UPDATES

സിനിമ

ദളിത്‌ ഐഡന്റിറ്റിയില്‍ അഭിമാനമേയുള്ളൂ, പക്ഷേ ദളിത്‌ സംവിധായിക എന്ന് വിളിക്കുന്നവരുടെ ഇടുങ്ങിയ കാഴ്ചപ്പാട് എന്റെ പ്രശ്നമല്ല; റിക്ടര്‍ സ്‌കെയില്‍ 7.6 സംവിധായിക ജീവ/അഭിമുഖം

ഇനിയൊരു കൊമേഴ്‌സ്യല്‍ സിനിമ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്; ഒരു വമ്പന്‍ ഹിറ്റ്‌

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ രാഷ്ട്രീയം പറയുന്ന മലയാള സമാന്തര ചലച്ചിത്രം റിക്ടര്‍ സ്‌കെയില്‍ 7.6. നവാഗത സംവിധായികയായ ജീവ കെ.ജെ സംവിധാനം ചെയ്ത ചിത്രം നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ, മെയ് 23-ന് ഡല്‍ഹിയില്‍ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. പുതിയ വേദികള്‍ കരസ്ഥമാക്കുന്നതിന്റെ സന്തോഷത്തിനൊപ്പം അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ് റിക്ടര്‍ സ്‌കെയിലിന്റെ അണിയറ പ്രവര്‍ത്തകര്‍. സംവിധായിക ജീവയുമായി ആരതി രഞ്ജിത്ത് സംസാരിക്കുന്നു.

എന്താണ് റിക്ടര്‍ സ്‌കെയിലിന്റെ പുതിയ വിശേഷങ്ങള്‍?

റിക്ടര്‍ സ്‌കെയില്‍ ഓഡിയന്‍സിലേക്ക് എത്തിയില്ലെന്നുള്ളത് എന്റെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചു തുടങ്ങിയ സമയത്താണ് നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായികയ്ക്കുള്ള അവാര്‍ഡ് കിട്ടുന്നത്. 23ാം തീയതി ഡല്‍ഹിയില്‍ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ആദ്യമായി സംവിധാനം ചെയ്ത സിനിമയായതിന്റെ കുറവുകള്‍ കൊണ്ടാണോ അതോ മറ്റ് സിനിമകളുടെയത്ര നിലവാരം പുലര്‍ത്താനാകാഞ്ഞിട്ടാണോ സിനിമ വേണ്ടത്ര കാണികളിലേക്ക് എത്താത്തത് എന്നുള്ള സംശയങ്ങള്‍ സ്വഭാവികമായും എനിക്കുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെ സ്വയം ആശ്വസിക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അത് മാറി വരുന്നു. റിക്ടര്‍ സ്‌കെയിലിന്റെ ക്രൂ, ഞാവല്‍പ്പഴങ്ങള്‍ എന്ന മറ്റൊരു ഷോര്‍ട് ഫിലിമിന്റെ ഭാഗമായി ഉണ്ടായതാണ്. പുതിയ വേദികള്‍ കിട്ടുന്നതോടൊപ്പം അതേ ക്രൂ അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ് എന്നതാണ് പുതിയ വിശേഷം.

ഞാവല്‍പ്പഴങ്ങളില്‍ നിന്ന് റിക്ടര്‍ സ്‌കെയിലിലേക്കുള്ള ഒരു ടീമായുള്ള വളര്‍ച്ച എങ്ങനെയായിരുന്നു?

സിനിമാ മോഹികളായ ആളുകളുടെ ഒരു ഗ്രൂപ്പില്‍ നിന്നാണ് തുടക്കം. ആ ടീമിലുണ്ടായിരുന്ന പലരും സിനിമ മോഹികളായിരുന്നെങ്കിലും പിന്നീട് മറ്റുപല ജോലികളില്‍ ഏര്‍പ്പെട്ടവരോ അല്ലെങ്കില്‍ അവസരങ്ങള്‍ കിട്ടാതെ മടുത്ത് പോയവരോ ഒക്കെയാണ്. ആദ്യം തന്നെ ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഒരു ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ചെറിയ സിനിമ ആദ്യം ചെയ്യാമെന്ന ചിന്തയിലോട്ട് എത്തുന്നതും ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമ ജനിക്കുന്നതും. അതിനും കുറെ നാളുകള്‍ക്ക് മുമ്പ് സജിത്തേട്ടന്‍ എഴുതി വച്ച കണ്‍സപ്റ്റ് ആയിരുന്നു ഞാവല്‍പ്പഴത്തിന്റേത്. സിനിമയുടെ കാര്യത്തില്‍ ഷോര്‍ട് ഫിലിമാണെങ്കില്‍ കൂടി വ്യക്തമായ രാഷ്ട്രീയം അതിനുണ്ടാകണമെന്ന നിലപാടിലായിരുന്നു. വര്‍ണ വിവേചനത്തെപ്പറ്റിയാണ് ഞാവല്‍പ്പഴങ്ങള്‍ സംസാരിച്ചത്. ശരിക്കും പറഞ്ഞാല്‍ ഞാവല്‍പ്പഴങ്ങള്‍ ഒരു ട്രയലായിരുന്നു. എങ്ങനെയാണ് ഒരു കുട്ടിയിലേക്ക് കളര്‍ ഡിസ്‌ക്രിമിനേഷന്‍ ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതെന്നാണ് സിനിമ കാണിക്കുന്നത്.

നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ എല്ലാവരും പങ്കുവെച്ചിരുന്നു. എല്ലാവരും അനുഭവിച്ചത് ഏകദേശം ഒരേ കാര്യങ്ങള്‍ തന്നെയാണ്. അങ്ങനെയുള്ള കുറെ സാഹചര്യങ്ങള്‍ വെച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ‘ഞാനിനിയും വെളുത്താലല്ലേ ഭാരതമാതാവ് ആക്കൂ’ എന്ന് ഒരു കുട്ടി ചോദിക്കുന്ന ഒരു സീനുണ്ട്. ഇരുണ്ട നിറമുള്ള എല്ലാ കുട്ടികളും ഏതെങ്കിലുമൊക്കെ സമയത്ത് അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഒരുപക്ഷേ സ്‌കൂള്‍ പരിപാടികളിലൊക്കെ ഒരു ഇരുണ്ട നിറമുള്ള കുട്ടിയായത് കൊണ്ട് നിനക്ക് അവസരമില്ലെന്ന് പുറമേ ആളുകള്‍ പറയില്ലായിരിക്കാം. പക്ഷേ ഞാന്‍ കറുത്തതായത് കൊണ്ട് എനിക്ക് പറ്റിയ പണിയല്ല ഇത് എന്നൊരു നിഗമനം പതിയെ കുട്ടികളില്‍ ഉണ്ടാകും. അത് പിന്നെ ഒരു തരം അപകര്‍ഷതാബോധമായി മാറും. അതുപോലുള്ള സംഭവങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയിലൂടെ സംവദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാവല്‍പ്പഴങ്ങള്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷമാണ് റിക്ടര്‍ സ്‌കെയിലിലേക്ക് തിരിഞ്ഞത്.

വലിയ രീതിയിലുള്ള ബജറ്റ് ഞങ്ങള്‍ക്കില്ല, ഇത്ര രൂപ മാത്രമേ ചിലവാക്കാന്‍ ഉണ്ടാകുകയുള്ളൂ എന്നൊക്കെ ആദ്യമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ആ പരിമിതിക്കുള്ളില്‍ ഒതുങ്ങുന്ന കഥകളാണ് ആലോചിച്ചത്. അതേ സമയം വ്യക്തമായ രാഷ്ട്രീയവും അതിനുണ്ടാകണമെന്നും ഉണ്ടായിരുന്നു. ഭൂമിയുടെ രാഷ്ട്രീയം പ്രമേയമാക്കിയ, ബജറ്റിലൊതുങ്ങുന്ന ഒരു സ്‌ക്രിപ്റ്റ് വന്നു. റെജികുമാര്‍ സാറാണ് സ്‌ക്രിപ്റ്റ് എഴുതിയത്. വ്യവസായവത്ക്കരണത്തിന്റെയും വികസനത്തിന്റെയും ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം. അതിനെതിരെ പോരാടുന്ന ഒരു കുടുംബം. അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് സിനിമയിലൂടെ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ലോകത്തിന്റെ എവിടെയും പലവിധ വികസനങ്ങളിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്യാറില്ല. അവിടുത്തെ ജീവജാലങ്ങളെക്കുറിച്ചും നശിച്ചു പോകുന്ന പ്രകൃതിയെക്കുറിച്ചും നമ്മള്‍ സംസാരിക്കും. അതുകൊണ്ട് തന്നെ അങ്ങനെ ജീവിക്കുന്ന മനുഷ്യരുടെ മാനസികതലങ്ങളിലൂടെയാണ് സിനിമ പോകുന്നത്.

റിക്ടര്‍ സ്‌കെയില്‍ പറയുന്ന രാഷ്ട്രീയം എത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടു?

റിക്ടര്‍ സ്‌കെയില്‍ പറയുന്ന രാഷ്ട്രീയം കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങി നില്‍ക്കുന്നല്ല. ഭൂമിയുള്ള എല്ലായിടത്തും അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് റിക്ടര്‍ സ്‌കെയില്‍ പറയുന്നത്. വികസനം അംഗീകരിക്കേണ്ട ഒന്നാണ്. പക്ഷേ അവിടെ ബലിയാടാക്കപ്പെടുന്ന മനുഷ്യരെയും പരിഗണിക്കണം. ഉദാഹരണത്തിന് ഒരു ഫാക്ടറി വരാനായി വേണ്ട എല്ലാ സഹായങ്ങളും സൗകര്യങ്ങളും സര്‍ക്കാരുകള്‍ നല്‍കും. പക്ഷേ കുടിയൊഴിപ്പിക്കപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന സ്ഥലങ്ങള്‍ എത്രമാത്രം ജീവിക്കാന്‍ അനുയോജ്യമാണെന്ന് ആരും ചിന്തിക്കാറില്ല. ഇത് ലോകത്ത് എല്ലായിടത്തും ഒരുപോലെ നടക്കുന്ന സംഭവമാണ്. ഇതിനെതിരെ ഒരുപോലെ നിന്ന് രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും പ്രവര്‍ത്തിക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന, സാമൂഹികമായുണ്ടാകുന്ന ശക്തിയെ എല്ലാവരും ഭയക്കും.

ഒരു ഇന്റര്‍നാഷണല്‍ വിഷയം കൈകാര്യം ചെയ്തിട്ടും റിക്ടര്‍ സ്‌കെയില്‍ സിനിമ ഒരു ദളിത് സിനിമ മാത്രമായി കേരളത്തില്‍ ഒതുങ്ങിപ്പോയിട്ടില്ലേ?

ഉണ്ട്. എനിക്ക് തോന്നുന്നത് ഡയറക്ടറിന്റെ ഐഡന്റിറ്റി ദളിത് ആണെന്ന് മനസിലായത് കൊണ്ടും പിന്നെ കേരളത്തിന്റെ സാഹചര്യത്തില്‍ പൊതുവെ ഭൂമി പ്രശ്‌നങ്ങള്‍ കൂടുതലും അനുഭവിക്കുന്നത് ദളിത്, ആദിവാസി വിഭാഗക്കാരാണെന്നതു കൊണ്ടും പുറമെ നിന്ന് നോക്കുമ്പോള്‍ ദളിത് സംവിധായിക, ദളിത് ക്രൂ, ദളിത് വിഷയം, ദളിത് സിനിമ എന്നിങ്ങനെയാകാം തോന്നിയിരിക്കുക. ആ രീതിയില്‍ മാത്രമേ അവര്‍ക്കത് നോക്കി കാണാന്‍ പറ്റുകയുള്ളൂ. എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവിന്റെ ആദ്യ ചോദ്യം, ‘ആസ് എ ദളിത് ഡയറക്ടര്‍, വാട്ട് യു ഫീല്‍ ഇറ്റ്’ എന്നായിരുന്നു. ഞാന്‍ തിരിച്ച് ചോദിച്ചത് വേറെ എത്ര സിനിമാക്കാരോട് നിങ്ങള്‍ ജാതി പറഞ്ഞ് ചോദ്യം ചോദിച്ചിട്ടുണ്ടെന്നാണ്. നമ്മള്‍ ഇങ്ങനെ ദളിത് എന്ന ഐഡന്റിറ്റിയില്‍ ചുരുക്കരുതെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അത് പിന്നെ നമ്മുടെ അപകര്‍ഷതാ ബോധമോ ദളിത് വിരുദ്ധയോ ആയി മാറും. ദളിത് എന്ന ഐഡന്റിറ്റിയില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ. പക്ഷേ ദളിത് സംവിധായിക എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇതൊക്കെ പൊതുസമൂഹത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്, അവരാണ് മാറി ചിന്തിക്കേണ്ടത്. അല്ലാതെ എന്റെ പ്രശ്‌നമല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കേരളത്തില്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നത് സത്യമായൊരു കാര്യമാണ്. ഐഎഫ്എഫ്‌കെയില്‍ എന്റെ സിനിമ സ്‌ക്രീന്‍ ചെയ്യണമെന്നുളളത് എന്റെയൊരു സ്വപ്‌നമായിരുന്നു. ഒരുപക്ഷേ ഇവിടുത്തെ ചില സിനിമാക്കാരെ സംബന്ധിച്ചിടത്തോളം ഐഎഫ്എഫ്‌കെ ചെറിയൊരു ഫെസ്റ്റിവലായിരിക്കാം. പക്ഷേ ഞാന്‍ ഐഎഫ്എഫ്‌കെയിൽ സിനിമ കാണാന്‍ വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനൊരു വേദിയില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കണമെന്നുണ്ടായിരുന്നു. അത് നടന്നില്ല, സംസ്ഥാന അവാര്‍ഡുകള്‍ക്കൊന്നും സിനിമ പരിഗണിക്കപ്പെട്ടതായി പോലും എനിക്ക് തോന്നുന്നില്ല. എന്റെ സിനിമയേക്കാള്‍ മികച്ച സിനിമ വേറെയുണ്ടായിരുന്നിരിക്കാം എന്ന് ചിന്തിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. ഇനി നാഷണല്‍ അവാര്‍ഡ് ഡിക്ലയര്‍ ചെയ്യാനുണ്ട്. എനിക്ക് തോന്നുന്നത് അത് കിട്ടില്ലെന്നാണ്. കിട്ടാന്‍ യാതൊരു സാധ്യതയുമില്ല. പക്ഷേ സിനിമ കണ്ട് നല്ല സിനിമയാണ് എന്ന കമന്റുകള്‍ ആളുകളില്‍ നിന്ന് കിട്ടുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്.

കേരളത്തില്‍ സമീപകാലത്തായി ദളിതരുടെ കൂട്ടായ്മ ശക്തി പ്രാപിക്കുന്നില്ലേ?

ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് ശേഷം ദളിത് ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടിത്തുടങ്ങിയതായാണ് മനസിലാക്കുന്നത്. അതിന് സമൂഹമാധ്യമങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ പറ്റുന്ന ഒന്നായി ഫോണും ഇന്‍ര്‍നെറ്റും മാറിയതോടെ സമാന ചിന്താഗതിക്കാരുടെയും രാഷ്ട്രീയധാരകളുടെയും കൂടിച്ചേരല്‍, ആശയങ്ങള്‍ പങ്കുവെക്കല്‍ എന്നിവ സാധ്യമായിട്ടുണ്ട്. ചിതറിക്കിടക്കുന്ന ഒരു ജനസമൂഹമായി നിന്നാല്‍ പോരാ എന്നൊരു തിരിച്ചറിവും ഉണ്ടായിട്ടുണ്ട്.

സ്ത്രീ സംവിധായിക എന്ന രീതിയിലും ദളിത് എന്ന രീതിയിലും ഡബിള്‍ മൈനോറിറ്റിയില്‍ പെടുന്ന ആളാണല്ലോ. എങ്ങനെ അവ തരണം ചെയ്തു?

ക്രൂവിന്റെ വലിയ സപ്പോര്‍ട്ടിലാണ് സിനിമ തീര്‍ത്തത്. റിക്ടര്‍ സ്‌കെയില്‍ സംവിധാനം ചെയ്യുമ്പോള്‍ പ്രഗ്നനന്റ് ആയിരുന്നു. പൂര്‍ണമായും ബെഡ്‌റെസ്റ്റ് വേണമെന്ന കണ്ടീഷനിലാണ് സിനിമ തുടങ്ങിയത്. പക്ഷേ ജീവിതത്തില്‍ ഇതുപോലൊരു അവസരം എനിക്ക് കിട്ടില്ലായിരുന്നുവെന്ന ധാരണയാണ് അന്ന് എനിക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സിനിമ ചെയ്യണമെന്നായിരുന്നു തീരുമാനം. കൂടാതെ അത്രയും സപ്പോര്‍ട്ടീവായ ഒരു പവര്‍ഫുള്‍ ക്രൂവാണ് എനിക്ക് കിട്ടിയത്. അതുകൊണ്ട് സിനിമ ചെയ്യാതിരിക്കാന്‍ എനിക്ക് ഒരു കാരണവും ഇല്ലായിരുന്നു. ക്രൂവിൽ കൂലിപ്പണിക്ക് പോകുന്നവര്‍ മുതല്‍ മറ്റ് പ്രൊഫഷണലുകള്‍ വരെയുണ്ടായിരുന്നു. എന്തുവന്നാലും സിനിമ ചെയ്യണമെന്ന് ചിന്തിക്കുന്ന ഒരു ടീമിനെ കിട്ടിയത് വലിയ പ്ലസ് പോയിന്റായിരുന്നു. അവരെ നിരാശയിലാക്കാന്‍ കഴിയില്ലായിരുന്നു.

അടുത്ത സിനിമയുടെ വിശേഷങ്ങള്‍?

ഇനിയൊരു കൊമേഴ്‌സ്യല്‍ സിനിമ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഒക്ടോബറോടെ സിനിമ ആരംഭിക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത്. എന്റെയൊപ്പം എഫേര്‍ട് എടുത്തിട്ടുള്ള ഒരുപാടാളുകള്‍ ഉണ്ട്. അവര്‍ക്കൊന്നും ഒരു തരത്തിലുമുള്ള അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ല. പലപ്പോഴും ഞങ്ങളുടെ സിനിമ എന്റെ പേരിലേക്കോ സജിത്തേട്ടന്റെ (പ്രൊഡ്യൂസർ ) പേരിലേക്കോ ചുരുങ്ങുകയാണ് ഉണ്ടായിട്ടുള്ളത്. സിനിമയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ ആളുകളെക്കുറിച്ചും സംസാരിക്കുന്നതിനോടൊപ്പം സിനിമ കൈകാര്യം ചെയ്യുന്ന വിഷയവും സംസാരിക്കപ്പെടണം, അതുകൊണ്ട് തന്നെ ഒരു വമ്പന്‍ ഹിറ്റ് കൊണ്ടുവരികയെന്നുള്ളതാണ് അടുത്ത ലക്ഷ്യം.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍