UPDATES

സിനിമ

ഫഹദിനെ ഭയക്കുന്ന സംഘപരിവാര്‍; മതം പറഞ്ഞ് അവര്‍ ആ കലാകാരനെ ആക്രമിക്കുകയാണ്‌

സംഘപരിവാര്‍ കാലത്ത് തങ്ങള്‍ക്കെതിരേ നിശബ്ദമെങ്കില്‍ പോലും നടക്കുന്ന ഒരു പ്രതിഷേധത്തിനോടും സഹിഷ്ണുത ഉണ്ടാകുന്നില്ല

ഫാസിസം സര്‍വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നിടത്ത് ഒരു കലാകാരന്‍ ആയി ജീവിക്കുക എന്നത് ആപത്കരമാണ്; അതൊരു മുസ്ലിം ആണെങ്കില്‍ അത്യന്തം ആപ്തകരം. ഏതു രീതിയിലും നശിപ്പിക്കപ്പെടാം. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസില്‍ ബിജെപി-സംഘപരിവാര്‍ സംഘങ്ങളില്‍ നിന്നും നേരിടുന്ന ആക്രമണങ്ങള്‍ അതാണ് തെളിയിക്കുന്നത്. 66ഓളം പേര്‍ ചേര്‍ന്നാണ് ഇന്നലെവരെ തുടര്‍ന്ന കീഴ് വഴക്കം അട്ടിമറിച്ച് തങ്ങളുടെ താത്പര്യാര്‍ത്ഥം പുതിയൊരു രീതിയിലേക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചത്. വിവിധ ഭാഷകളില്‍ നിന്നായി വന്ന പുരസ്‌കാര ജേതാക്കളുണ്ടായിരുന്നു ഈ പ്രതിഷേധക്കാരില്‍. മലയാളത്തില്‍ നിന്നും ആകെ പുരസ്‌കാര ജേതാക്കളായ 14 പേരില്‍ 11 പേരും ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ ഒരാള്‍ മാത്രം പ്രത്യേകമായി സംഘപരിവാര്‍ ആക്രമണത്തിന് വിധേയനാകുന്നത് അയാളുടെ മതം കൊണ്ടു മാത്രമാണ്.

ഫഹദ് ഫാസില്‍, മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌കാരത്തിനാണ് അര്‍ഹനായത്. അയാളുടെ സിനിമ അഭിനയ ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ഡല്‍ഹിയില്‍ എത്തുന്നു. എന്നാല്‍ തങ്ങള്‍ തികച്ചും അപ്രതീക്ഷിതമായൊരു തീരുമാനത്തിലൂടെ അപമാനിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഒരു കലാകാരന്‍ പുലര്‍ത്തേണ്ട ജാഗ്രതയും നിലപാടും മുന്‍നിര്‍ത്തി, ഈ ചടങ്ങ്, ശുഭകരമായൊരു തീരുമാനം ഉണ്ടാകാത്ത പക്ഷം ബഹിഷ്‌കരിക്കും എന്ന ഭൂരിപക്ഷത്തിന്റെ പ്രഖ്യാപനത്തിനൊപ്പം നിന്ന് മാതൃകയാകാന്‍ ഫഹദ് തയ്യാറായി. അയാള്‍ രാഷ്ട്രീയമായോ, വ്യക്തിപരമായോ ആരെയും പേരെടെത്തു കുറ്റപ്പെടുത്തിയില്ല, സോഷ്യല്‍ മീഡിയയില്‍ ഒരു പ്രതിഷേധ വരിപോലും എഴുതിയില്ല. മറിച്ച്, അവാര്‍ഡ് ദാന ചടങ്ങ് തുടങ്ങും മുന്നേ ഡല്‍ഹിയില്‍ നിന്നും തിരികെ പോരുക മാത്രമാണ് ചെയ്തത്. വളരെ നിശബ്ദമായാണ്് അയാള്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോയെന്ന് ഗോപാലകൃഷ്ണന്‍; രോമത്തില്‍ തൊടില്ലെന്ന് അഭിലാഷ്

എന്നാല്‍ സംഘപരിവാര്‍ കാലത്ത് തങ്ങള്‍ക്കെതിരേ നിശബ്ദമെങ്കില്‍ പോലും നടക്കുന്ന ഒരു പ്രതിഷേധത്തിനോടും സഹിഷ്ണുത ഉണ്ടാകുന്നില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം രാഷ്ട്രീയവത്കരിക്കരുതെന്നും രാഷ്ട്രപതിയേയും കേന്ദ്രമന്ത്രിയേയും വ്യക്തികളായല്ല, അവരുടെ പദവികളാലാണ് ബഹുമാനിക്കേണ്ടതെന്നും രാജ്യം നല്‍കുന്ന ആദരം സ്വീകരിക്കേണ്ട കലാകാരന്മാര്‍, അത് ബഹുമാനത്തോടെ സ്വീകരിക്കുക മാത്രം ചെയ്യുക, ബഹിഷ്‌കരണക്കാര്‍ ചെയ്തിരിക്കുന്നത് രാജ്യത്തെ അപമാനിക്കലാണ്, രാഷ്ട്രപതിയെ നിന്ദിക്കലാണ്, മന്ത്രിയെ അവമതിക്കലാണ് തുടങ്ങി കേള്‍ക്കുമ്പോള്‍ നിഷ്‌കളങ്കമെന്ന് തോന്നുന്ന വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നതെങ്കിലും അതിനെല്ലാം പുറമെ ഇവിടെയും ബിജെപി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നവരെയെല്ലാം തന്നെയും ‘ രാജ്യദ്രോഹി’കളായി തന്നെയാണവര്‍ മുദ്ര കുത്തിയത്.

ദേശീയ അവാര്‍ഡ്; ഒറ്റുകാരെ കുറ്റപ്പെടുത്തിയും ബഹിഷ്‌കരണവാദികളെ പരിഹസിച്ചും മലയാള സിനിമാലോകം

ജനാധിപത്യ രാജ്യത്ത്, ആ സംവിധാനത്തിലുണ്ടാകുന്ന അപചയത്തിനെതിരേ ഉയര്‍ത്തുന്ന പൗരന്റെ പ്രതിഷേധം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. തെറ്റായൊരു കീഴ്‌വഴക്കം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ ഉണ്ടാകരുതെന്നും തങ്ങള്‍ ഇപ്പോള്‍ നടത്തുന്ന ഈ പ്രതിഷേധം തങ്ങള്‍ക്കു പിന്നാലെ വരുന്നവര്‍ക്കു വേണ്ടിയാണെന്നും ഇതൊരു വ്യക്തിയ്‌ക്കെതിരേയോ പാര്‍ട്ടിക്കെതിരേയോ അല്ലെന്നും വ്യക്തമായി പ്രഖ്യാപിച്ചു കൊണ്ടു തന്നെയായിരുന്നു ഫഹദ് ഉള്‍പ്പെടെയുള്ള പുരസ്‌കാര ജേതാക്കള്‍ക്ക് ചടങ്ങ് ബഹിഷ്‌കരിച്ചത്. അതൊരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. സംഘപരിവാറുകാര്‍ അരുതെന്ന് പറഞ്ഞാലും ഈ രാജ്യത്തിന്റെ ജനാധിപത്യം സംസ്‌കാരം നിലനില്‍ക്കാന്‍ ഇത്തരം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടായേ പറ്റൂ. എന്നാല്‍ ഈ പ്രതിഷേധങ്ങളെ അവര്‍ എങ്ങനെയാണ് നേരിടുന്നത് എന്നു കാണുമ്പോഴാണ് നമ്മുടെ ജനാധിപത്യം എതത്രമേല്‍ അപകടത്തിലാണെന്നും മനസിലാകുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നതേ തെറ്റ്, നിങ്ങളൊരു മുസ്ലിം ആണെങ്കില്‍ അത് ഗുരുതരമായ തെറ്റ് എന്ന നിലയില്‍ ഈ പ്രതിഷേധങ്ങളെ അവര്‍ വര്‍ഗീയവത്കരിക്കുന്നു. ഫഹദ് ഫാസില്‍ ഇപ്പോള്‍ ഒരു വര്‍ഗീയവാദിയാണ്, ചിലര്‍ക്ക് അയാള്‍ തീവ്രവാദിയും, മതത്തിന്റെ സ്വഭാവം കാണിക്കുന്നവനുമാണ്. ഏറ്റവും വലിയ താമശയെന്നപോലെ, ഫഹദ് ഒരു നടനേയല്ലെന്നു വരെ പറഞ്ഞുവയ്ക്കുന്നുണ്ട്.

സംഘപരിവാറിന് ഇനി ഫഹദ് വര്‍ഗീയവാദി; യഥാര്‍ത്ഥ ഹിന്ദുകള്‍ അയാളുടെ സിനിമകള്‍ കാണില്ലെന്ന്!

തങ്ങള്‍ ആരും തന്നെ ദേശീയ പുരസ്‌കാരം നിരസിച്ചിട്ടില്ലെന്നും അത് നല്‍കിയ രീതിയില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു മന്ത്രിയെയും വ്യക്തിപരമായി ആക്ഷേപിക്കുകയോ രാഷ്ട്രപതിയുടെ മഹത്വത്തെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടക്കം മുതല്‍ പറയുന്നുണ്ട് പ്രതിഷേധിച്ച കലാകാരന്മാര്‍. എന്നിരിട്ടും സംഘപരിവാര്‍ അതെങ്ങനെയാണ് രാജ്യത്തിനെതിരേയുള്ള കലാപമാക്കി മാറ്റിയതെന്നതാണ് നാം പേടിയോടെ കാണേണ്ടത്. ‘ബാഗ്ദാദിയെ പോലുള്ള ഫഹദ്മാര്‍’ രാജ്യത്തെ അപമാനിക്കുകയാണെന്നാണവര്‍ നുണ പ്രചരിപ്പിക്കുന്നത്.

നിലപാടുകുള്ള കലാകാരന്മാര്‍ സമൂഹത്തിന് ആവശ്യമാണ്. ഇന്നത്തെ ഇന്ത്യയില്‍ അത്യാവശ്യവും. എണ്ണത്തില്‍ ഏറെയില്ലാത്ത അത്തരം കലാകാരന്മാരില്‍ പെട്ടവരാണ് ആ 66 പേരും, അതില്‍ ഉള്‍പ്പെടുന്ന ഫഹദും. ഇവര്‍ക്കെതിരേ സംഘപരിവാര്‍ ‘ രാജ്യദ്രോഹ’ കുറ്റം വിധിച്ചിട്ടുണ്ടെങ്കില്‍ അതവവരുടെ ഭയം കൊണ്ടാണ്. അസത്യങ്ങളും അസംബന്ധങ്ങളും കൊണ്ട് കെട്ടിയുയര്‍ത്തിയ ഉയരത്തില്‍ മാത്രമാണവര്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത്രമേല്‍ പ്രതിരോധശേഷിയൊന്നും അവരുടെ കോട്ടകള്‍ക്കില്ല. അതുകൊണ്ടു തന്നെയാണവര്‍ ഫഹദിനെ പോലുള്ളവരെ ഭയക്കുന്നതെന്ന് വ്യക്തം.

മരണത്തോളം തന്നെ സ്വാഭാവികമാണ് ഈ. മ. യൌ; അത്രയേറെ ഭ്രമാത്മകവും

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍