UPDATES

സിനിമാ വാര്‍ത്തകള്‍

ലോര്‍ഡ് ഓഫ് ദി റിംഗ്‌സിലെ പീറ്റര്‍ ഡിങ്ക്ലേജ് സാമന്തയുടെ കൂടെ തെലുങ്കു ചിത്രത്തിലോ?

സംവിധായകന്‍ പവന്‍ കുമാര്‍ ആ നടന്‍ ആരാണെന്ന് വെളിപ്പെടുത്തുന്നു?

2016-ല്‍ കന്നഡയില്‍ ഹിറ്റായ യൂ-ടേണ്‍ എന്ന ചിത്രത്തിന്റെ തെലുങ്കുപതിപ്പില്‍ സാമന്തയുടെ കൂടെ അഭിനയിക്കുന്ന നടനെ കണ്ട് സെറ്റിലുള്ള എല്ലാവരും അന്തം വിട്ടിരിക്കുകയാണ്. ലോര്‍ഡ് ഓഫ് ദി റിംഗ്സിലും ഹാരിപോര്‍ട്ടറിലുമൊക്കെ തകര്‍ത്ത് അഭിനയിച്ച ഹോളിവുഡ് നടന്‍ പീറ്റര്‍ ഡിങ്ക്ലേജ് എങ്ങനെ തെലുങ്കു ചിത്രത്തില്‍ എത്തി എന്നാണ് എല്ലാവരെയും അതിശയിപ്പിച്ചത്.

എന്നാല്‍ സംവിധായകന്‍ പവന്‍ കുമാര്‍ ആ നടന്‍ ആരാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ സെറ്റിലെ എല്ലാവര്‍ക്കും ഒന്നുകൂടി അതിശയമായി. ബംഗളൂരു സ്വദേശിയായ രംഗ നായകയായിരുന്നു ഈ നടന്‍. രംഗ നായകയും പീറ്റര്‍ ഡിങ്കളേജും തമ്മില്‍ അസാധാരണമായ സാദൃശമാണുള്ളത്. ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്, അവഞ്ചേഴ്‌സ്-ഇന്‍ഫിനിറ്റി വാര്‍, എക്‌സ് മെന്‍, ഗെയിം ഓഫ് ത്രോണ്‍സിന്റെ ടിവി സിരീസ് തുടങ്ങിയവയിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടനാണ് പീറ്റര്‍ ഡിങ്ക്ലേജ്.

രംഗ നായകയെ അഭിനയിപ്പിക്കാന്‍ കാരണമായത്തിനെ കുറിച്ച് പവന്‍ കുമാര്‍ പറയുന്നത്-‘എണ്‍പതുകളിലാണ് ഞാന്‍ രംഗനായകയെ കാണുന്നത്. ആദ്യം അദ്ദേഹത്തെ കാണുമ്പോള്‍ എനിക്ക് പത്ത് വയസ്സായിരുന്നു. ജെപി നഗറിലെ (ബംഗളൂരു) എന്റെ വീടിനടുത്ത്് വെച്ചായിരുന്നു ആ കൂടികാഴ്ച. വര്‍ഷങ്ങള്‍ കഴിഞ്ഞു. യൂ-ടേണ്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ആദ്യം തിരഞ്ഞെത് അദ്ദേഹത്തിന്റെ രൂപം പോലുള്ള ഒരാളെയാണ്. എനിക്ക് അദ്ദേഹത്തിന്റെ പേര് അറിയില്ലായിരുന്നു. നിരവധി പേരെ കാസ്റ്റ് ചെയ്തിട്ടും ഒന്നും ശരിയായില്ല.

ഒടുവില്‍ ഞാന്‍ എന്റെ ടീമിനോട് പറഞ്ഞു നിങ്ങള്‍ ബംഗളൂരുവിലേക്ക് പോകൂ അദ്ദേഹത്തെ തപ്പികൊണ്ടു വരൂ. പരതാന്‍ വേണ്ടി അവര്‍ക്ക് ഞാന്‍ കൊടുത്തത് പീറ്റര്‍ ഡിങ്ക്ലേജിന്റെ ചിത്രമായിരുന്നു. അവര്‍ ആ ചിത്രവും കൊണ്ട് ജെപി നഗറിലെ പ്രദേശവാസികളെ പോയിക്കണ്ടു അവര്‍ക്ക് ആളെ പെട്ടെന്ന് മനസ്സിലായി. അങ്ങനെ രംഗയുടെ മേല്‍ വിലാസം കിട്ടി.’

എന്നാല്‍ യഥാര്‍ഥ ബുദ്ധിമുട്ട് പവനെ കാത്തിരക്കുന്നതേയുണ്ടായിരുന്നുള്ളൂ. മുപ്പത്ത് വര്‍ഷമായി രംഗ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ ഇതുവരെയും രംഗ ഒരു സിനിമ കണ്ടിട്ടില്ല. സിനിമയെക്കുറിച്ച് അറിയില്ല. അഭിനയത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ കൊണ്ടുവരുന്നതിനായി രംഗയെ കാര്യം മനസ്സിലാക്കിക്കാന്‍ പവനും സംഘത്തിനും ഒരുപ്പാട് കഷ്ടപ്പെടേണ്ടി വന്നു.

ജീവിത കാലം മുഴുവന്‍ രംഗ ഭയത്തിലായിരുന്നു ജീവിച്ചത്. കുട്ടിക്കാലത്ത് സര്‍ക്കസുക്കാര്‍ തട്ടികൊണ്ടു പോകുമോ എന്ന ഭയം മുതല്‍ പലതരം പേടിയാണ് രംഗയെ നയിച്ചിരുന്നത്. ഒറ്റക്ക് യാത്ര ചെയ്യാന്‍ ഭയമാണ്. ഷൂട്ടിംഗ് സമയത്ത് ബന്ധുക്കളാരെങ്കിലുമാണ് രംഗയുടെ കൂടെ വരുന്നത്. ചിത്രത്തില്‍ രംഗ സാമന്തയുടെ സഹനടനായിട്ടായിരുന്നു അഭിനയിച്ചത്.

“രംഗയ്ക്ക് എന്നെ കുറിച്ചോ തെലുങ്ക് ഭാഷയോ അറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ കൂടെയുള്ള അഭിനയം നന്നായിരുന്നു. ഞാന്‍ പല ഇന്‍ഡസ്ട്രീയിലെ പല ഭാഷകള്‍ സംസാരിക്കുന്ന താരങ്ങളുടെ കൂടെ അഭിനിയിച്ചിട്ടുണ്ട് എന്നാല്‍ രംഗയുടെ കൂടെ അഭിനയിച്ചത് എന്നും ഓര്‍മ്മയിലുണ്ടാവും,” എന്നാണ് സാമന്ത തന്റെ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍