UPDATES

സിനിമ

ബി-ടൗണില്‍ നിന്നും അജണ്ട ദേശസ്നേഹത്തിന്റെ കുത്തൊഴുക്ക് തുടരുന്നു; ഒടുവില്‍ റോമിയോ അക്ബർ വാൾട്ടർ

റോബി ഗ്രേവൽ എന്ന പുതുമുഖം സംവിധാനം ചെയ്തിരിക്കുന്ന റോമിയോ അക്ബർ വാൾട്ടറില്‍ ജോണ്‍ എബ്രഹാമാണ് നായകന്‍

ശൈലന്‍

ശൈലന്‍

പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ ബോളിവുഡിൽ അജൻഡ ബേസ്ഡ് ദേശസ്നേഹ പടങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. കഴിഞ്ഞ ഒന്നൊന്നരക്കൊല്ലമായി തുടർന്ന് വരുന്ന ഈ പ്രവണതയിൽ ഏറ്റവും അവസാനത്തേതാണ് ഈ ആഴ്ച ബി-ടൗണിൽ നിന്നും പുറത്ത് വന്നിരിക്കുന്ന റോമിയോ അക്ബർ വാൾട്ടർ.

റോബി ഗ്രേവൽ എന്ന പുതുമുഖം സംവിധാനം ചെയ്തിരിക്കുന്ന റോമിയോ അക്ബർ വാൾട്ടർ, പേര് സൂചിപ്പിക്കുമ്പോലെ തന്നെ മൂന്നു കാലങ്ങളിലായി മൂന്നു ഐഡന്റിറ്റികളിൽ ജീവിക്കേണ്ടിവന്ന(വരുന്ന) ഒരു പാവം സ്പൈ ഏജന്റിന്റെ കഥയാണ്. ജോണ്‍ എബ്രഹാം ആണ് കഥാനായകൻ. ജാക്കി ഷെറോഫ്, മൗനി റോയ്, സിക്കന്തർ ഖേർ തുടങ്ങിയവരും മറ്റ് റോളുകളിൽ ഉണ്ട്.

ഇൻഡ്യയുടെ മിലിട്ടറി ഏജൻസി ആയ RAW യുടെ ചുരുക്കെഴുത്ത് ടൈറ്റിലിൽ നിന്ന് തന്നെ കിട്ടാൻ വേണ്ടിയാണ് നായകന്റെ പേരുകൾ ഇങ്ങനെ പിടിവാശിയോടെ ‘റോമിയോ അക്ബർ വാൾട്ടർ’ എന്ന് ഇട്ടിരിക്കുന്നത്. മുഴച്ചുനിൽക്കുന്ന ശീർഷകം തന്നെ കല്ലുകടിയാണ്. റോ എന്ന് സിംപ്‌ളായി നാമകരണം ചെയ്താൽ ഇതിലും പവർഫുള്ളായേനെ. ടൈറ്റിലിൽ ഉള്ള കല്ലുകടി പടത്തിൽ മൊത്തത്തിൽ ഉണ്ടെന്നത് വേറെ കാര്യം.

രാജ്യത്തിന് വേണ്ടി രക്തസാക്ഷി ആയ സൈനിക ഉദ്യോഗസ്ഥന്റെ മകനാണ് റോമിയോ എന്ന റഹ്മത്തുള്ള അലി. ബാങ്കിലെ ജോലിയും നാടക പരിപാടിയുമൊക്കെ ആയി നടക്കുന്ന റോമിയോയെ ഇന്ത്യൻ സ്പൈ ചീഫായ ശ്രീകാന്ത് റായ്‌ റോ’യിലേക്ക് റിക്രൂട്ട് ചെയ്ത് പാക്കിസ്ഥാനിലേക്ക് ചാരനായി വിടുകയാണ്. പാക്കിസ്ഥാനികളോട് സമാനമായ ശരീരഭാഷ അലിയ്ക്ക് ഉണ്ട് എന്നതാണ് അലിക്ക് ഗുണമോ വിനയോ ആയി തീരുന്നത്.

1971 ആണ് കാലഘട്ടം. കിഴക്കൻ പാകിസ്ഥാന്റെ വിമോചനസമരകാലം. അക്ബർ മാലിക് എന്ന ഐഡന്റിറ്റിയിൽ കറാച്ചിയിലെ ലിയാഖത്ബാദിൽ എത്തിച്ചേരുന്ന നായകൻ നൈസായിട്ട് മത മേധാവികളുമായും സൈനിക ഉദ്യോഗസ്ഥരുമായും ബന്ധം സ്ഥാപിച്ചു തന്നെ ഏൽപിച്ച ജോലി വെടിപ്പായി ചെയ്യുന്നതാണ് അടുത്ത ഘട്ടം. സ്പൈ ഏജന്റിന്റെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ തന്നെയാണ് സിനിമയുടെ ഈ ഭാഗത്തെ ഉദ്വേഗത്തിന്റെ കാതൽ.

എന്നാൽ കഴിഞ്ഞ വർഷം മേയിൽ പുറത്തിറങ്ങിയ മേഘ്‌ന ഗുൽസാറിന്റെ റാസിയിൽ ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇതിലും നൈസായി കാണിച്ചിരിക്കുന്നു എന്നതാണ് പടത്തിന്ന് പാരയാകുന്നത്.  ജോണ്‍ എബ്രഹാമിനെ വച്ച് നോക്കുമ്പോൾ ആലിയാ ഭട്ടിന്റെ മുഖത്തും ശരീരഭാഷയിലുമുള്ള എക്‌സ്‌പ്രഷൻസ് പ്രേക്ഷകന് കൂടുതൽ വിനിമയം ചെയ്യപ്പെടുന്നു എന്നതും റോമിയോ അക്ബർ വാൾട്ടറിനെ ഒരു മങ്ങിയ ഫോട്ടോസ്റ്റാറ്റ് കോപ്പി ആക്കുന്നു.

വാൾട്ടർ ഖാൻ എന്നൊരു മൂന്നാം ഘട്ടം കൂടി ഉണ്ട് എന്നതാണ് റാസിയെ അപേക്ഷിച്ച് RAW ക്കുള്ള ഒരേ ഒരു പോസിറ്റീവ്. ഇതെല്ലാം യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് എന്ന് സംവിധായകൻ അവസാനം ആണയിട്ടു എഴുതിക്കാണിക്കുന്നതും പാട്രിയോട്ടിസം സ്പെഷ്യലിസ്റ്റുകളെ കോൾമയിർ കൊള്ളിച്ചേക്കാം. ജാക്കി ഷെറോഫ്, സിക്കന്തർ ഖേർ എന്നിവരുടെ പെര്‍ഫോമന്‍സുകളും എണ്ണം പറഞ്ഞതാണ്.

അതിനപ്പുറം ഒന്നുമില്ല. അടുത്ത ദേശസ്നേഹ പടത്തിന് കാതോർക്കാം

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍