UPDATES

സിനിമ

ലെസ്ബിയന്‍ പ്രണയം പറയുന്ന ‘റഫികി’ നിരോധിച്ചു; കെനിയന്‍ സര്‍ക്കാരിനെതിരെ നിയമപോരാട്ടവുമായി സംവിധായിക

കെനിയയില്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് സ്വവര്‍ഗലൈംഗീകത.

‘റഫികി’ നിരോധിച്ച കെനിയന്‍ സര്‍ക്കാരിനെതിരെ സംവിധായക വനൂറി കഹിയു കോടതിയില്‍. സ്വവര്‍ഗ ലൈംഗികത പ്രമേയമാക്കിയതിനാലാണ് റഫികി നിരോധിക്കപ്പെട്ടത്. രണ്ട് സ്ത്രീകള്‍ക്കിടയിലെ പ്രണയകഥ പറയുന്ന ചിത്രം ഓസ്‌കാര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാന്‍ വേണ്ടിയാണ് നിരോധനം നീക്കണമെന്ന ആവശ്യം സംവിധായക ഉന്നയിച്ചത്. സ്വാഹിലി ഭാഷയില്‍ റഫികി എന്നുവെച്ചാല്‍ സുഹൃത്തുക്കള്‍ എന്നാണര്‍ഥം. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമാണ് റഫികി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാന്‍ മേളയിലായിരുന്നു.

മോണിക അറാക് ഡി ന്യേകോ എന്ന ഉഗാണ്ടന്‍ എഴുത്തുകാരി എഴുതിയ ജംബുല ട്രീ എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രമാണ് റഫികി. മികച്ച വിദേശ ഭാഷാ ചിത്രങ്ങള്‍ക്കുള്ള 2019-ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് കെനിയയില്‍ നിന്നുള്ള ചിത്രമായി അര്‍ഹത നേടാന്‍ സെപ്തംബര്‍ 30-ന് മുമ്പ് റഫികി പ്രദര്‍ശിപ്പിക്കപ്പെടേണ്ടതുണ്ട്.

ലെസ്ബിയന്‍ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ ഏപ്രിലിലാണ് സിനിമ നിരോധിക്കപ്പെടുന്നത്. സംവിധായക വനൂറി കഹിയു കെനിയ ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് മേധാവിക്കും അറ്റോണി ജനറലിനുമെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമ കൈവശം വെക്കുന്നത് നിയമലംഘനമാണെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡ് ഏപ്രിലില്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ അതിന് മുമ്പ് സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനമാണ് ബോര്‍ഡ് മേധാവി നടത്തിയിരുന്നത്. കാലത്തിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചുള്ള കഥയെന്നായിരുന്നു അന്നത്തെ അഭിപ്രായം. ആഫ്രിക്കയില്‍ മിക്കവാറും സ്ഥലങ്ങളില്‍ സ്വവര്‍ഗലൈംഗീകത വിലക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാനുരാഗികള്‍ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുമുണ്ട്.

കെനിയയില്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് സ്വവര്‍ഗലൈംഗീകത. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെയും ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെടുന്നവരുടെയും ആവശ്യങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവരുന്നുണ്ട്. സിനിമാ മേഖലയെ തകര്‍ക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ ഈ വര്‍ഷം ആദ്യം കെനിയയിലെ സിനിമാസംവിധായകര്‍ അധികാരികളെ പ്രതിഷേധം
അറിയിച്ചിരുന്നു.

1963-ലെ കെനിയന്‍ നിയമപ്രകാരം സിനിമയുള്‍പ്പെടെ പ്രദര്‍ശനത്തിനായുള്ള ഏത് വസ്തുവും നിയന്ത്രിക്കാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ട്. 2007ല്‍ കെനിയന്‍ സിനിമാ വ്യവസായത്തിന്റെ മൂല്യം 600 മില്ല്യണ്‍ ഡോളറായിരുന്നെങ്കില്‍ 2016ല്‍ അത് 2 ബില്യണ്‍ ആയി കൂടിയിട്ടുണ്ടെന്ന് കെനിയ ഫിലിം കമ്മീഷന്റെ പഠനം കാണിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍