UPDATES

സിനിമാ വാര്‍ത്തകള്‍

കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷന്‍, പക്ഷെ കുറ്റക്കാരിയാവുന്നത് സ്ത്രീ: റിമ കല്ലിങ്കല്‍

‘അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് അധികാരം നിങ്ങളെ അന്ധരാക്കുന്നതുകൊണ്ടാണ്’

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് എംപിയും അമ്മയുടെ പ്രസിഡന്‌റുമായ ഇന്നസെന്റിന്റെ പ്രസ്താവനകള്‍ക്കെതിരെ നടിറിമ കല്ലിങ്കല്‍. ‘അവര്‍ (സ്ത്രീകള്‍) മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ എന്ന രീതിയില്‍ മാധ്യമങ്ങളോട് ഇന്നസെന്റ് പ്രതികരിച്ചിരുന്നു. ഇന്നസെന്റിനെ പേരെടുത്ത് പറയാതെ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് റിമ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. റിമയുടെ പോസ്റ്റ്-

‘ഒരു അവസരത്തിന് വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നത് പുരുഷനാണ്, പക്ഷെ ഇവിടെ കുറ്റക്കാരിയാവുന്നത് സ്ത്രീയും. സ്വന്തം അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നത് അധികാരം നിങ്ങളെ അന്ധരാക്കുന്നതുകൊണ്ടാണ്. നിങ്ങളും ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് എന്നോര്‍ക്കുമ്പോള്‍ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല.പക്ഷെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക ഇതെല്ലാം ഒരുകാലത്ത് മാറുമെന്നും മാറ്റുമെന്നും’

സിനിമയില്‍ അവസരങ്ങള്‍ക്കായി കാസ്റ്റിംഗ് കൗച്ച് നടക്കുന്നില്ലേ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായി ഇന്നസെന്റ് പ്രതികരിച്ചത്- ‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങേ, മനസിലായിട്ടുണ്ടോ? ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അതൊക്കെ… അങ്ങനെയൊരു സംഭവമേയില്ല. പിന്നെ, അവര്‍ മോശമാണെങ്കില്‍ അവര്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ പോണത്’ ഇങ്ങനെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍