത്രം തീയേറ്ററിൽ പോകുന്നവർ ആണ്‌ എന്നത്‌ സംശയമാണ്. അവർ അധികവും ഡിവിഡിയിൽ അല്ലേൽ ടീവിയിൽ ഒക്കെ സിനിമ കാണുന്ന ആൾക്കാരാണ്. ഞാൻ പ്രതീക്ഷിച്ചതിലും നല്ല ഒരു റെസ്പോൺസ് ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ടായിരുന്നു. ആ പ്രേക്ഷകരേക്കാൾ കുറച്ചുകൂടെ പ്രേക്ഷകർ ആ സിനിമ തിയ്യറ്ററുകളിൽ പോയി കണ്ടിട്ടുണ്ട്. പുരുഷൻമാർ ഒരുപാട്‌ പേർ വെറുത്തിട്ടുള്ള സിനിമ ആണത്. എന്നോട്‌ ഒരുപാട്‌ പേർ ചോദിച്ചിട്ടുണ്ട് എന്തിനാണ്‌ ആ സിനിമ എടുത്തതെന്ന്. ഭാര്യയും ഭർത്താവും കൂടെ പോയിട്ട്‌ ഭാര്യ തല്ലുണ്ടാക്കി സിനിമ കഴിഞ്ഞപ്പോ എന്നൊക്കെ പറഞ്ഞവരുണ്ട്. അതാ കഥയുടെയും സിനിമയുടെയും വിജയം ആയിട്ടാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

പന്ത്രണ്ട്‌ സിനിമകൾ ചെയ്തതിൽ ആറു സിനിമകളിലും നായകൻ ജയസൂര്യ ആയിരുന്നു. അങ്ങനെ ഒന്നിൽ കൂടുതൽ തവണ നിങ്ങളുടെ സിനിമകളിൽ പ്രവർത്തിച്ചവർ അനവധി ആണ്‌. സൗഹൃദങ്ങൾക്ക് എത്രത്തോളം തന്റെ സിനിമയിൽ പ്രാധാന്യം കൊടുക്കുന്ന ആളാണ്‌ രഞ്ജിത് ശങ്കർ?

ഞാൻ എപ്പോഴും സിനിമയ്ക്ക് നോക്കാറുള്ളത് അതിന്‌ ഏറ്റവും അനുയോജ്യരായ ആൾക്കാരെ ആണ്. പിന്നെ ആ ആൾക്കാരുടെ ഒരു കംഫർട്ട് ലെവലും അവരുടെ മറ്റ്‌ കാര്യങ്ങളും അതിൽ പ്രധാനം ആണ്. സൗഹൃദങ്ങൾ നോക്കി ഒരിക്കലും ഒരു സിനിമ ചെയ്യരുത് എന്നാണ്‌ എന്റെ അഭിപ്രായം, സൗഹൃദങ്ങൾ മാറ്റിവച്ചാണ് സിനിമ ചെയ്യേണ്ടത്‌.

തന്റെ സിനിമകളുടെ വിജയപരാജയങ്ങൾ മറ്റൊരാളുമായി പങ്കിടാൻ താല്പര്യമില്ലാത്തതുകൊണ്ടാണോ സ്വന്തമായി ഒരു നിർമ്മാതാവായി മാറിയത്‌?

നമുക്ക്‌ തീരുമാനങ്ങൾ എടുക്കാൻ കുറച്ചുകൂടി എളുപ്പമാണെന്നുള്ളതാണ് അതിലെ ഏറ്റവും പ്രധാനപ്പേട്ട കാര്യം. പാസഞ്ചർ പോലെ ഒരു സിനിമ ചെയ്യുമ്പോ എനിക്ക്‌ ഇതിന്റെ ബിസിനസ് സൈഡിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഇതിനെ പറ്റി അറിയാവുന്നതുകൊണ്ട്‌ നമ്മൾ കുറേ കൂടി കോൺഷ്യസ് ആകും. രാമന്റെ ഏദൻതോട്ടം പോലൊരു കഥ എടുക്കുമ്പോ എനിക്കറിയാം അതിന്ന പ്രേക്ഷകരെ കാണൂ എന്ന്. അതുകൊണ്ട് അതിന്‌ നമ്മൾ പ്രിപ്പയർഡ് ആയിരിക്കും. ആ അറിവ് നമ്മളെ പിന്തിരിപ്പിക്കാന്‍ പോന്നതാണ്. പക്ഷേ ഞാൻ അതിനോട് ഫൈറ്റ് ചെയ്യുന്ന ആളാണ്‌. അതുകൊണ്ടാണ്‌ എനിക്ക്‌ മേരിക്കുട്ടിയും രാമന്റെ ഏദൻതോട്ടവും ഒക്കെ ചെയ്യാൻ സാധിക്കുന്നത്. ഞാൻ ഒരു നിർമ്മാതാവാകാൻ കാരണം പൃഥ്വിരാജ് ആണ്‌. എന്റെ രണ്ടാമത്തെ സിനിമ അർജ്ജുനൻ സാക്ഷി പരാജയപ്പെട്ടപ്പോൾ ഞാൻ മാനസികമായി വല്ലാതെ തളർന്നു. ഇനി സിനിമ ചെയ്യുന്നില്ലാന്ന്‌ തീരുമാനിച്ചപ്പോൾ പൃഥ്വിരാജ് ആണ്‌ എന്നോട്‌ ഈ കാര്യം പറയുന്നത്‌. ഒന്നാമതേ എന്റെ കഥകൾ ഒന്നും അങ്ങനെ കൊമേർഷ്യൽ വാല്യൂ ഉള്ളവ അല്ല, ഒരു നിർമ്മാതാവ്‌ വരുന്നത്‌ അയാൾക്ക്‌ പണം കിട്ടണം എന്ന്‌ പ്രതീക്ഷിച്ചാണ്. അങ്ങനെ പണം കിട്ടും എന്നുറപ്പ്‌ കൊടുക്കാൻ കഴിയുന്ന കഥകൾ അല്ല എന്റേത്. ഒരു താരത്തിന്റെ ഡേറ്റും മാർക്കറ്റും വച്ച് സിനിമ ചെയ്ത് വിജയിപ്പിക്കാൻ കഴിവുളള സംവിധായകൻ അല്ല ഞാൻ. എനിക്ക് കംഫർട്ട് ആവുന്ന കഥകളും ആൾക്കാർക്കും ഒപ്പം മാത്രമേ എനിക്ക്‌ സിനിമ ചെയ്യാൻ കഴിയൂ. അങ്ങനെ എന്റെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട്‌ പൃഥ്വിരാജ് ആണ്‌ സജസ്റ്റ് ചെയ്യുന്നത് ഒരു പ്രൊഡ്യൂസർ എന്ന ടെൻഷൻ വേണ്ട, നമുക്ക് ഒരു കമ്പനി തുടങ്ങാമെന്ന്. ഡ്രീംസ് & ബീയോണ്ട് എന്ന പേര്‌ പോലും ഇട്ടത് പൃഥ്വിരാജ് ആണ്‌. മോളി ആന്റി റോക്ക്സ് എന്ന സിനിമ ആണ് ഞങ്ങൾ ആദ്യം ചെയ്‌തത്‌. പിന്നെ എനിക്കത് കംഫർട്ടബിൾ ആയി തോന്നി. ഇപ്പോൾ പ്രേതം 2 എന്ന സിനിമ ചെയ്യുമ്പോൾ അതിന്റെ സൗണ്ട് ഒക്കെ ചെയ്‌തത്‌ ബാഹുബലി ഒക്കെ ചെയ്ത ടീം ആണ്. അത്‌ മറ്റൊരു നിർമ്മാതാവ്‌ ആയിരുന്നേൽ ചിലപ്പോ അതിന്‌ സമ്മതിച്ചെന്ന്‌ വരില്ല. പക്ഷേ നമ്മള്‍ തന്നെ ചെയ്യുമ്പോൾ ആ ബുദ്ധിമുട്ടുകൾ ഇല്ല.

കഴിഞ്ഞ പത്തുവർഷത്തെ കരിയറിനിടയിൽ ഇതുവരെ മറ്റൊരാൾക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടില്ല, മറ്റൊരാളുടെ തിരകഥ സംവിധാനം ചെയ്തിട്ടുമില്ല. അങ്ങനെ ഒരു പ്ലാൻ ഇല്ലാത്തതുകൊണ്ടാണോ ധൈര്യം ഇല്ലത്തതുകൊണ്ടാണോ?

മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യാനുളള കഴിവ് എനിക്കുണ്ടെന്ന്‌ കരുതുന്നില്ല. കാരണം അത്‌ ഭയങ്കര ടഫ് ആയിരിക്കും. ഞാൻ എഴുതിവയ്ക്കുന്ന തിരകഥ അല്ല ഷൂട്ട് ചെയ്യാറ്‌. എന്റെ തിരക്കഥ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചു തിരുത്തപ്പെടുന്ന ഒന്നാണ്‌. അപ്പോ മറ്റൊരാൾക്ക്‌ വേണ്ടി എഴുതുമ്പോ അത്‌ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, അല്ലെങ്കിൽ അങ്ങനെ കെമിസ്ട്രിയുള്ള ഒരാൾ വരണം. അങ്ങനൊരാൾ ഇതുവരെ വന്നിട്ടുമില്ല അതുകൊണ്ട്‌ തന്നെ അത്‌ സംഭവിക്കുമോ എന്നറിയില്ല.

ഹ്യൂമർ, ഹൊറർ, ലവ് സ്റ്റോറി, ബയോപിക്, ത്രില്ലർ അങ്ങനെ ഒട്ടുമിക്ക ജോണറുകളും പരീക്ഷിച്ചു. എന്നാണ്‌ ഒരു മുഴുനീള ആക്ഷൻ സിനിമ പ്രതീക്ഷിക്കാവുന്നത്?

പാസഞ്ചർ ശരിക്കും ഒരു ആക്ഷൻ മൂഡുള്ള സിനിമയാണ്. അതുപോലെയുള്ള കഥകൾ കിട്ടുമെങ്കിൽ ചെയ്യാൻ താല്പര്യമുണ്ട്. അതിൽ ഫിസിക്കൽ ആക്ഷൻ, സ്ലോ മോഷൻ, ഫൈറ്റ് അങ്ങനത്തെ സിനിമകൾ ഞാൻ ചെയ്യാൻ സാധ്യതയില്ല. പക്ഷേ ഒരു ആക്ഷൻ മൂഡുള്ള സിനിമ ചെയ്യാൻ സാധ്യത ഉണ്ട്‌.

മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്‌, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയൊക്കെ വച്ച് സിനിമ ചെയ്‌തു. എന്നാണ്‌ ലാലേട്ടനുമായി ഒരു സിനിമ?

ലാലേട്ടനെ വച്ചു സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. അതിന്‌ വേണ്ടി ഒരു തിരക്കഥ ഞാൻ എഴുതി മാറ്റി വച്ചിരിക്കയാണ്. എന്റെ ഭാഗത്ത് നിന്ന്‌ ഓരോ സിനിമ കഴിയുമ്പോഴും ഞാൻ ആ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്‌. പക്ഷേ സംഭവിക്കാറില്ല. എന്നെങ്കിലും അത്‌ സംഭവിക്കും എന്നാണ്‌ പ്രതീക്ഷ. വർഷം പോലെ പ്രേക്ഷകർ ഓർത്തിരിക്കുന്ന പെർഫോമൻസ്‌ ഒക്കെയുളള ഒരു സിനിമ ആയിരിക്കണം എന്നാണാഗ്രഹം. തിരക്കഥ റെഡിയാണ്‌. നടത്താനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നുണ്ട്. ഉടനെ സംഭവിക്കട്ടെ എന്ന്‌ മാത്രം പ്രാർത്ഥിക്കുന്നു.

മോഹൻലാൽ എന്ന അത്രയും താരമൂല്യമുള്ള നടനെ വച്ച് സിനിമ ചെയ്യുമ്പോൾ അതിൽ എത്രത്തോളം മോഹൻലാൽ എന്ന നടനെയും താരത്തെയും ഉപയോഗിക്കാൻ സാധിക്കും?

ഞാൻ വർഷത്തിന്റെ ഷൂട്ടിന് തൃശ്ശൂരിലേക്ക് വണ്ടി ഓടിച്ചു പോകുന്ന സമയത്ത് എന്റെ മനസ്സിലുള്ള ചിന്ത ഞാൻ ഇനിയുളള മുപ്പതോ നാല്പതോ ദിവസം മമ്മൂട്ടിയുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ പോകുകയാണ് എന്നതാണ്‌. അത്‌ എന്നും എനിക്കോർത്തിരിക്കാൻ പറ്റുന്ന ഒന്നാവണം എന്നാണ്‌ ഞാൻ ആഗ്രഹിച്ചത്. വർഷം ചെയ്തപ്പോൾ എനിക്ക്‌ മമ്മൂട്ടി എന്ന വ്യക്തിയെ ഒരുപാട്‌ അടുത്തറിയാൻ സാധിച്ചു. മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യുമ്പോഴും എന്റെ ആഗ്രഹം അദ്ദേഹവുമായി നല്ല കുറെ ദിവസങ്ങൾ ചിലവിടാൻ കഴിയണം എന്നാണ്.

സിനിമ പാരമ്പര്യമൊന്നുമില്ലാതെ ഒരു സിനിമ മാത്രം ചെയ്യാൻ വന്ന ഒരു ഐടി പ്രൊഫെഷണലിൽ നിന്ന്‌ പന്ത്രണ്ട്‌ സിനിമകളുടെ തഴക്കം വന്ന ഒരു സംവിധായകനിലും നിർമ്മാതാവിലും ഒക്കെ എത്തിനിൽക്കുമ്പോ എങ്ങനെ നോക്കിക്കാണുന്നു പിന്നിട്ട ഈ യാത്രയെ?

എനിക്ക്‌ അത്ഭുതം ആണ്‌ സത്യം പറഞ്ഞാൽ. ഞാൻ സംവിധായകൻ ആകണം എന്നുപോലും ആഗ്രഹിക്കാത്ത ഒരാളായിരുന്നു. എന്റെ ഒരു മുപ്പതാം വയസ്സിലൊക്കെ ആണ്‌ ഞാൻ ഒരു സംവിധായകൻ ആകണമെന്ന് തീരുമാനിക്കുന്നത്. എനിക്ക്‌ എഴുത്തുകാരൻ ആകണമെന്ന് മാത്രമായിരുന്നു മോഹം. അതിനപ്പുറത്തേക്ക് എന്തേലും ചെയ്യണം എന്ന്‌ ആഗ്രഹിച്ചിരുന്നില്ല. ഒരു സിനിമ ചെയ്യാൻ വന്നു, ചെയ്തു, പിന്നീട്‌ നിർമ്മാതാവ്‌ ആയി ഇപ്പോ ഞാൻ വിതരണക്കാരനാണ്. അങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും കൈ വയ്‌ക്കാൻ സാധിച്ചു. ആലോചിക്കുമ്പോ ശരിക്കും അത്ഭുതം തോന്നുന്നു. ഇതൊന്നും നമ്മുടെ മാത്രം എഫേർട്ട് അല്ല. കൂടെ വർക്ക് ചെയ്ത ടീമിന്റെയും സഹായം കൊണ്ടാണ്‌ ഇത്രത്തോളം എത്തിയത്. എത്രകാലം ഇതൊക്കെ ഉണ്ടാവുമെന്ന് അറിയില്ല. ഞാൻ എൻജോയ് ചെയ്യുന്ന ഒരു കാലത്തോളം മാത്രമേ എനിക്കു സിനിമ ചെയ്യാൻ സാധിക്കൂ… അത് എത്ര നാൾ എന്നു കൃത്യമായി പറയാന്‍ സാധിക്കില്ല.

നവ്നീത് എസ് കെ

നവ്നീത് എസ് കെ

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, തിരുവനന്തപുരം സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍