UPDATES

സിനിമ

ഹൃദയത്തെ തൊട്ട് ഉമ്മയെ തേടിയുള്ള യാത്രകള്‍; താരപ്രഭയില്ലാതെ ടൊവിനോ വീണ്ടും

ഒരു കൊമേഴ്സ്യൽ ഘടകങ്ങൾ ഒന്നും തന്നെ ആവശ്യത്തിനോ അനാവശ്യത്തിനോ തിരുകിക്കയറ്റിയിട്ടില്ലാത്ത തെളിവെള്ളം പോലൊരു സിനിമ.

ശൈലന്‍

ശൈലന്‍

കഴിഞ്ഞ വർഷം ക്രിസ്മസിന് ഇറങ്ങിയ മായാനദി എന്ന സിനിമയുടെ വിജയത്തോടെയായായിരുന്നു ടോവിനോ തോമസ് 2018 ആരംഭിച്ചത്. തുടർന്ന് വന്ന മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധപയ്യൻ എന്നിങ്ങനെ ഉള്ള ഈ വർഷത്തിലിറങ്ങിയ മൂന്നുപടങ്ങളും ഒപ്പം ആമി’യിലെ ശ്രീകൃഷ്ണവേഷവും ടോവിനോയുടെ താരമൂല്യമുയർത്തും വിധം വിജയങ്ങളോ വൻ വിജയങ്ങളോ ആയിരുന്നു.

“അഭിയുടെ കഥ അനുവിന്റെയും” എന്ന തമിഴ് സിനിമ മാത്രമാണ് പോയ വർഷത്തിൽ പരാജയം എന്നുപറയാവുന്ന ഏക ടൊവിനോ മൂവി. അതാകട്ടെ ഉള്ളടക്കപരമായി അത്രമേൽ ദുരന്തമായിരുന്നു താനും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിജയങ്ങളുടെ ആഹ്ലാദത്തിൽ താരപ്പൊലിമയുടെ വഴിയെ പോവാൻ താൻ ഉദ്ദേശിക്കുന്നില്ല ടോവിനോ ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്ന ക്രിസ്മസ് ചിത്രമായ “എന്റെ ഉമ്മാന്റെ പേരി” ലൂടെ.

എല്ലാ അർത്ഥത്തിലും കുഞ്ഞുസിനിമ എന്നുവിളിക്കാവുന്ന ലളിതമായ ഒരു കൊച്ചുചിത്രമാണ് പുതുമുഖമായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്തിരിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’. ശരത് ആർ നാഥിനോടൊപ്പം ചേർന്ന് സംവിധായകൻ തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റ്, ഉമ്മയെ തെരഞ്ഞുനടക്കുന്ന ഒരു മകന്റെ സഞ്ചാരങ്ങളുടെ നേർരേഖയിലൂടെ പറഞ്ഞുപോകുന്ന കഥയാണ്. ഒരു കൊമേഴ്സ്യൽ ഘടകങ്ങൾ ഒന്നും തന്നെ ആവശ്യത്തിനോ അനാവശ്യത്തിനോ തിരുകിക്കയറ്റിയിട്ടില്ലാത്ത തെളിവെള്ളം പോലൊരു സിനിമ.

തലശ്ശേരിക്കടുത്തുള്ള ഏതോ ഉൾനാടൻ ഗ്രാമത്തിലെ ഹൈദർ എന്നൊരു നാട്ടുപ്രമാണിയുടെ മരണത്തോടെ ആണ് സിനിമ ആരംഭിക്കുന്നത്. മരണാനന്തരചടങ്ങുകൾക്കൊക്കെ ആളുകൾ ഒരുപാടുണ്ടെങ്കിലും അതിനുശേഷം വലിയ തറവാട്ടിൽ ഹൈദരിന്റെ മകൻ ഹമീദ് ഒറ്റയ്ക്കായിപ്പോവുകയാണ്. കൂട്ടുകാരനായ ബീരാനും ഹൈദറിന്റെ കൂട്ടുകാരനായ ഹംസക്കയും മാത്രമാണ് അവന് ആശ്വാസം. ആരുമില്ലാത്തവൻ എന്ന പേരിൽ പെണ്ണുകാണാൻ ചെല്ലുന്നിടങ്ങളിൽ പോലും തിരസ്കരിക്കപ്പെടുമ്പോൾ ഹമീദ് തന്റെ ഉപ്പയുടെ വിചിത്രജീവിതത്തിലേക്കും അദ്ദേഹത്തിന്റെ ഭാര്യമാരിലേക്കും ഉമ്മയെ തേടു നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം.

ഹമീദ് ആണ് സിനിമയുടെ കേന്ദ്രകഥാപാത്രം എങ്കിലും ഒരിക്കലും സ്ക്രീനിൽ വരാത്ത ഹൈദറാണ് സിനിമയിലെ നായകൻ എന്നുപറയേണ്ടിവരും. ആഖ്യാനത്തിൽ കടന്നുവരുന്നില്ലെങ്കിലും തീർത്തും സ്റ്റൈലിഷായിരുന്നു അയാൾ ജീവിച്ചിരുന്നത് എന്ന് അധികം ഡെക്കറേഷനും തള്ളുമൊന്നും കൂടാതെ മറ്റുള്ളവർ നടത്തുന്ന ലഘുവിവരണങ്ങളിൽ നിന്ന് മനസിലാവും. അത് വച്ച് നോക്കുമ്പോൾ ഹമീദ് വെറും നനഞ്ഞ പൂച്ച പോൽ സാധുവും ഗതികെട്ടവനും ആണ്.

ഉപ്പയുടെ ഒസ്യത്ത് പ്രകാരമുള്ള രണ്ടു ഭാര്യമാരായ റംലത്തിന്റെയും, ആയിഷയുടെയും അടുത്തേക്കായുള്ള യാത്രകൾ ആദ്യപാതിയിലാണെങ്കിൽ ഇടവേളക്ക് ശേഷം ആയിഷുമ്മയുമൊത്തുള്ള ലക്നൗ യാത്രയാണ് പൂർണ്ണമായും കാണിച്ചിരിക്കുന്നത്. അരവിന്ദന്റെ അതിഥികളിൽ സ്ക്രീൻ പൊളിക്കുന്ന പെർഫോമൻസിലൂടെ തിളങ്ങിയ ഉർവശി ആ ലെവലിൽ എത്തിയില്ലെങ്കിലും ടൊവീനോയ്ക്കൊത്ത കോംബോ ആവുന്നുണ്ട്.

ട്രെയിലറിൽ കണ്ടപ്പോൾ പലരും മുൻവിധി ഇട്ട പോലെ മലബാർ എന്നും മുസ്ലീം എന്നുമൊക്കെ കേൾക്കുമ്പോൾ ഉള്ള ക്ലീഷെകളിലൂടെ ഒന്നുമല്ല സിനിമയുടെ പോക്ക് എങ്കിലും അപ്രതീക്ഷിതമായ കാര്യങ്ങൾ സ്ക്രിപ്റ്റിൽ കുറവാണ്. ലഖ്നൗവിൽ ബീഗം ലൈലയുടെ വീട്ടിൽ നടക്കുന്ന ഒരൊറ്റ സംഭവം മാത്രമാണ് നേരിയതെങ്കിലും ത്രില്ലിംഗ് ആയിട്ടുള്ളത് . സംവിധായകൻ ജോസ് സെബാസ്റ്റ്യൻ മിനിമൽ ആയിട്ട് കാര്യങ്ങളെ സമീപിക്കുന്ന ആളാണ്. ഹരീഷ് കണാരന് പോലും അതിന്റെതായ ഒതുക്കം കൊടുത്തിട്ടുണ്ട് .

പുതുമുഖം സായിപ്രിയ ആണ് നായികയായ സൈനബ ആവുന്നത് . ഇടവേളയ്ക്ക് ശേഷം വണ്ടി ലഖ്നൗവിലേക്ക് വിടുന്നതിനാൽ സൈനബയ്ക്ക് സീനുമില്ല. മാമുക്കോയ,സിദ്ദിഖ്, ദിലീഷ് പോത്തൻ, രാമു, ശാന്തികൃഷ്ണ, ശില്പ തുളസ്കർ എന്നിവരൊക്കെയാണ് മറ്റ് അഭിനേതാക്കൾ. ഗോപി സുന്ദറിന്റെ മൂന്നുപാട്ടുകളും ബീജിയെമ്മും സിനിമയിൽ സിങ്ക് ആണ്. സ്പെയിൻ കാരനായ ജോർദി പ്ലാനൽ ക്ലോസയുടെ ക്യാമറയും തഥൈവ.

ആകെ മൊത്തം ടോട്ടൽ എടുത്ത് നോക്കുമ്പോൾ ‘എന്റെ ഉമ്മാന്റെ പേര്’ കുറ്റമധികമൊന്നും പറയാനില്ലാത്ത അധികം പോസിറ്റീവ്സും ഘോഷിക്കാനില്ലാത്ത ഒരു സാധാരണ സിനിമയാണ്. ആസ്ട്രേലിയയിൽ നിന്നൊക്കെ സിനിമ പഠിച്ച് വന്നവൻ എന്ന നിലയിൽ ജോസ് സെബാസ്റ്റ്യന് കുറച്ചുകൂടി പുതുമകൾക്കായി ശ്രമിക്കാമായിരുന്നു. “എന്റെ ഉമ്മാന്റെ പേര്” എന്ന ടൈറ്റിൽ ഉൾപ്പടെ.. താരപ്രലോഭനങ്ങളിൽ വീണുപോവാതെ തീർത്തും അതിസാധാരണമായ ക്യാരക്റ്ററിലേക്കും സിനിമയിലേക്കുമുള്ള ടൊവിനോയുടെ ആഭിമുഖ്യത്തിനെ അഭിനന്ദിക്കാതെ തരമില്ല.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍