സമീപ കാലത്തു സ്കൂൾ ജീവിതം ആസ്പദമാക്കി വന്ന സിനിമകളിൽ ഉള്ള ഏച്ചുകെട്ടുകൾ ഒന്നും തന്നെ ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല
കുമ്പളങ്ങി നെറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ഒരു കൂട്ടം കുട്ടികളുടെ പ്ലസ് ടു കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രം ഒരു കോമഡി എന്റർടൈനറാണ്. തങ്ങളുടെ സ്കൂൾ കാലഘട്ടത്തിലെ നോസ്റ്റാൾജിയ നല്ല മധുരമുള്ള തണ്ണിമത്തൻ പോലെ പ്രേക്ഷകരെ ഓർമിപ്പിക്കും വിധമാണ് സംവിധായകന്‍ ഗിരീഷ് എ.ഡി ‘തണ്ണീർ മത്തൻ ദിനങ്ങൾ’ ഒരുക്കിയിരിക്കുന്നത്.
ജെയ്സന്റെ (മാത്യു തോമസ്) പ്ലസ് വണ്‍ കലഘട്ടം മുതൽ പ്ലസ് ടു അവസാനം വരെയുള്ള അവന്റെ സ്കൂൾ ജീവിതവും പ്രണയവും സ്കൂളിലേക്ക് പുതുതായി എത്തുന്ന രവി പത്മനാഭൻ എന്ന അധ്യാപകനെയും ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജയ്സന്റെ ജീവിതത്തിലെ മൂന്നു ദുഖങ്ങളും അവയ്ക്കുള്ള പരിഹാരവും ആണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. സഹപാഠി കീർത്തിയോട് (അനശ്വര രാജൻ) തോന്നുന്ന പ്രണയമാണ് ജയ്സന്റെ ആദ്യ ദുഖം. രണ്ടാം ദുഖം, സ്കൂളിൽ പുതുതായി എത്തിയ രവി പത്മനാഭൻ (വിനീത് ശ്രീനിവാസൻ) എന്ന അധ്യാപകനാണ്. കോളേജ് മുഴുവൻ ഹീറോ ആയി കാണുന്ന രവി സാറിനോട് ജയ്സന് ആദ്യം മുതൽ തോന്നുന്ന നീരസവും വെറുപ്പും അവന്റെ ജീവിതത്തെ സംഘർഷഭരിതമാക്കുബോൾ ആദ്യപ്രണയം നിഷേധിക്കപ്പെടുമ്പോഴുള്ള വിഷമവും വിങ്ങലുമെല്ലാം ചേർന്ന് ജയസന്റെ ജീവിതം കൂടുതൽ സങ്കീർണ്ണമാവുകയാണ്.
കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് മാത്യു തോമസ് അവതരിപ്പിക്കുന്ന ജെയ്‌സൺ. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ ശ്രദ്ധേയായ അനശ്വര വളരെ മികച്ച പ്രകടനം തന്നെയാണ് കീർത്തി എന്ന കഥാപാത്രമായി സിനിമയിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കൗമാരപ്രണയം ഒട്ടും തന്നെ അസ്വാഭാവികതയോ മുഷിച്ചിലോ തോന്നാതെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വേറിട്ട ഒരു അധ്യാപകന്റെ മാനറിസങ്ങളോടെ ആണ് വിനീത് ശ്രീനിവാസൻ രവി പദ്മനാഭനായെത്തുന്നത്.
തണ്ണിമത്തൻ പോലെ മധുരം നിറഞ്ഞ ജെയ്‌സന്റെ ജീവിതവും അതിലെ കുരുക്കൾ പോലെ ഇടക്ക് കടന്ന് വരുന്ന ഓരോ പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്. ആദ്യ പകുതി ക്ലാസ് മുറികളിലെ തമാശകൾ കൊണ്ട് സമ്പന്നമാണ്. ജെയ്സണും കൂട്ടുകാരും ചേർന്നൊരുക്കുന്ന നർമരംഗങ്ങൾ പ്രേക്ഷകനെ ചിരിപ്പിക്കും എന്ന് ഉറപ്പാണ്. മാത്യുവിന്റെ ദുഃഖങ്ങൾക്ക് ഉള്ള പരിഹാരവും, പ്രണയവും രസകരമായ ചില പ്രതികാരങ്ങളും നിറഞ്ഞ രണ്ടാം പകുതിയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്.
സമീപ കാലത്ത് സ്കൂൾ ജീവിതം ആസ്പദമാക്കി വന്ന സിനിമകളിൽ ഉള്ള ഏച്ചുകെട്ടുകൾ ഒന്നും തന്നെ ഈ സിനിമയിൽ കാണാൻ കഴിയില്ല. ആദ്യ സീൻ മുതൽ തന്നെ പ്രേക്ഷകനെ തങ്ങളുടെ സ്കൂൾ ജീവിതം ഓർമിപ്പിക്കുന്ന ഓരോ സംഭവങ്ങളിലൂടെയുമാണ് സിനിമ കടന്ന് പോകുന്നത്. പുതിയ ക്ലാസ്സിലെ ആദ്യ ദിനം മുതൽ ആദ്യ പ്രണയത്തിന്റെ സൗന്ദര്യവും, ക്രിക്കറ്റ് സെലെക്ഷനിലേ ആവേശവും, പരീക്ഷകളും, ടൂറിനു മുൻപുള്ള ചിക്കന്‍പോക്സ് വരെ നീളുന്ന നൊസ്റ്റാൾജിയ ആണ് ഈ സിനിമ നമുക്ക് സമ്മാനിക്കുന്നത്.
വളരെ ചെറിയ കഥാതന്തുവിനെ പ്രേക്ഷകർക്ക് ഒട്ടും ബോറടിപ്പിക്കാതെ, നുറുങ്ങ് തമാശകളുടെ അടമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്തുക്കൾ. ഒരു സ്കൂൾ കാലഘട്ടത്തിലെ സന്ദർഭങ്ങൾ കൃത്യമായി ചിട്ടപ്പെടുത്തി അതിനെ അതിലും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി എന്ന സംവിധയകാൻ. കൗമാരക്കാല പ്രണയം ഇതിനു മുൻപും പല തവണ സിനിമയ്ക്ക് പ്രമേയമായട്ടുണ്ടെങ്കിലും മേക്കിംഗിലും അവതരണത്തിലും പുതുമ കൊണ്ടുവരാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. സംവിധായകൻ ഗിരീഷ് ഡിനോയ്ക്കൊപ്പം ചേർന്ന് എഴുതിയ തിരക്കഥയും നല്ലതാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച വിനോദ് ഇല്ലമ്പള്ളിയും ജോമോൻ ടി. ജോണും സിനിമയെ അതിമനോഹരമായി കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. എഡിറ്റിങ് നിർവഹിച്ച ഷമീർ മുഹമ്മദും സംഗീതം നിർവഹിച്ച ജസ്റ്റിൻ വർഗീസും സിനിമയ്ക്കു യോജിച്ച രീതിയിൽ തങ്ങളുടെ മേഖലകളിൽ പ്രവർത്തിച്ചു.