UPDATES

സിനിമാ വാര്‍ത്തകള്‍

മഞ്ജു വാര്യര്‍ ചിത്രത്തിന് ഷൂട്ടിംഗിന് അനുമതി ഉണ്ടായിരുന്നു; ഹിമാചല്‍ മന്ത്രിയെ തള്ളി സംവിധായകന്‍ സനല്‍കുമാര്‍

മലയാള സിനിമാ സംഘത്തിന് ഷൂട്ടിംഗിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്നാണ് ഇന്ന് ആര്‍ എല്‍ മാര്‍ക്കണ്ഡ മാധ്യമങ്ങളോട് പ്രതികരിച്ചത്‌

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാള സിനിമാ സംഘത്തിന് ഷൂട്ടിംഗിന് അനുമതിയുണ്ടായിരുന്നില്ലെന്ന മന്ത്രി ആര്‍ എല്‍ മാര്‍ക്കണ്ഡയുടെ പ്രസ്താവനയെ തള്ളി ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്നാണ് ഹിമാചലില്‍ നിന്നും തിരിച്ചത്. സനല്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മഞ്ജു ഉള്‍പ്പെടെയുള്ള മുപ്പതംഗ സംഘം ഹിമാചലിലെ ഛത്രുവില്‍ എത്തിയത്.

എന്നാല്‍ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലും ഇവര്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കുടുങ്ങിപ്പോയി. മഞ്ജു വാര്യരുംസംഘവും ഹിമാചല്‍ പ്രദേശില്‍ കുടിങ്ങിയ വിവരം മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരാണ് മാധ്യമങ്ങളെ അറിയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം 200 അംഗ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സാറ്റ്ലൈറ്റ് ഫോണിലൂടെ സഹോദരന്‍ മധുവാര്യരെ മഞ്ജു ഇന്നലെ രാത്രി അറിയിക്കുകയായിരുന്നു. ഒരു 15 സെക്കന്റ് മാത്രമാണ് മഞ്ജുവിനോട് സംസാരിക്കാനായതെന്നും. തങ്ങള്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുകയാണെന്നും മഞ്ജു പറഞ്ഞതായി സഹോദരന്‍ മധു വാര്യര്‍ പറഞ്ഞു.

സേഫ് ആയിട്ടുള്ള സ്ഥലത്താണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും, ഭക്ഷണം തീര്‍ന്നു കൊണ്ടിരിക്കുകയാണെന്നും,രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ തങ്ങളുടെ കൈവശം ഉള്ളൂ എന്നും മഞ്ജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തങ്ങള്‍ സുരക്ഷിതരാണെന്ന വിവരമാണ് സനല്‍ കുമാര്‍ ശശിധരനും പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ‘എല്ലാവരും സുരക്ഷിതരാണ്.. സിനിമയും … അന്വേഷണങ്ങള്‍ക്കും പരിഗണനകള്‍ക്കും നന്ദി’- സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചിരുന്നു. അതേസമയം മഞ്ജുവും സംഘവും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര മന്ത്രി വി മുരളീധരന്‍, എംഎല്‍എ ഹൈബി ഈഡന്‍, എ സമ്പത്ത് എന്നിവരും ഇവരുടെ സുരക്ഷയ്ക്കായി ഇടപെട്ടു.

ഇതിനിടെയാണ് ഇന്ന് മാര്‍ക്കണ്ഡേയയുടെ പ്രതികരണം പുറത്തു വന്നത്. ‘ലാഹൗല്‍, സ്പിതി എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവങ്ങളില്‍ വലിയ തോതിലുള്ള മഴ പെയ്തു. എല്ലാ വിനോദ സഞ്ചാരികളെയും സ്പിതിയില്‍ നിന്നും ഒഴിപ്പിച്ചു. ഛത്രുവില്‍ കുടുങ്ങിയ മലയാള സിനിമാ പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ തിരിച്ച് പോകാന്‍ തുടങ്ങി. അവര്‍ക്ക് ഷൂട്ടിംഗിനുള്ള അനുവാദമുണ്ടായിരുന്നില്ലെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്’ എന്നാണ് അദ്ദേഹം ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചത്.

അതേസമയം മന്ത്രി അനാവശ്യ വിവാദത്തിന് ശ്രമിക്കുകയാണെന്നും കൃത്യമായ അനുമതി നേടിയാണ് തങ്ങള്‍ ഷൂട്ടിംഗ് നടത്തിയതെന്നും സനല്‍ കുമാര്‍ അഴിമുഖത്തോട് പ്രതികരിച്ചു. നിബന്ധനകള്‍ അനുസരിച്ച് അനുവാദ പ്രകാരം തന്നെയാണ് തങ്ങള്‍ ഷൂട്ട് ചെയ്തതെന്നും സനല്‍ വ്യക്തമാക്കി. ഷൂട്ടിംഗ് സംഘം ഇപ്പോള്‍ മണാലിയിലേക്കുള്ള യാത്രയിലാണെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

also read:‘മഹാഭാരതം’ ഉപേക്ഷിക്കുന്നു: പുതിയ നിർമ്മാതാവും പിന്മാറി; ശ്രീകുമാർ മേനോൻ പറഞ്ഞു പറ്റിച്ചെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍