UPDATES

സിനിമ

കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ലക്ഷങ്ങള്‍ വെട്ടിക്കുന്നതിലെ ഉളുപ്പില്ലായ്മ

അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കെതിരേയുള്ള നികുതി വെട്ടിപ്പും വ്യാജ വാഹന രജിസ്‌ട്രേഷന്‍ പരാതികളും അവരില്‍ മാത്രം അവസാനിക്കുന്നില്ല

ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്നവരാണ് സിനിമ താരങ്ങള്‍. നല്ല ഭക്ഷണം, അധികസൗകര്യങ്ങളുള്ളിടത്ത് താമസം തുടങ്ങി, എല്ലാം ഇങ്ങോട്ട് വാങ്ങാനുള്ള അവസരം കിട്ടുന്ന സിനിമാതാരങ്ങള്‍ക്ക് കൈയില്‍ കിട്ടുന്ന പ്രതിഫലം ബാങ്ക് ബാലന്‍സ് ഉയര്‍ത്താനും ബിസിനസ് നടത്താനുമൊക്കെ മാത്രമായി ചെലവഴിക്കാം. ഉദയനാണു താരത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നതുപോലെ ‘ഒരു സൂപ്പര്‍സ്റ്റാറിന് ഒരു മാസം കഴിഞ്ഞുപോകാന്‍ കോടികള്‍ വേണ്ടി വരുമെങ്കിലും അതിനുവേണ്ടി വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്നും കടം വാങ്ങേണ്ടി വരുന്നൊന്നുമില്ല. എന്നിട്ടുമെന്തിനാണ് എവിടെ ലാഭം കിട്ടുമെന്നു നോക്കി നിയമവിരുദ്ധമായ കാര്യങ്ങള്‍ പോലും ചെയ്യാന്‍ ഇക്കൂട്ടര്‍ മടി കാണിക്കാത്തത്?

അമല പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി (പുറത്തുവന്ന പേരുകള്‍ മാത്രമാണിത്) തുടങ്ങിയവര്‍ക്കെതിരേയുള്ള നികുതി വെട്ടിപ്പും വ്യാജ വാഹന രജിസ്‌ട്രേഷന്‍ പരാതികളും കേള്‍ക്കുമ്പോള്‍ ഏതാനും ലക്ഷങ്ങള്‍ ലാഭിക്കാന്‍ വേണ്ടി ഇവര്‍ ചെയ്ത പ്രവര്‍ത്തികളെ ലജ്ജാകരം എന്നല്ലാതെ എങ്ങനെ വിളിക്കാന്‍. കോടികള്‍ മുടക്കി ആഢംബര കാറുകള്‍ സ്വന്തമാക്കിയവരാണ് ലക്ഷങ്ങള്‍ ലാഭിക്കാന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നിടത്താണ് ഇവരുടെ അല്‍പ്പത്തരം വ്യക്തമാകുന്നത്.

കേരളത്തിലെ ഉയര്‍ന്ന റോഡ് ടാക്‌സില്‍ നിന്നും രക്ഷപ്പെടാനാണത്രേ ഈ നികുതി വെട്ടിപ്പ്! ടാക്‌സ് വെട്ടിച്ചു കിട്ടുന്ന ലക്ഷങ്ങളും പോക്കറ്റിലിട്ട് ഇവരൊക്കെ ആ വണ്ടികള്‍ ഓടിച്ചു നടക്കുന്നത് കേരളത്തിലെ റോഡുകളിലും. ബുക്കും പേപ്പറും ഇല്ലാത്തതിന്റെ പേരില്‍ ഇരുചക്രവവാഹനക്കാരെ വേട്ടയാടി പിടിക്കുന്ന പൊലീസിന്റെ മുന്നിലൂടെ തന്നെ.

തന്റെ ഔഡി ക്യു 7 കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു വഴി സുരേഷ് ഗോപിക്ക് റോഡ് നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വന്നത് വെറും ഒരുലക്ഷം രൂപ. അതേ നികുതി കേരളത്തിലായിരുന്നുവെങ്കില്‍ 15 ലക്ഷം അടയ്‌ക്കേണ്ടി വരുമായിരുന്നു. ലാഭം 14 ലക്ഷം രൂപ. ഏകദേശം 75 ലക്ഷം രൂപ മുടക്കി കാര്‍ വാങ്ങാന്‍ കഴിവുള്ളയാള്‍ക്ക് 15 ലക്ഷം രൂപ നികുതിയടയ്ക്കാന്‍ കഴിയില്ലെങ്കില്‍, അതിനെ കള്ളത്തരം എന്നല്ലാതെ എന്തു വിളിക്കാന്‍. സുരേഷ് ഗോപി ഒരു നടന്‍ മാത്രമല്ല, രാജ്യസഭ അംഗമാണ്. ജനങ്ങളെ പ്രതിനിധീകരിച്ചു സംസാരിക്കുന്ന രാഷ്ട്രീയക്കാരനാണ്. അവനവനില്‍ തന്നെ കളളത്തരം കാണിച്ചുകൊണ്ട് നീതിയേയും നിയമത്തേയും കുറിച്ച് ജനങ്ങളോട് ബോധവത്കരണം നടത്തുന്നതിലെ അപഹാസ്യം സുരേഷ് ഗോപി തിരിച്ചറിയുമോ? താങ്കള്‍ 14 ലക്ഷം രൂപ ലാഭിക്കുമ്പോള്‍, അതില്‍ സന്തോഷിക്കരുത്. കാരണം വഞ്ചിക്കുന്നത് ജനങ്ങളെയാണ്. റോഡ് നികുതിയായും മറ്റും കിട്ടുന്ന പണം സര്‍ക്കാര്‍ ജനങ്ങളുടെ പുരോഗതിക്കായാണ് വിനിയോഗിക്കുന്നത്. ജിഎസ്ടിയും നോട്ട് നിരോധനവുമൊക്കെ നാടിന്റെ നന്മയ്ക്കായാണെന്നു പറയുന്ന അതേയാള്‍ തന്നെയാണ് 15 ലക്ഷം രൂപ നികുതിയടയ്ക്കാതിരിക്കാന്‍ വളഞ്ഞ വഴികള്‍ തേടിയതെന്നതും കൂടിയോര്‍ക്കണം.

രാജ്യസഭ അംഗമായ സുരേഷ് ഗോപി തന്റെ കാര്‍ രജിസ്‌ട്രേഷനു വേണ്ടി വ്യാജ മേല്‍വിലാസം നല്‍കിയെന്നതും കുറ്റമായി തന്നെ കാണണം. കേരളത്തില്‍ സ്ഥിരതാമസക്കാരനായ സുരേഷ് ഗോപി കേരളത്തിലാണ് തന്റെ വാഹന രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പോണ്ടിച്ചേരിയില്‍ സ്ഥിര താമസക്കാരനല്ലാത്തതിനാല്‍ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദവുമില്ല. ഇതെല്ലാം മറികടന്ന് ഒരു വ്യാജവിലാസം നല്‍കിയാണ് എംപി തന്റെ ഔഡി ക്യു 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് രേഖകളുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ അവര്‍ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചു പറയുന്നത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലൈപിള്ളൈചാവടി, പുതുച്ചേരി എന്ന വിലാസം നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതെന്നാണ്. നിയമവിരുദ്ധമായ നടപടിയാണ് സുരേഷ് ഗോപി എംപി ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ വളരെ നിസാരമായി മാത്രമാണ് താനിതൊക്കെ കാണുന്നതെന്ന പ്രതികരണമാണ് അദ്ദേഹം നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ ചോദിച്ചാല്‍ ആവശ്യമെങ്കില്‍ വിശദീകരണം നല്‍കാമെന്ന്.

"</p

മാധ്യമങ്ങളോട് വിശദീകരണം നല്‍കാതിരിക്കാം. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. പക്ഷേ ജനങ്ങളോടോ? അദ്ദേഹം ഇപ്പോള്‍ ഒരു പൊതുപ്രവര്‍ത്തകനാണ്. നോമിനേറ്റഡ് മെംബര്‍ ആണെങ്കില്‍ പോലും രാജ്യസഭ എം പി എന്ന നിലയില്‍ ജനങ്ങളോട് ഉത്തരവാദിത്വം കടമയും നിറവേറ്റേണ്ടതുണ്ടല്ലോ. രാജ്യത്തിന്റെ നിയമനിര്‍മാണത്തില്‍ പങ്കാളിയാവുന്ന ഒരു സഭയിലെ അംഗമാണ് അദ്ദേഹം എന്നതും ഗൗരവമേറിയ വിഷയമാണ്. നിയമം ഉണ്ടാക്കുന്നവര്‍ തന്നെ അത് തെറ്റിക്കുകയാണെങ്കില്‍ അതെന്തുതരം ജനാധിപത്യമാണെന്നു മനസിലാകുന്നില്ല. തെറ്റ് ചെയ്തവര്‍ അതില്‍ കൂസലില്ലാതെ നില്‍ക്കുമ്പോള്‍ ജനാധിപത്യമോ അതോ പണാധിപത്യമോ ഇന്ത്യയിലുള്ളതെന്ന സാധാരണക്കാരന്റെ സംശയം ഇരട്ടിക്കുകയാണ്.

അമലപോളും ആ സംശയം ബലപ്പെടുത്തുന്നു. അമല പോള്‍ തമിഴില്‍ ഒരു കോടിക്കടുത്ത് പ്രതിഫലം വാങ്ങുന്നുണ്ടെന്ന് അടുത്തകാലത്ത് ഒരു പത്രത്തിലെ വാര്‍ത്തയില്‍ കണ്ടിരുന്നു. ഇനിയത്രതന്നെയില്ലെങ്കിലും അരക്കോടിക്കു മുകളില്‍ അവര്‍ കൂലി വാങ്ങുന്നുണ്ടായിരിക്കുമെന്നത് തീര്‍ച്ച. ദാരിദ്ര്യരേഖയ്ക്ക് താഴെ പാതിയും ജനങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യത്ത് എല്ലാവിധ സൗകര്യങ്ങളോടും കഴിയുന്ന ഒരു വിഭാഗത്തില്‍പ്പെട്ട അമലയെ പോലുള്ളവര്‍ക്ക്‌ , പട്ടിണി കിടക്കുമ്പോഴും നിമയവും നികുതിയും തെറ്റിക്കാതെ ജീവിക്കുന്നവന്റെ രാഷ്ട്രബോധം പോലും ഇല്ലെന്നതാണ് വാസ്തവം. ഒരുകോടി പന്ത്രണ്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതു വഴി ലാഭിച്ചത് 20 ലക്ഷം രൂപ. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാകട്ടെ നടിയെ ഒരു പരിചയവുമില്ലാത്ത ഏതോ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണെന്നാണ് ആക്ഷേപം. അമലയുടെ കാര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് തിലസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണെന്നു മാതൃഭൂമി ന്യൂസ് അന്വേഷിച്ച് കണ്ടെത്തിയിരുന്നു. ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടേതാണ്. ഇവര്‍ക്ക് അമല പോളിനെ നേരിട്ട് അറിയില്ല. കാര്‍ രജിസ്‌ട്രേഷന്‍ ചെയ്ത കാര്യവും അറിയില്ല. ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നും ഓഗസ്റ്റ് നാലിനു ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെന്‍സ് ഓഗസ്റ്റ് ഒമ്പതിനു പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ ചെയ്തത്. 20 ലക്ഷം അടയ്‌ക്കേണ്ടി വരുന്നിടത്ത് ഒന്നേകാല്‍ ലക്ഷം കൊണ്ട് കാര്യം സാധിച്ചു. അതേസമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലുമാണ്.

എന്നാല്‍ ഈ വാര്‍ത്തകളോട് പരിഹാസരൂപേണയുള്ള പ്രതികരണമാണ് അമല നടത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്കില്‍ ഒരു ബോട്ട് യാത്രയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ ചോദ്യം ഉയര്‍ത്തിയവരോടുള്ള പരിഹാസം.

അമല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്; ആവശ്യമില്ലാത്ത ഊഹാപോഹങ്ങളില്‍ നിന്നും തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും ചിലപ്പോഴെങ്കിലും എനിക്ക് മാറിനില്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് ഞാനിപ്പോള്‍ ഒരു ബോട്ട് യാത്രയാണ് തെരഞ്ഞെടുത്തിരിക്കുന്നത്, കുറഞ്ഞപക്ഷം നിയമലംഘനം നടത്തിയെന്ന ആരോപണം വരിലല്ലോ, അതോ ഇതിനും ഞാനെന്റെ അഭ്യുദയകാംക്ഷികളോട് ചോദിച്ച് ഉറപ്പ് വാങ്ങേണ്ടതുണ്ടോ?

ഏതെങ്കിലും അഭ്യുദയകാംക്ഷികള്‍ നടത്തുന്ന ഊഹാപോഹമല്ല, ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്ന, രേഖകള്‍ സംസാരിക്കുന്ന നിയമലംഘനമാണ് അമല പോളിന്റെ മേലുള്ളതെന്ന് ഓര്‍ക്കണം. ഗോസിപ്പ് കഥകളോട് കാണിക്കേണ്ട മനോഭാവമല്ല, ചെയ്ത കുറ്റങ്ങള്‍ക്കു നേരെയുണ്ടാകുന്ന ചോദ്യങ്ങളോട് കാണിക്കേണ്ടത്. ഈ രാജ്യത്തെ നികുതിദായകനായ ഓരോ പൗരനും നിങ്ങളെ ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. ആ ചോദ്യം ചെയ്യലുകളില്‍ നിന്നും ബോട്ടിലോ ലക്ഷ്വറി ക്രൂയിസുകളിലോ കയറി രക്ഷപ്പെടാന്‍ നിങ്ങള്‍ കഴിയുമായിരിക്കും. ഇരുപത്തിയയ്യായിരമോ അമ്പതിനായിരമോ ലോണെടുത്ത് അത് തിരിച്ചടയ്ക്കാന്‍ വൈകുമ്പോള്‍ പെരുവഴിയില്‍ ഇറങ്ങി നില്‍കേണ്ടി വരുന്ന, ആത്മഹത്യ ചെയ്യേണ്ടി വരുന്ന പാവപ്പെട്ട കര്‍ഷകനൊന്നും ഒരിക്കലും അങ്ങനെയുള്ള രക്ഷപ്പെടല്‍ സാധ്യമല്ല. അത്തരത്തില്‍ മരിച്ചു വീഴുന്ന, മരിച്ചു ജീവിക്കുന്ന അനേകായിരങ്ങളുള്ള ഈ നാട്ടില്‍ നിങ്ങളെ പോലുള്ളവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വം ഒരുപാടു മനുഷ്യരെ വഞ്ചിച്ചുകൊണ്ടാണ്.

ഒരു സുരേഷ് ഗോപിയിലോ അമല പോളിലോ അതല്ലെങ്കില്‍ ഫഹദ് ഫാസിലിലോ തീരുന്നതല്ല ഈ ശൃംഖല. ദിവസം പ്രതി 80 നും 90 നും ഇടയില്‍ ആഢംബര വാഹനങ്ങള്‍(20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് ഒന്നരലക്ഷം മാത്രമാണ് പോണ്ടിച്ചേരിയില്‍ നികുതി) പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നു കേള്‍ക്കുമ്പോള്‍ ലാഭമോഹികളുടെ ആ ശൃംഖലയ്ക്ക് എത്രത്തോളം നീളമുണ്ടെന്നു ആലോചിക്കു. പണം ഉള്ളവന്‍ തന്നെയാണ് ഈ കൊള്ള നടത്തുന്നത്. പക്ഷേ നിയമം എന്തുകൊണ്ടോ അവരുടെ മുന്നലെത്തുമ്പോള്‍ റെഡ് സിഗ്നലില്‍ തടയപ്പെട്ടു കിടക്കുന്നൊരു വണ്ടിയായി മാറുകയാണ്. മറുവശത്ത്, ഒരു പാവപ്പെട്ടന്‍ ചെയ്തുപോകുന്ന ചെറിയ ലംഘനങ്ങളില്‍ പോലും അവന്റെ മേല്‍ കയറിയിറങ്ങുകയും ചെയ്യുന്നു. വിജയ് മല്യമാര്‍ക്ക് തൊട്ട് അമല പോള്‍ വരെയുള്ളവര്‍ പരിഹസിച്ചു തള്ളുന്ന ഒരു ജനതയായി അവരിങ്ങനെ ഞെരിഞ്ഞമര്‍ന്ന് കിടക്കുകയാണ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍