UPDATES

സിനിമ

‘ഈട’യെ സംഘിയാക്കുന്ന വിപ്ലവ വിശാരദരോട്; നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഈ സിനിമയ്ക്ക് ആവശ്യമില്ല

സിപിഎം കാര്‍ക്ക് രാഷ്ട്രീയ സിനിമയെന്നാല്‍ മെക്‌സിക്കന്‍ അപാരതയോ സഖാവിന്റെ പ്രിയസഖിയോ ആവണമെന്ന് പറഞ്ഞാല്‍ അതെല്ലാവര്‍ക്കും സ്വീകാര്യമാവണ്ടേ?

ഈട ഒരു വലതുപക്ഷ സിനിമയാണെന്ന് ചിലരുടെ തിട്ടൂരം ഇറങ്ങിയിട്ടുണ്ട്. അത്രയെളുപ്പത്തില്‍ ഈടയെയും ഈടയുടെ കൂടെ നിന്നവരെയും സംഘികളാക്കി അഭിനവ വിപ്ലവ വിശാരദര്‍ ഞെളിഞ്ഞു നടന്നു പോയത് കൊണ്ട് മാത്രം അതങ്ങനെയാകുമോ? അങ്ങനെയെങ്കില്‍ എന്താണ് ഈ ‘ഇടതു’ എന്നൊന്ന് തിരിഞ്ഞു നോക്കേണ്ടി വരും!

ശ്രീകൃഷ്ണ ജയന്തിക്ക് ഗോകുലബാലകരായും വിഴിഞ്ഞം വഴി കപ്പലേറി വരുന്ന അദാനിയുടെ ഗുജറാത്ത് മോഡല്‍ കണ്ടു മണ്ണ് മിഴിച്ചു നിന്നും വര്‍ഗ്ഗസമരപ്പോരാളികളെ കാട്ടിനുള്ളില്‍ നായാട്ടിനു പോയ രാജ കിങ്കരന്മാരെ പോലെ വെടിവച്ച് കൊന്നു പടമെടുത്തും സാമൂഹ്യ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ലിസ്റ്റില്‍ പെടുത്തിയും ഊപ്പ ചുമത്തിയും ഒരു കമ്മ്യൂണിസ്റ്റുകാരനെ അമ്പത്തിയൊന്നു വെട്ടിനാല്‍ അരിഞ്ഞു നുറുക്കിയും ആ കൊലപാതകികളെ നാട് മുഴുവന്‍ ആഘോഷിച്ചും വികസന വിരോധികളായ കുട്ടികളുടെ തല തല്ലിപ്പൊളിച്ചും സ്വാശ്രയ കച്ചോടം പൊടി പൊടിച്ചും കൊലപാതകി ഓ കെ വാസുവിനും കാട്ടുകള്ളന്‍ മാണിക്കും കായല്‍ രാജാവ് ചാണ്ടിക്കും ഒക്കെ മേല്‍ക്കൂര പണിതു കൊടുത്തും രവി പിള്ളക്ക് എം ഡി മാരെ ഉണ്ടാക്കി കൊടുത്തും അടിയോരുടെ പെരുമന്‍ വര്‍ഗീസിനെ കൊള്ളക്കാരനാക്കിയും അങ്ങനെ അങ്ങനെ സുഖിച്ചു ഭരിച്ചു ഇടത്താണെന്നു ഗ്വായ് ഗ്വായ് വിളിച്ചിരിക്കുന്നവരുടെ പ്രശസ്തിപത്രം ആ സിനിമക്കെന്നല്ല ഒരു സിനിമക്കും ആവശ്യമില്ല!

സംഘികള്‍ അതിനെതിരേ മിണ്ടാത്തത്, അവരെ കൊലപാതകികള്‍ എന്ന് വിളിച്ചാലോ ഫാസിസ്റ്റുകള്‍ എന്ന് വിമര്‍ശിച്ചാലോ പണ്ട് മുതല്‍ക്കേ അവര്‍ക്കൊരു കുഴപ്പവും ഇല്ല എന്നത് കൊണ്ടാണ്. അതവര്‍ക്ക് ഒരു അലങ്കാരം മാത്രമാണ്. വിചാരധാര വായിച്ചു വേദം പഠിച്ചു വെട്ടാന്‍ വരുന്ന പോത്തുകളെയും, എഴുപതില്‍ മലബാറിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ മുതലാളിമാര്‍ മംഗലാപുരത്തു നിന്ന് ഇറക്കുമതി ചെയ്ത കൂലിത്തല്ലുകാരാണ് RSS കാര്‍ എന്ന നിലപാടിനെയും, അന്ന് മുതല്‍ കൊന്നും കൊല വിളിച്ചുമൊക്കെയാണ് നാം ഈ നിലക്കെത്തിയതെന്നു മോദിയെ ചൂണ്ടി കാണിച്ചു പറയുന്ന ആചാര്യനെയും ചാണകം മുഖത്ത് കോരിതേക്കാന്‍ ആഹ്വാനം ചെയ്യുന്ന സാമിയെയും ഒന്നും വിമര്‍ശകര്‍ കാണാഞ്ഞിട്ടല്ല എന്നുറപ്പാണ്. എന്നാലും സിപിഎം കാര്‍ക്ക് രാഷ്ട്രീയ സിനിമയെന്നാല്‍ മെക്‌സിക്കന്‍ അപാരതയോ സഖാവിന്റെ പ്രിയസഖിയോ ആവണമെന്ന് പറഞ്ഞാല്‍ അതെല്ലാവര്‍ക്കും സ്വീകാര്യമാവണ്ടേ?

നിയോ ലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ഒരു സോഷ്യല്‍ ഡെമോക്രട്ടിക് പാര്‍ട്ടിയെ പലരും വിമര്‍ശിച്ചെന്നു വരും. വിമര്‍ശനത്തെ കൊഞ്ഞനം കുത്താന്‍ പോകുന്നതിനു മുന്‍പ് നെഞ്ചില്‍ കൈ വച്ച് ഒരു പാര്‍ട്ടിക്കാരന് പറയാനാവുമോ ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതും വര്‍ഗ്ഗസമരപോരാട്ടങ്ങളും ഒന്ന് തന്നെയായിരുന്നു എന്ന്. കാമ്പസുകളില്‍ പട്ടിക കഷ്ണം കൊണ്ടും വടിവാള്‍ കൊണ്ടും മാത്രം പറയേണ്ട ഒന്നാണ് രാഷ്ട്രീയം എന്ന് വരുത്തിയതിന്റെ കൂടെ ബാക്കിപത്രമല്ലേ ഇന്ന് രാഷ്ട്രീയം എന്നത് അശ്ലീലം പോലെ അകറ്റി നിര്‍ത്തിയിരിക്കുന്ന ഒരു തലമുറ? നാക് അക്രഡിറ്റേഷനു വേണ്ടി സെറ്റ് സാരിയുടുത്ത് നില്‍ക്കുന്ന യൂണിയന്‍ മെംബെര്‍മാര്‍ എന്ത് രാഷ്ട്രീയമാണ് കേരളത്തിന് സംഭാവന ചെയ്യുന്നത്? കൂത്തുപറമ്പില്‍ വെടി കൊണ്ടുവീണ ധീരയുവത്വങ്ങളില്‍ അവശേഷിച്ച മുത്ത് പുഷ്പന്റെ ചുറ്റും നിന്ന് കുട്ടികള്‍ യുവജനോത്സവത്തില്‍ ദേശഭക്തിഗാനം പാടുന്ന പോലെ പുഷ്പനെ അറിയാമോ എന്ന് പാടുന്ന ഒരു വീഡിയോ യൂടൂബില്‍ ഉണ്ട്! അതാണ് പാര്‍ട്ടി ആഗ്രഹിക്കുന്ന ഇടതുപക്ഷ കല. അതുകൊണ്ടു തന്നെയാണ് ആ പാടിയവരിലെ ഒരു കുട്ടി പോലും നമ്മള്‍ എന്ത് കൊണ്ട് സ്വാശ്രയ കച്ചവടത്തിന് കൂട്ട് നിന്ന് എന്ന് ചോദിക്കാത്തത്. ചോദ്യം ചോദിക്കാത്ത, ഏറാന്‍മൂളികളായി ഒരു തലമുറയെ വാര്‍ത്തെടുത്തു, അനുസരണയാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന തെറ്റ് അവരെ പഠിപ്പിച്ചവര്‍ക്ക് എന്തിനാണ് ഒരു സിനിമയോട് ഇത്ര ദേഷ്യം?

മംഗലാപുരത്തു പബ്ബില്‍ പാന്റിട്ടു പോകുന്ന ജില്ലാ കമ്മറ്റിക്കാരന്‍ സഖാവിനെ ബോള്‍ഷെവിക് രീതിയില്‍ ചിത്രീകരിച്ചില്ല എന്നാണെങ്കില്‍, സംഘടനയുടെ കേന്ദ്ര ഭാരവാഹി കേരളത്തില്‍ വിദേശ സ്വകാര്യ സര്‍വ്വകലാശാലകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി തുടങ്ങിയതും പാര്‍ട്ടി കേന്ദ്ര നേതാവ് അത് ഉത്ഘാടിച്ചതും അവരുടെ വിദേശയാത്രകളും ഒക്കെ ഓര്‍മകളില്‍ കിടക്കുന്നതു കൊണ്ട് തന്നെയായിരിക്കണം.

കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങള്‍ക്കിടയില്‍ മോദിയും മന്‍മോഹന്‍സിങ്ങും ഒക്കെ പറയുന്ന അതേ ഭാഷയില്‍ വികസനം വികസനം എന്ന് ഉരുവിട്ട് ഫിനാന്‍സ് കാപിറ്റലിനു പാദസേവ ചെയ്യുകയല്ലാതെ ഒരു ജനകീയ രാഷ്ട്രീയ സമരം പോലും ഏറ്റെടുക്കാത്ത ഒരു പാര്‍ട്ടി, മോദിയുടെ ഇന്ത്യയില്‍ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന ഒരു പാര്‍ട്ടി, വിമത സ്വരങ്ങളെ വടിവാള്‍ കൊണ്ട് തീര്‍ക്കാം എന്ന മൂഢ സ്വര്‍ഗത്തില്‍ കഴിയുന്ന ഒരു പാര്‍ട്ടി എങ്ങനെയാണ് ഇടതു പക്ഷത്താവുന്നത്? കണ്ണൂരില്‍ നടക്കുന്ന ഗോത്ര സംസ്‌കാരത്തെ ഓര്‍മിപ്പിക്കുന്ന കൊലകളെക്കാള്‍ അരാഷ്ട്രീയമല്ല ഈ സിനിമ. കുടിപ്പക പോലെ പച്ച മനുഷ്യരെ നമ്പറിട്ട് കൊലപ്പെടുത്തുന്നത് അരാഷ്ട്രീയമാണ്. സാമ്പത്തിക നയങ്ങളും ഹിന്ദുത്വ ഭീകരതയും ചര്‍ച്ച ചെയ്തിട്ടാണോ അവിടെ ആളെ കൊല്ലുന്നത്?

സിപിഎം ഒരു ഭീകരസംഘടനയല്ല. തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിച്ചു ഫിനാന്‍സ് മൂലധനത്തിന് അടിപ്പെട്ട മൂല്യശോഷണം വന്ന ഒരു പ്രസ്ഥാനം. ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളെയും വിലക്കെടുത്ത് അവരെ ചതിച്ച ഒരു പാര്‍ട്ടി. RSS അങ്ങനെയല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണത്. ബ്രാഹ്മണിക്കല്‍ ഫാസിസമാണ് അവരുടെ പ്രത്യയശാസ്ത്രം. രണ്ടും ഒന്നാണെന്ന് അതുകൊണ്ടു തന്നെ ഒഴുക്കില്‍ പറഞ്ഞു പോയിട്ടില്ല ഈ സിനിമ. വിശദാംശങ്ങളില്‍ വിമര്‍ശനമുണ്ട്. അതെന്തായാലും സംഘപരിവാറിനെ നന്നാക്കാന്‍ അല്ല. അവര്‍ നന്നാവില്ല. നന്നാവാന്‍ ആരെങ്കിലും ഉദ്ദേശം ഉണ്ടെങ്കില്‍ അവര്‍ക്കാകാം. ഈ സിനിമയുടെ ഉദ്ദേശം എന്തായാലും ആരെയും ഉപദേശിക്കലും നന്നാക്കലും ഒന്നുമല്ല. ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് ആണെന്നത് കൊണ്ട് അവരെ എതിര്‍ക്കുന്ന ആരെയും വിമര്‍ശിക്കരുതെന്നു പറഞ്ഞാല്‍ പിന്നെ ബലരാമനെ പോലും മലരാമന്‍ എന്ന് വിളിക്കാന്‍ പറ്റാതായി പോവില്ലേ?

മനോരമയുടെ എഡിറ്റോറിയല്‍ വായിച്ചു രാഷ്ട്രീയ സിനിമയുണ്ടാക്കാന്‍ പോയാല്‍ ഏറിയാല്‍ ഒരു അറബിക്കഥയോ ലെഫ്‌റ് റൈറ്റ് ലെഫ്‌റ്റോ ഉണ്ടാവും, ഈട ഉണ്ടാവില്ല! അത്രയെങ്കിലും മനസ്സിലാക്കണമെന്ന് അപേക്ഷ. സിനിമയോട് വളരെ പോസിറ്റീവ് ആയി പ്രതികരിച്ച പല പാര്‍ട്ടി സുഹൃത്തുക്കളും അനുഭാവികളും ഉണ്ട് എന്നത് ഇപ്പോഴും നേരിയ പ്രതീക്ഷ തരുന്ന കാര്യമാണ്. ഇടതുപക്ഷം ഉഴുതു മറിച്ച കേരളം ആയതു കൊണ്ട് തന്നെയാണ് ഇന്നും ഈ സിനിമ ഇവിടെ ഒരു സെന്‍സറും ഇല്ലാതെ ഇറക്കാന്‍ കഴിഞ്ഞതെന്ന് തികഞ്ഞ ബോധ്യമുണ്ട്. അത് പക്ഷെ, ഔദാര്യമല്ലെന്നും അവകാശമാണെന്നും ബോദ്ധ്യം ഉള്ള കാലം വരേയ്ക്കും ഞങ്ങള്‍ സിനിമകള്‍ ചെയ്തു കൊണ്ടേ ഇരിക്കും.

ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍മാരില്‍ ഒരാള്‍ എന്ന നിലക്കല്ല, ഒരു ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലക്കുള്ള അഭിപ്രായമാണ്. ഈട യെ കുറിച്ച് സിപിഎം പരിപ്രേക്ഷ്യത്തിലുള്ള അസഹനീയമായ ചില വിലയിരുത്തലുകള്‍ വായിച്ചത് കൊണ്ട് എഴുതി പോയതാണ്. ഈട യുടെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ അവരുടെ ജീവിതത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് ചെയ്തു കൊണ്ടിരിക്കുന്ന സഹായങ്ങള്‍ ചിലര്‍ക്കെങ്കിലും അറിവുണ്ടാവും എന്ന് കരുതുന്നു.

(അജയന്‍ അടാട്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അജയന്‍ അടാട്ട്‌

അജയന്‍ അടാട്ട്‌

സിനിമയില്‍ സൗണ്ട് എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിക്കുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍