UPDATES

സിനിമ

പ്രതിക്കൊപ്പം നിന്നോളൂ, പക്ഷേ പബ്ലിസിറ്റി കിട്ടാന്‍ ഇത്തരം വഷളത്തരങ്ങള്‍ പറയരുത്; പി സി ജോര്‍ജിനോട് സജിത മഠത്തില്‍

ഒരു പ്രതിക്കുവേണ്ടി ഇത്ര ഓപ്പണ്‍ ആയി സംസാരിക്കാന്‍ ഒരു ജനപ്രതിനിധി തയ്യാറാകുന്നെങ്കില്‍ ഈ ജനാധിപത്യവ്യവസ്ഥയ്ക്ക് എന്തോ പ്രശ്‌നമുണ്ട്

അക്രമിക്കപ്പെട്ട നടിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന അഭിപ്രായവുമായി അഭിനേത്രിയും വിമന്‍സ് കളക്റ്റീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് പി സി ജോര്‍ജ് അപമാനിച്ചിരിക്കുന്നതെന്നും സജിത മഠത്തില്‍ അഴിമുഖത്തോടു പറഞ്ഞു. ഒരു പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ടല്ല പബ്ലിസിറ്റി നേടേണ്ടതെന്നും പ്രതിയോടൊപ്പം നില്‍ക്കണമെങ്കില്‍ അതാകാമെന്നും അല്ലാതെ പബ്ലിസിറ്റിക്കു വേണ്ടി ഒരു പെണ്‍കുട്ടിയെ അപമാനിക്കുകയല്ല വേണ്ടതെന്നും സജിത മഠത്തില്‍ പറയുന്നു. സജിതയുടെ വാക്കുകള്‍…

സാധാരണ ഒരാള്‍ ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞാല്‍ നമുക്ക് അത് മനസ്സിലാവും. പക്ഷെ ജനപ്രതിനിധി എന്ന് പറയുന്നതിന് ഒരു സ്ഥാനം ഉണ്ട്. ആ സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. അവര്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് വളരെ ശ്രദ്ധിച്ച് തന്നെയാവണം. ജനപ്രതിനിധികള്‍ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും അത് ഗൗരവത്തോടെ കാണേണ്ട വിഷയം തന്നെയാണ്. അത് ഒട്ടും ചെറിയ കാര്യമല്ല. അത് സര്‍ക്കാര്‍ തലത്തില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്. ജനപ്രതിനിധികള്‍ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ മറ്രുള്ളവരുടെ സ്ഥിതി എന്താണ്?

കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു പെണ്‍കുട്ടി ആദ്യമായാണ് ഇത്രയും ശക്തമായിട്ട്, ഒരു നിലപാടെടുത്ത് വന്നത്. ഞാന്‍ ഇരയല്ല, ഞാന്‍ അപമാനത്തോടെ ഉള്ളില്‍ ഇരിക്കേണ്ടയാളല്ല, മറ്റേയാളാണ് ഇരിക്കേണ്ടത് എന്ന് പറയുകയും സ്വന്തം തൊഴില്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുള്ളത്് നമ്മളെപ്പോലുള്ള ആളുകളും സര്‍ക്കാരും പോസിറ്റീവ് ആയാണ് കാണേണ്ടത്. അതിന് അവളെ അഭിനന്ദിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. ജീവിതത്തെ ഇത്രയും ഉലച്ച ഒരു വിഷയത്തിലൂടെ കടന്ന് പോയിട്ട്, ഇപ്പോള്‍ അതെന്റെ കുഴപ്പമല്ല., ഞാനെന്തിന് കരഞ്ഞ് വീട്ടിലിരിക്കണം എന്ന് വിചാരിച്ച് ആ പെണ്‍കുട്ടി പുേേറത്തക്ക് വന്നു. അത് സ്ത്രീകളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനെത്തന്നെ നിരാകരിക്കുകയും പരിഹസിക്കുകയുമെന്ന് പറഞ്ഞാല്‍, ഇദ്ദേഹത്തിന്റെ ജനപ്രതിനിധിയെന്ന് സ്ഥാനം പോലും ഇക്കാരണം കൊണ്ട് ഇല്ലാതെയാക്കേണ്ടതാണ്. അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ ഇനിമുതല്‍ അര്‍ഹനല്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെ അപമാനിക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ബലാത്സംഗത്തെക്കുറിച്ചുള്ള ഒരു സങ്കല്‍പ്പമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത രീതിയില്‍ തകര്‍ന്നിരിക്കേണ്ടവളാണ്, അവള്‍ ദു:ഖത്തോടെയിരിക്കേണ്ടവളാണ്, ശാരീരികമായി അതിക്രമം നേരിട്ട സ്ത്രീകള്‍ പിന്നീട് പുറത്തേക്കിറങ്ങാന്‍ പാടില്ല, അവരതിന്റെ മാനസിക, ശാരീരിക വ്യഥയില്‍ ജീവിക്കേണ്ടവളാണ്, സമൂഹത്തില്‍ നിന്ന് അവള്‍ അദൃശ്യയായിരിക്കണം ഇതൊക്കെയാണ് നമുക്ക് ബലാത്സംഗത്തെക്കുറിച്ച്, ബലാത്സംഗ ഇരകളെക്കുറിച്ച് ഇതേവരെയുള്ള ധാരണ എന്ന് പറയുന്നത്.

Also Read: ‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

ഇപ്പോഴും കേരളത്തിലെ ജീവിക്കുന്ന പ്രതീകം പോലെയാണ് സൂര്യനെല്ലി പെണ്‍കുട്ടി. ആ പെണ്‍കുട്ടി പോലും അവളുടെ അച്ഛനും അമ്മയും ഉള്ളതുകൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവളെ വീണ്ടും വീണ്ടും കേസില്‍ കുടുക്കാനുമൊക്കെ പലരും ശ്രമിച്ചിട്ടുള്ളതാണ്. അവള്‍ക്കിപ്പോഴും ഞാനാണ് അത്, എനിക്കാണ് ഇത് പറ്റിയത്, ഞാനാണ് ഈ കേസ് കൊടുത്തതെന്ന് പറയാന്‍ പറ്റുന്നില്ല. അവള്‍ക്കതിനുള്ള ധൈര്യം വന്നിട്ടില്ല. അവള്‍ക്ക് ഇപ്പോഴും ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴും അവളെക്കുറിച്ചുള്ള പ്രസ്താവനകള്‍ നടത്തുന്നതിന് കേരളം ഒട്ടും പുറകിലല്ല. അങ്ങനെയുള്ള കേരളത്തില്‍, ആദ്യമായി ഇങ്ങനെയൊരു പെണ്‍കുട്ടി ഞാനെന്തിന് വീട്ടിലിരിക്കണം എന്ന് പറഞ്ഞ് പുറത്ത് വന്നിട്ടുണ്ടെങ്കില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് പി.സി ജോര്‍ജ് അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. അവളോടൊപ്പം നില്‍ക്കുകയാണ് വേണ്ടത്.

പ്രതിക്ക് വേണ്ടി ഇത്രയും ഓപ്പണ്‍ ആയിട്ട് ഒരു ജനപ്രതിനിധി പറയുന്നുണ്ടെങ്കില്‍ നമ്മുടെ ഈ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ എന്തോ ഒരു പ്രശ്‌നമുണ്ട്. അദ്ദേഹത്തിന് പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി ഇത്തരം വഷളത്തരങ്ങള്‍ പറയേണ്ട ആവശ്യമില്ല. ഒരു പെണ്‍കുട്ടിയെ, അവളുടെ ജീവിതത്തെ അപമാനിച്ചുകൊണ്ടല്ല അദ്ദേഹത്തിന് പബ്ലിസിറ്റി കിട്ടേണ്ടത്. ഇത് അദ്ദേഹം അറിയാതെ പറഞ്ഞ് പോയതല്ല. വളരെ ബോധ്യത്തോടുകൂടിയാണ് അത് പറഞ്ഞത്. അദ്ദേഹത്തിന് അതില്‍ ഒരു പശ്ചാത്താപവുമില്ല. സര്‍ക്കാര്‍ തലത്തില്‍ തന്നെ അദ്ദേഹത്തെ താക്കീത് ചെയ്യേണ്ടതാണ്.

പ്രതിയാണെന്ന് കോടതി പോലും സംശയിക്കുന്ന, അക്കാരണത്താല്‍ ജാമ്യം കൊടുക്കേണ്ടെന്ന് കോടതി പോലും തീരുമാനിച്ച ഒരു വ്യക്തി ഓപ്പണായിട്ട് സംസാരിക്കുന്നു എന്നുള്ളത് ഒരു വശത്ത്. രണ്ടാമത്, ആ ജനപ്രതിനിധി ഇരയായ പെണ്‍കുട്ടിയെ നിരന്തരം അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും പാടില്ലാത്തതാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ പ്രതിയോടൊപ്പം നില്‍ക്കാം. അതിലദ്ദേഹത്തിന് വ്യക്തപരമായ താത്പര്യങ്ങളുണ്ടാവാം. പക്ഷെ ഇങ്ങനെ പെരുമാറാന്‍ അദ്ദേഹത്തിന് ഒരവകാശവുമില്ല. ഇത് വളരെ ശക്തമായ പ്രതിഷേധം ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിനെ എങ്ങനെ നിയമപരമായി നേരിടാം എന്ന കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കാരണം ഇത് നിരന്തരമായി ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്. ആ പെണ്‍കുട്ടി ആ സംഭവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ വേറെ ഭാഗത്ത് നിന്ന് ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ വെറുതെ ഒരു പ്രസ്താവനയിറക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഇതിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍