ലോക സിനിമയില്‍ സിങ് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമാണ്
ഒരിടവേളക്ക് ശേഷം റസൂൽ പൂക്കുട്ടി വീണ്ടും മലയാളത്തിലേക്ക്.പ്രാണ എന്ന വി കെ പ്രകാശ് നിത്യ മേനോൻ ചിത്രത്തിന് വേണ്ടിയാണ് റസൂൽ പൂക്കുട്ടി ശബ്ദലേഖനം ചെയ്യുന്നത്.ശബ്ദത്തിനു വളരെ ഏറെ പ്രാധാന്യം നല്കിയൊരുക്കുന്ന പ്രാണ ലോക സിനിമയില്‍ സിങ് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമാണ്.
പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ ശബ്ദ രൂപ കല്പന ചെയ്തു സിനിമ ഇൻഡസ്ട്രിയിൽ എത്തിയ റസൂൽ പൂക്കുട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവ് ആയത് സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രമാണ്. പിന്നീട് പഴശ്ശി രാജ, എന്തിരൻ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഡേവിഡ് ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ റസൂൽ പൂക്കുട്ടിക്ക് നേടിക്കൊടുത്തത് ഓസ്കാർ ബഹുമതി അടക്കം നിരവധി ലോകോത്തര ബഹുമതികൾ ആണ്.
നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ് അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്.
വി കെ പ്രകാശ്, പി സി ശ്രീറാം, ലൂയിസ് ബാങ്ക്സ്, റെസൂൽ പൂക്കുട്ടി എന്നീ പ്രതിഭകളുടെ സംഗമം കൂടിയാണ് ചിത്രം. എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രൊഡക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രം 2019 ജനുവരി 18 ന് ഇന്ത്യയിൽ മൊത്തം 1000 തീയേറ്ററുകളിൽ ആണ് റിലീസ് ചെയുന്നത്.